Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം പള്ളികളിൽ നാളെ ഉയരുക ദേശീയ പതാക; ലത്തീൻ പള്ളികൾക്കുള്ളിൽ മുഴങ്ങാൻ പോകുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും; പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിലെങ്കിലും ഇതെല്ലാം നടന്നു കണ്ടല്ലോ എന്ന ആശ്വാസത്തിൽ സംഘപരിവാർ അനുകൂലികൾ

മുസ്ലിം പള്ളികളിൽ നാളെ ഉയരുക ദേശീയ പതാക; ലത്തീൻ പള്ളികൾക്കുള്ളിൽ മുഴങ്ങാൻ പോകുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും; പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിലെങ്കിലും ഇതെല്ലാം നടന്നു കണ്ടല്ലോ എന്ന ആശ്വാസത്തിൽ സംഘപരിവാർ അനുകൂലികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റിപ്പബ്ലിക് ദിനമായ നാളെ കേരളത്തിൽ നടക്കുക പൗരത്വ ഭേദഗതി നിയമത്തിനെതിരായ വേറിട്ട പ്രതിഷേധങ്ങൾ. ഇടത് പക്ഷം സംഘടിപ്പിക്കുന്ന മനുഷ്യശൃംഖല, മനുഷ്യ ചങ്ങല എന്നും വനിതാ മതിൽ എന്നും മറ്റുമുള്ള പേരുകളിൽ കേരളം നേരത്തേ കണ്ട് പരിചയമുള്ള പ്രതിഷേധ രീതിയാണ്. എന്നാൽ, കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധങ്ങൾക്കാണ് കേരളം നാളെ സാക്ഷ്യം വഹിക്കുക. സംസ്ഥാനത്തെ വഖഫിന് കീഴിലുള്ള എല്ലാ പള്ളികളിലും ജനുവരി 26 ന് ദേശീയ പതാക ഉയർത്താനും ഭരണഘടനയുടെ ആമുഖം വായിക്കാനും സംസ്ഥാന വഖഫ് ബോർഡ് ഉത്തരവിറക്കി.

മുസ്ലിം പള്ളികളിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കാനും നിർദ്ദേശമുണ്ട്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ് വഖഫ് ബോർഡ്. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സർക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ദേശീയ ദിനങ്ങളിൽ പതാക ഉയർത്താറുണ്ടെങ്കിലും പള്ളികളിലും ക്ഷേത്രങ്ങളിലും അത് പതിവുള്ളതല്ല.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ ലത്തീൻ സഭയും രംഗത്തെത്തി. സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ നാളെ ഭരണഘടനയുടെ ആമുഖം വായിക്കാൻ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആഹ്വാനം ചെയ്തു . നാളത്തെ ദിനം ഭരണഘടനാ സംരക്ഷണാ ദിനമായി ആചരിക്കാനാണ് ലത്തീൻ സഭയുടെ തീരുമാനം. പൗരത്വ നിയമ ഭേദഗതിയിൽ ആശങ്ക രേഖപ്പെടുത്തുന്ന ഇടയ ലേഖനവും പള്ളികളിൽ നാളെ വായിക്കും.

പൗരത്വ നിയമഭേദഗതി ജനാധിപത്യ വിരുദ്ധമാണെന്നും മത രാഷ്ട്രത്തിനുള്ള നീക്കമാണെന്നും ഇടയലേഖനത്തിൽ വിമർശിക്കുന്നു. ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയെയും കുറ്റപ്പെടുത്തുന്നുണ്ട്. റിപ്പബ്ലിക് ദിനമായ നാളെ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാനും ആഹ്വാനമുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ എൽഡിഎഫിന്റെ മനുഷ്യശൃംഖല നാളെ നടക്കും. കേന്ദ്ര സർക്കാരും, ഗവർണ്ണറുമായി കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കെ സംസ്ഥാനത്തിന്റെ ശക്തിപ്രകടനമാണ് എൽഡിഎഫ് പദ്ധതിയിടുന്നത്. ലീഗിൽ നിന്നടക്കം പ്രാദേശിക പ്രവർത്തകരെ ശൃംഖലയിൽ കണ്ണിചേർക്കാനാണ് സിപിഎം ശ്രമം. നാളെ എല്ലാ കേന്ദ്രങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കും,ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും.

നാളെ നടക്കാനിരിക്കുന്ന പ്രതിഷേധങ്ങൾ സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിലും സജീവമാണ്. പ്രതിഷേധങ്ങളുടെ പ്രചാരണം ഒരു വശത്ത് നടക്കുമ്പോൾ, പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിന്റെ പ്രകടമായ മാറ്റമാണ് ഇതെന്ന് ബിജെപി അനുകൂലികൾ ചൂണ്ടിക്കാണിക്കുന്നു. മതനിയമങ്ങളുടെ ചുവട് പിടിച്ച് നടന്നിരുന്നവർ ഇന്ത്യൻ ഭരണഘടന കയ്യിലെടുത്തെന്നും ദേശീയ പതാകയെ ഉയർത്തിപ്പിടിക്കുന്നു എന്നും സംഘപരിവാർ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. ബിജെപിക്കെതിരെ പ്രതിഷേധിക്കാനായിട്ടെങ്കിലും ഇതെല്ലാം കാണാൻ സാധിച്ചതിൽ ആശ്വാസം എന്നാണ് ഇവർ പറയുന്നത്.

പൗരത്വ ഭേദഗതി നിയമത്തിന്റെ മെറിറ്റാണിത് എന്ന് ഇവർ പറയുമ്പോൾ രാജ്യം മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെടാതിരിക്കാനും ജനങ്ങൾ മതത്തിന്റെ പേരിൽ ഈ രാജ്യത്ത് നിന്നും നിഷ്‌കാസിതരാകാതിരിക്കാനും വേണ്ടി ആരാധനാലയങ്ങൾ പോലും പ്രതിഷേധത്തിന്റെയും ചെറുത്ത് നിൽപ്പുകളുടെയും വേധിയാകുകയാണ് എന്നാണ് മറുവിഭാഗം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP