Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രൂപശ്രീയുടെ മൃതദേഹത്തിൽ തലമുടി ഇല്ലാതായത് മുറിച്ചു നീക്കിയതു കൊണ്ടോ? മുടി മുറിച്ചത് ആഭിചാര കർമത്തിനെന്നും സംശയം; കൊലപാതകത്തിലേക്ക് നയിച്ചത് നഗ്നനാരീപൂജയും ദുർമന്ത്രവാദവുമെന്ന് സൂചന; പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതോടെ വിശദമായ അന്വേഷണത്തിന് ഒരുങ്ങി ക്രൈംബ്രാഞ്ച്; വെങ്കട്ടരമണ മന്ത്രവാദത്തിൽ മിടുക്കനെന്നതും കൊലപാതകം നടത്തുന്നതിന് സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തത് ദുർമന്ത്രപൂജകളുടെ സാധ്യത വർധിപ്പിക്കുന്നതായി പൊലീസ്

രൂപശ്രീയുടെ മൃതദേഹത്തിൽ തലമുടി ഇല്ലാതായത് മുറിച്ചു നീക്കിയതു കൊണ്ടോ? മുടി മുറിച്ചത് ആഭിചാര കർമത്തിനെന്നും സംശയം; കൊലപാതകത്തിലേക്ക് നയിച്ചത് നഗ്നനാരീപൂജയും ദുർമന്ത്രവാദവുമെന്ന് സൂചന; പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതോടെ വിശദമായ അന്വേഷണത്തിന് ഒരുങ്ങി ക്രൈംബ്രാഞ്ച്; വെങ്കട്ടരമണ മന്ത്രവാദത്തിൽ മിടുക്കനെന്നതും കൊലപാതകം നടത്തുന്നതിന് സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തത് ദുർമന്ത്രപൂജകളുടെ സാധ്യത വർധിപ്പിക്കുന്നതായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് അദ്ധ്യാപികയുടെ കൊലപാതകത്തിന് ദുർമന്ത്രവാദമുണ്ടോ എന്ന സംശയവുമായി പൊലീസ്. മിയാപ്പദവ് വിദ്യാവർധക ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന് പിന്നിൽ നഗ്നനാരീപൂജയും ദുർമന്ത്രവാദവുമാണെന്ന് സംശയം ബലപ്പെടുത്തുന്ന വിധത്തിലാണ് പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യവും വിരൽചൂണ്ടുന്നത് ദുർമന്ത്രവാദത്തിലേക്കാണ്. വിവിധ ശാക്തേയ പൂജയും മന്ത്രവാദവും നടത്തിയിരുന്ന ആളാണ്, കേസിൽ അറസ്റ്റിലായ സ്‌കൂളിലെ സഹ അദ്ധ്യാപകൻ കൂടിയായ വെങ്കിട്ടരമണ. കൊലപാതകം നടത്തുന്നതിന് വെങ്കട്ടരമണ സ്വന്തം വീടു തന്നെ തെരഞ്ഞെടുക്കാൻ കാരണവും മന്ത്രവാദ സാധ്യതകളെ സജീവമാക്കി നിർത്തുന്നു.

നഗ്നനാരീപൂജ കാസർകോട് അതിർത്തി മേഖലയിൽ നിലനിൽക്കുന്ന രീതിയാണ്. ഇത്തരം ഗൂഢപൂജകളിലൂടെ സമ്പത്തും ഐശ്വര്യവും വർധിപ്പിക്കാമെന്ന അന്ധവിശ്വാസം ഇവിടങ്ങളിൽ ശക്തമാണ്. നിയമം മൂലം കർണാടക സർക്കാർ ഇത്തരം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ചിരുന്നു. എന്നാൽ, കേരളത്തിൽ അത്തരം നിയമം ഇല്ലാത്തതിനാൽ ഇവിടേക്ക് കർണാടകത്തിൽ നിന്നു പോലും ആളുകൾ എത്തുന്നുണ്ടായിരുന്നു. അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിക്കുകയോ മനുഷ്യത്വത്തിന് നിരക്കാത്ത ദുരാചാരങ്ങൾ നടത്തുകയോ ചെയ്താൽ ഏഴുവർഷംവരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം കഴിഞ്ഞ ദിവസമാണ് കർണാടക സർക്കാർ പാസാക്കിയത്.

രൂപശ്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ചിത്രകല അദ്ധ്യാപകൻ വെങ്കിട്ടരമണ കാരന്തര(41), സഹായി മിയാപദവ് സ്വദേശി നിരഞ്ജൻകുമാർ (22) എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ജനുവരി 13 മുതൽ വെങ്കിട്ടരമണ സ്‌കൂളിൽ നിന്ന് അവധിയെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അവധിയും മന്ത്രവാദവുമായി ബന്ധപ്പെട്ടതാണോയെന്നും സംശയമുണ്ട്. രൂപശ്രീക്ക് മറ്റൊരാളുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വെങ്കിട്ടരമണ പൊലീസിനോട് പറഞ്ഞത്. പ്രതിയുടെ മൊഴിക്കൊപ്പം ദുർമന്ത്രവാദം നടന്നിരിക്കാനുള്ള സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. രൂപശ്രീയുടെ മൃതദേഹത്തിൽ വസ്ത്രങ്ങളില്ലാതിരുന്നത് നഗ്നനാരീപൂജ നടന്നതുകൊണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. മുടി മുറിച്ചുമാറ്റിയതും ആഭിചാരകർമത്തിന്റെ ഭാഗമാണെന്നും സംശയമുണ്ട്. രാസവസ്തുക്കൽ ഉപയോഗിച്ചു മുക്കിക്കൊന്നു എന്നും ആക്ഷേപമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അടക്കം കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്.

വെങ്കിട്ട രമണ വിവിധ സ്ഥലങ്ങളിൽ പൂജകൾക്ക് പോകുമ്പോൾ സഹായിയായി കൂടെ കൂട്ടാറുള്ളയാളാണ് നിരഞ്ജൻ. കൊലപാതകം നടക്കുമ്പോൾ നിരഞ്ജനും വീട്ടിലുണ്ടായിരുന്നു. ബ്രാഹ്മണരുടെ ഗൂഢപൂജകളിൽ ബലി നടത്തുന്നതിന് ആയുധമുപയോഗിക്കാതെ പകരം ശ്വാസംമുട്ടിച്ച് കൊല്ലുന്ന രീതിയാണ് അവലംബിക്കാറെന്നും പറയപ്പെടുന്നു. വെങ്കിട്ടരമണയുടെ വീട്ടിനകത്ത് സൂക്ഷിച്ച വീപ്പയിലെ വെള്ളത്തിൽ രൂപശ്രീയെ മുക്കിക്കൊന്നശേഷം കടലിൽ തള്ളിയതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മിയാപദവ് ആസാദ് നഗറിലെ വെങ്കിട്ട രമണയുടെ വീടിനെപ്പറ്റിയും സമീപവാസികൾ സംശയം ഉന്നയിച്ചിട്ടുണ്ട്. നിഗൂഡത ഏറെയുള്ള വീടിനകത്ത് അഗ്നികുണ്ഡവും മന്ത്രവാദക്കളവുമുണ്ട്. പൂജകൾ നടത്തുന്നതിനായി മാത്രം സിറ്റൗട്ടിനോടു ചേർന്ന് വലിയൊരു മുറിയുണ്ടെന്നും നാട്ടുകാർ സൂചിപ്പിക്കുന്നു.

ജനുവരി 16ന് രൂപശ്രീ വിവിധ ആവശ്യങ്ങളുടെ പേരിൽ ഉച്ചയ്ക്കു ശേഷം സ്‌കൂളിൽനിന്ന് അവധിയെടുത്തിരുന്നു. വഴിയിൽ കാത്തുനിൽക്കാമെന്ന് വെങ്കിട്ട രമണ നേരത്തേ തന്നെ രൂപശ്രീയെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. രൂപശ്രീ സ്‌കൂട്ടറിൽ പോകുമ്പോൾ അൽപ്പം പിന്നിലായി വെങ്കിട്ട രമണയുടെ കാറും പോകുന്നതിന്റെ സിസി ടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. നിരഞ്ജനും കാറിൽ ഒപ്പമുണ്ടായിരുന്നു. ദുർഗിപ്പള്ള എന്ന സ്ഥലത്തെത്തിയപ്പോൾ രൂപശ്രീ സ്‌കൂട്ടർ റോഡരികിൽ നിർത്തുകയും കാറിൽ കയറി വെങ്കിട്ട രമണയുടെ വീട്ടിലേക്കു പോവുകയുമായിരുന്നു. വിവിധ ശാക്തേയ പൂജയും മന്ത്രവാദവും നടത്തിയിരുന്ന വെങ്കിട്ടരമണയ്ക്ക് ധാരാളം പണം ലഭിച്ചിരുന്നു. രൂപശ്രീയെ ഇയാൾ സാമ്പത്തികമായി കൈയയച്ച് സഹായിക്കുകയും ചെയ്തിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വെങ്കിട്ടരമണയായിരിക്കുമെന്ന് അമ്മ പറഞ്ഞിരുന്നതായി രൂപശ്രീയുടെ മകൻ വെളിപ്പെടുത്തിയിരുന്നു. ജനുവരി 16 ന് കാണാതായ രൂപശ്രീയുടെ മൃതദേഹം 18 ന് പുലർച്ചെ കുമ്പള കോയിപ്പാടി കടപ്പുറത്താണ് കണ്ടെത്തുന്നത്.

രൂപശ്രീയെ കാണാതായപ്പോൾ തന്നെ നീക്കങ്ങളിൽ സംശയം തോന്നിയ പൊലീസ് നേരത്തെ തന്നെ ഇയാളുടെ മേൽ പിടിമുറുക്കിയിരുന്നു. ആദ്യം ചോദ്യംചെയ്തു വിട്ടയച്ചുവെങ്കിലും കൊലപാതകമാണെങ്കിലും ആത്മഹത്യയാണെങ്കിലും വെങ്കിട്ട രമണയ്ക്ക് പങ്കുണ്ടാകുമെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. പിന്നെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ നിരന്തരമായി നടന്ന ചോദ്യംചെയ്യലിൽ ആ ചിത്രകലാ അദ്ധ്യാപകന് എല്ലാം തുറന്നുപറയേണ്ടിവന്നു. എല്ലാം ഉറപ്പിക്കാൻ പ്രതികളായ വെങ്കിട്ട രമണയെയും ഡ്രൈവർ നിരഞ്ജൻ കുമാറിനെയും മാറിമാറി ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് സത്യം പൊളിഞ്ഞത്.

അദ്ധ്യാപകനാണെങ്കിലും പ്രതിയുടെ മുഖ്യതൊഴിൽ പൂജയും ദുർമന്ത്രവാദവുമാണ്. സ്‌കൂളിൽ ജോലിക്ക് ഹാജരാകാതെ അവധിയെടുത്തു കർണാടകയിലെ വീടുകളിലും സ്ഥാപനങ്ങളിലും ഹോമം നടത്താനും ദുർമന്ത്രവാദം ചെയ്യാനും പോകുന്നത് പതിവാക്കിയിയിരുന്നു ഇയാൾ.ജനുവരി 16-ന് ഉച്ചയ്ക്കുശേഷമാണ് രൂപശ്രീയെ കാണാതായത്. 18-ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രൂപശ്രീയെ സഹാധ്യാപകനും വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന് കടലിൽത്തള്ളിയതാണെന്ന് തെളിഞ്ഞിരുന്നു. ജനുവരി പതിനാറിന് കാണാതായ രൂപശ്രീയുടെ മൃതദേഹം പതിനെട്ടിന് പുലർച്ചെ കുമ്പള കോയിപ്പാടി കടപ്പുറത്താണ് കണ്ടെത്തിയത്. വെള്ളം ഉള്ളിൽച്ചെന്നാണ് മരണമെന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ മൃതദേഹപരിശോധനാ റിപ്പോർട്ടിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP