Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭീതിയുടെ നിഴൽ വിരിച്ച് കൊറോണ വെെറസ്: രോഗലക്ഷണങ്ങളുമായി ചൈനയിൽ നിന്ന് എത്തിയ ഒരാൾ കളമശ്ശേരിയിൽ ചികിത്സയിൽ; ജാഗ്രതയുടെ ഭാഗമായാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതെന്ന് അധികൃതർ; വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ കേരളവും ജാഗ്രതയോടെയെന്ന് ആരോഗ്യ വകുപ്പ്; പ്രതിരോധം ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ചൈനയിൽ ഏഴ് നഗരങ്ങളിൽ രണ്ട് കോടിയിലധികം ആളുകൾക്ക് സമ്പർക്ക വിലക്ക്

ഭീതിയുടെ നിഴൽ വിരിച്ച് കൊറോണ വെെറസ്: രോഗലക്ഷണങ്ങളുമായി ചൈനയിൽ നിന്ന് എത്തിയ ഒരാൾ കളമശ്ശേരിയിൽ ചികിത്സയിൽ; ജാഗ്രതയുടെ ഭാഗമായാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതെന്ന് അധികൃതർ; വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ കേരളവും ജാഗ്രതയോടെയെന്ന് ആരോഗ്യ വകുപ്പ്; പ്രതിരോധം ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ചൈനയിൽ ഏഴ് നഗരങ്ങളിൽ രണ്ട് കോടിയിലധികം ആളുകൾക്ക് സമ്പർക്ക വിലക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : ചൈനയിൽ പടർന്നു പിടിച്ച കൊറോണ വൈറസ് ബാധ ഇന്ത്യയിൽ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് കേന്ദ്രം അറിയിക്കുമ്പോൾ. ഇതേസമയം, കൊറോണ വൈറസ് ബാധ സംശയിച്ച് യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിൽനിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കെത്തിയത്. കൊറോണ ബാധ സംശയിച്ച ഡോക്ടർമാർ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കേളേജിലേക്ക് മാറ്റുകയായിരുന്നു. പരിഭ്രാന്തി ആവശ്യമില്ലെന്നും, ജാഗ്രതയുടെ ഭാഗമായാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതരും അറിയിച്ചു. ഇദ്ദേഹത്തിന്റെ രക്തസാമ്പിൾ ഇന്ന് തന്നെ പുനെയിലെ ലാബിലേക്ക് അയക്കും..

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ചൈനയിൽനിന്നു തിരിച്ചെത്തിയ വിദ്യാർത്ഥിനി കോട്ടയത്തും നിരീക്ഷണത്തിലാണ്. ചൈനയിൽ പഠിക്കുന്ന കോട്ടയം ജില്ലക്കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയാണു നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസമാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. വിദ്യാർത്ഥിനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും മുൻകരുതലിന്റെ ഭാഗമായ നിരീക്ഷണമാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

ചൈനയിൽ പടർന്നുപിടിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയാൻ മുന്നൊരുക്കവുമായി ആരോഗ്യവകുപ്പ്. രക്തസാമ്പിളെടുത്ത് പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ചൈനയിൽനിന്നെത്തിയവരുടെ വിലാസം വിവിധ വിമാനത്താവളങ്ങളിൽനിന്നു കണ്ടെത്തിയാണ് ആരോഗ്യവകുപ്പ് പ്രതിരോധ നടപടിയെടുക്കുന്നത്. അതിനിടെ ചൈനയിലെ വൈറസ് പാമ്പിൽ നിന്നോ വവ്വാലിൽ നിന്നോ ആകാം രോഗം മനുഷ്യരിലേക്കു പകർന്നതെന്നു ഗവേഷകർ വ്യക്തമാക്കി.

വൈറസ് ചൈനയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കു വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന തീരുമാനം ലോകാരോഗ്യ സംഘടന നീട്ടിവച്ചിരിക്കുകയാണ്. ഇന്നു വീണ്ടും യോഗം ചേരുന്നുണ്ട്.അപൂർവമായി മാത്രമേ ഈ പ്രഖ്യാപനം നടത്താറുള്ളൂ. രോഗബാധയെ നേരിടാനുള്ള ചൈനയുടെ ശക്തമായ ഇടപെടലിൽ തൃപ്തി അറിയിച്ച ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനോം ഗെബ്രെയേസസ് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നും പറഞ്ഞു. ചൈനയിൽ 25 പേരാണ് ഇതു വരെ വൈറസ് ബാധിച്ചു മരിച്ചത്. 830ആളുകളിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. 2019-nCoV എന്ന കൊറോണ വൈറസാണ് ചൈനയിൽ പടർന്നുപിടിച്ചത്. ചൈനയിൽ നിന്ന് സമീപ രാജ്യങ്ങളിലേക്കും വൈറസ് പടർന്നു.

ചൈനയിൽനിന്നു 14 ദിവസത്തിനിടെ കേരളത്തിൽ എത്തിയവർ 28 ദിവസം ബാഹ്യസമ്പർക്കം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സൗദിയിൽ കൊറോണ വൈറസ് ബാധിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും 2 ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അസീറിലെ നാഷണൽ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. സൗദിയിൽ ഫിലിപ്പീൻസ് സ്വദേശിനിയെ ശുശ്രൂഷിച്ച ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയിൽ ഇല്ലെന്നു തെളിഞ്ഞു. മറ്റ് 100 മലയാളി നഴ്സുമാർക്കും രോഗമില്ലെന്ന് അധികൃതർ പറഞ്ഞു. അതിനിടെ ഇന്ത്യയിൽ ആശങ്ക നൽകുന്ന റിപ്പോർട്ടുകളില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ന്യൂഡൽഹിയിൽ വ്യക്തമാക്കി.

വൈറസിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന വുഹാൻ, സമീപനഗരമായ ഹോങ്കോങ് എന്നിവയാണ് അടച്ചത്. വിമാന, ട്രെയിൻ, റോഡ് ഗതാഗതം നിർത്തി. കടകളും ഓഫിസുകളും അടച്ചു. മൊത്തം 1.85 കോടി ജനങ്ങളാണ് ഈ നഗരങ്ങളിൽ പാർക്കുന്നത്. നഗരം വിട്ടു പോകരുതെന്ന് ഇവർക്കു നിർദ്ദേശം നൽകി. ഒരു കോടിയിലേറെ ജനസംഖ്യയുള്ള എജൗ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ അടച്ചു. വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ ഏഴ് നഗരങ്ങളിലായി രണ്ടുകോടിയോളം ആളുകൾക്ക് ചൈനീസ് അധികൃതർ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.

2002-2003 വർഷത്തിൽ ചൈനയിലും ഹോങ്കോങ്ങിലുമായി 650 പേരുടെ മരണത്തിന് കാരണമായ സാർസ് വൈറസിന് സമാനമായ കൊറോണ വൈറസിന്റെ വകഭേദമാണ് ഇപ്പോൾ രോഗം പരത്തുന്നത്. ജപ്പാൻ, ഹോങ്കോങ്, മക്കാവു, ദക്ഷിണ കൊറിയ, തായ്വാൻ, തായ്‌ലൻഡ്, അമേരിക്ക, സിങ്കപ്പുർ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന വൈറസ് ഇപ്പോൾ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന സ്ഥിതിയിലേക്കെത്തി. ഇതാണ് ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചത്.


കേരളത്തിൽ അതീവജാഗ്രത....

വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശങ്ങൾ (ഗൈഡ്ലൈൻ) പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ജനുവരി 18 മുതൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ യോഗങ്ങൾ കൂടിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി വരുന്നത്. ഇവയെല്ലാം കർശനമായി പാലിക്കാൻ എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ആശുപത്രികൾ സജ്ജമാക്കി.....

മെഡിക്കൽ കോളജുകളിലും ജില്ലയിലെ പ്രധാന ജനറൽ, അല്ലെങ്കിൽ ജില്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ തയാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാണ്ടതാണ്. മാസ്‌ക്, കൈയുറ, സുരക്ഷാ കവചങ്ങൾ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ കെഎംഎസ്സിഎൽനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ വൈറോളജി ലാബിലേക്ക് അയക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണ വൈറസ് രോഗലക്ഷണങ്ങൾ സംശയിച്ചാൽ ഉടൻ വെന്റിലേറ്ററും ഐസിയുവുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കണം. ഈ ആശുപത്രികളിൽ ജീവനക്കാർക്കു രോഗം പകരാതിരിക്കാനുള്ള മുൻകരുതൽ വേണം. കൊച്ചി, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്.

ചൈനയിൽ നിന്നുള്ള യാത്രക്കാരെ യു.എ.ഇ വിമാനത്താവളങ്ങളിൽ സ്‌ക്രീൻ ടെസ്റ്റിനു വിധേയമാക്കി തുടങ്ങി. നിരീക്ഷണം ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. അതേ സമയം രാജ്യത്തുകൊറോണ കേസുകൾ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാവിലെ മുതൽ ചൈനയിൽ നിന്നുള്ള യാത്രക്കാരെ സ്‌ക്രീൻ ടെസ്റ്റിനു വിധേയമാക്കിയത്. വൈകീട്ട് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്‌ക്രീൻ ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തി.

ഷാർജ ഉൾപ്പെടെ യു.എ.ഇയിലെ മറ്റു വിമാനത്താവളങ്ങളിലും ചൈനയിൽ നിന്നുള്ള യാത്രക്കാരെ സ്‌ക്രീൻ ടെസ്റ്റിന് ഉടൻ വിധേയമാക്കും എന്നാണ് സൂചന. ചൈനയിൽ നിന്ന് നേരിട്ട് യു.എ.ഇ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവരെ മാത്രമാണ് സ്‌ക്രീൻ ടെസ്റ്റിനു വിധേയമാക്കുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടി എന്ന നിലക്കാണ് വിമാനത്താവളങ്ങളിലെ പരിേശാധനാ സംവിധാനമെന്ന് അധികൃതർ വ്യക്തമാക്കി.

ചൈനയുടെ വിവിധ നഗരങ്ങളിൽ നിന്ന് നിത്യം ആയിരങ്ങളാണ് യു.എ.ഇ എയർപോർട്ടുകളിൽ വന്നിറങ്ങുന്നത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ചൈനയിൽ നിന്നു നേരിട്ടല്ലാതെയും രാജ്യത്തേക്കു കടക്കുന്ന യാത്രക്കാരുടെ പരിശോധന കർശനമാക്കും. കൊറോണ ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ മാറ്റിവെക്കണമെന്ന നിർദ്ദേശവും യു.എ.ഇ നൽകി. രാജ്യത്ത് ഇതുവരെ ഒറ്റ കൊറോണ കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP