Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കനയ്യ കുമാറിനെ പോലുള്ള ആളുകൾ അവിടെ പോയി ഇങ്ക്വിലാബ് വിളിക്കും..ഫോട്ടോ എടുത്ത് തിരിച്ചുവരും; നമ്മുടെ ആളുകൾ കൈയടിക്കും. എന്നാൽ, അയാളുടെ പടം വരും; ജെഎൻയുവിലും ജാമിയയിലും ഉള്ളവർ ആഹ്വാനം ചെയ്യുന്ന പോലെ പൗരത്വ നിയമത്തിനെതിരെ എല്ലാവരെയും കൂട്ടിയുള്ള സമരമൊന്നും വേണ്ട; ഒരഞ്ചുലക്ഷം പേരെ സംഘടിപ്പിച്ചാൽ അസമിനെ ഒരുമാസത്തേക്കെങ്കിലും ഇന്ത്യയിൽ നിന്ന് മുറിച്ചുമാറ്റാം': രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റിലായ ഷർജീൽ ഇമാം ആരാണ്?

'കനയ്യ കുമാറിനെ പോലുള്ള ആളുകൾ അവിടെ പോയി ഇങ്ക്വിലാബ് വിളിക്കും..ഫോട്ടോ എടുത്ത് തിരിച്ചുവരും; നമ്മുടെ ആളുകൾ കൈയടിക്കും. എന്നാൽ, അയാളുടെ പടം വരും; ജെഎൻയുവിലും ജാമിയയിലും ഉള്ളവർ ആഹ്വാനം ചെയ്യുന്ന പോലെ പൗരത്വ നിയമത്തിനെതിരെ എല്ലാവരെയും കൂട്ടിയുള്ള സമരമൊന്നും വേണ്ട; ഒരഞ്ചുലക്ഷം പേരെ സംഘടിപ്പിച്ചാൽ അസമിനെ ഒരുമാസത്തേക്കെങ്കിലും ഇന്ത്യയിൽ നിന്ന് മുറിച്ചുമാറ്റാം': രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റിലായ ഷർജീൽ ഇമാം ആരാണ്?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജെഎൻ യുവിലെ ഈ വിദ്യാർത്ഥിയുടെ അറസ്റ്റ് വാർത്ത വന്നയുടൻ എല്ലാവരും ചോദിക്കുന്നു ആരാണ് ഈ ഷർജീൽ ഇമാം? ജനുവരി 25 ന് ശേഷം അഞ്ചു സംസ്ഥാനങ്ങളാണ് ഈ വിദ്യാർത്ഥിക്കെതിരെ കേസെടുത്തത്. രാജ്യദ്രോഹക്കുറ്റമടക്കം പല ഗുരുതര കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തി. യുഎപിഎ പ്രകാരവും കേസെടുത്തിട്ടുണ്ട്. അധികം ആരും അറിയാത്ത ഷർജീൽ ഇമാമാണ് ഇന്ന് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

അസമിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന വിവാദ പ്രസംഗത്തെ ചൊല്ലിയാണ് ക്രൈംബ്രാഞ്ച് ഷർജീലിനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 153 എ ( മത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം ഉണ്ടാക്കൽ) 505 ( സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തൽ ) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഷർജീൽ ഇമാമിന്റെ പ്രസംഗം സോഷ്യൽ മീഡിയകളിൽ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജനുവരി 16 ന് അലിഗഡ് മുസ്ലിം സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ, പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ നടത്തിയ വിവാദ പ്രസംഗത്തിന് യുപി പൊലീസ് ഷർജീലിനെതിരെ വേറെ കേസ് എടുത്തിട്ടുണ്ട്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ അസം പൊലീസും ഇയാൾക്കെതിരെ എഫ്‌ഐആർ ഇട്ടിട്ടുണ്ട്.

ഷർജീലിന്റെ ഫേസബുക്ക് പോസ്റ്റ് പ്രകാരം താൻ പാറ്റ്‌ന സ്വദേശിയാണെന്നും സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളിലും ഡൽഹി ജിപിഎസ് വസന്ത് കുഞ്ജിലുമാണ് പഠിച്ചതെന്നും പറയുന്നു. പിന്നീട് ഐഐടി ബോംബെയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ പിജി ബിരുദം. ജെഎൻ യുവിൽ എത്തും മുമ്പ് കോപ്പൻഹേഗൻ സർവകലാശാലയിൽ ഐടി പ്രോഗ്രാമറായിരുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരുകൂട്ടം വീഡിയോകളിൽ, 'നമ്മൾ എല്ലാവരും ഒന്നിച്ചുനിന്നാൽ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപെടുത്താം' എന്ന് പറയുന്നുണ്ട്. 'സ്ഥിരമായി അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പോലും ഒന്നോ, രണ്ടോ മാസത്തേക്ക് അത് ചെയ്യാൻ കഴിയുമെന്നും ഷർജീൽ ഇമാം വീഡിയോയിൽ പറയുന്നു. അസമിനെ ഇന്ത്യയിൽ നിന്ന് അടർത്തി മാറ്റുക നമ്മുടെ ഉത്തരവാദിത്വമാണ്. ഇത് സംഭവിക്കുമ്പോൾ മാത്രമേ സർക്കാർ നമ്മൾ പറയുന്നത് കേൾക്കു, എന്നും ഇയാൾ പറയുന്നുണ്ട്. അഞ്ച് ലക്ഷം പേരെ സംഘടിപ്പിച്ചാൽ വടക്കു-കിഴക്കിനെ നമുക്ക് സ്ഥിരമായി അടർത്തി മാറ്റാമെന്നും ഇയാൾ പറയുന്നു.

പ്രസംഗം അക്രമവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നതെന്ന് പൊലീസ് കുറ്റം ചുമത്തുമ്പോൾ താൻ സമാധാനപരമായ ഉപരോധമാണ് ഉദ്ദേശിച്ചതെന്നാണ് ഷർജീൽ ഇമാമിന്റെ വിശദീകരണം.

ആരാണ് ഷർജീൽ ഇമാം?

ആധുനിക ഇന്ത്യൻ ചരിത്രത്തിൽ ജെഎൻയുവിൽ പിഎച്ച്ഡി ചെയ്യുകയാണ് 31 കാരനായ ഷർജീൽ ഇമാം. ഇയാൾക്കെതിരെ പൊലീസ് കേസുകൾ വന്ന ശേഷം, ഷഹീൻബാഗ് പ്രതിഷേധപരമ്പരയുടെ സഹസംഘാടകൻ എന്നാണ് മണിപ്പൂർ മുഖ്യമന്ത്രി എംഎൻ ബിരേൻ സിങ്ങും, അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശർമയും വിശേഷിപ്പിച്ചത്. ദക്ഷിണ ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെ സ്ത്രീകൾ തുടർച്ചയായി നടത്തി വരുന്ന പ്രതിഷേധപരമ്പരയുടെ വോളണ്ടിയർ ആയിരുന്നു ഷർജീൽ ഇമാം

. നാൽപത് ദിവസത്തിലേറെ നീണ്ട സമരം ജനുവരി രണ്ടിന് അവസാനിപ്പിക്കുകയാണെന്ന് ഷർജീൽ പ്രഖ്യാപിച്ചെങ്കിലും സ്ത്രീകൾ അത് നിഷേധിച്ചിരുന്നു. ജനുവരി 25 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതിഷേധത്തിന്റെ സംഘാടകനായി അങ്ങനെ ഒരു വ്യക്തിയെ ചൂണ്ടിക്കാട്ടാൻ ആവില്ലെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്. ഏതെങ്കിലും മാധ്യമത്തിലെ വളച്ചൊടിക്കപ്പെട്ട കഥയുമായി തങ്ങളുടെ പ്രതിഷേധത്തെ കൂട്ടിക്കെട്ടേണ്ട എന്നാണ് പ്രതിഷേധക്കാർ കടുപ്പിച്ച് പറഞ്ഞത്.

ഷർജീലിനെതിരെയുള്ള കേസുകൾ

ഷർജീലിനെതിരെ കേസ് ചുമത്തിയ അഞ്ച് സംസ്ഥാനങ്ങളിൽ നാലും ഭരിക്കുന്നത് ബിജെപിയാണ്. അസം, യുപി, മണിപ്പൂർ, അരുണാചൽ പ്രദേശ്. ഡൽഹിയിലും പൊലീസ് കേന്ദ്ര സർക്കാരിന് കീഴിലാണല്ലോ. ജനുവരി 25 ന് അസം പൊലീസാണ് ഷർജീലിനെതിരെ ആദ്യം കേസെടുത്തത്. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ. അതേ ദിവസം തന്നെ അലിഗഡ് പൊലീസും കേസെടുത്തു. മണിപ്പൂരും, ഡൽഹിയും, അരുണാചലും പിന്നാലെ കേസെടുത്തു.

യുപി ഒഴിച്ചുള്ള സംസ്ഥാനങ്ങൾക്ക് ഷർജീലിന്റെ അലിഗഡിലെ പ്രസ്താവന തങ്ങളുടെ മേഖലയിൽ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് തെളിയിക്കേണ്ടി വരും.

എന്താണ് ഷർജീൽ അലിഗഡിൽ പറഞ്ഞത്?

ജനുവരി 16 ന് അലിഗഢ് മുസ്ലിം സർവകലാശാലയിൽ ഷർജീൽ ഇമാം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് വിവാദം തുറന്നുവിട്ടത്. 'നമുക്ക് ഒരു അഞ്ച് ലക്ഷം പേരെ സംഘടിപ്പിക്കാൻ കഴിയുമെങ്കിൽ, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് മുറിച്ചുമാറ്റാം, സ്ഥിരമായി അല്ലെങ്കിൽ പോലും ഒരുമാസത്തോളമെങ്കിലും'. ഈ പ്രസംഗത്തിന്റെ വീഡിയ വൈറലാവുകയും ചെയ്തു. തന്റെ 40 മിനിറ്റ് പ്രസംഗത്തിൽ, ഷർജീൽ ഇമാം കോൺഗ്രസ്, ആം ആദ്മി, ജെഎൻ യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ എന്നിവരെ വിമർശിക്കുന്നുണ്ട്. പൗരത്വ നിയമത്തിനെതിരെ ജെഎൻയുവിലും ജാമിയയിലുമുള്ളവർ വിശാലാടിസ്ഥാനത്തിൽ ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തോടുള്ള വിയോജിപ്പും രേഖപ്പെടുത്തുന്നുണ്ട് പ്രസംഗത്തിൽ.

അസമിലെ മുസ്ലീങ്ങളുടെ ദുരിത സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ട്രാക്കുകളിൽ കല്ലുവയ്ക്കാനും, റോഡുകൾ തടയാനും ആഹ്വാനം ചെയ്യുന്നു. വടക്ക്-കിഴക്കിനെ ഇന്ത്യയിലെ മറ്റിടങ്ങളുായി ബന്ധിപ്പിക്കുന്ന ഇടനാളി മുസ്ലിം മേധാവിത്വ മേഖലയാണ്. കനയ്യ കുമാറിനെ പോലുള്ള ആളുകൾ അവിടെ പോയി ഇങ്ക്വിലാബ് വിളിക്കും, ഫോട്ടോ എടുത്ത് തിരിച്ചുവരും. നമ്മുടെ ആളുകൾ കൈയടിക്കും. എന്നാൽ, അയാളുടെ പടം വരും. ഇങ്ങനെയാണ് ഷർജീലിന്റെ വാക്കുകൾ. എന്നാൽ, അറസ്റ്റിലായ ശേഷം താൻ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്നാണ് ഷർജീലിന്റെ ന്യായം.

ജനുവരി 26 ന് ഡൽഹി, യുപി ബിഹാർ പൊലീസ് ബിഹാറിലെ വസതിയിൽ സംയുക്ത റെയ്ഡ് നടത്തിയെങ്കിലും ഷർജീലിനെ കണ്ടുകിട്ടിയിരുന്നില്ല. തന്റെ മകൻ നിരപരാധിയെന്നാണ് ഷർജീലിന്റെ അമ്മ അഫ്‌സാൻ റഹീം വാർത്താ ഏജൻസിയോട് പറഞ്ഞത്.

ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് ബിഹാറിൽ നിന്ന് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമഭേദഗതിക്കും, ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനാണ് അറസ്റ്റ്. ജഹാനാബാദിൽ നിന്നാണ് ഷർജീൽ ഇമാമിനെ പിടികൂടിയതെന്ന് ക്രൈംബ്രാഞ്ച് ഡപ്യൂട്ടി കമ്മീഷണർ രാജേഷ് ദിയോ അറിയിച്ചു. ബിഹാർ സ്വദേശിയായ ജെഎൻ യു വിദ്യാർത്ഥിയെ തിരയാൻ അഞ്ച് സംഘങ്ങളെ നിയോഗിച്ചിരുന്നു. ചരിത്ര പഠത്തിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് ഷർജീൽ ഇമാം. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP