Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് വനിതാ പൊലീസുകാർ അടങ്ങുന്ന സംഘം പൊതു ഇടങ്ങളിൽ പട്രോളിങ് നടത്തുക നടന്നോ ഇരുചക്ര വാഹനങ്ങളിലോ; പഞ്ചായത്തുകളിലെ പരാതികൾ സ്വീകരിക്കുന്ന നിലവിലുള്ള സംവിധാനം വിപുലീകരിക്കും; സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗുരുതരമായ കേസുകൾ അന്വേഷിക്കാൻ സ്ത്രീകൾ ഉൾപ്പെടുന്ന അന്വേഷണ സംഘവും; വനിതാ സുരക്ഷയ്ക്കായുള്ള വർഷമായി ആചരിക്കാൻ കേരള പൊലീസ് ഒരുക്കുന്നത് ബൃഹത് പദ്ധതികൾ

രണ്ട് വനിതാ പൊലീസുകാർ അടങ്ങുന്ന സംഘം പൊതു ഇടങ്ങളിൽ പട്രോളിങ് നടത്തുക നടന്നോ ഇരുചക്ര വാഹനങ്ങളിലോ; പഞ്ചായത്തുകളിലെ പരാതികൾ സ്വീകരിക്കുന്ന നിലവിലുള്ള സംവിധാനം വിപുലീകരിക്കും; സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗുരുതരമായ കേസുകൾ അന്വേഷിക്കാൻ സ്ത്രീകൾ ഉൾപ്പെടുന്ന അന്വേഷണ സംഘവും; വനിതാ സുരക്ഷയ്ക്കായുള്ള വർഷമായി ആചരിക്കാൻ കേരള പൊലീസ് ഒരുക്കുന്നത് ബൃഹത് പദ്ധതികൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്ത്രീകൾക്ക് മുൻതൂക്കം നൽകുന്ന പദ്ധതികളുമായി കേരളാ പൊലീസ്. കേരളാ പൊലീസ് ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വർഷമായി ആചരിക്കുമെന്ന് വ്യക്തമാക്കിയത് ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് വഴി. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾകൊള്ളിച്ചാണ് സ്ത്രീ സുരക്ഷയും സ്ത്രീകളുടെ രാത്രികാല യാത്രയുടെ സുരക്ഷയും ഉൾപ്പെടെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

2020 സ്ത്രീ സുരക്ഷാ വർഷം:സ്ത്രീ സുരക്ഷക്ക് പ്രാമുഖ്യം നൽകുന്ന സംരംഭങ്ങളും പദ്ധതികളുമായ് കേരളപൊലീസ്. കേരളാ പൊലീസ് ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വർഷമായി ആചരിക്കും. ഇതിന്റെ ഭാഗമായി വനിതാപൊലീസുകാർ ഉൾപ്പെട്ട പട്രോളിങ് ടീം ഇനി മുതൽ നിരത്തിൽ എത്തും. രണ്ട് വനിതാ പൊലീസുകാർ ഉൾപ്പെട്ട സംഘം ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റാൻഡുകൾ, സ്‌കൂൾ-കോളേജ് പരിസരങ്ങൾ, ചന്തകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇരു ചക്രവാഹനങ്ങളിലോ നടന്നോ പട്രോളിങ് നടത്തും.

വനിതാ പൊലീസ് ഉദ്യോഗസ്ഥർ പഞ്ചായത്തുകൾ സന്ദർശിച്ച് പരാതികൾ സ്വീകരിക്കുന്ന നിലവിലുള്ള സംവിധാനം വിപുലീകരിക്കും. അവർ ഇനിമുതൽ താലൂക്ക് ലീഗൽ സർവ്വീസസ് അഥോറിറ്റിയുമായി ചേർന്ന് നിയമ അവബോധന ക്ലാസുകൾ സംഘടിപ്പിക്കും. സന്ദർശനത്തിനിടെ അവർ കാണുന്ന പരാതിക്കാരുടേയും സ്ത്രീകളുടെയും വിവരങ്ങൾ ഉൾപ്പെടെ ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി ക്രൈംഡ്രൈവ് ആപ്പിൽ ഉൾപ്പെടുത്തും. മുതിർന്ന പൊലീസുദ്യോഗസ്ഥർക്ക് ഈ വിവരങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ കഴിയും.

എല്ലാ ജില്ലകളിലും നിലവിലുള്ള വനിതാ പൊലീസ് സ്റ്റേഷനുകൾ കേസ് അന്വേഷണത്തിലും സഹായിക്കും. ഇക്കാര്യം ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തും. വനിതാ സെല്ലുകളിൽ നിന്നുള്ള ഒരു വനിതാ ഇൻസ്പെക്ടറെ ഉൾപ്പെടുത്തി റെയ്ഞ്ച് തലത്തിൽ സ്ത്രീകൾ ഉൾപ്പെടുന്ന അന്വേഷണസംഘത്തിന് രൂപം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗുരുതരമായ കേസുകൾ ഇനിമുതൽ ഈ സംഘം അന്വേഷിക്കും.

ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും നിലവിലുള്ള വനിതാ സ്വയം പ്രതിരോധ പരിശീലന സംവിധാനത്തിലെ പരിശീലകർക്ക് പരമാവധി സ്‌കൂളുകളിലും കോളേജുകളിലും പഞ്ചായത്തിലും പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകും. ഇക്കൊല്ലം അവസാനത്തോടെ വലിയ ജില്ലകളിൽ അഞ്ചു ലക്ഷം സ്ത്രീകൾക്കും ചെറിയ ജില്ലകളിൽ രണ്ടു ലക്ഷം വനിതകൾക്കും പരിശീലനം നൽകും.

വനിതകൾക്ക് രാത്രിയാത്ര സുരക്ഷിതമാക്കുന്നതിന് കൊല്ലം സിറ്റിയിൽ നടപ്പാക്കിയ സുരക്ഷിത എന്ന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. പോക്സോ കേസുകൾ, ബാലനീതി നിയമം, സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവൽകരിക്കാൻ പദ്ധതികൾ തയ്യാറാക്കും. മുതിർന്ന പൗരന്മാരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽകരിക്കും. തനിച്ച് താമസിക്കുന്ന സ്ത്രീകളെയും ശാരീരികവും മാനസികവുമായി വൈകല്യമുള്ള സ്ത്രീകളെയും വനിതാ പൊലീസ് സംഘം സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തും. മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പെൺകുട്ടികളുടെ ഇടയിൽ ബോധവൽകരണം നടത്തും.

പട്ടികവർഗ്ഗവിഭാഗത്തിലെ പെൺകുട്ടികൾ സ്‌കൂൾ പഠനം ഇടയ്ക്ക് വച്ച് നിറുത്തുന്നത് അവസാനിപ്പിക്കാൻ കുടുംബശ്രീ, ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌കരിക്കും. കുടുംബശ്രീ, തദ്ദേശ ഭരണ വകുപ്പുകൾ, സാമൂഹ്യനീതി വകുപ്പ് എന്നിവയുമായി ചേർന്ന് സ്ത്രീധനത്തിനെതിരായി ക്യമ്പെയ്ൻ തയ്യാറാക്കും. എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും തെരുവു നാടകങ്ങൾ അവതരിപ്പിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് സ്ത്രീകളിൽ സംരംഭകത്വം വളർത്തിയെടുക്കുന്നതിന് വിവിധ മേഖലകളിൽ പരിശീലനം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ നടപടിയെടുക്കും.

ലൈംഗിക സമത്വത്തെക്കുറിച്ചും അഭിമാനകരമായ ജീവിതം നയിക്കാൻ എല്ലാവർക്കുമുള്ള അവകാശത്തെക്കുറിച്ചും ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് മാസത്തിലൊരിക്കൽ പരിപാടി സംഘടിപ്പിക്കാനാണ് ഉദേശിക്കുന്നത്. ഇത്തരം പരിപാടികൾ ജില്ലാതലത്തിലും സംഘടിപ്പിക്കും.

വനിതാ ഹെൽപ്പ്ലൈൻ ശക്തിപ്പെടുത്തും. വിവിധ സ്ഥലങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കും. ജനമൈത്രി ബീറ്റ് ഓഫീസർമാരും പിങ്ക് പട്രോൾ സംഘവും അവ നിരീക്ഷിക്കും. ചിൽഡ്രൻ ഹോം, വനിതാ സദനം, വൃദ്ധസദനം എന്നിവിടങ്ങളിൽ മൊത്തം വനിതകളുടെ എണ്ണം പകുതിയിലേറെ ആണെങ്കിൽ അത്തരം സ്ഥലങ്ങൾ വനിതാ പൊലീസ് സംഘങ്ങൾ സന്ദർശിക്കും.

പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ.ബി. സന്ധ്യ, ഐ.സി.റ്റി വിഭാഗം എസ്‌പി ഡോ.ദിവ്യ വി.ഗോപിനാഥ്, കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ആർ പൂങ്കുഴലി, വനിതാ ബറ്റാലിയൻ കമാണ്ടന്റ് ഡി.ശിൽപ്പ, ശംഖുമുഖം എ.എസ്‌പി ഐശ്വര്യ ഡോംഗ്രേ എന്നിവർ അംഗങ്ങളായി സംസ്ഥാനതല സമിതിക്ക് രൂപം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP