Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുറ്റപത്രം നൽകിയാൽ തിരിച്ചെടുക്കാൻ കഴിയാത്തതിനാൽ ആറു മാസം വരെ വൈകിപ്പിച്ച് പൊലീസ് സഹായം; ആറു മാസത്തിൽ കൂടുതൽ സസ്‌പെന്റ് ചെയ്യുന്നത് നിയമ ലംഘനമെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയതോടെ ശ്രീറാം വെങ്കിട്ടരാമന് ഇനി ധൈര്യമായി സർവ്വീസിൽ തിരിച്ചെത്താം; ജേക്കബ് തോമസിനില്ലാത്ത മര്യാദ ശ്രീറാമിന് നൽകുന്നത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം കെട്ടടങ്ങിയെന്ന് ഉറപ്പാക്കി; ബഷീറിന്റെ ജീവൻ എടുത്ത യുവ ഐഎഎസുകാരന് വേണ്ടി ഇപ്പോഴും ഉദ്യോഗസ്ഥ ലോബി കളി തുടരുമ്പോൾ

കുറ്റപത്രം നൽകിയാൽ തിരിച്ചെടുക്കാൻ കഴിയാത്തതിനാൽ ആറു മാസം വരെ വൈകിപ്പിച്ച് പൊലീസ് സഹായം; ആറു മാസത്തിൽ കൂടുതൽ സസ്‌പെന്റ് ചെയ്യുന്നത് നിയമ ലംഘനമെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയതോടെ ശ്രീറാം വെങ്കിട്ടരാമന് ഇനി ധൈര്യമായി സർവ്വീസിൽ തിരിച്ചെത്താം; ജേക്കബ് തോമസിനില്ലാത്ത മര്യാദ ശ്രീറാമിന് നൽകുന്നത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം കെട്ടടങ്ങിയെന്ന് ഉറപ്പാക്കി; ബഷീറിന്റെ ജീവൻ എടുത്ത യുവ ഐഎഎസുകാരന് വേണ്ടി ഇപ്പോഴും ഉദ്യോഗസ്ഥ ലോബി കളി തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിൽ സസ്‌പെൻഷനിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ഉടൻ സർവീസിൽ തിരിച്ചെടുക്കും. അഴിമതിക്കെതിരെ നിലപാട് എടുത്തതിലൂടെ പൊതു സമൂഹത്തിന്റെ കൈയടി നേടിയ ഉദ്യോഗസ്ഥനാണ് ശ്രീറാം. എന്നാൽ ബഷീറിനെ വഫാ ഫിറോസിന്റെ കാറിൽ സഞ്ചരിക്കവേ ശ്രീറാം ഇടിച്ചു വീഴ്‌ത്തിയത് ലഹരിയുടെ ഉന്മാദത്തിലാണെന്നാണ് ഉയരുന്ന വാദം. എന്നാൽ രക്ത പരിശോധന പോലും അട്ടിമറിച്ച് തെളിവുകൾ സിവിൽ സർവ്വീസ് ലോബി ഇല്ലാതാക്കി. മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം തണുപ്പിച്ച് ഇപ്പോൾ ശ്രീറാമിനെ തിരിച്ചെടുക്കുന്നു.

ഇതിനെതിരെ പ്രതിഷേധിക്കാൻ പോലും പത്ര പ്രവർത്തക കൂട്ടായ്മകൾക്കാകില്ലെന്ന് ഐഎഎസ് ലോബി തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതിയാണു മുഖ്യമന്ത്രി പിണറായി വിജയനു ശുപാർശ നൽകിയത്. കുറ്റപത്രം നൽകിയാൽ സസ്‌പെൻഷൻ പിൻവലിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. സംസ്ഥാനത്തെ മുതിർന്ന ഐപിഎസുകാരനായ ജേക്കബ് തോമസിനെ ഒന്നര വർഷം സസ്‌പെൻഷനിൽ നിർത്തിയവർ തന്നെയാണ് ശ്രീറാമിന് വേണ്ടിയും ചരട് വലികൾ നടത്തുന്നത്. ബഷീർ കൊല്ലപ്പെട്ടതു മുതൽ തന്നെ ഇതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ആശുപത്രിയിൽ രക്തപരിശോധന ഒഴിവാക്കാൻ കളിച്ചതും ഐഎഎസിലെ ഉന്നതരാണ്.

ഓഗസ്റ്റ് മൂന്നിനു രാത്രി 12.55 നാണ് ബഷീർ കാറിടിച്ചു കൊല്ലപ്പെട്ടത്. അന്നു ശ്രീറാം സർവേ ഡയറക്ടറായിരുന്നു. സർക്കാരിന് 6 മാസം വരെ സസ്‌പെൻഡ് ചെയ്യാൻ അധികാരമുണ്ട്. അതിനുശേഷം ഉദ്യോഗസ്ഥനു കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാം. ഈ കേസിൽ പൊലീസ് ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ല. കുറ്റപത്രം നൽകിയാൽ സസ്‌പെൻഷൻ റദ്ദാക്കാനാകില്ല. അപകടം നടക്കുമ്പോൾ താനല്ല, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയാണു കാർ ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറിക്കു നൽകിയ വിശദീകരണം. അപകട സമയത്തു താൻ മദ്യപിച്ചിരുന്നു തുടങ്ങിയ ആരോപണങ്ങളെല്ലാം 7 പേജുള്ള കത്തിൽ അദ്ദേഹം നിഷേധിച്ചു.

മനഃപൂർവമല്ലാത്ത അപകടമാണു സംഭവിച്ചത്. അപകടം ഉണ്ടായ ഉടൻ ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. പരിശോധനയിൽ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ ശ്രീറാം അറിയിച്ചിരുന്നു. എന്നാൽ ശ്രീറാമാണ് വാഹനം ഓടിച്ചതിന് വഫയുടെ മൊഴിയുണ്ട്. ദൃക്‌സാക്ഷികളും അങ്ങനെയാണ് പറയുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ അടക്കം രഹസ്യമാക്കി ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസും ശ്രമിക്കുന്നത്. ബഷീറിന്റെ മരണത്തിൽ ദുരൂഹത ഏറെയുണ്ടെന്നും പലരും കരുതുന്നു. എന്തോ മനസ്സിലാക്കിയെന്ന പകയിൽ ബഷീറിനെ ശ്രീറാം കാറിടിച്ച് കൊല്ലുകയായിരുന്നുവെന്ന വാദവും സജീവമാണ്.

കുറ്റപത്രം നൽകിയാൽ തിരിച്ചെടുക്കാൻ കഴിയാത്തതിനാൽ ആറു മാസം വരെ വൈകിപ്പിച്ച് വീണ്ടും പൊലീസ് സഹായവും ശ്രീറാമിന് ഉറപ്പാക്കി. ആറു മാസത്തിൽ കൂടുതൽ സസ്‌പെന്റ് ചെയ്താൽ നിയമ ലംഘനം ആവുമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയതോടെ ശ്രീറാം വെങ്കിട്ടരാമന് ഇനി ധൈര്യമായി സർവ്വീസിൽ തിരിച്ചെത്താമെന്ന അവസ്ഥയും ഉണ്ടായി. ജേക്കബ് തോമസിനില്ലാത്ത മര്യാധ ശ്രീറാം വെങ്കിട്ടരാമന് നൽകുന്നത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം എല്ലാം കെട്ടടങ്ങിയെന്ന് ഉറപ്പായപ്പോഴാണ്. ബഷീറിന്റെ ജീവൻ എടുത്ത യുവ ഐഎഎസുകാരന് വേണ്ടി ഇപ്പോഴും ഉദ്യോഗസ്ഥ ലോബി സജീവമാണെന്നതിന് തെളിവാണ് കുറ്റപത്രം നൽകൽ വൈകിപ്പിച്ചത്.

വെറും സാധാരണ കേസാണ് ഇത്. വഫയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റപത്രം നൽകാം. വാഹനം ഓടിച്ചത് ശ്രീറാമാണെന്നതിന് ശാസ്ത്രീയ തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. എന്നിട്ടും കുറ്റപത്രം നൽകാത്തത് അത്ഭുതമാണ്. നേരത്തെ എഫ് ഐ ആർ ഇടാൻ മണിക്കൂർ വൈകിയത് ചർച്ചയായിരുന്നു. കേസ് ഒഴിവാക്കാനുള്ള തന്ത്രമായിരുന്നു ഇതിന് പിന്നിൽ. സമാന അട്ടിമറിയാണ് ഇപ്പോഴും നടക്കുന്നത്. ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ഫോറൻസിക് വിഭാഗത്തിന്റെ അന്തിമ റിപ്പോർട്ട് രണ്ടാഴ്‌ച്ചയ്ക്കകം സമർപ്പിച്ചേക്കും. അന്തിമ റിപ്പോർട്ട് ലഭിച്ചാലുടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്ന നടപടികൾ സ്വീകരിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതിന് മുമ്പ് ശ്രീറാമിനെ തിരിച്ചെടുക്കാനാണ് നീക്കം.

കാറിൽ നിന്നും ബഷീറിന്റെ ബൈക്കിൽ നിന്നും അപകടസ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്ത ഫോറൻസിക് റിപ്പോർട്ടാണ് കൈമാറുക. കവടിയാറിൽ നിന്ന് മ്യൂസിയം ഭാഗത്തേക്ക് ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിലാണ് കാറോടിച്ചിരുന്നതെന്ന റിപ്പോർട്ട് ഫോറൻസിക് സംഘം നേരത്തേ നൽകിയിരുന്നു. മോട്ടോർ വാഹന വകുപ്പ് നൽകിയ റിപ്പോർട്ട് സാധൂകരിക്കും വിധം അപകട സമയത്ത് കാർ 120 കിലോമീറ്റർ വേഗതയിലായുരന്നു എന്നാണ് ഈ റിപ്പോർട്ട്. വെള്ളയമ്പലത്തെ കെ എഫ് സിക്ക് മുന്നിലെ കാമറയിലെ ദൃശ്യം പരിശോധിച്ചാണ് വാഹനം 120 കിലോമീറ്ററിനടുത്ത് വേഗത്തിലാണ് സഞ്ചരിച്ചതെന്ന് വ്യക്തമായത്. ബഷീറിന്റെ ബൈക്കിൽ നിന്ന് കിട്ടിയ പെയിന്റിന്റെ അംശം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച ഫോക്‌സ് വാഗൺ വെന്റോ കാറിന്റേതാണെന്ന ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ക

ൂടാതെ ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തിലെ രക്തത്തിന്റെ അംശം കെ എം ബഷീറിന്റേതാണെന്നും ഫോറൻസിക് റിപ്പോർട്ടിലുണ്ട്. സ്റ്റിയറിംഗിലെ വിരലടയാളം ശ്രീറാം വെങ്കിട്ടരാമന്റേതാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. വാഹനം ഓടിച്ചത് താനല്ല എന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ മൊഴി. എന്നാൽ കാറോടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന വിശദാംശങ്ങൾ ശേഖരിച്ചാകും അന്തിമ ഫോറൻസിക് റിപ്പോർട്ട് സമർപ്പിക്കുകയെന്നാണ് സൂചന. ഈ റിപ്പോർട്ടും അട്ടിമറിക്കാൻ കരുനീക്കം സജീവമാണ്. സസ്‌പെൻഷൻ കാലാവധി ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ശ്രീറാമിനെ തിരിച്ചെടുക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലും സസ്‌പെൻഷൻ കാലാവധി ആറ് മാസം പിന്നിടുകയും ചെയ്ത സാഹചര്യത്തിൽ സസ്‌പെൻഷൻ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീറാമിന് വേണമെങ്കിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു.

2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീർ കൊല്ലപ്പെടുന്നത്. അന്നു സർവ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സർക്കാർ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഈ കേസിൽ പൊലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിച്ചിരുന്നുവെങ്കിൽ ചട്ടപ്രകാരം സസ്‌പെൻഷൻ റദ്ദാക്കാൻ സാധിക്കുമായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP