Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ പരാമർശങ്ങൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് സർക്കാറിന് ഗവർണറുടെ കത്ത്; സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ പരാമർശിക്കുന്നത് കോടതി അലക്ഷ്യമാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ; മന്ത്രിസഭ അംഗീകരിച്ച പ്രസംഗമായതിനാൽ മാറ്റാനാകില്ലെന്ന മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായിയും; വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാൻ സാധ്യതയെങ്കിലും സർക്കാറുമായുള്ള ഉടക്ക് നയപ്രഖ്യാപനത്തിലും കീറാമുട്ടി തന്നെ

നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ പരാമർശങ്ങൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് സർക്കാറിന് ഗവർണറുടെ കത്ത്;  സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ പരാമർശിക്കുന്നത് കോടതി അലക്ഷ്യമാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ; മന്ത്രിസഭ അംഗീകരിച്ച പ്രസംഗമായതിനാൽ മാറ്റാനാകില്ലെന്ന മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായിയും; വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാൻ സാധ്യതയെങ്കിലും സർക്കാറുമായുള്ള ഉടക്ക് നയപ്രഖ്യാപനത്തിലും കീറാമുട്ടി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാറും തമ്മിലുള്ള ഏറ്റുമുട്ടൽ നയപ്രഖ്യാപനത്തിന്റെ പേരിലും രൂക്ഷമാകുന്നു. പൗരത്വ നിയമ വിഷയം ചൂണ്ടിക്കാട്ടി സർക്കാറിനെ പ്രതിരോധത്തിലാക്കിയ ഗവർണറെ കൊണ്ടു നയപ്രഖ്യാപനത്തിൽ പൗരത്വ നിയമത്തിനെതിരെ വായിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന് വേണ്ടിയാണ് നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തെ എതിർക്കുന്ന ഭാഗങ്ങൾ ഏഴുതി ചേർത്തത്. എന്നാൽ, ഈ പ്രസംഗത്തിലെ ഭാഗങ്ങൾ പുനപ്പരിശോധിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു ഗവർണർ. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന് അദ്ദേഹം കത്തയച്ചു. എന്നാൽ, പ്രസംഗം തിരുക്കാൻ ആകില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സർക്കാറും. അതുകൊണ്ട് തന്നെ ഗവർണറുമായുള്ള ഉടക്ക് വീണ്ടും മുന്നോട്ടു പോകുകയാണ്.

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകുമെന്നാണ് അറിയുന്നത്. ഇന്നലെ രാത്രി മുഖ്യമന്ത്രി തലസ്ഥാനത്തു മടങ്ങിയെത്തിയിട്ടുണ്ട്. ഇന്നോ നാളെയോ അദ്ദേഹംഗവർണർക്ക് മറുപടി നൽകേയുക്കും. ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമാകും. ഗവർണർ പ്രധാനമായും ചൂണ്ടിക്കാട്ടിയത് മൂന്ന് പ്രശ്‌നങ്ങളാണ്. പൗരത്വ നിയമം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ അതു നയപ്രഖ്യാപനത്തിൽ പരാമർശിക്കുന്നതു കോടതിയലക്ഷ്യമാണ്. അനുചിതവുമാണ്. അതിനു കൂട്ടുനിൽക്കാനാകില്ല എന്നതാണ് ഒരു കാര്യം. രണ്ടാമതായി പൗരത്വ നിയമം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലുള്ള വിഷയമല്ല. കേന്ദ്രവിഷയമാണെന്നും ഇവിടെ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. മൂന്നാമതായി നയപ്രഖ്യാപനത്തിൽ സംസ്ഥാന സർക്കാരിന്റെ വികസന പരിപാടികളും നയങ്ങളുമാണ് മുഖ്യമായും പരാമർശിക്കേണ്ടത്. ഈ പ്രസംഗത്തിൽ മറ്റു പല കാര്യങ്ങളുമാണുള്ളതെന്നും ഗവർണർ പറയുന്നു.

അതേസമയം തൽക്കാലം ഗവർണരെ കേൽക്കേണ്ടതെന്നില്ലെന്ന നിലപാടിലാണ് സർക്കാർ. ഇതിനിടെ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കേസിനു പോകുന്ന വിവരം ഗവർണറെ അറിയിക്കാഞ്ഞത് എന്തു കൊണ്ടാണെന്നു ചീഫ് സെക്രട്ടറി ടോം ജോസ് ഗവർണർക്കു മറുപടി നൽകി. ഈ തീരുമാനം എടുക്കുന്നതിലേക്കു നയിച്ച രേഖകളും മറുപടിക്കൊപ്പം നൽകി. സർക്കാർ നിലപാടിൽ ഉറച്ചു നിന്നു കൊണ്ടുള്ള മറുപടിയാണ് നൽകിയത്. കേസ് കൊടുത്തതു തന്നെ അറിയിക്കാത്തതു പ്രോട്ടോക്കോൾ ലംഘനമാണെന്നു ഗവർണർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നു ചീഫ് സെക്രട്ടറി അദ്ദേഹത്തെ നേരിൽ കണ്ടു കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ അതു തൃപ്തികരമല്ലെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചത്. ഇത്തരമൊരു തീരുമാനം എടുത്തത് എങ്ങനെയെന്നു ഗവർണർ ആരാഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ മന്ത്രിസഭായോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു. മന്ത്രിസഭാ തീരുമാനമില്ലാതെ കേസിനു പോയാൽ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കെതിരെ കേന്ദ്ര സർവീസ് ചട്ടങ്ങൾ അനുസരിച്ചു നടപടി വരാമെന്നതിനാലാണു മന്ത്രിസഭ ഇതു ശരിവച്ചത്.

സംസ്ഥാന സർക്കാരിനു കേസ് കൊടുക്കാൻ അധികാരമുണ്ടെന്നു ഭരണഘടനാ വ്യവസ്ഥകൾ ഉദ്ധരിച്ചു തന്നെ ചീഫ് സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. കേസിൽ നിന്നു പിന്മാറുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണു സർക്കാർ. അതേസമയം തെറ്റു കണ്ടാൽ സർക്കാരിനെ തിരുത്താനും ശാസിക്കാനും ഉപദേശിക്കാനുമുള്ള അവകാശം ഗവർണർക്കുണ്ടെന്നും അതിനെ ഏറ്റുമുട്ടലായി വ്യാഖ്യാനിക്കേണ്ടന്നും ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ മോശമാകുമെന്നു കണ്ടാൽ ഇടപെടുകയെന്നതു തന്റെ കടമയാണ്. ഗവർണറുടേത് ഭരണഘടനാ പദവിയാണ്. നിയമന അധികാരി രാഷ്ട്രപതിയാണ്. ഇവിടത്തെ സർക്കാർ തന്റേതു കൂടിയാണ്. നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ചു സർക്കാരിനോടു വിശദീകരണം ചോദിച്ചോയെന്നു പറയാൻ ആഗ്രഹിക്കുന്നില്ല. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ട്.

ഇപ്പോഴത്തെ നിലയിൽ നയപ്രഖ്യാപനം തിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ തന്റെ കാഴ്ചപ്പാടു കൂടി ഉൾപ്പെടുത്തണമെന്നു ഗവർണർക്കു വീണ്ടും ആവശ്യപ്പെടാം. സർക്കാർ അതും തള്ളിയാൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാകും സഭാ രേഖകളിൽ ഉണ്ടാകുക. വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാം എന്നതാണ് ആരിഫ് മുഹമ്മദ് ഖാന് മുന്നിലുള്ള ഒരു വഴി. അതേസമയം ആ ഭാഗങ്ങൾ വായിച്ച ശേഷം സ്വന്തം അഭിപ്രായം അതല്ലെന്നു വിശദീകരിക്കുകയും ചെയ്യാം. എന്തു ചെയ്താലും മന്ത്രിസഭ അംഗീകരിച്ച് വിതരണം ചെയ്ത പ്രസംഗമാകും സഭാ രേഖകളിൽ ഉണ്ടാകുക. കീഴ്‌വഴക്കവും സ്പീക്കറുടെ മുൻ റൂളിങ്ങും അങ്ങനെയാണ്. അച്ചടിച്ചു വിതരണം ചെയ്യുന്ന പ്രസംഗമാകും രേഖയിലുണ്ടാകുകയെന്നു വ്യക്തമാക്കുന്ന കോടതി വിധികളുമുണ്ട്. അതിനിടെ ഇന്നു രാവിലെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. വൈകിട്ടു രാജ്ഭവനിലെ ചായ സൽക്കാരത്തിലും പങ്കെടുക്കും. എന്നാൽ, മഞ്ഞുരുകാനുള്ള സാധ്യത കുറവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP