Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങൾ അവിടെ ചെല്ലുമ്പോൾ സീൻ കോൺട്രാ ആണ്; ജ്യൂസ് ഷോപ്പിലെ ഗ്ലാസ് പാത്രങ്ങൾ ഒരാൾ എറിഞ്ഞുപൊട്ടിക്കുമ്പോൾ പോർവിളിയുമായി കൂടെ രണ്ടുപേരും; പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ബ്ലസി കത്തി തറയിൽ കുത്തി ഒടിച്ച് തെറിയഭിഷകം തുടങ്ങിയത്; ഉടൻ അൽത്താഫ് മറ്റൊരു കത്തി എന്റെ കഴുത്തിൽ വച്ച് പൂളിക്കളയും എന്ന് ഭീഷണി മുഴക്കി; മറൈൻ ഡ്രൈവിൽ യുവാക്കൾ അതിക്രമം കാട്ടിയിട്ടും പൊലീസ് മാറി നിന്നതിന് കാരണം വിശദീകരിക്കുന്നു എഎസ്‌ഐ സുധീർ

ഞങ്ങൾ അവിടെ ചെല്ലുമ്പോൾ സീൻ കോൺട്രാ ആണ്; ജ്യൂസ് ഷോപ്പിലെ ഗ്ലാസ് പാത്രങ്ങൾ ഒരാൾ എറിഞ്ഞുപൊട്ടിക്കുമ്പോൾ പോർവിളിയുമായി കൂടെ രണ്ടുപേരും; പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ബ്ലസി കത്തി തറയിൽ കുത്തി ഒടിച്ച് തെറിയഭിഷകം തുടങ്ങിയത്; ഉടൻ അൽത്താഫ് മറ്റൊരു കത്തി എന്റെ കഴുത്തിൽ വച്ച് പൂളിക്കളയും എന്ന് ഭീഷണി മുഴക്കി; മറൈൻ ഡ്രൈവിൽ യുവാക്കൾ അതിക്രമം കാട്ടിയിട്ടും പൊലീസ് മാറി നിന്നതിന് കാരണം വിശദീകരിക്കുന്നു എഎസ്‌ഐ സുധീർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലഹരി ഉപയോഗിച്ച് അക്രമം നടത്തിയ യുവാവ് തന്റെ കഴുത്തിൽ കത്തി വച്ച് പൂളിക്കളയും..... മോനെ എന്ന് പറഞ്ഞതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല സെൻട്രൽ സ്റ്റേഷനിലെ എഎസ്ഐ സുധീറിന്. ഇത്രും അതിക്രമങ്ങൾ കാണിച്ചിട്ടും എന്താണ് ഒന്നും പ്രതികരിക്കാതെ പൊലീസ് മാറി നിന്നത് എന്ന് പലരും സോഷ്യൽ മീഡിയ വഴി ചോദിക്കുന്നുണ്ടായിരുന്നു. അതിനുള്ള മറുപടി സുധീർ പറയുന്നു.

'ഇന്നലെ സിആർവി-4 (കണ്ട്രോൾ റൂം വെഹിക്കിൾ) ഡ്യൂട്ടിയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷം പത്മാ ജംഗ്ഷനിൽ പട്രോളിങ് നടത്തുമ്പോഴാണ് ഒരു കോൾ വരുന്നത്. മറൈൻഡ്രൈവ് വാക്ക്വേയിൽ സംഘർഷം നടക്കുന്നു എന്ന്. ഉടൻ വാഹനം അവിടേക്ക് തിരിച്ചു. അവിടെ എത്തിയപ്പോൾ ഒരു ജ്യൂസ് ഷോപ്പിലെ ഗ്ലാസ് പാത്രങ്ങൾ ഒക്കെ വലിച്ചെറിഞ്ഞു പൊട്ടിക്കുകയാണ് ഒരാൾ. കൂടെ രണ്ടു പേർ പോർവിളിയുമായി നിൽക്കുന്നു. എന്റെ രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോഴേക്കും ഒരു അസഭ്യ വാക്ക് പറഞ്ഞു കൊണ്ട് അൽത്താഫ് സ്വയം മതിലിൽ തല ഇടിച്ച് പൊട്ടിക്കുന്നു. പിന്തിരിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുമ്പോഴാണ് കത്തിയുമായി ബ്ലസി എത്തുന്നത്. കത്തി തറയിൽ കുത്തി ഒടിച്ചിട്ട് കേട്ടാൽ അറയ്ക്കുന്ന വാക്കുകളാണ് പറഞ്ഞത്. പിന്നീട് അൽത്താഫ് മറ്റൊരു കത്തിയുമായെത്തിയാണ് എന്റെ കഴുത്തിൽ വച്ചിട്ട് പൂളിക്കളയും എന്ന് പറഞ്ഞത്. ഫോഴ്സ് കുറവായതിനാലും ലഹരി ഉപയോഗിച്ച് സ്വബോധം നഷ്ട്പ്പെട്ടവരായതിനാലും ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ബോധമില്ലാത്ത അവർ എന്താണ് ചെയ്യുന്നത് എന്ന് പോലും അറിയില്ല. അതോടെ ഞങ്ങൾ ഇവരുടെ പേരുവിവരങ്ങൾ കുറിച്ചെടുത്ത് സെൻട്രൽ സ്റ്റേഷനിൽ എസ്.എച്ച്.ഒയ്്ക്ക് കൈമാറി.'

പൊലീസ് തന്നെ പകർത്തിയ വീഡിയോ ദൃശ്യം സിഐ പരിശോധിക്കുകയും വേഗം തന്നെ കൂടുതൽ ഫോഴ്സുമായെത്തി അക്രമികളെ പിടികൂടുകയുമായിരുന്നു. വളരെ സാഹസികമായിട്ടാണ് പ്രതികളെ പിടികൂടിയത്. അക്രമികളുടെ കയ്യിലുണ്ടായിരുന്ന കത്തി ബലമായി പിടിച്ചു വാങ്ങിയ ശേഷം കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസ് വീണ്ടും എത്തുമ്പോഴും അക്രമം നടത്തികൊണ്ടിരിക്കുകയായിരുന്നു പ്രതികൾ. ഒരു മണിയോടെ എത്തിയ പ്രതികൾ വാക്ക്വേയിൽ അക്രമം അഴിച്ചു വിടുകയായിരുന്നു. കടയുടമയോടാണ് ആദ്യം വാക്കേറ്റമുണ്ടായത്. പിന്നീട് പൊലീസെത്തിയപ്പോൾ അവരോടായി. ഏകദേശം മൂന്ന് മണിയോടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി സ്വദേശി അൽത്താഫ്, കത്തൃക്കടവ് സ്വദേശി ബ്ലെയ്‌സി, മുളവുകാട് സ്വദേശി വിശാൽ എന്നിവരെയാണു സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ലഹരി ഉപയോഗിച്ച് അക്രമം നടത്തുന്നവരെ നേരിടാൻ പൊലീസിന് പ്രത്യേക പരിശീലനം നൽകണമെന്നും ഇതിനോടകം ആവശ്യമുയർന്നിട്ടുണ്ട്. പൊലീസുകാരുടെ മാനസിക നില തകർക്കും വിധമുള്ള ഭീഷണികൾ പല ഉദ്യോഗസ്ഥർക്കും ഡ്യൂട്ടി ചെയ്യാൻ തടസമാകുന്നുണ്ട്. മിക്കവരും വരുവരായ്കകൾ ഓർത്ത് പിന്നോട്ട് മാറുകയാണ്. പൊലീസിന്റെ മനോവീര്യം തകർക്കുന്ന സംഭവങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളതിന് പ്രത്യേക പരിശീലനം നൽകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ഹൈക്കോടതിക്ക് സമീപം നടന്ന അക്രമത്തിൽ ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. പൊലീസുകാരോട് പോലും ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ സാധാരണക്കാർ എങ്ങനെ ഇവിടെ ഇറങ്ങി നടക്കും എന്ന ചോദ്യമാണ് അവർ ചോദിക്കുന്നത്. അതേ സമയം കൊച്ചിയിൽ വ്യാപകമായി കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കൂടി വരികയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ലഹരിമരുന്നിന് ജില്ലയിൽ ആവശ്യക്കാർ ഏറി വരുന്നതായി എക്സൈസ് വകുപ്പ് പറയുന്നു. ന്യൂജനറേഷൻ ഐറ്റമായ എംഡിഎംഎ വരെ (മെതലിൻ ഡയോക്സി മെതാംഫിറ്റമിൻ) ഇപ്പോൾ സുലഭമായെന്നതാണ് എക്സൈസ് വിഭാഗത്തെ ആശങ്കപ്പെടുത്തുന്നത്.

അടുത്തിടെ സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുന്ന കടയിൽ സൂപ്പർമാർക്കറ്റുകളെ വെല്ലുന്ന തിരക്കനുഭവപ്പെടുന്നതിനു കാരണം അന്വേഷിച്ച എക്സൈസ് സംഘം കണ്ടെത്തിയത് ലഹരി ഉപയോഗത്തിന്റെ ന്യൂജനറേഷൻ രീതിയായിരുന്നു. സൈക്കിൾ ട്യൂബ് പഞ്ചർ ഒട്ടിക്കുന്ന കടയിൽ വിദ്യാർത്ഥികളുടെ തിരക്ക് കൂടുന്നതു കണ്ടു നാട്ടുകാരാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. സൈക്കിൾ ഇല്ലാതെ പലരും കടയിൽ എത്തുന്നതു കണ്ടതോടെ ഐസ്‌ക്രീമിന്റെയോ മറ്റോ വിൽപന നടക്കുന്നുണ്ടെന്നു കരുതി. പക്ഷേ, ആ ധാരണ തെറ്റായിരുന്നു. പഞ്ചർ ഒട്ടിക്കാൻ ഉപയോഗിക്കുന്ന 35 രൂപ വിലയുള്ള പശ തേടിയായിരുന്നു കുട്ടികളുടെ വരവ്. രൂക്ഷ ഗന്ധത്തോടു കൂടിയുള്ള ഈ പശ പ്ലാസ്റ്റിക് കവറിലാക്കി തലമൂടി ആഞ്ഞുവലിച്ചാൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിന്റെ ഫലം കിട്ടുമത്രെ. വിലക്കുറവും എളുപ്പത്തിൽ ലഭിക്കുമെന്നതും ആണ് വിദ്യാർത്ഥികളെ ഇതിലേക്ക് ആകർഷിച്ചത്. വിവരം അറിഞ്ഞതോടെ പഞ്ചർ പശയുടെ മൊത്ത വിതരണക്കാരൻ സാധനത്തിന്റെ വിൽപന തന്നെ നിർത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP