Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹൗസ് ബോട്ട് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ: യാത്രക്കാർ ഭയന്ന് നിലവിളിച്ചപ്പോഴും ജീവനക്കാർ ധൈര്യം കൈവിട്ടില്ല: കായലിലെ മൺതിട്ടയിൽ ബോട്ട് അടുപ്പിച്ചു ജീവനക്കാരൻ വെള്ളത്തിൽ ചാടി യാത്രക്കാരുടെ ഭയം അകറ്റി; അപകടത്തിൽപ്പെട്ട യാത്രക്കാർക്ക് തുണയായി പൊലീസും

ഹൗസ് ബോട്ട് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ: യാത്രക്കാർ ഭയന്ന് നിലവിളിച്ചപ്പോഴും ജീവനക്കാർ ധൈര്യം കൈവിട്ടില്ല: കായലിലെ മൺതിട്ടയിൽ ബോട്ട് അടുപ്പിച്ചു ജീവനക്കാരൻ വെള്ളത്തിൽ ചാടി യാത്രക്കാരുടെ ഭയം അകറ്റി; അപകടത്തിൽപ്പെട്ട യാത്രക്കാർക്ക് തുണയായി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പാതിരാണമണലിൻ സമീപം ഹൗസ് ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന 13 പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബോട്ട് ജീവനക്കാരുടെ അവസരോടചിതമായ ഇടപെടലാണ് കൂടുതൽ അത്യാഹിതം ഉണ്ടാവാതെ രക്ഷിച്ചതും. ഹൗസ് ബോട്ടിന്റെ സ്രാങ്ക് ഇടയാഴം സ്വദേശി സജിയുടെ അവസരോചിതമായ ഇടപെടലാണ് കുഞ്ഞുങ്ങൾ ഉൾപ്പടെ മുഴുവൻ പേരും രക്ഷപ്പെട്ടത്. നടുകായലിൽ ബോട്ടിന് തീ പിടിച്ചതോടെ .യാത്രക്കാർ ഭയന്നു വിറച്ചു. എന്നാൽ യാത്രക്കാരെ സുരക്ഷിതമായി രക്ഷിക്കുക മാത്രമായിരുന്നു സജിയുടെ മനസിലുണ്ടായിരുന്നത്.

ബോട്ടിന്റെ സ്രാങ്ക് കൂടിയായ സജി ബോട്ട് ചാലുകൾ കൂടാതെ കായലിന്റെ ആഴം കുറഞ്ഞ സ്ഥലങ്ങൾ എവിടെയെന്നും കൃത്യമായി അറിഞ്ഞതും രക്ഷാപ്രവർത്തനത്തിന് ഏറെ സഹായിച്ചു. അങ്ങനെയാണ് മൺതിട്ടയ്ക്കടുത്ത് ഹൗസ് ബോട്ട് അടുപ്പിച്ചത്. വെള്ളക്കൂടുതലുള്ള സ്ഥലമാണെന്ന് സംശയിച്ച് പരിഭ്രാന്തരായ യാത്രക്കാർ കായലിലേക്കു ചാടാൻ മടിച്ചുനിന്നെങ്കിലും ബോട്ടിലെ ജീവനക്കാരനായ കാർത്തികേയൻ ആദ്യം ചാടി കായലിന് ആഴം കുറവാണെന്ന് മനസ്സിലാക്കിക്കൊടുത്തു. തുടർന്നാണ് മറ്റുള്ളവരും കായലിലേക്കു ചാടിയത്.

മുഹമ്മയിൽ നിന്നു കുമരകത്തേക്ക് യാത്ര പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട് പാതിരാമണൽ ദ്വീപിനു സമീപം എത്തിച്ച് അപകടത്തിൽ പെട്ടവരെ കരയ്‌ക്കെത്തിക്കാൻ സഹായിച്ചത് ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരാണ്. ഹൗസ് ബോട്ട് തീ പിടിച്ചതറിഞ്ഞ് ബോട്ട് അങ്ങോട്ടേക്ക് അടുപ്പിക്കുകയായിരുന്നു. രക്ഷിക്കാനെത്തിയ സ്പീഡ് ബോട്ടും മുങ്ങി വെള്ളത്തിലായ യാത്രക്കാരെ ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ കയറ്റിയാണ് മുഹമ്മ ജെട്ടിയിലെത്തിച്ചത്. ജീവനക്കാരായ 3 പേരെ, ചെറു വള്ളങ്ങളിൽ എത്തിയവർ കായിപ്പുറം ജെട്ടിയിലെത്തിച്ചു. അപ്പോഴേക്കും ബോട്ട് ഏറെക്കുറെ പൂർണമായും കത്തിനശിച്ചു. യാത്രക്കാരെ പിന്നീട് പൊലീസ് വാഹനം വിളിച്ച് ആലപ്പുഴ ഗെസ്റ്റ് ഹൗസിലെത്തിച്ചു. ഇവരുടെ വാഹനങ്ങൾ കുമരകത്തെ റിസോർട്ടിൽ ഉണ്ടായിരുന്നത്.

ആലപ്പുഴയിലേക്ക് ആദ്യമല്ല മട്ടന്നൂർ സ്വദേശിയായ നിജാസ് എത്തുന്നത്. പക്ഷേ, ഇത്തവണത്തെ യാത്രയെക്കുറിച്ച് മരിച്ച് എഴുന്നേറ്റുള്ള വരവ് എന്നാണ് നിജാസ് പറയുന്നത്. രാത്രി യാത്രയുടെ ക്ഷീണമുണ്ടായിരുന്നതുകൊണ്ട് ചെറിയ മയക്കത്തിലായിരുന്നു. ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ അടുക്കളയുടെ സമീപത്തായിരുന്നു തീ. എന്ത് ചെയ്യണമെന്ന് ആദ്യം ഒരു രൂപവും ഉണ്ടായിരുന്നില്ല. എല്ലാവരെയും കൂട്ടി കോണിപ്പടിയുടെ സമീപത്തു ചെന്നു നിന്നു. സ്പീഡ് ബോട്ടാണ് ആദ്യം വന്നത്. കുറച്ചു പേർ കയറിയപ്പോൾ തന്നെ അതു മുങ്ങി. സ്ത്രീകളും കുട്ടികളുമടക്കം വെള്ളത്തിൽ. കരയോടു ചേർന്നായതു കൊണ്ട് ആഴം കുറവായിരുന്നു. പിന്നെ വേറൊരു ബോട്ട് വരുന്നതു വരെ ജീവൻ കയ്യിൽ പിടിച്ച് വെള്ളത്തിൽ നിൽക്കുകയായിരുന്നു.

സൗദിയിൽ ജോലി ചെയ്യുന്ന നിജാസ് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. നിജാസിന്റെ ഭാര്യ നൂർജഹാന്റെ സഹോദരൻ മുഹമ്മജ് ഫസലും ദുബായിലാണ് ജോലി ചെയ്യുന്നത്. നൂർജഹാന്റെ ബന്ധുക്കളായ റിഷാദ്, റാഷിദ് എന്നിവരാണ് സംഘത്തിലെ മറ്റു പുരുഷന്മാർ. സംഘത്തിൽ ഇവർ മാത്രമായിരുന്നു നീന്തൽ അറിയാവുന്നവർ. അപകടത്തിൽപ്പെട്ടവർക്ക് തുണയായി മുഹമ്മ പൊലീസും എത്തി. വസ്ത്രങ്ങളടങ്ങിയ ബാഗ്, മൊബൈൽ ഫോൺ, ഡ്രൈവിങ് ലൈസൻസ്, എടിഎം കാർഡ് ഉൾപ്പടെയുള്ളവ കത്തിനശിച്ചു. രക്ഷാപ്രവർത്തനം നടത്തിയ എസ്‌ഐ അജയ്‌മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ച ശേഷം വസ്ത്രങ്ങളും ഭക്ഷണങ്ങളും വാങ്ങി നൽകി. ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്‌നിശമനസേനയും എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് കായിപ്പുറം ജെട്ടിയിൽ നിന്നത്.

അതേസമയം, വേമ്പനാട് കായലിൽ തീപ്പിടിച്ച ഹൗസ് ബോട്ട് ആറുവർഷമായി പ്രവർത്തിച്ചത് ലൈസൻസില്ലാതെയെന്ന് കണ്ടെത്തൽ. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ആലപ്പുഴ ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പകുതിയിലേറെയും അനധികൃതമാണെന്ന റിപോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ അനധികൃത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാൻ ഉത്തരവ്. ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവ് ഇറക്കിയത്. ഹൗസ് ബോട്ടുകളുടെ നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആലപ്പുഴ ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പകുതിയിലേറെയും അനധികൃതമാണെന്നായിരുന്നു റിപ്പോർട്ട്. സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ബോട്ടുകളിലില്ല. ഹൗസ് ബോട്ടുകളിൽ വളരെ ചുരുക്കം എണ്ണത്തിനേ ലൈസൻസുള്ളൂ. സുരക്ഷാകാര്യങ്ങളിലടക്കം പരിശീലനം നേടിയ ജീവനക്കാർ മിക്ക ബോട്ടുകളിലുമില്ല. ബോട്ടുകൾ ഇൻഷുർ ചെയ്യണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. ലൈഫ് ജാക്കറ്റും ട്യൂബും മിക്ക ഹൗസ് ബോട്ടുകളിലുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP