Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൺവെൻഷൻ സെന്ററിന് തൊട്ടരികിലുള്ള ഏഴേ മുക്കാൽ സെന്റ് സ്ഥലം ഒന്നരക്കോടി രൂപയ്ക്ക് വാങ്ങണമെന്ന് ശഠിക്കുന്നത് കോൺഗ്രസ് നേതാവ്; ഗൾഫിൽ പണിയെടുത്ത് ചോര നീരാക്കിയുണ്ടാക്കിയ പണം കൊണ്ട് പ്ലൈവുഡ് ഫാക്ടറി വാങ്ങി റിനോവേറ്റ് ചെയ്ത് കൺവെൻഷൻ സെന്ററുണ്ടാക്കിയ പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണി; കോട്ടയം മുൻസിപ്പാലിറ്റിയുടെ വട്ടംകറക്കലിൽ ആത്മഹത്യാ മുനമ്പിൽ എത്തിയ കഥ മറുനാടനോട് പറഞ്ഞ് ഉമ്മൻ ഐപ്; ഉമ്മൻ ചാണ്ടിയുടെ എമർജിങ് കേരളയെ വിശ്വസിച്ച പ്രവാസി വെട്ടിലാകുമ്പോൾ

കൺവെൻഷൻ സെന്ററിന് തൊട്ടരികിലുള്ള ഏഴേ മുക്കാൽ സെന്റ് സ്ഥലം ഒന്നരക്കോടി രൂപയ്ക്ക് വാങ്ങണമെന്ന് ശഠിക്കുന്നത് കോൺഗ്രസ് നേതാവ്; ഗൾഫിൽ പണിയെടുത്ത് ചോര നീരാക്കിയുണ്ടാക്കിയ പണം കൊണ്ട് പ്ലൈവുഡ് ഫാക്ടറി വാങ്ങി റിനോവേറ്റ് ചെയ്ത് കൺവെൻഷൻ സെന്ററുണ്ടാക്കിയ പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണി; കോട്ടയം മുൻസിപ്പാലിറ്റിയുടെ വട്ടംകറക്കലിൽ ആത്മഹത്യാ മുനമ്പിൽ എത്തിയ കഥ മറുനാടനോട് പറഞ്ഞ് ഉമ്മൻ ഐപ്; ഉമ്മൻ ചാണ്ടിയുടെ എമർജിങ് കേരളയെ വിശ്വസിച്ച പ്രവാസി വെട്ടിലാകുമ്പോൾ

എം മനോജ് കുമാർ

 കോട്ടയം: കേരളത്തിൽ ഒരു വ്യവസായം തുടങ്ങാൻ ശ്രമിച്ചാൽ ജീവനുംകൊണ്ട് രക്ഷപ്പെടേണ്ട അവസ്ഥയാണ് വ്യവസായികൾക്ക് വരുന്നത്. രക്ഷപ്പെടാൻ ശ്രമിക്കാത്തവർക്ക് ആത്മഹത്യയിൽ അഭയം തേടേണ്ടിയും വരും. ആന്തൂരിലെ വ്യവസായി സാജന്റെ മരണം കേരളത്തോടു പറഞ്ഞത് ഈ കഥയാണ്. അന്തൂരിൽ സാജൻ കൺവെൻഷൻ സെന്റർ തുടങ്ങിയപ്പോൾ പ്രതിസ്ഥാനത്ത് വന്നത് കേരളം ഭരിക്കുന്ന സിപിഎം തന്നെയാണ്. ആന്തൂർ നഗരസഭ കൺവെൻഷൻ സെന്ററിനു ഒരിക്കലും അനുമതി നൽകില്ലെന്ന് മനസിലാക്കിയപ്പോൾ നഗരസഭാ ചെയർ പെഴ്സൺ അടക്കമുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തി സാജൻ ആത്മഹത്യ ചെയ്തു. ഇപ്പോൾ കൺവെൻഷൻ സെന്റർ തുടങ്ങിയതിന്റെ പേരിൽ നാടും വീടും വിട്ടു ഓടേണ്ടി വരുന്നത് ദുബായ് കേന്ദ്രമാക്കിയുള്ള വ്യവസായി ഉമ്മൻ ഐപ്പിനാണ്.

സാജന്റെ ആത്മഹത്യയിൽ പ്രതിക്കൂട്ടിലായത് സിപിഎം നേതൃത്വത്തിലുള്ള ആന്തൂർ നഗരസഭയാണെങ്കിൽ ഉമ്മൻ ഐപ്പിന്റെ കാര്യത്തിൽ വില്ലൻ സ്ഥാനത്ത് കോട്ടയം നഗരസഭയും കോൺഗ്രസ് നേതാവ് ജെജി പാലക്കലോട് അടക്കമുള്ള നേതാക്കളുമാണ്. സ്ഥലം ആവശ്യമില്ലാത്ത വ്യവസായിക്കൊണ്ട് കൺവെൻഷൻ സെന്ററിനു തൊട്ടടുത്തുള്ള ഏഴേമുക്കാൽ സെന്റ് സ്ഥലം ഒന്നേകാൽ കോടി രൂപ നൽകി ഏറ്റെടുക്കണമെന്നു ഈ കോൺഗ്രസ് നേതാവ് ശഠിച്ചതോടെയാണ് വ്യവസായിക്ക് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഏത് രീതിയിലും കൺവെൻഷൻ സെന്റർ പ്രവർത്തിപ്പിക്കാതിരിക്കാനാണ് കോൺഗ്രസ് നേതാവിന്റെ ശ്രമം. അതുകൊണ്ട് തന്നെ ഒരു ദിവസം തുറന്നാൽ അടുത്ത ദിവസം അടച്ചിടെണ്ട അവസ്ഥയാണ്. കേസ് ആണെങ്കിലും കോടതിയിലും നടപടികൾ ചീഫ് സെക്രട്ടറിക്ക് മുൻപിലും.

സ്ഥലം ഏറ്റെടുക്കാൻ കഴിയില്ലെന്നു അറിയിച്ചതോടെ ഉമ്മൻ ഐപ്പിന് പ്രശ്നങ്ങൾ തുടങ്ങി. പ്ലൈവുഡ് ഫാക്ടറി റിനോവേറ്റ് ചെയ്തതാണ് കൺവെൻഷൻ സെന്റർ ആക്കി മാറ്റിയത്. അപ്പോൾ റൂൾസ് മാറും. അതിനു വേണ്ടിയാണ് അപ്പ്രൂവലിനു വേണ്ടി പോയത്. കേരള സർക്കാരിന്റെ ഒരു നിയമം വന്നിരുന്നു. വ്യവസായങ്ങൾക്ക് ചെറിയ തടസങ്ങൾ ഉണ്ടെങ്കിൽ അനുമതി നൽകണം എന്നാണ് നിയമം. അതിനു ഒരു സർക്കാർ കമ്മറ്റിയുണ്ട്. ഈ കമ്മറ്റിയാണ് വാദം കേട്ട് റെഗുലറൈസ് ചെയ്തത്. ഏഴര ലക്ഷം രൂപ ഇതിനായി കോട്ടയം മുനിസിപ്പാലിറ്റിയിൽ അടച്ചിട്ടുണ്ട്. ഈ അപ്പ്രൂവൽ റദ്ദ് ചെയ്യാനാണ് കേസും കൂട്ടവും നടക്കുന്നത്. കേസ് ഹൈക്കോടതിയിൽ വന്നപ്പോൾ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറി വിളിച്ചു വരുത്തി വാദങ്ങൾ കേട്ടിരുന്നു. ഫെബ്രുവരി ആറിന് അന്തിമവാദത്തിനായി ഇരുകൂട്ടരെയും ചീഫ് സെക്രട്ടറി വിളിച്ചിട്ടുണ്ട്.

കോൺഗ്രസ് നേതാവ് തന്റെ സ്വാധീനം കോട്ടയം നഗരസഭയിൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ ബിസിനസ് വെള്ളത്തിലായി എന്നാണ് ഉമ്മൻഐപ്പ് മറുനാടനോട് പറഞ്ഞത്. ഇപ്പോൾ കോടതി കയറിയിറങ്ങുകയാണ് പ്രശ്നം. കൺവെൻഷൻ സെന്റർ അടച്ചു പൂട്ടിച്ചേ അടങ്ങൂ എന്ന രീതിയിലാണ് കോൺഗ്രസ് നേതാവ് നീങ്ങുന്നത്. ഇനി നാട്ടിൽ സെറ്റിൽ ചെയ്യാൻ തീരുമാനിക്കുന്നതിന് പകരം ഗൾഫിൽ തന്നെ സെറ്റിൽ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്-വ്യവസായി പറയുന്നു.

കൺവെൻഷൻ സെന്ററുമായി കേരളത്തിൽ വന്നാൽ എന്ത് സംഭവിക്കും?ഉമ്മൻ ഐപ്പ് സ്വന്തം കഥ പറയുന്നു.

ഞാൻ ചെങ്ങന്നൂർകാരനായ പ്രവാസിയാണ്. നാലര പതിറ്റാണ്ടായി ദുബായിലാണ് പത്തു വർഷം മുൻപാണ് ഈരയിൽക്കടവിലെ പ്ലൈവുഡ് ഫാക്ടറിയുടെ സ്ഥലം വാങ്ങുന്നത്. കോട്ടയത്ത് വന്നു ഒരു പ്ലൈവുഡ് ഫാക്ടറി എടുക്കുകയായിരുന്നു,. ഇതാണ് ആധുനിക രീതിയിലുള്ള കൺവെൻഷൻ സെന്റർ ആക്കി മാറ്റിയത്. ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസിന്റെ തുടക്കത്തിൽ തന്നെയുള്ള ആൻസ് ഇന്റർനാഷണൽ . നിരന്തര പ്രശ്നങ്ങൾ ആണ് കൺവെൻഷൻ സെന്റർ തുടങ്ങാൻ തീരുമാനിച്ചപ്പോൾ എനിക്ക് വന്നത്. അത് കാരണമാണ് ഇത്രമാത്രം സെന്റർ വൈകിയത്. തുറന്നിട്ട് ഇപ്പോൾ പ്രവർത്തിക്കാൻ കഴിയുന്നുണ്ടോ? ഒരു ദിവസം തുറന്നാൽ അടുത്ത ദിവസം അടക്കണം. എല്ലാ നിയമപരമായ അനുമതികളും ഉള്ള ഒരു കൺവെൻഷൻ സെന്റർ ആണിത്.

എന്നിട്ട് പോലും ഇത് പ്രവർത്തിക്കാൻ കഴിയുന്നില്ല. ആന്തൂരിൽ കൺവെൻഷൻ സെന്റർ തുടങ്ങാൻ പോയപ്പോൾ വ്യവസായി ആത്മഹത്യ ചെയ്തു. ആന്തൂരിൽ ടെക്നിക്കൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കേട്ടു. പക്ഷെ എനിക്ക് ഒരു ടെക്നിക്കൽ പ്രശ്നങ്ങളുമില്ല. നല്ല രീതിയിൽ എല്ലാ അനുമതിയോടെയും തുടങ്ങിയതാണിത്. ഉമ്മൻ ചാണ്ടിയുടെ എമേർജിങ് കേരളയിൽ തുടങ്ങിയ ഈ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നത് കോട്ടയത്തെ ഒരു കോൺഗ്രസ് നേതാവ് തന്നയാണ്. ജെജി പാലക്കലോട് ആ നേതാവ്. എന്തിനു ഇത് അടച്ചു പൂട്ടാൻ ജെജി പാലക്കലോട് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ശ്രമിക്കണം? കോട്ടയം മുനിസിപ്പാലിറ്റി ഭരിക്കുന്നത് കോൺഗ്രസ് എന്നതാണ് എന്റെ മുന്നിലെ വലിയ പ്രശ്നം.

ജെജിക്ക് കോൺഗ്രസ് നേതാവ് എന്ന നിലയിൽ വൻ സ്വാധീനമുണ്ട്. ഈ സ്വാധീനം ഉപയോഗിച്ച് കൺവെൻഷൻ സെന്റർ അടച്ചു പൂട്ടാനാണ് ജെജി ശ്രമിക്കുന്നത്. വ്യക്തിപരമായ പ്രശ്നവും സ്വാർത്ഥ താത്പര്യവും മുൻ നിർത്തിയാണ് ബിസിനസ് പൂട്ടിക്കെട്ടാൻ കോൺഗ്രസ് നേതാവ് ശ്രമിക്കുന്നത്. ഗൾഫിൽ ഞാൻ ചോര നീരാക്കി ഉണ്ടാക്കിയ എന്റെ നിക്ഷേപം മുഴുവനായാണ് ആൻസിൽ ഞാൻ നിക്ഷേപിച്ചത്. വർഷങ്ങളായിപ്രവാസിയാണ് ഞാൻ. . മൂന്നര ഏക്കർ സ്ഥലമാണ് വാങ്ങിയത്. ഒരു പ്ലൈവുഡ് ഫാക്റ്ററിയായിരുന്നു മുൻപ് അത്. ഇതാണ് കൺവെൻഷൻ സെന്റർ ആയി മാറ്റുകയായിരുന്നു. കഴിഞ്ഞവർഷം മേയിലാണ് ഉദ്ഘാടനം ചെയ്തത്. പണം മുഴുവൻ ഇവിടെ നിക്ഷേപിച്ചു. പത്ത് വർഷത്തോളമായി കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ടു ദുരിതങ്ങളാണ്. കോൺഗ്രസ് മുനിസിപ്പാലിറ്റി ഭരിക്കാൻ തുടങ്ങിയതോടെ ദുരിതങ്ങൾ ഏറി. ജെജിയും കൂട്ടരും ഉണ്ടാക്കിയ പ്രശ്നങ്ങൾ കാരണം എത്രയോ വരവ് എനിക്ക് ഗൾഫിൽ നിന്നും വരേണ്ടിവന്നു. എത്ര പണമാണ് നഷ്ടമായത്. പക്ഷെ സ്വാർത്ഥതാത്പര്യങ്ങൾ നിറഞ്ഞ പ്രശ്നങ്ങളാണ് ജെജിയും കൂട്ടരും ഉയർത്തുന്നതിനാൽ കീഴടങ്ങാൻ ഞാൻ തയ്യാറല്ല.

കൺവെൻഷൻ സെന്ററിന് തൊട്ടരികിലുള്ള ഏഴേ മുക്കാൽ സെന്റ് സ്ഥലം ഒന്നരക്കോടി രൂപയ്ക്കു ഞാൻ വാങ്ങണം എന്നാണ് കോൺഗ്രസ് നേതാവ് ശഠിക്കുന്നത്. ആ സ്ഥലം എനിക്ക് ആവശ്യമില്ല. പിന്നെ എന്തിനു വാങ്ങണം? സ്ഥലം വാങ്ങിയെങ്കിൽ മാത്രമേ ആൻസ് കൺവൻഷൻ സെന്ററിനെ പ്രവർത്തിക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് ജെജിയും സംഘവും. ഇതാണ് പ്രശ്നങ്ങൾക്ക് കാരണം. ജെജി എടുത്ത സ്ഥലമാണിത് എന്നാണ് പറഞ്ഞത്. അതിൽ ഞാൻ അന്വേഷിച്ചപ്പോൾ പതിനാലു അറ്റാച്ച്മെന്റും ഉണ്ട്. കോടതി സ്റ്റേയുമുണ്ട്. ഈ സ്ഥലം എന്റെ തലയിൽ കെട്ടിവയ്ക്കാനാണ് കോൺഗ്രസ് നേതാവിനെ ശ്രമം. ഏഴേ മുക്കാൽ സെന്റ് സ്ഥലത്തിനു ഒന്നരക്കോടി രൂപയാണ് ചോദിക്കുന്നത്. മുനിസിപ്പൽ ചെയർപെഴ്സൻ പറഞ്ഞതായി കേട്ടു. ഞാൻ നെഗോസിയെഷന് തയ്യാറാകുന്നില്ലെന്ന്... ഞാൻ എന്തിനാണ് നെഗോസിയെഷന് തയ്യാറാകുന്നത്.. ഇപ്പോൾ ഓരോരോ പ്രശ്നങ്ങൾ പറഞ്ഞു എന്നെ വട്ടംകറക്കുകയാണ്.. പ്രോഗ്രാം നടക്കുമ്പോൾ തന്നെ മുൻസിപ്പാലിറ്റിയുടെ ആളുകൾ എത്തും. അത് മുടക്കാൻ. ആറു മണിക്ക് ശേഷവും പ്രോഗ്രാമുണ്ടെങ്കിൽ അപ്പോഴും എത്തും പ്രശ്നം സൃഷ്ടിക്കാൻ. പർപ്പസ്ഫുള്ളി ഹറാസ് ചെയ്യാനാണ് ശ്രമം. കഴിഞ്ഞ ദിവസവും മുനിസിപ്പൽ അധികൃതർ എത്തി. അന്ന് ജഡ്ജിമാരെയും മറ്റും കണ്ടതുകൊണ്ട് തന്ത്രത്തിൽ മുങ്ങി.

പക്ഷെ എന്തെങ്കിലും കാരണം നിരത്തി അങ്ങിനെ അടച്ചു പൂട്ടാൻ അവർക്ക് കഴിയില്ല. എന്റെത് നിയമപരമായി അനുമതിയുള്ള സ്ഥാപനമാണ്. എല്ലാ ലൈസൻസും കൈവശമുണ്ട്. ഈ പ്രശ്നത്തിൽ ചീഫ് സെക്രട്ടറി വിളിച്ചു വരുത്തിയിരുന്നു. ഈ നിയമം അറിയാമോ എന്ന് ചീഫ് സെക്രട്ടറി ചോദിച്ചപ്പോൾ മുൻസിപ്പൽ അധികൃതർ കുടുങ്ങി. അവർക്ക് ഒന്നും അറിയില്ല. ഒരു സ്ഥാപനം പൂട്ടണമെങ്കിൽ സ്ഥലത്തെ സർക്കിൾ ഇൻസ്പേക്ടറുടെ ലെവലിൽ ഉള്ള ഉദ്യോഗസ്ഥൻ ചെന്ന് റിപ്പോർട്ട് ചെയ്യണം. അവിടെ പ്രശ്നമുണ്ടെന്ന്. ഇങ്ങനെ റിപ്പോർട്ട് ചെയ്യാതെ അത് പൂട്ടാൻ ഒക്കത്തില്ല. പക്ഷെ സർക്കാർ ഓർഡർ വായിക്കാനും നോക്കാനുമൊന്നും അവർക്ക് സമയമില്ല. മാക്സിമം ബുദ്ധിമുട്ടിക്കാനാണ് നോക്കുന്നത്. ഒരു ദിവസം അടയ്ക്കും. പിറ്റേ ദിവസം തുറക്കും. സർക്കാർ ഫീസോക്കെ അടച്ച് നമ്മൾ റെഗുലറൈസ് ചെയ്ത ബിൽഡിംഗാണിത്. കോട്ടയം നഗരസഭ തന്നെയാണ് റെഗുലറൈസ് ചെയ്ത് നൽകിയത്.

പ്ലൈവുഡ് ഫാക്ടറി റിനോവേറ്റ് ചെയ്തതാണ് കൺവെൻഷൻ സെന്റർ ആക്കി മാറ്റുമ്പോൾ റൂൾസ് മാറും. അതിനു വേണ്ടിയാണ് അപ്പ്രൂവലിനു വേണ്ടി പോയത്. അപ്പോഴാണ് കേരള സർക്കാരിന്റെ നിയമം വന്നത്. ചെറിയ തടസങ്ങൾ ഉണ്ടെങ്കിൽ അനുമതി നൽകണം എന്നാണ് നിയമം. അതിനു ഒരു സർക്കാർ കമ്മറ്റിയുണ്ട്. ഈ കമ്മറ്റിയാണ് വാദം കേട്ട് റെഗുലറൈസ് ചെയ്തത്. ഏഴര ലക്ഷം രൂപ ഇതിനായി കോട്ടയം മുനിസിപ്പാലിറ്റിയിൽ അടച്ചിട്ടുണ്ട്. ഇതിനെല്ലാം കഴിഞ്ഞാണ് ജെജി കേസും കൂട്ടവുമായി നടക്കുന്നത്. കുറെ കോൺഗ്രസുകാർ ഇതിനു പിന്നിലുണ്ട്. എനിക്ക് റെഗുലറൈസ് ചെയ്ത് നൽകരുത് എന്നു പറഞ്ഞാണ് ജിജി പാലക്കലോടി ചെന്ന് കോടതിയിൽ കേസ് നൽകിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ കാര്യത്തിൽ സർക്കാർ രണ്ടു മാസം കൊണ്ട് തീരുമാനം എടുക്കണം എന്ന് നിർദ്ദേശിച്ചിരുന്നു. ഞാൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. രണ്ടു കൂട്ടരെയും കേട്ടിട്ട് ഒരു മാസം കൊണ്ട് തീരുമാനം എടുക്കാനാണ് ഹൈക്കോടതി വിധിച്ചത്. ജെജി അമ്മയുടെ പേരിലാണ് പരാതി നൽകിയിരിക്കുന്നത്.

അടുത്ത ഫെബ്രുവരി ആറിനു ഈ പ്രശ്നം വീണ്ടും പരിഗണിക്കും. ഭയങ്കര രാഷ്ട്രീയ പ്രശ്നങ്ങളാണ് കേരളത്തിൽ. ബിസിനസ് നടത്താൻ പ്രയാസമാണ്. രാഷ്ട്രീയക്കാർക്ക് അവരുടെ കാര്യം നേടണം. എന്തെങ്കിലും പ്രശ്നം വന്നാൽ ഉള്ളി പൊളിച്ച മാതിരിയാകും ബിസിനസ്. എന്നെ പോലുള്ള ആളുകൾ വന്നു കഴിഞ്ഞാൽ ജെജിയെപ്പോലുള്ളവർക്ക് ബുദ്ധിമുട്ടാണ്. കോടികൾ മുടക്കിയുള്ള പ്രസ്ഥാനം വരുമ്പോൾ ആ പ്രസ്ഥാനം ഇല്ലാതാക്കാനാണ് നോക്കുന്നത്. എന്റെ നാട്ടിൽ വന്നു ജോലി ചെയ്ത് ജീവിക്കാനുള്ള ഒരു സംരംഭമാണ് ഞാൻ ഉണ്ടാക്കാൻ ശ്രമിച്ചത്. അതിനു ഇടങ്കോലിടുന്നത് കണ്ടു ഞാൻ തിരികെ ദുബായിൽ പോയി അവിടെ തന്നെ സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുകയാണ്. ഇവിടെ വന്നു ബിസിനസ് ചെയ്ത് ജീവിക്കാൻ അനുവദിക്കില്ല. സ്വന്തം കാര്യം നടക്കാൻ ആരെയും ഉപദ്രവിക്കാനുള്ള തീരുമാനമാണ് ഇവർ എടുത്തിരിക്കുന്നത്.

ഒരു വ്യവസായം മുന്നോട്ടു വരുമ്പോൾ വരുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണ്. എന്തുകൊണ്ട് വ്യവസായം കേരളത്തിൽ കൊണ്ടുവരാൻ ആരും മുന്നോട്ടു വരുന്നില്ല. ആരുകൊണ്ടു വന്നാലും പ്രശ്നമാണ്. എല്ലാവർക്കും പ്രശ്നം. ഇതാണ് കേരളത്തിൽ നടക്കുന്നത്. ഒരു ബിസിനസ് നടത്താനുള്ള സാഹചര്യം കേരളത്തിലില്ല. ഞാൻ എല്ലാ മാസവും കേരളത്തിൽ വരുകയാണ്. ഈ കൺവെൻഷൻ കാരണമുള്ള പ്രശ്നങ്ങളെ തുടർന്ന്. എന്തുമാത്രം ചെലവാണ് വരുന്നത്. ഇതിൽ നിന്നൊന്നും മുടക്കിയ മുതൽ പോലും ലഭിക്കാൻ പോകുന്നില്ല. നാട് നന്നാകട്ടെ എന്ന് കരുതും. പക്ഷെ നാട്ടുകാർക്ക് ഒന്നും വേണ്ട. കഴിഞ്ഞ ഒരു വർഷമായി ഇത് നല്ലരീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുമായിരുന്നെങ്കിൽ എത്ര തുക സർക്കാരിനു ലഭിച്ചേനെ. പക്ഷെ പ്രസ്ഥാനത്തെ വളരാൻ ഇവർ അനുവദിക്കില്ല. അതാണ് സംഭവിക്കുന്നത്-ഉമ്മൻ ഐപ്പ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP