Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അണ്ടർ 19 ലോകകപ്പ്: മൂന്നു മത്സരങ്ങളിലും ആധികാരിക വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നോട്ട്; ഓസിസിനെ കെട്ടുകെട്ടിച്ചത് എഴുപത്തിനാല് റൺസിന്; തകർപ്പൻ ജയത്തോടെ ഇന്ത്യ സെമിയിൽ

അണ്ടർ 19 ലോകകപ്പ്: മൂന്നു മത്സരങ്ങളിലും ആധികാരിക വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നോട്ട്; ഓസിസിനെ കെട്ടുകെട്ടിച്ചത് എഴുപത്തിനാല് റൺസിന്; തകർപ്പൻ ജയത്തോടെ ഇന്ത്യ സെമിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പോച്ചെസ്ട്രോം (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ-19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 74 റൺസിനാണ് ഇന്ത്യ ഓസീസിനെ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 43.3 ഓവറിൽ 159 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി കാർത്തിക് ത്യാഗി നാലും ആകാശ് സിങ് മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി. 75 റൺസെടുത്ത സാം ഫാനിങ് ആണ് ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറർ.

ആദ്യ ഓവറിൽത്തന്നെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയോടെ മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസിന്, ഓപ്പണർ സാം ഫാന്നിങ്ങിന്റെ അർധസെഞ്ചുറിയാണ് കരുത്തായത്. ഫാന്നിങ്‌സ് 127 പന്തിൽ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 75 റൺസെടുത്തു. ഫാന്നിങ്ങിനു പുറമെ ഓസീസ് ഇന്നിങ്‌സിൽ രണ്ടക്കം കണ്ടത് വിക്കറ്റ് കീപ്പർ പാട്രിക് റോവ് (40 പന്തിൽ 21), ലിയാം സ്‌കോട്ട് (71 പന്തിൽ 35) എന്നിവർ മാത്രം. ഓസീസ് നിരയിൽ അഞ്ചു പേർ സം'പൂജ്യ'രായി. ഒരു ഘട്ടത്തിൽ നാലിന് 17 റൺസ് എന്ന നിലയിൽ തകർന്ന ഓസീസിനെ അഞ്ചാം വിക്കറ്റിൽ ഫാന്നിങ് - പാട്രിക് സഖ്യവും (51), ആറാം വിക്കറ്റിൽ ഫാന്നിങ് - ലിയാം സ്‌കോട്ട് സഖ്യവും (81) പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് കടുത്ത നാണക്കേടിൽനിന്ന് രക്ഷിച്ചത്.

ജെയ്ക് ഫ്രേസർ (0), ക്യാപ്റ്റൻ മക്കൻസി ഹാർവെ (നാല്), ലച്ലൻ ഹീൺ (0), ഒലിവർ ഡേവിസ് (രണ്ട്), കോണർ സുള്ളി (അഞ്ച്), തൻവീർ സംഗ (0), ടോം മർഫി (0) എന്നിങ്ങനെയാണ് മറ്റ് ഓസീസ് താരങ്ങളുടെ പ്രകടനം. ഇന്ത്യയ്ക്കായി കാർത്തിക് ത്യാഗി എട്ട് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. ആകാശ് സിങ് 8.3 ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. രവി ബിഷ്‌ണോയിക്കാണ് ഒരു വിക്കറ്റ്.

ഇന്ത്യ ഉയർത്തിയ 233 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസ്‌ട്രേലിയയ്ക്ക് കാർത്തിക് ത്യാഗി എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ നഷ്ടമായത് മൂന്നു വിക്കറ്റ്! ഇന്നിങ്‌സിലെ ആദ്യ പന്തിൽ ഓപ്പണർ ജെയ്ക് ഫ്രേസർ റണ്ണൗട്ടായതിൽ തുടങ്ങുന്നു ഓസീസ് തകർച്ച. ആദ്യ ഓവറിൽത്തന്നെ രണ്ടു വിക്കറ്റുകൾ കൂടി വീണതോടെ പ്രതിരോധത്തിലായ ഓസീസിനെ ഓപ്പണർ സാം ഫാന്നിങ് പൊരുതി നേടിയ അർധസെഞ്ചുറിയാണ് രക്ഷിച്ചത്. 127 പന്തിൽ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 75 റൺസെടുത്ത ഫാന്നിങ് ക്രീസിലുള്ളിടത്തോളം ഓസീസിന് പ്രതീക്ഷയുണ്ടായിരുന്നു. 41ആം ഓവറിൽ രവി ബിഷ്‌ണോയ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്ത്. 35 റൺസെടുത്ത സ്‌കോട്ടിനെ ബിഷ്‌ണോയ് ധ്രുവ് ജൂറെലിന്റെ കൈകളിൽ എത്തിച്ചു. പിന്നീടെല്ലാം വേഗം കഴിഞ്ഞു.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ 6 വിക്കറ്റിനു 144 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഏഴാം വിക്കറ്റിൽ രവി ബിഷ്‌ണോയും അഥർവ അങ്കോലേക്കറും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. 62 റൺസെടുത്ത യശസ്വി ജെയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അങ്കോലേക്കർ 55 റൺസെടുത്ത് പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയക്കായി ടോഡ് മർഫി, കോറി കെല്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 233 റൺസെടുത്തത്. ജയ്സ്വാൾ 82 പന്തിൽ ആറു ഫോറും രണ്ടു സിക്‌സും സഹിതം 62 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. അൻകൊലേക്കർ 54 പന്തിൽ അഞ്ചു ഫോറും ഒരു സിക്‌സും സഹിതം 55 റൺസുമായി പുറത്താകാതെ നിന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും ആധികാരിക വിജയം നേടി ഗ്രൂപ്പ് ചാംപ്യന്മാരായി ക്വാർട്ടറിലെത്തിയ ഇന്ത്യ ബാറ്റിങ് തകർച്ചയ്ക്കിടെയാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP