Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കായലിൽ ഉണ്ടായേക്കാമായിരുന്ന ആ വലിയ ദുരന്തത്തിൽ നിന്നും രക്ഷകനായത് ജലഗതാഗത വകുപ്പിന്റെ എസ്.54 ബോട്ട്; പിഞ്ചുകുട്ടികളടക്കം 13 പേരുടെ ജീവന് തുണയായത് ഈ ബോട്ടിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ

കായലിൽ ഉണ്ടായേക്കാമായിരുന്ന ആ വലിയ ദുരന്തത്തിൽ നിന്നും രക്ഷകനായത് ജലഗതാഗത വകുപ്പിന്റെ എസ്.54 ബോട്ട്; പിഞ്ചുകുട്ടികളടക്കം 13 പേരുടെ ജീവന് തുണയായത് ഈ ബോട്ടിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ

സ്വന്തം ലേഖകൻ

മുഹമ്മ: മുഹമ്മ കായലിൽ ഉണ്ടായേക്കാമായിരുന്ന ആ വലിയ ദുരന്തത്തിൽ നിന്നും 13 പേരെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത് ജലഗതാഗത വകുപ്പിന്റെ എസ്.54 ബോട്ട്. ഒരു പക്ഷെ ഈ ബോട്ട് എത്തിയില്ലായിരുന്നെങ്കിൽ കുമരകം ബോട്ട് ദുരന്തം പോലെ മറ്റൊരു ജല ദുരന്തത്തിന് കൂടി മുഹമ്മ കായൽ സാക്ഷി ആയേനെ. മുഹമ്മയിൽ നിന്നും കുിമരകത്തേക്ക് യാത്രക്കാരുമായി പോയതായിരുന്നു എസ് 54 ബോട്ട്.

പാതിരാമണൽ ദ്വീപിന് സമീപം പുരവഞ്ചിയിൽനിന്ന് പുക ഉയരുന്നതു കണ്ടയുടനെ എസ്-54 യാത്രാ ബോട്ട് അങ്ങോട്ടേക്ക് കുതിച്ചു. ഊ ബോട്ട് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വിനോദസഞ്ചാരികളായ പിഞ്ചുകുട്ടികളടക്കം 13 പേരുടെ ജീവന് തുണയായത്. ബോട്ടുമാസ്റ്റർ കബീർ, സ്രാങ്ക് സി.എൻ.ഓമനക്കുട്ടൻ, ഡ്രൈവർ പി.എസ്. പ്രകാശൻ, ലാസ്‌കർമാരായ വി.ആർ.രതീഷ് കുമാർ, ആർ.ആർ. ജിനേഷ് എന്നിവരുടെ സമയോചിത ഇടപെടലാണ് മറ്റൊരു ദുരന്തം ഒഴിവാക്കിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.18 ഓടെയാണ് മുഹമ്മ ജെട്ടിയിൽനിന്ന് കുമരകത്തേക്ക് യാത്രക്കാരുമായി എസ്-54 ബോട്ട് യാത്രപുറപ്പെട്ടത്. 15 മിനിട്ട് കഴിഞ്ഞപ്പോഴാണ് പാതിരാമണൽ ദ്വീപിന് സമീപത്ത് പുരവഞ്ചയിൽനിന്ന് പുക ഉയരുന്നതാണ്് ബോട്ടുജീവനക്കാർ കണ്ടത്. തീപിടിത്തമാണെന്ന് മനസ്സലായതോടെ ബോട്ടിന്റെ ഗതി അങ്ങോട്ടേക്ക് തിരിച്ചു വിട്ടു. അവിടെ എത്തിയപ്പോൾ ആളിക്കത്തുന്ന പുരവഞ്ചിയിൽനിന്ന് ഒരാൾ പിഞ്ചുകുഞ്ഞിനെയും ഉയർത്തിപ്പിടിച്ച് കായലിലേക്ക് ചാടുന്നതാണ് കണ്ടത്. ഉടൻതന്നെ ആ കുട്ടിയെ ബോട്ടിലേക്ക് വലിച്ചുകയറ്റി. പിന്നാലെ മറ്റു രണ്ടുകുട്ടികളെയും അവരുടെ അമ്മമാരെയും കയറ്റി.

മറ്റുള്ളവർ സുരക്ഷിതമാണെന്ന് കണ്ടതോടെ രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെയും അമ്മമാരെയും ആശുപത്രിയിലെത്തിക്കാനായി ബോട്ട് മുഹമ്മയിലേക്കുതന്നെ തിരിച്ചുപോന്നു. കുമരകത്തേക്ക് പോകേണ്ട യാത്രക്കാരും ക്ഷമയോടെ കാത്തിരുന്ന് ബോട്ടുജീവനക്കാർക്ക് പിന്തുണയേകി. അല്ലെങ്കിൽ 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടുദുരന്തം പോലൊന്ന് ആവർത്തിച്ചേനേ. നന്ദി പറയണം... ജലഗതാഗതവകുപ്പിലെ ഈ ജീവനക്കാരോട്.

എസ്-54 ബോട്ടിലെ സ്രാങ്ക് ഓമനക്കുട്ടൻ ഇത് മൂന്നാം തവണയാണ് രക്ഷകനാകുന്നത്. മുഹമ്മയിൽ ബോട്ട് അടുക്കുമ്പോൾ ഇറങ്ങിയ വൈദ്യുതിവകുപ്പ് ജീവനക്കാരനെ കായലിലേക്ക് എടുത്തുചാടി രക്ഷിച്ചായിരുന്നു തുടക്കം. കായലിൽച്ചാടി ആത്മഹത്യ ചെയ്യാനെത്തിയ ആളെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയായിരുന്നു രണ്ടാമത്തെ രക്ഷാപ്രവർത്തനം.

ആറുമാസം പ്രായമുള്ള കുഞ്ഞടക്കം 13 പേരെ രക്ഷിച്ചതിൽ പങ്കാളിയായതാണ് മൂന്നാമത്തെ രക്ഷാദൗത്യം. ഒരുതവണ മാത്രമാണ് ഓമനക്കുട്ടന് പിഴച്ചത്. പ്രളയസമയത്ത് മുങ്ങിത്താഴ്ന്നയാളെ രക്ഷിക്കാനായില്ലെന്നത് മാത്രമാണ് സങ്കടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP