Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ ശ്രമിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കാൻ; പൗരത്വത്തിന് മറ്റുള്ളവർക്കെന്ന പോലെയുള്ള തുല്യത മുസ്ലീങ്ങൾക്ക് അന്യമാകാൻ നിയമപരമായ സാഹചര്യം സൃഷ്ടിച്ചു; ഇന്ത്യയുമായി വ്യാപാരക്കരാറിൽ ഏർപ്പെടുകയാണെങ്കിൽ ആ രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ശക്തമായ വ്യവസ്ഥകൾ കൂടി അതിൽ ഉൾക്കൊള്ളിക്കണമെന്നും യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങൾ; ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കുക അടുത്ത ആഴ്‌ച്ച

ഇന്ത്യ ശ്രമിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കാൻ; പൗരത്വത്തിന് മറ്റുള്ളവർക്കെന്ന പോലെയുള്ള തുല്യത മുസ്ലീങ്ങൾക്ക് അന്യമാകാൻ നിയമപരമായ സാഹചര്യം സൃഷ്ടിച്ചു; ഇന്ത്യയുമായി വ്യാപാരക്കരാറിൽ ഏർപ്പെടുകയാണെങ്കിൽ ആ രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ശക്തമായ വ്യവസ്ഥകൾ കൂടി അതിൽ ഉൾക്കൊള്ളിക്കണമെന്നും യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങൾ; ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കുക അടുത്ത ആഴ്‌ച്ച

മറുനാടൻ മലയാളി ബ്യൂറോ

ബ്രസ്സൽസ്: ഇന്ത്യ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയനിലെ പാർലമെന്റ് അംഗങ്ങൾ. ഇന്ത്യ നടപ്പിലാക്കുന്ന നിയമം ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കാനേ ഉതകൂ എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യൻ യൂണിയനിൽ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് 150 ഓളം എംപിമാർ. അഞ്ച് പേജുള്ള പ്രമേയം അടുത്തയാഴ്ച ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ പാർലമെന്റിന്റെ പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ പൗരത്വം നിർണയിക്കുന്ന രീതിയിലെ മാറ്റം അപകടകരമാണെന്നും ലോകത്തിലേറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് അതിടയാക്കുമെന്നും പ്രമേയത്തിന്റെ കരടിൽ ആരോപിക്കുന്നു. ജനങ്ങൾ വലിയ കഷ്ടപ്പാടുകൾ സഹിക്കേണ്ട അവസ്ഥ നിയമമൂലം ഉണ്ടാകുമെന്നും കരട് പ്രമേയം ആരോപിക്കുന്നു. മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നുവെന്നും സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷത്തെയും മനുഷ്യാവകാശ സംഘടനകളെയും മാധ്യമങ്ങളെയും നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുന്നതാണ് കരട് പ്രമേയം.

യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സമ്പൂർണ സമ്മേളനത്തിൽ പ്രമേയം സഭയിൽ അവതരിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനുവരി ഏഴിലെ സമരത്തോട് കരട് പ്രമേയം ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല സമരക്കാർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കണമെന്നും സമരക്കാരുമായി സർക്കാർ ചർച്ച നടത്തണമെന്നും ഇതിൽ ആവശ്യപ്പെടുന്നു.

പൗരത്വത്തിന് മറ്റുള്ളവർക്കെന്നപോലെയുള്ള തുല്യത മുസ്ലീങ്ങളിൽ നിന്ന് അന്യമാക്കാൻ നിയമപരമായ സാഹചര്യം ഇന്ത്യ സൃഷ്ടിച്ചുവെന്നും കരട് പ്രമേയം ആരോപിക്കുന്നു. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് മുസ്ലീങ്ങളെ രാജ്യമില്ലാത്തവരാക്കി മാറ്റുമെന്ന ആശങ്കയും ഇതിൽ പങ്കുവെക്കുന്നു. പൗരത്വവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബാധ്യതകൾ ഇന്ത്യ ലംഘിച്ചെന്നും കരട് പ്രമേയം പറയുന്നു. മാത്രമല്ല കശ്മീരിൽ യുഎൻ രക്ഷാസമിതി പ്രമേയം നടപ്പിലാക്കാനും യൂറോപ്യൻ യൂണിയൻ ഇടപെടണമെന്നും ഇതിൽ ആവശ്യപ്പെടുന്നു.

ഭാവിയിൽ ഇന്ത്യയുമായി വ്യാപാരക്കരാറിൽ ഏർപ്പെടുകയാണെങ്കിൽ ആ രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ശക്തമായ വ്യവസ്ഥകൾ കൂടി അതിൽ ഉൾക്കൊള്ളിക്കണമെന്നും കരട് പ്രമേയം ആവശ്യപ്പെടുന്നു. എക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് ലോകത്തെ ജനാധിപത്യരാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയതിൽ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞ് താഴെപ്പോയിരുന്നു. നേരത്തേ ഉണ്ടായിരുന്നതിൽ പത്ത് സ്ഥാനം താഴെയാണ് ഇന്ത്യയുടെ പുതിയ റാങ്ക്. ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇന്റർനെറ്റ് നിരോധനവും, പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതുമാണ് റാങ്ക് താഴെപ്പോകാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടത്.

2014 ഡിസംബർ 31നുള്ളിൽ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിൽ വംശീയാക്രമണത്തിൽ നിന്ന് രക്ഷ നേടാൻ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യൻ, പാഴ്‌സി ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് അഭയാർത്ഥികളായി വന്നവർക്ക് പൗരത്വം ഉറപ്പു നൽകുന്നതായിരുന്നു കേന്ദ്രസർക്കാർ ഡിസംബർ 11-ന് പാസ്സാക്കിയ പൗരത്വ നിയമഭേദഗതി ബില്ല്. പൗരനാകാൻ കുറഞ്ഞത് ഇന്ത്യയിൽ സ്ഥിരതാമസം 11 വർഷമെന്നത് ഈ ബില്ലിലൂടെ 6 വർഷമായി ചുരുക്കി. എന്നാൽ ഇതിൽ മുസ്ലിങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് വാദിച്ചാണ് പല ഹർജികളും നൽകപ്പെട്ടിട്ടുള്ളത്. ഭരണഘടനയുടെ 14-ാം അനുച്ഛേദം അനുസരിച്ച്, മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിവേചനവും ഇന്ത്യയുടെ അതിർത്തിക്ക് അകത്തുള്ള ഒരാൾക്കും നേരിടാൻ പാടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP