Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയിൽ അസുഖമുണ്ടായത് പാമ്പിനേയും എലിയേയും പല്ലിയേയും കഴിക്കുന്നവരിൽ; രോഗം സ്ഥിരീകരിച്ചവർ മീനും കോഴിയും പാമ്പും വവ്വാലും വിൽക്കുന്ന വുഹാനിലെ മൊത്തക്കച്ചവട ചന്തയിലെത്തിയവർ; സൗദിയിലെ മലയാളി നേഴ്‌സ് അപകട നില തരണം ചെയ്തു; ചൈനയിൽ നിന്ന് തൃശൂരിൽ എത്തിയ ഏഴു പേരിൽ ഒരാൾ ഐസുലേഷനിൽ; കൊറോണ വൈറസിനെ പേടിക്കേണ്ടതില്ലെന്ന് വിലയിരുത്തി കേന്ദ്ര സർക്കാർ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥയിൽ തീരുമാനം എടുക്കാതെ ലോകാരോഗ്യ സംഘടന

ചൈനയിൽ അസുഖമുണ്ടായത് പാമ്പിനേയും എലിയേയും പല്ലിയേയും കഴിക്കുന്നവരിൽ; രോഗം സ്ഥിരീകരിച്ചവർ മീനും കോഴിയും പാമ്പും വവ്വാലും വിൽക്കുന്ന വുഹാനിലെ മൊത്തക്കച്ചവട ചന്തയിലെത്തിയവർ; സൗദിയിലെ മലയാളി നേഴ്‌സ് അപകട നില തരണം ചെയ്തു; ചൈനയിൽ നിന്ന് തൃശൂരിൽ എത്തിയ ഏഴു പേരിൽ ഒരാൾ ഐസുലേഷനിൽ; കൊറോണ വൈറസിനെ പേടിക്കേണ്ടതില്ലെന്ന് വിലയിരുത്തി കേന്ദ്ര സർക്കാർ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥയിൽ തീരുമാനം എടുക്കാതെ ലോകാരോഗ്യ സംഘടന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയിൽ പടർന്നു പിടിച്ച കൊറോണ വൈറസ് ബാധ ഇന്ത്യയിൽ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് കേന്ദ്രം. ഇതേസമയം, ചൈനയിൽ നിന്നു തൃശൂരിൽ എത്തിയ 7 മലയാളികൾ കരുതൽ നിരീക്ഷണത്തിലാണ്. ഇവരിലൊരാൾ പനി ബാധിച്ച് ഐസലേഷൻ വാർഡിലാണ്. ചൈനയിൽ പടർന്നുപിടിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയാൻ മുന്നൊരുക്കവുമായി ആരോഗ്യവകുപ്പ്. രക്തസാമ്പിളെടുത്ത് പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ചൈനയിൽനിന്നെത്തിയവരുടെ വിലാസം വിവിധ വിമാനത്താവളങ്ങളിൽനിന്നു കണ്ടെത്തിയാണ് ആരോഗ്യവകുപ്പ് പ്രതിരോധ നടപടിയെടുക്കുന്നത്. അതിനിടെ ചൈനയിലെ വൈറസ് പാമ്പിൽ നിന്നോ വവ്വാലിൽ നിന്നോ ആകാം രോഗം മനുഷ്യരിലേക്കു പകർന്നതെന്നു ഗവേഷകർ വ്യക്തമാക്കി. പാമ്പിനെയാണ് പ്രധാനമായും സംശയിക്കുന്നത്.

വൈറസ് ചൈനയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കു വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന തീരുമാനം ലോകാരോഗ്യ സംഘടന നീട്ടിവച്ചിരിക്കുകയാണ്. ഇന്നു വീണ്ടും യോഗം ചേരുന്നുണ്ട്.അപൂർവമായി മാത്രമേ ഈ പ്രഖ്യാപനം നടത്താറുള്ളൂ. രോഗബാധയെ നേരിടാനുള്ള ചൈനയുടെ ശക്തമായ ഇടപെടലിൽ തൃപ്തി അറിയിച്ച ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനോം ഗെബ്രെയേസസ് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നും പറഞ്ഞു. ചൈനയിൽ 17 പേരാണ് ഇതു വരെ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ചു മരിച്ചത്. മരിച്ചവർ 48 - 89 പ്രായപരിധിയിലുള്ളവരും മറ്റു രോഗങ്ങൾ മുൻപേയുള്ളവരുമാണെന്നാണ് ചൈനീസ് ആരോഗ്യവകുപ്പ് അറിയിച്ചത്.

ചൈനയിൽനിന്നു 14 ദിവസത്തിനിടെ കേരളത്തിൽ എത്തിയവർ 28 ദിവസം ബാഹ്യസമ്പർക്കം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സൗദിയിൽ കൊറോണ വൈറസ് ബാധിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്‌സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും 2 ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അസീറിലെ നാഷണൽ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. സൗദിയിൽ ഫിലിപ്പീൻസ് സ്വദേശിനിയെ ശുശ്രൂഷിച്ച ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്‌സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയിൽ ഇല്ലെന്നു തെളിഞ്ഞു. മറ്റ് 100 മലയാളി നഴ്‌സുമാർക്കും രോഗമില്ല.

സൗദിയിൽ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിലെ കൊറോണ വൈറസല്ലെന്ന് കണ്ടെത്തി. 2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിനു സമാനമായ കൊറോണ വൈറസാണ് കണ്ടെത്തിയിരിക്കുന്നത്. മലയാളി യുവതിയെ ബാധിച്ചത് മെർസ് കൊറോണ വൈറസാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണമായത്. അതിനിടെ ഇന്ത്യയിൽ ആശങ്ക നൽകുന്ന റിപ്പോർട്ടുകളില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ന്യൂഡൽഹിയിൽ വ്യക്തമാക്കി. കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളിൽ, ഇതുവരെ 60 വിമാനങ്ങളിലായെത്തിയ പതിമൂവായിരത്തോളം പേരെ പരിശോധിച്ചു.

വൈറസിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന വുഹാൻ, സമീപനഗരമായ ഹോങ്കോങ് എന്നിവയാണ് അടച്ചത്. വിമാന, ട്രെയിൻ, റോഡ് ഗതാഗതം നിർത്തി. കടകളും ഓഫിസുകളും അടച്ചു. മൊത്തം 1.85 കോടി ജനങ്ങളാണ് ഈ നഗരങ്ങളിൽ പാർക്കുന്നത്. നഗരം വിട്ടു പോകരുതെന്ന് ഇവർക്കു നിർദ്ദേശം നൽകി. ഒരു കോടിയിലേറെ ജനസംഖ്യയുള്ള എജൗ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ അടച്ചു. വൈറസ് ഭീതിമൂലം ബോക്‌സിങ്, വനിതാ ഫുട്‌ബോൾ എന്നിവയുടെ ഒളിംപിക് യോഗ്യതാ മത്സരങ്ങൾ വുഹാനിൽ നിന്നു മാറ്റി. ബോക്‌സിങ് യോഗ്യതാ മത്സരങ്ങൾ ആവശ്യമെങ്കിൽ ഇന്ത്യയിൽ നടത്താമെന്നു ബോക്‌സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.

സംശയം പാമ്പിനെ

ചൈനയിലെ കൊറോണ വൈറസിന്റെ ഉറവിടം പാമ്പിൽനിന്നാകാമെന്ന് പഠനം. പീക്കിങ് സർവകലാശാലയിലെ ആരോഗ്യശാസ്ത്രവിഭാഗം ഗവേഷകരാണ് പഠനം നടത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ചവർ സമുദ്രോത്പന്നങ്ങൾ, കോഴി, പാമ്പ്, വവ്വാൽ, മറ്റുമൃഗങ്ങൾ എന്നിവയെ വിൽക്കുന്ന വുഹാനിലെ മൊത്തക്കച്ചവട ചന്തയിലെത്തിയിരുന്നുവെന്ന് വ്യക്തമായതായി 'ജേണൽ ഓഫ് മെഡിക്കൽ വൈറോളജി'യിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നു.

'2019 നോവൽ കൊറോണ' വൈറസെന്ന് ലോകാരോഗ്യസംഘടന പേരിട്ട വൈറസിന്റെ വിശദമായ ജനിതകപരിശോധനയിലാണ് കണ്ടെത്തൽ. ''വിവിധയിടങ്ങളിലുണ്ടായ കൊറോണ വൈറസ് ബാധയും അതിന്റെ ഉറവിടങ്ങളുമായി താരതമ്യംചെയ്തുനടത്തിയ പഠനത്തിൽ, വവ്വാലുകളിലും മറ്റൊരു അജ്ഞാത ഉറവിടത്തിലും കാണപ്പെടുന്ന കൊറോണ വൈറസിന്റെ സങ്കലനമാണ് പുതിയ വൈറസിന്റെ കേന്ദ്രമെന്ന് കണ്ടെത്തി. പിന്നീടുനടത്തിയ വിശദഗവേഷണത്തിലാണ് വൈറസിന്റെ ഉറവിടം പാമ്പുകളാകാമെന്ന് തിരിച്ചറിഞ്ഞത്'' -ഗവേഷകർ പറഞ്ഞു. ചൈനീസ് ക്രയ്റ്റ്, ചൈനീസ് കോബ്ര എന്നീ പാമ്പുകളാകാം വൈറസിന്റെ യഥാർഥകേന്ദ്രമെന്നും പഠനം പറയുന്നു. പാമ്പ്, എലി, പല്ലി തുടങ്ങിയവയെയെല്ലാം ചൈനക്കാർ ആഹാരമാക്കാറുണ്ട്.

കേരളത്തിൽ അതീവ ജാഗ്രത

കൊറോണ വൈറസ് രോഗലക്ഷണങ്ങൾ സംശയിച്ചാൽ ഉടൻ വെന്റിലേറ്ററും ഐസിയുവുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കണം. ഈ ആശുപത്രികളിൽ ജീവനക്കാർക്കു രോഗം പകരാതിരിക്കാനുള്ള മുൻകരുതൽ വേണം. കൊച്ചി, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്.

ചൈനയിൽ നിന്നുള്ള യാത്രക്കാരെ യു.എ.ഇ വിമാനത്താവളങ്ങളിൽ സ്‌ക്രീൻ ടെസ്റ്റിനു വിധേയമാക്കി തുടങ്ങി. നിരീക്ഷണം ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. അതേ സമയം രാജ്യത്തുകൊറോണ കേസുകൾ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാവിലെ മുതൽ ചൈനയിൽ നിന്നുള്ള യാത്രക്കാരെ സ്‌ക്രീൻ ടെസ്റ്റിനു വിധേയമാക്കിയത്. വൈകീട്ട് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്‌ക്രീൻ ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തി. ഷാർജ ഉൾപ്പെടെ യു.എ.ഇയിലെ മറ്റു വിമാനത്താവളങ്ങളിലും ചൈനയിൽ നിന്നുള്ള യാത്രക്കാരെ സ്‌ക്രീൻ ടെസ്റ്റിന് ഉടൻ വിധേയമാക്കും എന്നാണ് സൂചന. ചൈനയിൽ നിന്ന് നേരിട്ട് യു.എ.ഇ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവരെ മാത്രമാണ് സ്‌ക്രീൻ ടെസ്റ്റിനു വിധേയമാക്കുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടി എന്ന നിലക്കാണ് വിമാനത്താവളങ്ങളിലെ പരിേശാധനാ സംവിധാനമെന്ന് അധികൃതർ വ്യക്തമാക്കി.

ചൈനയുടെ വിവിധ നഗരങ്ങളിൽ നിന്ന് നിത്യം ആയിരങ്ങളാണ് യു.എ.ഇ എയർപോർട്ടുകളിൽ വന്നിറങ്ങുന്നത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ചൈനയിൽ നിന്നു നേരിട്ടല്ലാതെയും രാജ്യത്തേക്കു കടക്കുന്ന യാത്രക്കാരുടെ പരിശോധന കർശനമാക്കും. കൊറോണ ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ മാറ്റിവെക്കണമെന്ന നിർദ്ദേശവും യു.എ.ഇ നൽകി. രാജ്യത്ത് ഇതുവരെ ഒറ്റ കൊറോണ കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.

ചൈനയിലേക്ക് യാത്രയ്ക്ക് പദ്ധതിയിടുന്നവർ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും അധികൃതർ പുറത്തുവിട്ടു. ജീവനുള്ളതോ ചത്തതോ ആയ മൃഗങ്ങളിൽനിന്ന് ഈ വൈറസ് പകരാം. പൂർണമായും പാകം ചെയ്യാത്ത ഇറച്ചികളിൽനിന്നും വൈറസ് ബാധയുണ്ടാവാനുള്ള സാധ്യതയുണ്ട്. ശ്വസനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കാണിക്കുന്നവരുമായി അടുത്ത ബന്ധം പുലർത്താതിരിക്കണം. സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം. വെള്ളമോ സോപ്പോ ലഭ്യമല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കണം.

ജലദോഷം, തുമ്മൽ എന്നിവയുള്ളപ്പോൾ ടവ്വൽ ഉപയോഗിക്കണം. ഏതെങ്കിലും തരത്തിലുള്ള അസുഖലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP