Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യത്വം മരവിച്ച അവസ്ഥയിൽ ആണ് ഫാസിസം സാധ്യമാകുന്നത്' ഡോക്ടർ പി. കെ. പോക്കർ

മനുഷ്യത്വം മരവിച്ച അവസ്ഥയിൽ ആണ് ഫാസിസം സാധ്യമാകുന്നത്' ഡോക്ടർ പി. കെ. പോക്കർ

സ്വന്തം ലേഖകൻ

മനാമ : മനുഷ്യത്വം മരിച്ച അവസ്ഥയിൽ ആണ് ഒരു രാജ്യത്തു ഫാസിസം സാധ്യമാകുന്നത് എന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനും ആയ ഡോക്ടർ പി കെ പോക്കർ അഭിപ്രായപ്പെട്ടു. ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച യോഗത്തിൽ ' വർത്തമാന കാലത്തെ സാംസ്‌കാരിക പ്രവർത്തനം ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകം തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുകയാണ്.അതുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് തീവ്ര വംശീയത പറയുന്നത്. ഇന്നത്തെ ലോകം സാങ്കേതിക മുതലാളിത്വത്തിന്റെ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത് . ആധുനികാന്തരം രൂപാന്തരപ്പെട്ട മുതലാളിത്തം മുൻകാലത്തേതിൽ നിന്നും വ്യത്യസ്തം ആണ്. എന്നാൽ ട്രമ്പ് ഉദ്ദേശിക്കുന്നത് പോലത്തെ സമ്പൂർണ വലതുപക്ഷ വത്കരണം അമേരിക്കയിൽ പോലും നടപ്പിലാക്കുവാൻ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ട്രമ്പ് പോലും ഇപീച്ച്‌മെന്റ് നേരുടുകയാണ് .അതുപോലെ അധികാരത്തിൽ വന്ന ഒരു വലതുപക്ഷ സര്ക്കാര് ആണ് ഇന്ത്യയിലും ഉള്ളത്.

വോട്ടറും പൗരനും ആകണമെങ്കിൽ ടെസ്റ്റ് നടത്തേണ്ട അവസ്ഥയാണ് ഇന്ന് ഇന്ത്യയിൽ ഉള്ളത് .61 ശതമാനം ആൾക്കാരുടെ ജന്മം രേഖപ്പെടുത്താത്ത ഒരു രാജ്യത്താണ് പൗരത്വ രേഖ ആവശ്യപ്പെടുന്നത് .മുസ്ലിങ്ങൾ മാത്രം അല്ല ആദിവാസികളും , ചേരിനിവാസികളും എല്ലാം ഇത്തരം രേഖകൾ ഇല്ലാത്തവരിൽ പെടും . ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് എന്താണെന്ന് അറിയിക്കാൻ കോർപ്പറേറ്റു മാധ്യമങ്ങൾ തയ്യറാകുന്നില്ല . അതിനു സഹായം സമാന്തര മാധ്യമങ്ങൾ ആണ്. അതിനാൽ ആണ് ഇന്റർനെറ്റ് നിരോധിക്കുന്നതും നിയന്ത്രണം ഏർപ്പെടുത്തുന്നതും .ചിന്തിക്കുന്നവരെ ഭരണകൂടം വേട്ടയാടുക ആണ് .അതാണ് ജവാഹര്‌ലാല് സർവകലാശാലയിൽ കാണുന്നത് .അടിയന്തിരാവസ്ഥ പോലും ഒരു ഉത്തരവിൽ തുടങ്ങി മറ്റൊരു ഉത്തരവിൽ അവസാനിച്ചതാണ്. എന്നാൽ ഇന്ന് ആഴത്തിൽ വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിതയ്ക്കുക ആണ് . ഇത് പെട്ടന്ന് ഉണ്ടായത് അല്ല എന്നും ഇതിനെ പ്രതിരോധിക്കേണ്ടത് അടിത്തട്ടിൽ തന്നെ ആണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യൻ ഉണ്ടെങ്കിലേ സാംസ്‌കാരിക പ്രവർത്തനം സാധ്യമാകൂ .സാംസ്‌കാരിക പ്രവർത്തനം നടത്തുമ്പോൾ സാംസ്‌കാരിക അധീശത്വം ഏതെന്നു തിരിച്ചറിയണം .എങ്കിൽമാത്രമേ അതിനെ പ്രതിരോധിക്കുവാൻ കഴിയൂ. എല്ലാവര്ക്കും ഇഷ്ടപെട്ട ഭക്ഷണം കഴിക്കാവുന്ന ആധുനിക കാലത്തു ഭക്ഷണത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്ന അവസ്ഥയാണ് ഉള്ളത് .ഇവിടെ ആണ് മനുഷ്യത്വം മരിച്ച അവസ്ഥയിൽ ഫാസിസം എത്തിനിൽക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .പ്രശ്‌നം കണ്ടില്ല എന്ന് നടിക്കുമ്പോൾ അല്ല അതിൽ ഇടപെടുമ്പോൾ ആണ് മാനവികത സാധ്യമാകുന്നത് . ഇത് തിരിച്ചറിയുന്ന യുവജന വിദ്യാർത്ഥികളുടെ വലിയ മുന്നേറ്റം ആണ് ഉയർന്നു വരുന്നത് .ഏതു സംഭവവും രേഖപ്പെടുത്തുന്ന കാലത്തു സ്വാതന്ത്ര്യ സമരകാലത്തേക്കാൾ വലിയ ചെറുത് നിൽപ്പാണ് ഉണ്ടാകുന്നത് .സൗഹൃദത്തിന്റെ കാഴ്ചപ്പാട് ബോധപൂർവം ഉണ്ടാകണം.ഫാസിസത്തിന് എതിരെ ഫോക്കസ് ചെയ്യാത്ത ഒരു ഒരു സംകാരിക പ്രവർത്തനത്തിനും യാതൊരു പ്രസക്തിയും ഇല്ല എന്നും അദ്ദേഹം പറഞ്ഞു .ഇന്ത്യൻ മണ്ണിൽ കാലുറപ്പിച്ചു നിന്നു എല്ലാ മനുഷ്യനും ജീവിക്കാനും ഇവിടെ മരിക്കാനും ഉള്ള അവകാശം ഉണ്ട് എന്ന് പ്രഖ്യാപിക്കാൻ കഴിയണം. അതുകഴിഞ്ഞില്ല എങ്കിൽ എല്ലാ സാംസ്‌കാരിക പ്രവർത്തനവും നിരർത്ഥകം ആകും എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അവസ്ഥയിൽ ആധിപത്യം സ്ഥാപിക്കുന്ന പ്രത്യയശാസ്ത്രത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുക എന്നതാണ് വർത്തമാന കാലത്തെ സാംസ്‌കാരിക പ്രവർത്തനം എന്നും അദ്ദേഹം പറഞ്ഞു . പ്രതിഭ ആസ്ഥാനത്തു ചേർന്ന ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് കെ എം സതീഷ് അധ്യക്ഷം വഹിച്ചു .സെക്രെട്ടറി ലിവിൻ കുമാർ സ്വാഗതം പറഞ്ഞു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് അഭിവാദ്യ പ്രസംഗം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP