Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലീഡറുടെ മകന്റെ നോട്ടം ഐ ഗ്രൂപ്പിന്റെ ചെങ്കോൽ; കെപിസിസി പട്ടികയെ ചൊല്ലി മുല്ലപ്പള്ളിയോട് കലഹിക്കുമ്പോൾ ലക്ഷ്യമിടുന്നത് ചെന്നിത്തലയെ തന്നെ; പ്രതിപക്ഷ നേതാവിനെതിരെ പടയൊരുക്കത്തിന് തീപ്പൊരി പകർന്നത് ജംബോ പട്ടികയിൽ ഐ ഗ്രൂപ്പ് എന്ന പേരിൽ തിരുത്തൽവാദികളെ തിരുകി കയറ്റിയത്; ഒറിജിനൽ ഐക്കാരുടെ പിന്തുണയിൽ കെ.മുരളീധരൻ ഇടയുമ്പോൾ വെള്ളം കോരുന്നതും വിറക് വെട്ടുന്നതും ഭാരവാഹി പട്ടികയിൽ ഇടം പിടിക്കാത്തവരും; കോൺഗസിൽ പട്ടിക പുറത്തുവന്നതോടെ ഗ്രൂപ്പുപോരും മറനീക്കി പുറത്ത്

ലീഡറുടെ മകന്റെ നോട്ടം ഐ ഗ്രൂപ്പിന്റെ ചെങ്കോൽ; കെപിസിസി പട്ടികയെ ചൊല്ലി മുല്ലപ്പള്ളിയോട് കലഹിക്കുമ്പോൾ ലക്ഷ്യമിടുന്നത് ചെന്നിത്തലയെ തന്നെ; പ്രതിപക്ഷ നേതാവിനെതിരെ പടയൊരുക്കത്തിന് തീപ്പൊരി പകർന്നത് ജംബോ പട്ടികയിൽ ഐ ഗ്രൂപ്പ് എന്ന പേരിൽ തിരുത്തൽവാദികളെ തിരുകി കയറ്റിയത്; ഒറിജിനൽ ഐക്കാരുടെ പിന്തുണയിൽ കെ.മുരളീധരൻ ഇടയുമ്പോൾ വെള്ളം കോരുന്നതും വിറക് വെട്ടുന്നതും ഭാരവാഹി പട്ടികയിൽ ഇടം പിടിക്കാത്തവരും; കോൺഗസിൽ പട്ടിക പുറത്തുവന്നതോടെ ഗ്രൂപ്പുപോരും മറനീക്കി പുറത്ത്

എം മനോജ് കുമാർ

തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഐ ഗ്രൂപ്പിന്റെ ചെങ്കോൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമോശം വരുന്നു. മോഹൻ ശങ്കറെ കെപിസിസി ഉപാധ്യക്ഷനാക്കിയതിനെതിരെ പ്രതിഷേധത്തിന്റെ ആദ്യ വെടി പൊട്ടിച്ച് രംഗത്ത് വന്ന കെ.മുരളീധരൻ എംപിയുടെ ഉന്നം മോഹൻ ശങ്കറല്ല ചെന്നിത്തലയാണ് എന്നാണ് ഐ ഗ്രൂപ്പിൽ നിന്നും വരുന്ന സൂചനകൾ. എതിർപ്പിന്റെ സൂചനകൾ വഴി ഐ നേതൃത്വത്തിലേക്ക് വീണ്ടും എത്താനാണ് മുരളീധരൻ ശ്രമിക്കുന്നത്. കെപിസിസി പട്ടികയെ ചൊല്ലി യുള്ള മുല്ലപ്പള്ളി-മുരളീധരൻ വാക് പോരും ഇതിന്റെ ഭാഗം തന്നെയാണ്. ഐ ഗ്രൂപ്പിൽ ശക്തനായി മാറാനാണ് മുരളീധരൻ ശ്രമിക്കുന്നത്. ഒറിജിനൽ ഐ നേതാക്കളുടെ പിന്തുണയും മുരളീധരൻ ഉറപ്പാക്കിയിട്ടുണ്ട്.

കെപിസിസി ഭാരവാഹി ലിസ്റ്റൊടെ ഐ ഗ്രൂപ്പിന്റെ ചെങ്കോൽ വീണ്ടും മുരളീധരന്റെ കയ്യിൽ തന്നെ തിരികെ എത്തുകയാണ്. 47 പേരുകളുള്ള കെപിസിസിയുടെ ജംബോ പട്ടികയിൽ ഐ ഗ്രൂപ്പ് എന്ന പേരിൽ തിരുത്തൽവാദികളെ തിരുകി കയറ്റിയതിനാണ് ഐ ഗ്രൂപ്പിൽ ചെന്നിത്തലയ്ക്ക് എതിരെ പടയൊരുക്കം നടക്കുന്നത്. ഐയുടെ പേരിൽ രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും ഒരുമിക്കുകയും പദവികൾ ഇവർ തമ്മിൽ പങ്കിട്ട് എടുക്കുകയുമായിരുന്നുവെന്നാണ് ഐയിൽ നിന്നും ഉയരുന്ന ആക്ഷേപം. ഭാരവാഹി ലിസ്റ്റിന്റെ പേരിൽ പഴയ ഒറിജിനൽ ഐക്കാർ ഒരുമിക്കുകയാണ്. ചെന്നിത്തലയെ വെട്ടി നിരത്താനുള്ള നീക്കം തന്നെയാണ് ഐ ഗ്രൂപ്പിൽ നടക്കുന്നത്. ഐയുടെ പേരിൽ ഉമ്മൻ ചാണ്ടിയുമായി ഒത്ത് കടുത്ത കരുണാകര വിരുദ്ധരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ചെന്നിത്തലയ്ക്ക് എതിരെയുള്ള നീക്കമാണ് ശക്തി പ്രാപിക്കുന്നത്. പതിവിൽ നിന്നും വിപരീതമായി ജില്ലകൾ തോറും ചെന്നിത്തലയ്ക്ക് എതിരെയുള്ള എതിർപ്പ് ഇപ്പോൾ ശക്തമായിട്ടുണ്ട്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ വരെ ബാധിക്കുന്ന നീക്കമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് ഐയിൽ നിന്നുള്ള വിലയിരുത്തൽ വരുന്നത്. നിലവിലെ നീക്കം ചെന്നിത്തലയ്ക്ക് ഒരു പാടു നഷ്ടങ്ങൾ സമ്മാനിക്കും. മുന്നോട്ടുള്ള വഴി തന്നെയാണ് അടഞ്ഞിരിക്കുന്നത് എന്നാണ് ഐയിൽ നിന്നും പുറത്തു വരുന്ന സൂചനകൾ. മുരളീധരന്റെ നേതൃത്വത്തിൽ ഒറിജിനൽ ഐക്കാർ ഇപ്പോൾ ഒരുമിക്കുകയാണ്. ഐയുടെ ചെങ്കോൽ മുരളീധരന് തന്നെ തിരികെ എൽപ്പിക്കാനാണ് ഐയുടെ പ്രമുഖ നേതാക്കൾ ഒരുങ്ങുന്നത്. കടുത്ത കരുണാകരവിരുദ്ധരാണ് ഐ എന്ന പേരിൽ ലിസ്റ്റിൽ കയറിക്കൂടിയിരിക്കുന്നത്. കെപിസിസി ഭാരവാഹി ലിസ്റ്റിന്റെ കാര്യത്തിൽ ഉമ്മൻ ചാണ്ടിയുമായി കൈകോർത്ത് ചെന്നിത്തല ഉൾപ്പെടുത്തിയത് തിരുത്തൽവാദികളെയാണ്. ഇവരെല്ലാം തന്നെ ഉമ്മൻ ചാണ്ടിയുടെ അടുത്ത ആളുകളുമാണ്. എയുടെ നേതാക്കളിൽ ആവശ്യമുള്ളവരെ പട്ടികയിൽ തിരുകി ചേർത്തപ്പോൾ സീറ്റ് ലഭിക്കാത്ത തിരുത്തൽവാദികളെ ചെന്നിത്തലയുമായി ചേർന്ന് ഉമ്മൻ ചാണ്ടി ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇതൊക്കെയാണ് ഐയിൽ നിന്നും ഉയരുന്ന ക്ഷോഭത്തിന്റെ കാതൽ.

തിരുത്തൽവാദികൾ ഐയുടെ പേരിൽ കെപിസിസി ലിസ്റ്റിൽ കയറിക്കൂടിയപ്പോൾ യഥാർത്ഥ ഐ നേതാക്കൾ അവഗണിക്കപ്പെടുകയും ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. രണ്ടു എ ഗ്രൂപ്പുകൾ കോൺഗ്രസിൽ ആവശ്യമില്ലെന്നും ഐയുടെ പേരിൽ തിരുത്തൽവാദികളെ ഉൾപ്പെടുത്തിയ ചെന്നിത്തലയുടെ നടപടികളെ എതിർക്കാനുമാണ് ഐയിൽ നിന്നും വരുന്ന തീരുമാനം. പി.പി.തങ്കച്ചൻ, കെ.വി.തോമസ്, പന്തളം സുധാകരൻ തുടങ്ങി ഐ ഗ്രൂപ്പിന്റെ നേതാക്കൾ ഒന്നും തന്നെ കെപിസിസി ഭാരവാഹിപ്പട്ടികയിലില്ല. ഇതിൽ പന്തളം സുധാകരൻ പദവി ആവശ്യമില്ലെന്നു അറിയിച്ചിരുന്നു. പന്തളം അങ്ങിനെ പറഞ്ഞെങ്കിൽ കൂടി ഐ നേതാക്കളെ ചെന്നിത്തല ഉൾപ്പെടുത്തുക തന്നെ ചെയ്യണമായിരുന്നുവെന്നാണ് ഐ ഗ്രൂപ്പിൽ നിന്നും പ്രതിപക്ഷ നേതാവിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ ചിലത്.

ഐ. ഗ്രൂപ്പിൽനിന്നുള്ള മുൻ ജനറൽസെക്രട്ടറി എൻ. വേണുഗോപാലും മുൻ വൈസ് പ്രസിഡന്റ് ലാലി വിൻസെന്റും ഒഴിവാക്കപ്പെട്ടു. മുൻ ജോയന്റ് സെക്രട്ടറി ഐ.കെ. രാജു, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മമ്മുട്ടി മാസ്റ്റർ, മുൻ എംഎ‍ൽഎ. എം.എ. ചന്ദ്രശേഖരൻ, കോതമംഗലം മുൻ മുനിസിപ്പൽ ചെയർമാൻ കെ.പി. ബാബു തുടങ്ങി ലിസ്റ്റിൽ ഇടംകാണുമെന്ന് പ്രതീക്ഷിച്ചവരെല്ലാം നിരാശരാണ്. മുതിർന്ന നേതാക്കളെ ഒഴിവാക്കുന്നതിന് പ്രായം ഒരു ഘടകമായി പറഞ്ഞിട്ടുണ്ടെങ്കിലും എ പ്രായം നോക്കിയിട്ടില്ലെന്ന് ഐ നേതാക്കൾ ചൂണ്ടിക്കാനിക്കുന്നുമുണ്ട്. .ഐ. ഗ്രൂപ്പിന്റെ സംസ്ഥാനത്തെ ശക്തികേന്ദ്രം എറണാകുളം ജില്ലയാണ്. അവിടെനിന്ന് പുതിയവരെ കൊണ്ടുവരുന്നതിലോ, പഴയവർക്ക് പരിഗണന ഉറപ്പാക്കുന്നതിലോ ഗ്രൂപ്പ് നേതൃത്വം ശ്രദ്ധിച്ചില്ല. പഴയവരെ വെട്ടിമാറ്റുന്നതിന് മൗനസമ്മതം നൽകിയെന്നും വിമർശനമുണ്ട്.

അതേസമയം ലിസ്റ്റിനെതിരെയുള്ള പ്രതിഷേധം ശക്തി പ്രാപിക്കുകയാണ്. കെപിസിസി ഭാരവാഹി പട്ടികയിൽ കടുത്ത അമർഷവുമായി രംഗത്ത് വന്നിരിക്കുന്നത് ലതികാ സുഭാഷാണ് . വനിതകളുടെ മനസ് വ്രണപ്പെടുത്ത ലിസ്റ്റാണ് നിലവിലേത് എന്നാണ് ലതികയുടെ ആരോപണം. ജനറൽ സെക്രട്ടറിമാരിൽ ഒരു വനിതയ്ക്ക് മാത്രമാണ് ഇടം നേടാനായത്. ഇത് പ്രതിഷേധാർഹമാണെന്ന് പറഞ്ഞ ലതിക പരാതി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകുകയും ചെയ്തിട്ടുണ്ട്. എയിലും പൊട്ടിത്തെറി ഉരുണ്ട് കൂടുന്നുവെന്നാണ് വരുന്ന സൂചനകൾ. ആദ്യ പൊട്ടിത്തെറി മലപ്പുറത്ത് നിന്നാണ്. മുൻ ഡിസിസി പ്രസിഡണ്ടും മലപ്പുറം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ഇ മുഹമ്മദ് കുഞ്ഞി മാസ്റ്ററെ കെപിസിസി ഭാരവാഹിപട്ടികയിൽ ഉൾപ്പെടുത്താതിനെതിരെയാണ് എയിലെ പ്രതിഷേധം. മുന്മന്ത്രിയും ജില്ലയിലെ തലമുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദിനെതിരെ ആണ് എയിൽ നിന്ന് തന്നെ പ്രതിഷേധം ഉയരുന്നത്. സമ്പൂർണ്ണ പട്ടികയല്ല പുറത്ത് വന്നത് എങ്കിലും വന്ന പട്ടിക തന്നെ കോൺഗ്രസിൽ പുതിയ പോരുകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. അണഞ്ഞു കിടന്ന ഗ്രൂപ്പ് പോരുകൾ തന്നെയാണ് മുല്ലപ്പള്ളിയുടെ പട്ടിക വഴി പുറത്ത് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP