Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെപിസിസി പട്ടികയിൽ ഇടംപിടിച്ചവർക്ക് മാനദണ്ഡമായത് ഗ്രൂപ്പു കളിച്ചുണ്ടായ തഴമ്പു മാത്രം; എയും ഐയും എല്ലാം വീതിച്ചെടുത്തമ്പോൾ തങ്ങളുടെ പ്രാധിനിത്യം ഉറപ്പാക്കാൻ ആവശ്യക്കാരെ തിരുകി കയറ്റി ചെറുഗ്രൂപ്പുകളും; പ്രായത്തിന്റെ പേരിൽ മുതിർന്നവർ തഴയപ്പെട്ടതോടെ ഐ ഗ്രൂപ്പ് പൊട്ടിത്തെറിയുടെ വക്കിൽ; ബൂത്തിൽ ഇരിക്കേണ്ടവർ പോലും കെപിസിസി ഭാരവാഹികളായെന്നും ഇതുപോലെയാണ് നിയമസഭാ സ്ഥാനാർത്ഥി പട്ടികയെങ്കിൽ ഭരണം കിട്ടുമെന്ന് കരുതേണ്ടെന്ന് തുറന്നടിച്ചു കെ മുരളീധരനും

കെപിസിസി പട്ടികയിൽ ഇടംപിടിച്ചവർക്ക് മാനദണ്ഡമായത് ഗ്രൂപ്പു കളിച്ചുണ്ടായ തഴമ്പു മാത്രം; എയും ഐയും എല്ലാം വീതിച്ചെടുത്തമ്പോൾ തങ്ങളുടെ പ്രാധിനിത്യം ഉറപ്പാക്കാൻ ആവശ്യക്കാരെ തിരുകി കയറ്റി ചെറുഗ്രൂപ്പുകളും; പ്രായത്തിന്റെ പേരിൽ മുതിർന്നവർ തഴയപ്പെട്ടതോടെ ഐ ഗ്രൂപ്പ് പൊട്ടിത്തെറിയുടെ വക്കിൽ; ബൂത്തിൽ ഇരിക്കേണ്ടവർ പോലും കെപിസിസി ഭാരവാഹികളായെന്നും ഇതുപോലെയാണ് നിയമസഭാ സ്ഥാനാർത്ഥി പട്ടികയെങ്കിൽ ഭരണം കിട്ടുമെന്ന് കരുതേണ്ടെന്ന് തുറന്നടിച്ചു കെ മുരളീധരനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി പട്ടിക പുറത്തുവന്നതോടെ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇക്കുറി കോൺഗ്രസിനുള്ളിൽ ഉണ്ടായിട്ടില്ല. എന്നാൽ പുറത്തുവന്ന ലിസ്റ്റിൽ ഇടപിടിച്ചവർ അതിന് യോഗ്യരാണോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയും ചെയ്യുന്നു. ഗ്രൂപ്പുകൾ മാത്രമായിരുന്നു കെപിസിസി ഭാരവാഹിയാകാനുള്ള യോഗ്യതയായി നേതാക്കൾ കണ്ടത്. ഗ്രൂപ്പ് സമ്മർദങ്ങൾ വ്യക്തമായി പ്രതിഫലിക്കുന്ന കെപിസിസിയുടെ പുതിയ പട്ടികയിൽ ഗ്രൂപ്പിനു പുറത്തുള്ള ചില നേതാക്കളുടെ താൽപ്പര്യങ്ങളും പ്രതിഫലിച്ചിട്ടുണ്ട്.

മതസാമുദായിക സന്തുലിതത്വം പാലിച്ചുവെന്നു നേതൃത്വം അവകാശപ്പെടുന്നെങ്കിലും വനിതാ പ്രധിനിത്യവും മുസ്ലിം സമുദായ പരിഗണനയും കുറവായിരുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പട്ടികയിൽ ഏറിയ പങ്കും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകുന്ന ഐഎ വിഭാഗങ്ങളിൽപ്പെട്ടവർ തന്നെയാണുള്ളത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരുടെ നിരയും ശ്രദ്ധേയം. വൈസ് പ്രസിഡന്റ് പട്ടികയിൽ സി.പി. മുഹമ്മദും മുന്മുഖ്യമന്ത്രി ആർ.ശങ്കറിന്റെ മകൻ മോഹൻ ശങ്കറും ഉൾപ്പെട്ടത് മുല്ലപ്പള്ളി രാമചന്ദ്രന്റെ കടുംപിടിത്തത്തിലാണ്. ആദ്യപട്ടികയിൽ ഇല്ലാതിരുന്ന ശരത്ചന്ദ്രപ്രസാദിനും തുണയായത് കടുത്ത സമ്മർദം. മൺവിള രാധാകൃഷ്ണനുവേണ്ടി നിർബന്ധം പിടിച്ചതുകൊടിക്കുന്നിൽ സുരേഷ്.

ജനറൽ സെക്രട്ടറിമാരിൽ ജോൺസൺ ഏബ്രഹാം, ടോമി കല്ലാനി, മണക്കാട് സുരേഷ് എന്നിവർക്കായുള്ള വി എം.സുധീരന്റെ സമ്മർദം ഫലം കണ്ടു. പി.സി.ചാക്കോയുടെ ഏക നോമിനിനിയാണു ഡി.സുഗതൻ. വയലാർ രവിയുടെ പട്ടികയിലാണു മാത്യു കുഴൽനാടൻ വന്നത്. ഗ്രൂപ്പ് താൽപ്പര്യങ്ങൾക്കൊപ്പം കെ.സി. വേണുഗോപാലിന്റെ പിന്തുണ പഴകുളം മധു, പി.എം. നിയാസ്, സജീവ് മാറോളി, എ.തങ്കപ്പൻ എന്നിവരെ സഹായിച്ചു. എംപിമാരുടെ സമ്മർദമാണ് കെ.പ്രവീൺകുമാർ (കെ. മുരളീധരൻ), രാജേന്ദ്ര പ്രസാദ് (കൊടിക്കുന്നിൽ സുരേഷ്), ജി.രതികുമാർ (രാജ്‌മോഹൻ ഉണ്ണിത്താൻ), കെ.സുരേന്ദ്രൻ (കെ.സുധാകരൻ) എന്നിവർക്കു തുണയായത്. വി.എ കരീമിനായി ആര്യാടൻ മുഹമ്മദ് നിലകൊണ്ടു. ഗ്രൂപ്പുകൾ തഴഞ്ഞ കെ.പി.അനിൽകുമാറിനു താങ്ങായതു മുല്ലപ്പള്ളിയുടെ പിന്തുണ.

റോയ് കെ.പൗലോസ്, ടോമി കല്ലാനി, ഒ.അബ്ദുറഹ്മാൻകുട്ടി എന്നിവരാണു കെപിസിസി നേതൃനിരയിലേക്കു മാറിയ മുൻഡിസിസി പ്രസിഡന്റുമാർ. 13 ജോയിന്റ് സെക്രട്ടറിമാർക്കു സെക്രട്ടറിമാരായി പ്രമോഷൻ ലഭിച്ചു. പട്ടികയ്ക്കു യുവത്വമുണ്ടോയെന്നു ചോദിച്ചാൽ 50 വയസ്സിൽ താഴെയുള്ള 7 പേർ അതിലുണ്ട്. അതേസമയം കെപിസിസി. പുനഃസംഘടനയിൽ വേണ്ട പരിഗണന കിട്ടിയില്ലെന്നാരോപിച്ച് ഗ്രൂപ്പ് മാനേജർമാർക്കെതിരേ ഐ.ഗ്രൂപ്പിൽ പ്രതിഷേധം രൂപം കൊണ്ടിട്ടുണ്ട്. ഐ.ഗ്രൂപ്പിലെ പുതിയ നേതൃത്വത്തിനെതിരേയാണിത്. തങ്ങൾക്ക് അനുകൂലമായി നിൽക്കുന്നവരെമാത്രം തിരുകിക്കയറ്റുകയും പഴയ പ്രവർത്തകരെ കൈവിട്ടെന്നുമാണ് ആക്ഷേപം.

ഐ. ഗ്രൂപ്പിന്റെ സംസ്ഥാനത്തെ ശക്തികേന്ദ്രം എറണാകുളം ജില്ലയാണ്. അവിടെനിന്ന് പുതിയവരെ കൊണ്ടുവരുന്നതിലോ, പഴയവർക്ക് പരിഗണന ഉറപ്പാക്കുന്നതിലോ ഗ്രൂപ്പ് നേതൃത്വംശ്രദ്ധിച്ചില്ല. പഴയവരെ വെട്ടിമാറ്റുന്നതിന് മൗനസമ്മതം നൽകിയെന്നും വിമർശനമുണ്ട്. എറണാകുളത്തെ മുൻ ഡി.സി.സി. പ്രസിഡന്റും മുൻ എംഎ‍ൽഎ.യുമായ വി.ജെ. പൗലോസ് ലിസ്റ്റിൽ ഉൾപ്പെടാത്തതിൽ ജില്ലയിലെ കിഴക്കന്മേഖലയിൽനിന്നുള്ള പ്രവർത്തകർ അമർഷത്തിലാണ്. നാലാംഗ്രൂപ്പിൽനിന്ന് ഐ. ഗ്രൂപ്പിലേക്ക് വന്ന അജയ് തറയിലിനെയും ഉൾപ്പെടുത്തിയിട്ടില്ല. വയലാർ രവി നൽകിയ ലിസ്റ്റിൽനിന്ന് മാത്യു കുഴൽനാടനെ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചു.

പഴയ ഐ.ഗ്രൂപ്പുകാരനായ കെ.വി. തോമസിനും ലിസ്റ്റിൽ ഇടംകിട്ടിയിട്ടില്ല. ഐ. ഗ്രൂപ്പിൽനിന്നുള്ള മുൻ ജനറൽസെക്രട്ടറി എൻ. വേണുഗോപാലും മുൻ വൈസ് പ്രസിഡന്റ് ലാലി വിൻസെന്റും ഒഴിവാക്കപ്പെട്ടു. മുൻ ജോയന്റ് സെക്രട്ടറി ഐ.കെ. രാജുവിനെയും തഴഞ്ഞു. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മമ്മുട്ടി മാസ്റ്റർ, മുൻ എംഎ‍ൽഎ. എം.എ. ചന്ദ്രശേഖരൻ, കോതമംഗലം മുൻ മുനിസിപ്പൽ ചെയർമാൻ കെ.പി. ബാബു തുടങ്ങി ലിസ്റ്റിൽ ഇടംകാണുമെന്ന് പ്രതീക്ഷിച്ചവരെല്ലാം നിരാശരാണ്. മുതിർന്ന നേതാക്കളെ ഒഴിവാക്കുന്നതിന് പ്രായം ഒരുഘടകമായി നേതാക്കൾ വിശദീകരണം നൽകുന്നുണ്ട്. എന്നാൽ എ.വിഭാഗം അവരുടെ നേതാക്കളെ പ്രായഭേദമെന്യെ പരിഗണിച്ചിട്ടുണ്ടെന്നാണ് ഐ. പക്ഷത്തെ നേതാക്കളുടെ പരാതി.

അതിനിടെ പുറത്തുവന്ന പട്ടികയെ തള്ളിപ്പറഞ്ഞു കൊണ്ടാണ് കെ മുരളീധരൻ രംഗത്തുവന്നതും. കെപിസിസി ഭാരവാഹിപ്പട്ടികയിൽ ബിജെപിക്കാരെ ഉൾപ്പെടുത്തിയപോലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കാരെ സ്ഥാനാർത്ഥി പട്ടികയിലുൾപ്പെടുത്തുകയാണെങ്കിൽ ഒരു വട്ടം കൂടി പ്രതിപക്ഷത്തിരിക്കാമെന്നു കെ.മുരളീധരൻ എംപി. നെയ്യാർ ഡാമിലെ നേതൃപരിശീലന ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി ഭാരവാഹി പ്പട്ടികയിൽ ഉൾപ്പെട്ട മോഹൻ ശങ്കറിനെതിരെ തുറന്നടിക്കുകയായിരുന്നു മുരളീധരൻ.

കെപിസിസി ഭാരവാഹിപ്പട്ടികയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ എംപി. ഭാരവാഹിപ്പട്ടികപോലെയാണ് നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയെങ്കിൽ എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകും. കാരണം ബൂത്തിലിരിക്കേണ്ടവർ പോലും കെപിസിസി ഭാരവാഹികളായി. ഇതോടെ ഇനി നാട്ടിൽ പ്രവർത്തിക്കാൻ ആളുണ്ടാവില്ല. ഭാരവാഹികളെ തിരഞ്ഞെടുക്കാനായി രാഷ്ട്രീയ കാര്യസമിതി തയാറാക്കിയ മാനദണ്ഡങ്ങൾ പാലിക്കാത്ത ചിലരും പട്ടികയിലുണ്ട്. താമര ചിഹ്നത്തിൽ മത്സരിച്ചവരും ഭാരവാഹികളായെന്നും മുരളീധരൻ ആക്ഷേപിച്ചു. എങ്കിലും വലിയ മോശമല്ലാത്ത പട്ടികയാണ് ഇപ്പോഴത്തേതെന്നും ഇനി കൂടുതൽ പേരെ ഉൾപ്പെടുത്തി കുളമാക്കരുതെന്നും തിരുവനന്തപുരം ഡിസിസിയുടെ പഠനക്യാംപിൽ മുരളീധരൻ പറഞ്ഞു.

കെപിസിസി സെക്രട്ടറിമാരെയും പുതിയ യുഡിഎഫ് കൺവീനറേയും അടുത്തമാസം പത്തിന് മുൻപു പ്രഖ്യാപിക്കാനാണ് തീരുമാനം. യുവജന, വനിത, ദലിത് പ്രാതിനിധ്യം പരാമവധി ഉറപ്പുവരുത്തുന്നതായിരിക്കും സെക്രട്ടറി പട്ടികയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പുതിയ ഭാരവാഹികളുടെ ആദ്യയോഗം തിങ്കളാഴ്ച രാവിലെ ഒൻപതിന് ഇന്ദിരാഭവനിൽ ചേരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP