Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവശവിഭാഗത്തിനായി പോരാടിയ കർമ്മയോഗി; ഭൂസമര നായകനായി ഹൈറേഞ്ചിന്റെ ഹൃദയം കവർന്ന പോരാളി; ജനസംഘത്തിലൂടെ ആരംഭിച്ച സേവന പ്രവർത്തനം; സംസ്ഥാന സർക്കാറിന്റെ അംബേദ്കർ പുരസ്‌കാരത്തിന് അർഹനായ വ്യക്തിത്വം; ദൈവമണ്ഡലം വീട്ടിലേക്ക് പത്മശ്രി എത്തുമ്പോൾ കുഞ്ഞോളിന് ലഭിച്ച അംഗീകാരത്തിൽ അഭിമാനിക്കാം

മറുനാടൻ മലയാളി ബ്യൂറോ

കുറുപ്പംപടി: എൺപത്തിരണ്ടുകാരനായ എം.കെ. കുഞ്ഞോലിന്റെ ജീവിതം എക്കാലത്തും അവശതയും ദാരിദ്ര്യവും അനുഭവിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടിയായിരുന്നു. സമരമുഖങ്ങളും സ്‌നേഹവായ്പുള്ള സംഘടനാ പ്രവർത്തനവുമെല്ലാം ആ യാത്രയിലുണ്ട്. ഇപ്പോഴിതാ കുറുപ്പംപടി മുടിക്കരായി മുളപ്പൻചിറയുടെ കരയിലെ 'ദൈവമണ്ഡലം' എന്ന വീട്ടിലേക്ക് കുഞ്ഞോളിനെ തേടി ഉന്നത് പുരസ്‌കാരമായ പത്മശ്രി എത്തുമ്പോൾ മലയാളികൾക്ക് ഇതി അഭിമാന നിമിഷമാണ്.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലും ഹൈറേഞ്ചിലും 1970 കാലഘട്ടത്തിൽ അദ്ദേഹം നേതൃത്വം നൽകിയ ഭൂസമരങ്ങൾ ഏറെ ശ്രദ്ധനേടി. അവശവിഭാഗങ്ങളെ സംഘടിപ്പിച്ച് പല പോരാട്ടങ്ങളും അദ്ദേഹം നടത്തി. പൊലീസ് അതിക്രമങ്ങൾക്കെതിരെ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് ജാഥയും തുടർന്ന് 400 ദിവസം നീണ്ട് നിൽക്കുന്ന സത്ാഗ്രഹവും സംഘടിപ്പിച്ചു.

മുടിക്കരായി സെയ്ന്റ് റീത്താസ്, ഡയറ്റ് ലാബ് സ്‌കൂൾ, എം.ജി.എം., പെരുമ്പാവൂർ ബോയ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. കാലടി ശ്രീശങ്കര കോളേജിൽ ഇന്റർമീഡിയറ്റും എറണാകുളം മഹാരാജാസ് കോളേജിൽ ബി.എസ്.സി.യും പഠിച്ചു. മഹാരാജാസിൽ വിദ്യാർത്ഥിയായിരിക്കേ ബോട്ടുകൂലി വർധനയുമായി ബന്ധപ്പെട്ടുണ്ടായ 'ഒരണ സമര'ത്തിന് നേതൃത്വം നൽകി ജയിലിലായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്നെങ്കിലും പൂർത്തിയാക്കാതെ സാമൂഹികസേവനത്തിന് ഇറങ്ങി. പിന്നീട് പഠനം ഉപേക്ഷിച്ച് മുഴുവൻ സമയ പൊതുപ്രവർത്തകനായി.

ജനസംഘം ബിജെപി.യായി മാറിയപ്പോൾ ആദ്യത്തെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി. ഇതിനിടെ, 1956-ൽ കേരള സ്റ്റേറ്റ് ഹരിജൻ സമാജം രൂപവത്കരിച്ചു. ഇപ്പോൾ സമാജത്തിന്റെ രക്ഷാധികാരിയാണ്. സമാജത്തിന് കീഴിൽ ശ്രീബുദ്ധ ചാരിറ്റബിൾ ട്രസ്റ്റിനും രൂപം നൽകി. ഡോ. അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന പൂന കരാറിന്റെ പ്രധാന്യത്തെക്കുറിച്ച് പ്രചാരണം നടത്തുകയും വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചുവരികയും ചെയ്തുവരുന്നു. 1982-ൽ വിശാല ഹിന്ദുസമ്മേളനം കൊച്ചിയിൽ നടക്കുമ്പോൾ മുഖ്യസംഘാടകരിൽ ഒരാളായി പ്രവർത്തിച്ചു. ഹരിജൻ സമാജം രക്ഷാധികാരിയാണ്. ഹിന്ദു ഐക്യവേദിയുടെ പ്രാരംഭകാലം മുതലുള്ള നേതാക്കളിൽ ഒരാളാണ്.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഡോ. അംബേദ്കർ പുരസ്‌കാരം കുഞ്ഞോലിനായിരുന്നു.
കാർത്ത്യായനിയാണ് ഭാര്യ. കുഞ്ഞോൽ മക്കൾക്ക് പേരിട്ടതിൽപ്പോലും സോദരസ്‌നേഹവും കരുണയും ആത്മീയശോഭയും നിറഞ്ഞ ജീവിതവീക്ഷണം പ്രതിഫലിച്ചു. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്ക്കറോടുള്ള ആദരസൂചകമായാണ് മുത്തമകന് അംബേദ്കർ എന്ന് പേരിട്ടത്.

ഇസ്രയേലിന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയായിരുന്ന ഗോൾഡ മേയറിന്റെ ഓർമയാണ് രണ്ടാമത്തെ മകളുടെ പേര്. മാർട്ടിൻ ലൂഥർ കിംഗിന്റെ സ്മരണയ്ക്കായി മൂന്നാമത്തെ മകൻ ദേവൻ കിങ് എന്ന് പേരിട്ടു. ആത്മീയ വഴികളിലൂടെ സഞ്ചാരം തുടങ്ങിയപ്പോൾ പിന്നീടുണ്ടായ മക്കൾക്ക് ദൈവദാസ്, സായ് ലക്ഷ്മി, അമൃതാനന്ദമയി എന്നിങ്ങനെ പേരുവിളിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP