Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുജറാത്ത് കലാപത്തിൽ 33 മുസ്ലീങ്ങളെ തീവെച്ചു കൊലപ്പെടുത്തിയ കേസിലെ 14 പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം നൽകി; ഗുജറാത്തിൽ പ്രവേശിക്കരുതെന്നും ധ്യാനം അടക്കമുള്ള ആത്മീയകാര്യങ്ങളിൽ മുഴുകാനും സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെടാനും ജാമ്യഉപാധി വെച്ച് കോടതി; ഉത്തരവിട്ടത് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്; ഇൻഡോറിലെ ജയിലിൽ പാർപ്പിച്ചവർ ഉടൻ മോചിതരാകും

ഗുജറാത്ത് കലാപത്തിൽ 33 മുസ്ലീങ്ങളെ തീവെച്ചു കൊലപ്പെടുത്തിയ കേസിലെ 14 പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം നൽകി; ഗുജറാത്തിൽ പ്രവേശിക്കരുതെന്നും ധ്യാനം അടക്കമുള്ള ആത്മീയകാര്യങ്ങളിൽ മുഴുകാനും സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെടാനും ജാമ്യഉപാധി വെച്ച് കോടതി; ഉത്തരവിട്ടത് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്; ഇൻഡോറിലെ ജയിലിൽ പാർപ്പിച്ചവർ ഉടൻ മോചിതരാകും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുജറാത്ത് കലാപ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചു സുപ്രീംകോടതി. 2002-ലെ ഗുജറാത്ത് കലാപത്തിൽ പ്രതികളായ 14 പേർക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഗുജറാത്തിൽ പ്രവേശിക്കരുത്. സാമൂഹികവും ആത്മീയവുമായ സേവനങ്ങളിൽ ഏർപ്പെടണമെന്നുമുള്ള ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ജാമ്യം അനുവദിച്ച കുറ്റവാളികൾ സാമൂഹികവും ആത്മീയപരവുമായ സേവനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മധ്യപ്രദേശിലെ ജബൽപുർ, ഇൻഡോർ ജില്ലാ നിയമ അധികൃതരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സംസ്ഥാന ലീഗൽ സർവീസ് അഥോറിറ്റിയോട് അവരുടെ പെരുമാറ്റത്തെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു. കുറ്റവാളികളെ രണ്ടു ഗ്രൂപ്പാക്കി തിരിക്കും. ഒരു സംഘത്തെ മധ്യപ്രദേശിലെ ഇൻഡോറിലേക്കും മറ്റൊരു സംഘത്തെ ജബൽപൂരിലേക്കും അയക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇവിടെ സാമൂഹിക സേവനത്തിൽ പ്രതികൾ മുഴുകും. പ്രതികളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാനും സുപ്രീംകോടതി നിർദ്ദേശിച്ചു. വിശദാംശങ്ങൾ ഇങ്ങനെ....

സർദാർപുര കൂട്ടക്കൊല കേസിൽ 14 പേരുടെ ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചിരുന്നത്. ഇവർ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം നൽകിയിരിക്കുന്നത്. ജീവിത ചെലവിനുള്ള വഴി കണ്ടെത്താൻ കുറ്റവാളികൾക്ക് അവസരം ഒരുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജാമ്യ കാലയളവിൽ കുറ്റവാളികളുടെ പെരുമാറ്റവും സ്വഭാവവും സംബന്ധിച്ച നിരീക്ഷിച്ച് വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. ഈ റിപ്പോർട്ട് പരിശോധിച്ച് കോടതി തുടർനടപടികൾ സ്വീകരിക്കും. 2002 ഫെബ്രുവരി 28ന് രാത്രിയാണ് ഗുജറാത്തിലെ സർദാർപുരയിൽ കൂട്ടക്കൊല നടന്നത്.

2002 ഫെബ്രുവരി 27ന് ഗോധ്ര റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് സബർമതി എക്സ്പ്രസിന് തീവച്ചതിന് തൊട്ടുപിന്നാലെയാണ് ഗുജറാത്തിൽ വർഗീയ കലാപം ആളിപ്പടർന്നത്. അയോധ്യയിൽ നിന്ന് വന്ന 59 കർസേവകർ സംഭവത്തിൽ കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം സർദാർപുരയിലെ 33 ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ കലാപകാരികൾ ചുട്ടുകൊല്ലുകയായിരുന്നു.76 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണക്കിടെ രണ്ടു പേർ മരിച്ചു. ഒരു പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ല. 2009 ജൂണിൽ 73 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മെഹ്സാന ജില്ലയിലെ വിചാരണ കോടതി 42 പ്രതികളെ വെറുതെ വിട്ടു. 31 പേരെ ശിക്ഷിച്ചു.

വിചാരണ കോടതി വെറുതെ വിട്ട 42ൽ 31 പേർക്കെതിരെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ, പ്രതികളെ വെറുതെവിട്ട മെഹ്സാന ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ശിക്ഷിക്കപ്പെട്ട 31 പേരിൽ 17 പേരെ ഹൈക്കോടതി വെറുതെവിടുകയും ചെയ്തു. 14 പേരുടെ ജീവപര്യന്തം ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളിയിരുന്നു. ഹൈക്കോടതിയും ഇത് ശരിവക്കുകായിരുന്നു

ഗോധ്ര സംഭവത്തിന് ശേഷം മൂന്ന് ദിവസമാണ് ഗുജറാത്തിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ കലാപം നടന്നത്. ആയിരത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 2002 ഫെബ്രുവരി 27നാണ് സബർമതി എക്സ്പ്രസിന് തീവച്ചത്. തൊട്ടടുത്ത ദിവസമാണ് കൂട്ടക്കൊല നടന്നത്. ഇത് നേരത്തെ കലാപം ആസൂത്രണം ചെയ്തതിന് തെളിവാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പക്ഷേ, മതിയായ തെളിവില്ലെന്ന് വിചാരണ കോടതി കണ്ടെത്തി. ഹൈക്കോടതിയും ശരിവച്ചു.

മെഹ്സാന ജില്ലയിലെ സർദാർപുരയിൽ രാത്രിയാണ് അക്രമികൾ കൂട്ടക്കൊല നടത്തിയത്. ഗുജറാത്ത് കലാപത്തിനിടെ നടന്ന ഒമ്പത് പ്രധാന കേസുകളിൽ ഒന്നാണ് സർദാർപുരയിലേത്. ന്യൂനപക്ഷ സമുദായം താമസിക്കുന്ന പ്രദേശം അക്രമികൾ വളഞ്ഞ ശേഷമാണ് കൂട്ടക്കൊല നടത്തിയത്. അക്രമികൾ വരുന്നത് അറിഞ്ഞ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ പ്രദേശത്തെ പ്രമുഖനായ ഇബ്രാഹീം ശൈഖ് എന്നയാളുടെ വീട്ടിൽ അഭയം തേടി. എന്നാൽ ഈ വീട്ടിലെത്തിയാണ് അക്രമികൾ പെട്രോൾ, പാചകവാതക സിലിണ്ടർ എന്നിവ ഉപയോഗിച്ച് കത്തിച്ചത്. 22 സ്ത്രീകൾ ഉൾപ്പെടെ 33 പേരെ ചുട്ടെരിച്ച നിലയിൽ പിന്നീട് കണ്ടെത്തി. നരേന്ദ്ര മോദിയായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രി. അമിത് ഷാ ആഭ്യന്തര മന്ത്രിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP