Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങന്നൂരിൽ നിന്നും ഭരണിക്കാവിലേക്ക് ചീറിപാഞ്ഞെത്തിയ ബസ് മോട്ടോർ വാഹന ഉദ്യോഗസ്ഥൻ പരിശോധിച്ചപ്പോൾ ലൈസൻസ് കൈവശമില്ലെന്ന് ഡ്രൈവറുടെ മറുപടി; പേരും മേൽവിലാസവും ചോദിച്ച് സാരഥി ആപ്പ് വഴി തപ്പിയപ്പോൾ അറിഞ്ഞത് ഡ്രൈവർക്ക് ലൈസൻസില്ലെന്ന വിവരവും; രാജാധിരാജ ബസിലെ വില്ലാളിവീരൻ ഡ്രൈവർ ഷംസുദ്ധീനെ കയ്യോടെ പൊക്കിയത് എം വിഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം; വെഹിക്കിൾ ഇൻസ്‌പെക്ടർ വളയം പിടിച്ച് യാത്ര പുനരാരംഭിച്ചപ്പോൾ യാത്രക്കാർ ഹാപ്പി!

ആർ പീയൂഷ്

ആലപ്പുഴ: ലൈസൻസില്ലാതെ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്തു. ചെങ്ങന്നൂർ - ശാസ്താംകോട്ട റൂട്ടിലോടുന്ന രാജാധി രാജ എന്ന ബസ്സിലെ ഡ്രൈവർ ചുനക്കര അജീന മൻസിലിൽ ഷംസുദീനെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പിടികൂടിയത്.

കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നിന്നും ഭരണിക്കാവിലേക്ക് സർവ്വീസ് നടത്തുന്നതിനിടെയാണ് ബസ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. ഡ്രൈവറോട് ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ കയ്യിലില്ല എന്നായിരുന്നു മറുപടി. തുടർന്ന് ഇയാളുടെ പേരും അഡ്രസ്സും വച്ച് സാരഥി ആപ്പിലൂടെ പരിശോധിച്ചപ്പോൾ ലൈസൻസ് കാലാവധി കഴിഞ്ഞിട്ട് വർഷങ്ങളായി എന്ന്. ഇതോടെ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ബസ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ ഡ്രൈവിങ് സീറ്റിൽ കയറി യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്തു.

ആലപ്പുഴ മോട്ടാർ വാഹന വകുപ്പ് എൻഫോഴ്മെന്റ് സ്‌ക്വാഡ് എം വിഐ എസ് അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.എം വിഐമാരായ ശ്രീജി നമ്പൂതിരി,വിമൽ റാഫേൽ, ഡ്രൈവർ ബിജി മാത്യൂ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഏതാനം ദിവസം മുൻപ് മാവേലിക്കരയിൽ ബസിൽ നിന്നും യാത്രക്കാരൻ വീണു മരിച്ചതിന് ശേഷം സ്വകാര്യ ബസുകളിൽ പരിശോധന കർശ്ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ട് നടന്ന പരിശോധനയിലാണ് ഡ്രൈവറെ പിടികൂടാനായത്.

ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ഏതെങ്കിലും തരത്തിൽ വാഹനം അപകടത്തിൽപെട്ടാൽ ആ വാഹനത്തിലുള്ള ആർക്കും ഇൻഷുറൻസ് ലഭിക്കുകയില്ല. നഷ്ടപരിഹാരം വാഹന ഉടമയും ഡ്രൈവറും ചേർന്ന് നൽകേണ്ടി വരും. അത്തരം സാഹചര്യങ്ങൽ ഒഴിവാക്കാൻ എല്ലാ വാഹന ഉടമകളും പ്രത്യേകിച്ച് റൂട്ട് ബസുകളുടെ ഉടമകൾ ഡ്രൈവർമാരുടെ ലൈസൻസ് പരിശോധിച്ചതിന് ശേഷമേ സർവ്വീസ് നടത്താൻ അനുവദിക്കാവൂ എന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.അഭിലാഷ് പറഞ്ഞു.

മോട്ടോർ വാഹന വകുപ്പ് പുതുതായി നിരത്തിൽ ഇറക്കിയ ഇന്റർസെപ്റ്റർ വാഹനത്തിലായിരുന്നു സ്‌ക്വാഡ് അംഗങ്ങൾ പരിശോധനയ്ക്കായി ഇറങ്ങിയത്. എല്ലാ തരത്തിലുള്ള നിയമ ലംഘനങ്ങളും പുതിയ ഇന്റർസെപ്റ്ററിലുണ്ട്. പരിശോധനകളെല്ലാം അങ്ങനെ പുത്തൻ സാങ്കേതിക വിദ്യ ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ വാഹനം തടഞ്ഞു നിർത്തുന്ന പൊലീസുകാരൻ പരിചയക്കാരനാണെങ്കിലും ഒന്നും തുണയാകില്ല. കള്ളുകുടിയന്മാരുടെ കാര്യമാണ് കൂടുതൽ കഷ്ടത്തിലാകുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ഉള്ളിലെ കള്ളും ഈ വിരുതൻ കണ്ടുപിടിക്കും. വാഹനത്തിൽ നിന്നിറങ്ങിയില്ലെങ്കിലും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് ഊതിക്കാതെ തന്നെ മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടാനുള്ള സംവിധാനവുമായി പുതിയ ഇന്റർസെപ്റ്റർ നഗരത്തിലിറങ്ങിക്കഴിഞ്ഞു. ഇന്റർസെപ്റ്ററിലെ ആൽക്കോ മീറ്ററിന് വാഹനം ഓടിക്കുന്ന ആൾ മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനാവും.

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കഴിയുന്ന അഞ്ച് മെഗാ പിക്സൽ ക്യാമറയോട് കൂടിയ ആൽക്കോ മീറ്ററാണ് പുതിയ ഇന്റർസെപ്റ്ററിലെ പ്രധാന പ്രത്യേകത. വേഗത അളക്കുന്ന ലേസർ ബേസ്ഡ് സ്പീഡ് റഡാർ, ലൈറ്റ് ഡിം ചെയ്യാത്തവരെ പിടിക്കാൻ പ്രകാശത്തിന്റെ തീവ്രത അളക്കുന്ന ലക്സ്മീറ്റർ, ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്റ് മീറ്റർ, എയർഹോണുകാരെയും ആൾട്ടർ ചെയ്ത സൈലൻസർ വച്ച് ശബ്ദ മലിനീകരണമുണ്ടാക്കുന്നവരെയും പിടിക്കാൻ ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവൽ സംവിധാനം എന്നിവയും വാഹനത്തിലുണ്ട്.

മുമ്പ് നിയമലംഘനം നടത്തി പിഴയടയ്ക്കാതെയും, പൊലീസിന്റെ കണ്ണുവെട്ടിച്ചും നടക്കുന്ന വാഹനങ്ങൾ മുന്നിലെത്തിയാലും പെട്ടതുതന്നെ. വാഹനത്തിന്റെ നമ്പർ കണ്ടെത്താനുള്ള സംവിധാനമുണ്ട്. ഇന്റർസെപ്റ്റർ ആർ.ടി. ഓഫിസിലെ സെർവറുമായി ബന്ധപ്പെടുത്തിയതിനാൽ വാഹനം നിർത്തി പരിശോധിക്കാതെ തന്നെ ഇൻഷുറൻസ്, ഫിറ്റ്നസ്, പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി, തുടങ്ങിയവ കണ്ടെത്താനാവും. വേഗപരിശോധന മാത്രമാണ് നേരത്തെ ഇന്റർസെപ്റ്റർ വാഹനങ്ങളിൽ ചെയ്യാൻ സാധിച്ചിരുന്നത്. ഉപകരണങ്ങൾ അടക്കം ഒരു വാഹനത്തിന് ചെലവ് 25 ലക്ഷം രൂപയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP