Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനധികൃത മണ്ണെടുപ്പിൽ പരാതിപ്പെട്ട വിവരാവകാശ പ്രവർത്തകനെ മർദ്ദിച്ച നാല് പേർ അറസ്റ്റിൽ; മഹേഷ് വിജയനെ മർദ്ദിച്ചത് സിപിഎം അനുഭാവികളായ കരാറുകാർ; അറസ്റ്റു ചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചു; മർദ്ദിക്കുമ്പോൾ കൈയും കെട്ടി നിന്നു ഒത്താശ ചെയ്ത കോട്ടയം നഗരസഭാ ഉദ്യോഗസ്ഥരും മണ്ണെടുപ്പുകാർക്ക് ഒത്താശ ചെയ്യുന്നവരെന്ന് ആക്ഷേപം

അനധികൃത മണ്ണെടുപ്പിൽ പരാതിപ്പെട്ട വിവരാവകാശ പ്രവർത്തകനെ മർദ്ദിച്ച നാല് പേർ അറസ്റ്റിൽ; മഹേഷ് വിജയനെ മർദ്ദിച്ചത് സിപിഎം അനുഭാവികളായ കരാറുകാർ; അറസ്റ്റു ചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചു; മർദ്ദിക്കുമ്പോൾ കൈയും കെട്ടി നിന്നു ഒത്താശ ചെയ്ത കോട്ടയം നഗരസഭാ ഉദ്യോഗസ്ഥരും മണ്ണെടുപ്പുകാർക്ക് ഒത്താശ ചെയ്യുന്നവരെന്ന് ആക്ഷേപം

ആർ പീയൂഷ്

കോട്ടയം: അനധികൃത മണ്ണെടുപ്പിനെ പറ്റി പരാതിപ്പെടാനെത്തിയ വിവരാവകാശ പ്രവർത്തകനെ നഗരസഭാ കാര്യാലയത്തിനുള്ളിലിട്ട് മർദ്ദിച്ചവശനാക്കിയ നാലു കരാറുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരാവകാശ പ്രവർത്തകൻ ചൂട്ടുവേലിൽ എസ്.എച്ച് മൗണ്ട് ആറ്റുവായിൽ മഹേഷ് വിജയനെ മർദ്ദിച്ച കേസിലാണ് സിപിഎം പ്രവർത്തകരും കരാറുകാരുമായ മണർകാട് പുളിക്കപ്പറമ്പിൽ പി.ഡി റെജിമോൻ, കാരാപ്പുഴ മംഗലത്ത് വീട്ടിൽ ഗോപു ജി ഗോപിനാഥ്, വെള്ളൂർ കരിമ്പിൽ വീട്ടിൽ സജയൻ, എസ്.എച്ച് മൗണ്ട് സ്വദേശി പി.ആർ അഭിലാഷ് എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മഹേഷിന് കരാറുകരുടെ മർദ്ദനമേൽക്കെണ്ടിവന്നത്. മണൽ മാഫിയയ്ക്കെതിരെ നിരന്തരമായി പരാതി നൽകുകയും നടപടി എടുപ്പിക്കുകയും ചെയ്തതിനുള്ള പ്രതികാരമായിരുന്നു മർദ്ദനത്തിന് പിന്നിൽ. കോട്ടയം നഗരസഭാ ഓഫീസിനുള്ളിലിട്ടായിരുന്നു മർദ്ദനം. മർദ്ദനത്തിൽ തലയ്ക്ക് പൊട്ടലുണ്ടാകുകയുംശരീരത്തിലാകമാനം പരിക്കേൽക്കുകയും ചെയ്തു. മർദ്ദനം നടക്കുമ്പോൾ നഗരസഭയിലെ ഉദ്യോഗസ്ഥരെല്ലാം കയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു. നഗരസഭയിലെത്തിയ നാട്ടുകാരാണ് ഇയാള മർദ്ദനത്തിൽ നിന്നും രക്ഷപെടുത്തിയത്.

കഞ്ഞിക്കുഴി ഭാഗത്തെ മണ്ണെടുപ്പ് സംബന്ധിച്ച പരാതി അസിസ്റ്റന്റ്് എൻജിനീയറെ നേരിൽ കണ്ട് സംസാരിക്കാൻ എത്തിയതായിരുന്നു മഹേഷ്. എ.ഇ സീറ്റിൽ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തെ മൊബൈലിൽ വിളിച്ച് പരാതിയെ പറ്റി മഹേഷ് സംസാരിച്ചു. ഫോണിൽ സംസാരിക്കുന്നത് കരാറുകാർ കേൾക്കുകയും തുടർന്ന് അവരിലൊരാൾ തൊട്ടടുത്ത് തന്നെയുള്ള കരാറുകാരുടെ വിശ്രമമുറിയിലേക്ക് വിളിച്ച് കയറ്റുകയായിരുന്നു. പിന്നെ അവിടെ നടന്നത് ഇങ്ങനെയായിരുന്നു. രണ്ട് പേരാണ് അപ്പോൾ അവിടെ ഉണ്ടായിരുന്നത്. അനധികൃത മണ്ണ് ഖനനത്തിനെതിരേ മഹേഷ് പരാതികൾ നൽകുന്നത് ഇരുവരും ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് മഹേഷ് മൊബൈലിൽ റെക്കോർഡ് ചെയ്യാനാരംഭിച്ചു. പൊടുന്നനെ, മറ്റ് മൂന്ന് കരാറുകാർ കൂടി മുറിയിലേക്ക് കടന്ന് വരികയും എല്ലാവരും ചേർന്ന് മർദ്ദനം ആരംഭിക്കുകയുമായിരുന്നു.

അവിടെ നിന്നും ഒരുവിധത്തിൽ രക്ഷപെട്ട മഹേഷ് എഞ്ചിനീയറിങ് സെക്ഷനിലേക്ക് ഓടിക്കയറിയെങ്കിലും കരാറുകാർ പിന്തുടർന്ന് മർദ്ദിക്കുകയായിരുന്നു. ഭിത്തിയിലും കമ്പ്യൂട്ടറിലും മറ്റും തലകൊണ്ട് പല തവണ ഇടിപ്പിക്കുകയും ചോര വരികയും ചെയ്തു. അവിടെ നിന്നും ഫ്രണ്ട് ഓഫീസിന്റെ ഭാഗത്തേക്ക് ഓടിയെങ്കിലും അവിടെ വച്ച് വീണ്ടും മർദ്ദിക്കുകയും മൊബൈൽ തട്ടിയെടുക്കുകയുമായിരുന്നു. കണ്ണടയും നഷ്ടപ്പെട്ടു. അപ്പോഴേക്കും ഉദ്ദേശം പതിനഞ്ച് മിനിറ്റോളം മർദ്ദനം ഏൽക്കേണ്ടി വന്നു. നഗരസഭയിലെ സെക്യൂരിറ്റിക്കാർ ഉൾപ്പടെ എല്ലാ ഉദ്യോഗസ്ഥരും കയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു ആ സമയമത്രയും. ഇതിനിടെ പൊലീസിനെ വിളിക്കാൻ അദ്ദേഹം പല ഉദ്യോഗസ്ഥരോടും അപേക്ഷിച്ചെങ്കിലും ആരും അനങ്ങിയില്ല. ഒടുവിൽ പൊതുജനങ്ങളിൽ ആരോ ആണ് പൊലീസിനെ വിളിച്ച് അറിയിച്ചതും ജില്ലാ ആശുപത്രിയിൽ കൊണ്ട് പോയതും. തുടർന്ന് മരുന്ന് വാങ്ങി കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ എത്തി മൊഴി നൽകുകയായിരുന്നു.

പത്ത് വർഷത്തിനടുത്ത് പൊതു പ്രവർത്തന രംഗത്തുള്ള ആളാണ് മഹേഷ്. കംപ്യൂട്ടർ എഞ്ചിനീയറായ ഇദ്ധേഹം ബാംഗ്ലൂരിലെ ഐ.ടി കമ്പനിയിലെ ലക്ഷം രൂപയുടെ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചിട്ടാണ് പൊതു പ്രവർത്തന രംഗത്തേക്ക് കടന്ന് വന്നത്. ജാവ എക്സപർട്ടായ ഇദ്ധേഹം അമേരിക്കയില്ഡ# ലഭിച്ച ജോലിയും ഉപേക്ഷിച്ചിരുന്നു. നാടിനെ നശിപ്പിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും പരാതി നൽകുകയും ചെയ്യുന്നയാളാണ് മഹേഷ്. അടുത്തിടെ അസെറ്റ് ഹോംസിന്റെ പുത്തനങ്ങാടി സൈറ്റിൽ അനധികൃതമായി കുഴിച്ചെടുത്ത 400 ലോഡോളം മണ്ണ് അവിടെ നിന്നും മാറ്റുന്നതിനെതിരെ പരാതി നൽകുകയും തുടർന്ന് സ്റ്റോപ്പ് മെമോ നൽകുകയും ചെയ്തിരുന്നു. അതിനാൽ അസെറ്റ് ഹോംസിന്റെ ഭീഷണിയും മഹേഷിനുണ്ട്.

കോട്ടയം പുത്തനങ്ങാടിയിൽ അസറ്റ് ഹോംസ് അനധികൃതമായി മണ്ണ് ഖനനം നടത്തി അപകടാവസ്ഥ ഉണ്ടാക്കിയത് സംബന്ധിച്ച് ആർ.ഐ.ടി എഞ്ചിനീയറിങ് കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തി. അതിന്റെ തലേ ദിവസമാണ് തനിക്കെതിരെ ആക്രമണം ഉണ്ടായത് എന്ന് മഹേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. സാങ്കതിക വിദ്യയുടെ സഹായത്താൽ നടത്തിയ പരിശോധന നാലു മണിക്കൂറിലധികം നീണ്ടു നിന്നു. അതിൽ പങ്കാളിയാകാൻ സാധിക്കാതിരുന്നതിൽ നിരാശയുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അവിടെ തുടർനടപടികൾ സ്വീകരിക്കുന്നതും പ്രദേശവാസികൾക്ക് നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതും. പരിശോധനയ്ക്ക് മുൻപ് അവിടെ നിന്നും അനധികൃതമായി മണ്ണ് പുറത്തുകൊണ്ട് പോയി പരിശോധന അട്ടിമറിക്കാനുള്ള അസറ്റ് ഹോംസിന്റെ ശ്രമം കഴിഞ്ഞ ദിവസവും പൊലീസിൽ അറിയിച്ച് ഞാൻ തടഞ്ഞിരുന്നു.

അനധികൃതമായി ഖനനം ചെയ്ത്, പ്ലോട്ടിൽ കൂന കൂട്ടിയിട്ടിരിക്കുന്ന ഉദ്ദേശം 700 ലോഡോളം മണ്ണ്, പുറത്തുകൊണ്ട് പോകാനുള്ള അസറ്റ് ഹോംസിന്റെ ശ്രമം ഒരു മാസം മുൻപ് ഞാൻ നൽകിയ പരാതി കാരണം തടസ്സപ്പെട്ടിരുന്നു. എന്നെ ആക്രമിച്ചത്, മണ്ണ് നീക്കം ചെയ്യാൻ കരാർ എടുത്തിരിക്കുന്നവരോ അവരുമായി ബന്ധമുള്ളവരോ ആകാനും സാധ്യതയുണ്ട്. മണ്ണ് നീക്കം ചെയ്താൽ മാത്രമേ രണ്ടാമത്തെ ടവറിന്റെ നിർമ്മാണം ആരംഭിക്കാനാകൂ. കൂടാതെ ടെക്നിക്കൽ കമ്മിറ്റിയുടെ പരിശോധന തിരിച്ചടിയാകുമോ എന്ന ഭയവും അവർക്കുണ്ട്. സ്ഥലത്തെ മണ്ണെടുപ്പിന് നഗരസഭ എ.എക്സ്.ഇ. എ.ഇ അടക്കമുള്ള ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണ് എന്ന് കാണിച്ച് ഞാൻ സെക്രട്ടറിക്ക് മറ്റൊരു പരാതി നൽകിയിട്ട് ഒരു മാസം ആകുന്നതെ ഉള്ളൂ എന്നും മഹേഷ് പറഞ്ഞു.

കഴിഞ്ഞ വർഷവും മണ്ണ് കടത്തുന്ന കരാറുകാർ മഹേഷിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ പൊതു പ്രവർത്തനം ജീവിതചര്യയാക്കിയ മഹേഷ് പിന്നോട്ട് പോകാതെ നാടിന് വേണ്ടി നിർലാഭം പ്രവർത്തിക്കുകയാണ്. നഗരസഭാ അധികൃതർക്കും വലിയ തലവേദനയാണ് മഹേഷ്. ദിവസവും നിരവധി പരാതികളാണ് നൽകുന്നത്. അതിനാൽ പലരുടെയും കമ്മീഷൻ കിട്ടാതെ വരികയും ചെയ്യുന്നുണ്ട്. ഇതുമൂലമാണ് മഹേഷിനെ കൺമുന്നിലിട്ട് മർദ്ദിച്ചിട്ടും ഉദ്യോഗസ്ഥർ അനങ്ങാതിരുന്നത്. അതേ സമയം കരാറുകാർ അനധികൃതമായി നഗരസഭാ മന്ദിരത്തിൽ തമ്പടിച്ചിരുന്ന മുറി താഴിട്ടു പൂട്ടി. ഇന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി മുറി തുറന്ന് തെളിവെടുപ്പ് നടത്തി. മഹേഷിന്റെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഇതുവരെയും തിരിച്ചു കിട്ടിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP