Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരട് ഫ്‌ളാറ്റുകളുടെ ഗതിയാകുമോ തലസ്ഥാനത്ത് കുളത്തൂരിലെ 15 നില ഫെഡറൽ ബാങ്കിന്റെ ഫെഡറൽ കാപ്പിറ്റലിനും? കെട്ടിട നിർമ്മാണം നെൽവയൽ നീർത്തട സംരക്ഷണ നിയമം പേരിന് പോലും നോക്കാതെ; ബാങ്കിനായി ഒത്തുകളിച്ചത് ആറ്റിപ്ര വില്ലേജ് ഓഫീസും കോർപറേഷനും; കെട്ടിടനിർമ്മാണത്തിന് കോർപറേഷൻ അനുമതി നൽകിയത് ബാങ്ക് ലോണിനായി നൽകിയ സർട്ടിഫിക്കറ്റ് വച്ച്; കള്ളക്കളി കണ്ടുപിടിച്ചത് റവന്യുവിജിലൻസ്; വിവാദമായപ്പോൾ ഫെഡറൽ ടവറിനെ രക്ഷിച്ചെടുക്കാൻ കോർപറേഷന്റെ തരികിട കംപ്ലീഷൻ സർട്ടിഫിക്കറ്റും

മരട് ഫ്‌ളാറ്റുകളുടെ ഗതിയാകുമോ തലസ്ഥാനത്ത് കുളത്തൂരിലെ 15 നില ഫെഡറൽ ബാങ്കിന്റെ ഫെഡറൽ കാപ്പിറ്റലിനും? കെട്ടിട നിർമ്മാണം നെൽവയൽ നീർത്തട സംരക്ഷണ നിയമം പേരിന് പോലും നോക്കാതെ; ബാങ്കിനായി ഒത്തുകളിച്ചത് ആറ്റിപ്ര വില്ലേജ് ഓഫീസും കോർപറേഷനും; കെട്ടിടനിർമ്മാണത്തിന് കോർപറേഷൻ അനുമതി നൽകിയത് ബാങ്ക് ലോണിനായി നൽകിയ സർട്ടിഫിക്കറ്റ് വച്ച്; കള്ളക്കളി കണ്ടുപിടിച്ചത് റവന്യുവിജിലൻസ്; വിവാദമായപ്പോൾ ഫെഡറൽ ടവറിനെ രക്ഷിച്ചെടുക്കാൻ കോർപറേഷന്റെ തരികിട കംപ്ലീഷൻ സർട്ടിഫിക്കറ്റും

എം മനോജ് കുമാർ

\തിരുവനന്തപുരം: നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ച് കുളത്തൂരിൽ ഫെഡറൽ ബാങ്കിന്റെ കെട്ടിട നിർമ്മാണം. നെൽവയൽ നീർത്തട സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിക്കപ്പെടെണ്ട വയൽ നികത്തിയാണ് ഇവിടെ 15 നിലയോളമുള്ള ഫെഡറൽ കാപ്പിറ്റൽ ഉയർന്നിരിക്കുന്നത്. മരടിലെ ഫ്‌ളാറ്റുകൾക്ക് വന്ന ഗതി ഫെഡറൽ കാപ്പിറ്റലിനും വരുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയതിനാൽ ഒരു ഇളവും നൽകാതെ നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളും ഇടിച്ചു പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

മരട് ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനം വഴി തകർക്കപ്പെട്ടതോടെ തീരദേശ പരിപാലനനിയമങ്ങളും നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ ലംഘിച്ച് പണിത പല നിർമ്മാണങ്ങളും പൊളിക്കൽ ഭീഷണിയിലാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ഫെഡറൽ കാപ്പിറ്റലും പൊളിച്ചു മാറ്റേണ്ട അവസ്ഥയാകുമോ എന്ന ചോദ്യമുയരുന്നത്. ആറ്റിപ്ര വില്ലേജിൽപ്പെട്ട കുളത്തൂരാണ് ഫ്‌ളാറ്റ് വന്നിരിക്കുന്നത്. പൊതുപ്രവർത്തകൻ പാലപ്പൂര് സുരേഷ് തുടർച്ചയായി നൽകിയ പരാതികളോടെയാണ് ഫെഡറൽ ടവർ വിവാദത്തിലേക്ക് ഉയർന്നത്. റവന്യൂ വിജിലൻസ് അന്വേഷണം വന്നതും സുരേഷിന്റെ പരാതികൾ അധികരിച്ച് തന്നെയാണ്. മൂന്നു വർഷം മുൻപ് ഈ കെട്ടിട നിർമ്മാണം ആരംഭിച്ചത് മുതൽ ഈ പ്രശ്‌നത്തിൽ നിയമപരമായി നടപടികൾ സ്വീകരിച്ച് സുരേഷ് രംഗത്തുണ്ട്.

ആറ്റിപ്ര വില്ലേജിൽപ്പെട്ട 544/3, 544/26, 544/22, 544/231, 525/21, 525/23, 544/24, 544/251, 525/2131,544/5, 544/2 എന്നീ സർവേ നമ്പരുകളിൽപ്പെട്ട ഭൂമിയിലെ നിർമ്മാണമാണ് വിവാദമാകുന്നത്. 2017 മുതൽ അധികാരികൾക്ക് നിരന്തരം നൽകിയ പരാതികൾ ചവറ്റുകുട്ടയിൽ തള്ളിയാണ് വില്ലേജ് അധികാരികളുടെയും കോർപറേഷൻ അധികൃതരുടെ സംരക്ഷണയോടെ ഫെഡറൽ ടവർ ഉയർന്നത്. ഇനി കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൂടി കിട്ടിയാൽ നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ച് കെട്ടിപ്പൊക്കപ്പെട്ട കെട്ടിടത്തിനു അംഗീകാരം ലഭിക്കുന്ന അവസ്ഥയാകും. ആറ്റിപ്ര വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം 544/3, 544/22, 544/2 എന്നിവയിൽപ്പെട്ട സ്ഥലങ്ങൾ പുരയിടത്തിലാണ് ഉൾപ്പെടുന്നത്. 544/23, 544/24, 544/25, 544/5 എന്നീ സർവേ നമ്പരിൽപ്പെട്ട സ്ഥലങ്ങൾ നിലത്തിലാണ് ഉൾപ്പെടുന്നത്. ഈ സ്ഥലങ്ങൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കിലാണ് ഉൾപ്പെടുന്നത്. എന്നാൽ ഈ സ്ഥലത്തിനു പുരയിടം എന്ന രീതിയിലാണ് വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകിയത്. ഇതാണ് നിയമം ലംഘിച്ച് കെട്ടിടം ഉയരാൻ കാരണമായത്.

ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് താമസിക്കാൻ ബാങ്കിന്റെ ദി ഫെഡറൽ ഹൗസ് കോ-ഓപ്പറേഷൻ സൊസൈറ്റിയുടെ പേരിലാണ് ഹൗസിങ് പ്രോജക്റ്റ് വന്നിരിക്കുന്നത്. നീർത്തട സംരക്ഷണ നിയമം ലംഘിച്ച് വയൽ നികത്തിയാണ് ഇവിടെ ഫെഡറൽ കാപ്പിറ്റൽ പടുത്തുയർത്തിരിക്കുന്നത്. ഇത് റവന്യൂ വിജിലൻസ് വിഭാഗം കണ്ടെത്തിയിട്ടുമുണ്ട്. ഈ കാര്യത്തിൽ വിശദ റിപ്പോർട്ടും റവന്യൂ വിജിലൻസ് നൽകിയിട്ടുണ്ട്. കോർപ്പറേഷൻ അധികൃതരും ആറ്റിപ്രയിലെ മുൻ വില്ലേജ് ഓഫീസറും ഒത്തുകളിച്ചതോടെയാണ് കെട്ടിടം യാഥാർത്ഥ്യമായത് എന്നാണ് റവന്യൂ വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഫെഡറൽ ബാങ്ക് ലോൺ എടുക്കാൻ എന്ന പേരിൽ അന്നത്തെ ആറ്റിപ്ര വില്ലേജ് ഓഫീസർ സുമേഷ് നായർ നൽകിയ സർട്ടിഫിക്കറ്റാണ് ഫെഡറൽ കാപ്പിറ്റൽ ഉയരാൻ സഹായിച്ചത് എന്നാണ് റവന്യൂ വിജിലൻസ് കണ്ടെത്തിയത്. പുരം/നിലയിടം എന്ന ഫോം ഉപയോഗിക്കാതെ നിലയിടം എന്ന് പ്രിന്റ് ചെയ്ത ഫോം മാത്രം ഉപയോഗിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടത് പുരം/നിലയിടം എന്ന് പ്രിന്റ് ചെയ്ത ഫോം ആയിരുന്നു. ലോൺ ആവശ്യത്തിനായി മാത്രം നൽകിയ സർട്ടിഫിക്കറ്റ് ആയതിനാലാണ് ഈ ഫോം ഉപയോഗിച്ചത് എന്നാണ് വിജിലൻസ് ഓഫീസർ വിജിലൻസിന് മുൻപാകെ മൊഴി നൽകിയത്. ലോൺ ആവശ്യത്തിനു നൽകിയ സർട്ടിഫിക്കറ്റ് അത് ഏത് എന്നുപോലും നോക്കാതെ ബിൽഡിങ് പെർമിറ്റ് നൽകിയ കോർപറേഷൻ അധികൃതരുടെ നടപടികൾ നിരുത്തരവാദപരമാണ്-വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അടിസ്ഥാനപരമായ പരിശോധനകൾ ഈ വിഷയത്തിൽ കോർപറേഷൻ നടത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഫെഡറൽ കാപ്പിറ്റൽ പണിയാൻ കഴക്കൂട്ടം ഫെഡറൽ ബാങ്ക് ശാഖയിലേക്ക് ലോൺ ആവശ്യത്തിനായി മാത്രം നല്കിയതാണ് എന്നാണ് വില്ലേജ് ഓഫീസർ വെളിപ്പെടുത്തിയത്. എന്നാൽ ഇതേ സർട്ടിഫിക്കറ്റ് തന്നെയാണ് കോർപ്പറേഷൻ ഓഫീസിലേക്കും കെട്ടിട നിർമ്മാണ അപ്പ്രൂവലിനായി പോയത്. ഈ സർട്ടിഫിക്കറ്റ് പ്രകാരം തന്നെ കോർപറേഷൻ കെട്ടിട നിർമ്മാണത്തിനുള്ള അനുമതി നൽകുകയും ചെയ്തു. വില്ലേജ് ഓഫീസറുടെ ഭാഗത്ത് നിന്നും കോർപറേഷൻ അധികൃതരുടെ ഭാഗത്ത് നിന്നും വലിയ പാകപ്പിഴകൾ ഫെഡറൽ ടവർ നിർമ്മാണത്തിൽ വന്നു എന്നാണ് റവന്യൂ വിജിലൻസ് കണ്ടെത്തൽ. തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന പിഴ ആരും അറിയാതെ തിരുത്തി എങ്ങിനെയും കെട്ടിടത്തിനു കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാൻ തന്നെയാണ് കോർപറേഷന്റെ നീക്കം. ഇതിനായി ഈ മാസം മുപ്പതിന് കോർപറേഷൻ വിളിച്ച് ചേർക്കുന്ന അദാലത്തിൽ ഫെഡറൽ ടവർ പ്രശ്‌നം കൂടി ഉയർത്തിയിട്ടുണ്ട്. ഈ അദാലത്തിൽ പരിഗണിക്കപ്പെടെണ്ട വിഷയമല്ല ഫെഡറൽ ടവർ പ്രശ്‌നമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ അദാലത്തിൽ തന്നെ വിഷയം പരിഗണിക്കാനാണ് കോർപറേഷൻ നീക്കം.

ദി ഫെഡറൽ ഹൗസ് കോ-ഓപ്പറേഷൻ സൊസൈറ്റി അധികൃതർ നൽകുന്ന വിശദീകരണം:

എല്ലാ വിധ അംഗീകാരത്തോടെയുമാണ് ഫെഡറൽ കാപ്പിറ്റൽ നിർമ്മിച്ചിരിക്കുന്നത്. നിയമപരമായ എല്ലാ സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്. റവന്യൂ വിജിലൻസ് റിപ്പോർട്ടിനെക്കുറിച്ച് ഒന്നുമറിയില്ല. പുരയിടമായ ഭൂമിയിൽ തന്നെയാണ് കെട്ടിടം വന്നിരിക്കുന്നത്. ഒരു കുഴപ്പവുമില്ല. സൊസൈറ്റിയുടെ പ്രദീപ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP