Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ വൈറസ് ആശങ്കകൾക്കിടെ ചൈനയിൽ മലയാളികൾ സുരക്ഷിതരെന്ന് നോർക്ക റൂട്ട്സ്; അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ മിഷനുമായി ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ നമ്പറുകൾ ഏർപ്പെടുത്തി; കൊറോണ ബാധയുണ്ടെന്നു സംശയിക്കുന്ന മൂന്നുപേർ സംസ്ഥാനത്ത് നിരീക്ഷണത്തിലെന്നും ഇവരുടെ നില ആശങ്കജനകമല്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ; സൗദി അറേബ്യയിൽ രോഗം സ്ഥിരീകരിച്ച മലയാളി നഴ്സിന്റെ സ്ഥിതി മെച്ചപ്പെട്ടുവരുന്നു; ചൈനീസ് വിദ്യാർത്ഥിയുടെ ശരീരസ്രവങ്ങളുടെ സാമ്പിൾ പുണെയിലേക്ക് അയച്ചു

കൊറോണ വൈറസ് ആശങ്കകൾക്കിടെ ചൈനയിൽ മലയാളികൾ സുരക്ഷിതരെന്ന് നോർക്ക റൂട്ട്സ്; അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ മിഷനുമായി ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ നമ്പറുകൾ ഏർപ്പെടുത്തി; കൊറോണ ബാധയുണ്ടെന്നു സംശയിക്കുന്ന മൂന്നുപേർ സംസ്ഥാനത്ത് നിരീക്ഷണത്തിലെന്നും ഇവരുടെ നില ആശങ്കജനകമല്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ; സൗദി അറേബ്യയിൽ രോഗം സ്ഥിരീകരിച്ച മലയാളി നഴ്സിന്റെ സ്ഥിതി മെച്ചപ്പെട്ടുവരുന്നു; ചൈനീസ് വിദ്യാർത്ഥിയുടെ ശരീരസ്രവങ്ങളുടെ സാമ്പിൾ പുണെയിലേക്ക് അയച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ വൈറസ് രോഗബാധയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ചൈനയിലെ ഇന്ത്യൻ എംബസി അറിയിച്ചതായി നോർക്ക റൂട്ട്സ് അധികൃതർ. സിച്വാൻ സർവകലാശാലയിലെ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ എംബസി നിരീക്ഷിക്കുകയാണ്. വിദ്യാർത്ഥികൾക്കുവേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ എംബസി നൽകി. എംബസിയുമായി നോർക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്.

വുഹാനിലെ ഇന്ത്യക്കാർ ഉൾപ്പെടുന്ന സമൂഹത്തിന് സഹായങ്ങൾ ഉറപ്പുവരുത്തി. സൂപ്പർമാർക്കറ്റുകളും ഭക്ഷ്യവിതരണ ശൃംഖലകളും പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ മിഷനുമായി ബന്ധപ്പെടാൻ 8618612083629, 8618612083617 എന്നീ ഹോട്ട് ലൈൻ നമ്പറുകൾ ഏർപ്പെടുത്തി. അതേസമയം സൗദി അറേബ്യയിൽ രോഗം സ്ഥിരീകരിച്ച മലയാളി നഴ്സിന്റെ സ്ഥിതി മെച്ചപ്പെട്ടുവരികയാണ്. രണ്ടുദിവസത്തിനകം അവർക്ക് ആശുപത്രിവിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എംബസിയുമായും പ്രദേശത്തെ കമ്മ്യൂണിറ്റി വൊളന്റിയർമാരുമായും ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് നോർക്ക റൂട്ട്സ് സിഇഒ. അറിയിച്ചു.

കൊറോണ ബാധയുണ്ടെന്നു സംശയിക്കുന്ന മൂന്നുപേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരുടെ നില ആശങ്കജനകമല്ലെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇവരുടെ രോഗം സ്ഥിരീകരിച്ചിട്ടില്ല. മൂന്നിൽ രണ്ടുപേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരത്തുമാണുള്ളത്. ചികിത്സ ഫലം കാണുന്നുണ്ട്. രോഗലക്ഷണങ്ങൾ കുറയുന്നതിനാൽ ആശങ്കപ്പെടാനില്ല. ശനിയാഴ്ചയാണ് ഒരാൾകൂടി എത്തിയതെന്നും മന്ത്രി പറഞ്ഞു. ചൈനയിലെ വുഹാൻ സർവകലാശാലയിലെ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് ശനിയാഴ്ച എത്തിയത്. ഇയാളെ എറണാകുളം മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പുണെയിൽനിന്നുള്ള പരിശോധനഫലം ഉടൻ ലഭിച്ചേക്കും. വിമാനത്താവളങ്ങളിൽ പരിശോധന തുടരും. യാത്രാവിലക്കുള്ള സ്ഥലങ്ങളിലുള്ളവരെ കേരളത്തിലേക്ക് മാറ്റില്ല. ഗൾഫിൽനിന്ന് ഒരു ഫോൺ വന്നിരുന്നു. ഇത്തരം രോഗികളെ മാറ്റുന്നത് സുരക്ഷിതമല്ല. നോർക്ക വഴി അവിടെ തന്നെ ചികിത്സാസൗകര്യമൊരുക്കും. ചൈനയിൽ വൈറസ് ബാധ അറിഞ്ഞ ഉടൻ സുരക്ഷ ശക്തമാക്കിയതായും കർശന ജാഗ്രതക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്നത് ആശങ്ക പടർത്തുന്നതിനിടെ, ചൈനയിൽ നിന്നെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥിയെ കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേകം സജ്ജമാക്കിയ വാർഡിൽ നിരീക്ഷണാർഥം പ്രവേശിപ്പിച്ചു. പനിയും അനുബന്ധ അസ്വസ്ഥതകളും അനുഭവപ്പെട്ട എരമല്ലൂർ സ്വദേശിയായ ഇരുപതുകാരനെയാണ് ശനിയാഴ്ച രാവിലെ പ്രവേശിപ്പിച്ചത്.

വിദ്യാർത്ഥിയുടെ രക്തവും കഫവും തൊണ്ടയിൽനിന്നുള്ള സ്രവവും ശേഖരിച്ച് പരിശോധനക്ക് പുണെയിലെ വൈറോളജി ലാബിലേക്കയച്ചു. ചൈനയിലെ രോഗം സ്ഥിരീകരിക്കപ്പെട്ട പ്രദേശമായ വുഹാനി മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് ഇരുപതുകാരൻ. വൈറസ് ബാധയെത്തുടർന്ന് കോളജിൽനിന്ന് 25 പേരെ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. അതിൽ ഒരാളാണ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥി.

ഇതോടെ എറണാകുളം ജില്ലയിൽ രോഗനിരീക്ഷണത്തിന് ആശുപത്രികളിൽ ഉള്ളവരുടെ എണ്ണം മൂന്നായി. രണ്ടുപേർ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ആണ്. നിരീക്ഷണത്തിലുള്ള മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നു. കഴിഞ്ഞ 28 ദിവസത്തിനിടെ രോഗബാധിതപ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന 33 പേരെക്കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിൽതന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം 39 ആയി. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

ബിസിനസ് ആവശ്യത്തിന് ഒരാഴ്ചത്തെ സന്ദർശനത്തിന് ചൈനയിൽ പോയ പെരുമ്പാവൂർ സ്വദേശിയാണ് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ ചികിത്സക്കെത്തി നിരീക്ഷണത്തിലുള്ള മറ്റൊരാൾ. ഇയാളുടെ സ്രവത്തിന്റെ സാംപിൾ പരിശോധനക്കയച്ചിരിക്കുകയാണ്. റിപ്പോർട്ട് മൂന്നുദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസങ്ങളിലായി ചൈനയിൽ നിന്ന് ആറുപേരാണ് കണ്ണൂർ ജില്ലയിൽ എത്തിയത്. ചൈനയിൽ കൊറോണ വൈറസ് ഭീതി പരത്തുന്ന സാഹചര്യത്തിൽ ഇവർ ആരോഗ്യ വകുപ്പ് ജില്ല അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, ആർക്കും അസുഖമൊന്നും ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇവരുമായി ദിവസവും അധികൃതർ ബന്ധപ്പെടുന്നുണ്ട്. അസുഖമൊന്നും ഇല്ലാത്തതിനാൽ ഇവരൊന്നും നിരീക്ഷണത്തിലല്ലെന്നും അധികൃതർ പറഞ്ഞു.

അതിനിടെ മെഡിക്കൽ പഠനത്തിന്റെ ഭാഗമായി കോട്ടക്കലിലെത്തിയ ചൈനീസ് വിദ്യാർത്ഥിയുടെ ശരീരസ്രവങ്ങൾ പരിശോധനക്കായി പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചു. പനിയെ തുടർന്നാണ് ഇവരെ മഞ്ചേരി മെഡിക്കൽ േകാളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തിലാണ് പരിശോധനക്കായി അയച്ചത്. ഇതിനിടയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയിലെത്തിയ യുവതിക്കും കോളറ സ്ഥിരീകരിച്ചു. ഭർത്താവിനെ പരിചരിക്കാനെത്തിയ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്തുകൊറോണ വൈറസ് ബാധിതരെ കണ്ടെത്താൻ നിരീക്ഷണം കർശനമാക്കി. ഇതുവരെ മൂന്ന് പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. വിമാനത്താവളം, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് വൈറസ് ബാധിതരെ കണ്ടെത്തുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയക്കും. ലക്ഷണങ്ങൾ ഇല്ലാത്തവരെ ബോധവത്കരിച്ച് വീടുകളിൽ തന്നെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തും. ഇവരെ 28 ദിവസം വരെ നിരീക്ഷിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഐസൊലേഷൻ സൗകര്യമേർപ്പെടുത്തിയ ആശുപത്രിയിൽ എത്തിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയിൽനിന്ന് വന്നവർ ജില്ല മെഡിക്കൽ ഓഫിസർമാരുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് ആരോഗ്യവകുപ്പിന്റെ 1056, 0471 2552056 എന്നീ നമ്പരുമായും ബന്ധപ്പെടാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP