Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വേമ്പനാട്ടുകായലിൽ തീപ്പിടിച്ച ഹൗസ് ബോട്ട് ആറുവർഷമായി പ്രവർത്തിച്ചത് ലൈസൻസില്ലാതെ: സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പകുതിയിലേറെയും അനധികൃതം; സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ബോട്ടുകളിലില്ല; ലൈസൻസ് ഉള്ളത് ചുരുക്കം ചില ബോട്ടുകൾക്ക് മാത്രം; അനധികൃത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്

വേമ്പനാട്ടുകായലിൽ തീപ്പിടിച്ച ഹൗസ് ബോട്ട് ആറുവർഷമായി പ്രവർത്തിച്ചത് ലൈസൻസില്ലാതെ: സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പകുതിയിലേറെയും അനധികൃതം; സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ബോട്ടുകളിലില്ല; ലൈസൻസ് ഉള്ളത് ചുരുക്കം ചില ബോട്ടുകൾക്ക് മാത്രം; അനധികൃത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പാതിരാമണൽ ദ്വീപിനു തെക്കുഭാഗത്ത് വേമ്പനാട് കായലിൽ തീപ്പിടിച്ച ഹൗസ് ബോട്ട് ആറുവർഷമായി പ്രവർത്തിച്ചത് ലൈസൻസില്ലാതെയെന്ന് കണ്ടെത്തൽ. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ബോട്ടിന്റെ യഥാർഥ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടുമില്ല. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ആലപ്പുഴ ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പകുതിയിലേറെയും അനധികൃതമാണെന്ന റിപോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ അനധികൃത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാൻ ഉത്തരവ്..

ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവ് ഇറക്കിയത്. ഹൗസ് ബോട്ടുകളുടെ നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്നലെ ഹൗസ് ബോട്ട് തീപിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അപകടത്തിൽ നിന്ന് കൈക്കുഞ്ഞുങ്ങളടക്കം 13 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.

ആലപ്പുഴ ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പകുതിയിലേറെയും അനധികൃതമാണെന്നായിരുന്നു റിപ്പോർട്ട്. സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ബോട്ടുകളിലില്ല. ഹൗസ് ബോട്ടുകളിൽ വളരെ ചുരുക്കം എണ്ണത്തിനേ ലൈസൻസുള്ളൂ. സുരക്ഷാകാര്യങ്ങളിലടക്കം പരിശീലനം നേടിയ ജീവനക്കാർ മിക്ക ബോട്ടുകളിലുമില്ല. ബോട്ടുകൾ ഇൻഷുർ ചെയ്യണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. ലൈഫ് ജാക്കറ്റും ട്യൂബും മിക്ക ഹൗസ് ബോട്ടുകളിലുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയാണ് കായലിന് നടുവിൽ വച്ച് ഹൗസ് ബോട്ടിന് തീപിടിച്ചത്. കണ്ണൂരിൽ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. തീപിടിത്തമുണ്ടായതോടെ കായലിൽ ചാടിയ യാത്രക്കാരെ ജലഗതാഗത വകുപ്പ് ജീവനക്കാരെത്തിയാണ് രക്ഷപ്പെടുത്തിയത്. കുമരകത്തുനിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ടാണ് അഗ്നിക്കിരയായത്. ബോട്ട് പൂർണമായി കത്തിനശിച്ചു. ഹൗസ്ബോട്ടിന്റെ അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നത്.

തീ പടർന്നതോടെ യാത്രക്കാർ കായലിലേക്ക് ചാടുകയായിരുന്നു. ഇവരിൽ ഒരാളുടെ കയ്യിൽ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. ആകെ മൂന്ന് കുട്ടികളാണ് യാത്രസംഘത്തോടൊപ്പമുണ്ടായിരുന്നത്. ബോട്ട് കത്തുന്നതുകണ്ട് കായിപ്പുറം ജെട്ടിയിൽ ടൂറിസ്റ്റുകളെ കാത്തു കിടന്നിരുന്ന ചെറുബോട്ടുകളും വള്ളങ്ങളും മുഹമ്മ കുമരകം ഫെറിയിൽ സർവീസ് നടത്തുന്ന ബോട്ടുകളും രക്ഷാപ്രവർത്തനത്തിനെത്തി. കായലിൽ അലമുറയിട്ടുകരയുകയായിരുന്ന യാത്രക്കാരെ ഈ ബോട്ടുകളിലാണ് മുഹമ്മ ബോട്ടുജെട്ടിയിലും കായിപ്പുറം ബോട്ടു ജെട്ടിയിലുമായെത്തിച്ചത്.

കണ്ണൂരിൽനിന്നു കായൽ കാഴ്ച കാണാനെത്തിയവരാണു ബോട്ടിലുണ്ടായിരുന്നത്. കണ്ണൂർ മട്ടന്നൂർ ഐഷാസ് വീട്ടിൽ ലത്തീഫിന്റെ മകൻ അഹമ്മദ് ഫസൽ (24), റിഷാദ് (32), താഹിറ (43), ആയിഷ (46), നിജാസ് (38), റഷീദ് (25), സാനിയ (20), നിഷുവാ (21), അൽഷിറ(23), നൂർജഹാൻ (28), കുട്ടികളായ ഇസാൻ (ആറ്), ഇസാക്ക് (മൂന്ന്), ഇസാം മറിയം (6 മാസം) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് വൈക്കം തലയാഴം സ്വദേശി സിജിയുടെ ഓഷിയാനോ ബോട്ടിൽ ഇവർ പാതിരാമണൽ ദ്വീപിലേക്കു നീങ്ങിയത്.

ഒന്നോടെ ദീപിന്റെ തെക്ക് ഭാഗത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. നാലുമുറിയുള്ള ബോട്ടിന്റെ ഒന്നാമത്തെ മുറിയുടെ ജനൽ ഭാഗത്താണ് അഗ്നിബാധയുണ്ടായതെന്നു ജീവനക്കാർ പറയുന്നു. പാചകവാതക ചോർച്ചയോ ഷോർട്ട് സർക്യൂട്ടോ ആവാം അപകടകാരണമെന്നു കരുതുന്നു. അഗ്നിബാധ അണയ്ക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് ബോട്ട് ദ്വീപിന്റെ തീരത്തേക്ക് ഓടിച്ചുകയറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP