Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർക്കിൻസൺസ് രോഗത്തിന്റെ ജനിതക ഘടകം കണ്ടെത്താൻ ജിനോം വൈഡ് അസോസിയേഷൻ ഗവേഷണത്തിന് 16 കോടി രൂപയുടെ യുഎസ് ധനസഹായം കിട്ടിയത് 2015-2016ൽ; അടുത്ത വർഷത്തെ വാർഷിക റിപ്പോർട്ടിലും ഗവേഷണത്തെ കുറിച്ച് പരമാർശങ്ങൾ; ഈ നേട്ടം വാർത്തയായത് 2020 ജനുവരി 23നും; കുർക്കുമിൻ വിവാദത്തിന് പിന്നാലെ വർഷങ്ങൾക്ക് മുമ്പുള്ള നേട്ടവും വാർത്തയാക്കി ശ്രീചിത്ര; തിരുവനന്തപുരത്തെ ഗവേഷണ സ്ഥാപനത്തിൽ നടക്കുന്നതെല്ലാം ദുരൂഹം

പാർക്കിൻസൺസ് രോഗത്തിന്റെ ജനിതക ഘടകം കണ്ടെത്താൻ ജിനോം വൈഡ് അസോസിയേഷൻ ഗവേഷണത്തിന് 16 കോടി രൂപയുടെ യുഎസ് ധനസഹായം കിട്ടിയത് 2015-2016ൽ; അടുത്ത വർഷത്തെ വാർഷിക റിപ്പോർട്ടിലും ഗവേഷണത്തെ കുറിച്ച് പരമാർശങ്ങൾ; ഈ നേട്ടം വാർത്തയായത് 2020 ജനുവരി 23നും; കുർക്കുമിൻ വിവാദത്തിന് പിന്നാലെ വർഷങ്ങൾക്ക് മുമ്പുള്ള നേട്ടവും വാർത്തയാക്കി ശ്രീചിത്ര; തിരുവനന്തപുരത്തെ ഗവേഷണ സ്ഥാപനത്തിൽ നടക്കുന്നതെല്ലാം ദുരൂഹം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യക്കാരിലെ പാർക്കിൻസൺസ് രോഗത്തിന്റെ ജനിതക ഘടകം കണ്ടെത്താൻ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്് ഫോർ മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ നടക്കുന്ന ജിനോം വൈഡ് അസോസിയേഷൻ ഗവേഷണത്തിന് 16 കോടി രൂപയുടെ യുഎസ് ധനസഹായം കിട്ടിയത് 2015-2016ൽ. ശ്രീചിത്രയുടെ 2015-2016ലെ വാർഷിക റിപ്പോർട്ടിൽ തന്നെ ഈ ധനസഹായത്തിന്റെ വിവരം ഉൾക്കൊള്ളിച്ചിട്ടുണ്ട്. അടുത്ത വർഷത്തെ വാർഷിക റിപ്പോർട്ടിലും ഈ പഠനം തുടങ്ങിയതിന്റെ വിശദാംശങ്ങൾ ഉണ്ടെന്നതാണ് വസ്തുത. ഈ നേട്ടമാണ് ഇന്ന് മാധ്യമങ്ങളിൽ വാർത്തായാത്. പഴയ നേട്ടങ്ങൾ ഇപ്പോൾ വാർത്തയാകുന്നത് കണ്ട് അന്തംവിടുകയാണ് ശ്രീചിത്രയിലെ രാജ്യമറിയുന്ന ഗവേഷകർ. ശ്രീചിത്രയ്‌ക്കെതിരെ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശാനുസരണം അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പഴയ ധനസഹായം പോലും ഇപ്പോൾ വാർത്തയായി മാറുന്നത്.

ശ്രീചിത്രയുടെ വെബ്‌സറ്റിൽ തന്നെ വാർഷിക റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താറുണ്ട്. 2015-2016ലേയും 2016-2017ലേയും വിവരങ്ങൾ ഇപ്രകാരത്തിൽ സൈറ്റിലുണ്ട്. ഇതിൽ ആദ്യ റിപ്പോർട്ടിന്റെ 52-ാം പേജിലാണ് ഈ നേട്ടത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്. ചിത്രങ്ങളും ഗ്രാഫുകളും സഹിതം ഈ നേട്ടത്തെ ഉയർത്തിക്കാട്ടുന്നു. അടുത്ത സാമ്പത്തിക വർഷത്തിലെ നേട്ടങ്ങളുടെ പട്ടികയിലും നടക്കുന്ന ഗവേഷണത്തെ കുറിച്ച് വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് ഇപ്പോൾ വാർത്തയായതെന്ന് ശ്രീചിത്രയിലെ ഗവേഷകർക്ക് ആർക്കും പിടികിട്ടുന്നില്ല. നിരവധി അഴിമതി ആരോപണങ്ങളാണ് ശ്രീചിത്രയ്‌ക്കെതിരെ ഉയരുന്നത്. ഇതിൽ മുതിർന്ന ഐപിഎസ് ഓഫീസർ ജേക്കബ് തോമസ് അടക്കമുള്ളവരെ അന്വേഷണത്തിന് കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ട്. വലിയ ക്രമക്കേടുകൾ കണ്ടെത്തിയെന്നും സൂചനയുണ്ട്. ശ്രീചിത്രയുടെ ഭരണ സമിതി അംഗമായി മുൻ ഡിജിപി ടിപി സെൻകുമാർ നൽകിയ പരാതിയിലാണ് കേന്ദ്ര സർക്കാരിന്റെ അന്വേഷണം.

ഇതിനിടെയാണ് പഴയ നേട്ടങ്ങളെ വീണ്ടും ഉയർത്തിക്കാട്ടാനുള്ള ശ്രമമെന്നാണ് ആരോപണം. ഇന്ത്യയിൽ പാർക്കിൻസൺസ് രോഗത്തെക്കുറിച്ച്് നടക്കുന്ന ആദ്യത്തെ ജിനോം പഠനം ആണെന്ന് പറഞ്ഞാണ് 2015ലെ നേട്ടത്തെ ഇപ്പോൾ പൊതു സമൂഹത്തിൽ ചർച്ചയാക്കുന്നത്. ശ്രീചിത്ര ഡയറക്ടർ ഡോ. ആശാ കിഷോർ, ടൂബിൻജെൻ സർവകലാശാലയിലെ ഡോ. മനു ശർമ എന്നിവർ സമർപ്പിച്ച ഗവേഷണ പ്രമേയത്തിനാണ് യുഎസ് പാർക്കിൻസൺസ് രോഗ ഗവേഷണ ഫണ്ടിങ് ഏജൻസിയായ മൈക്കേൽ ജെ ഫോക്‌സ് ഫൗണ്ടേഷനിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതെന്നാണ് ഇന്നത്തെ വാർത്ത. ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ളവർ ഇത് പ്രാധാന്യത്തോടെ നൽകി. ശ്രീചിത്രയിലെ സമഗ്ര ചലന വൈകല്യ ചികിത്സാ കേന്ദ്രം നേതൃത്വം നൽകുന്ന ഈ പഠനത്തിൽ ആരോഗ്യ-ഗവേഷണ മേഖലയിലെ രാജ്യത്തെ പ്രധാനപ്പെട്ട 20 സ്ഥാപനങ്ങൾ പങ്കാളികളാണെന്നും വാർത്ത പറയുന്നു.

ജനിതക വിവരങ്ങളുടെ സൂക്ഷ്്്മ അപഗ്രഥനം ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയും ടൂബിൻജെനിലെ സെന്റർ ഫോർ ജനറ്റിക് എപ്പിഡമോളജിയും ചേർന്നു നടത്തും. ന്യൂഡൽഹി എയിംസ്, ബെംഗളൂരു നിംഹാൻസ്, ഹൈദരാബാദ് നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ്് മെഡിക്കൽ സയൻസസ് എന്നിവയാണ് നോഡൽ സെന്ററുകൾ. ഇന്ത്യയിൽ പാർക്കിൻസൺസ് രോഗത്തിനു കാരണമാകുന്ന ജനിതക രോഗ സാധ്യതകൾ കണ്ടെത്താനായി 5 ലക്ഷം ജനിതക മാർക്കറുകൾ വിലയിരുത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം പാർക്കിൻസൺസ് രോഗികളെയും അത്രതന്നെ രോഗമില്ലാത്തവരെയും പഠന വിധേയരാക്കും. 3 വർഷമാണ്് പഠന കാലയളവ്് എന്നും വിശദീകരിക്കുന്നുണ്ട്. 2015-2016ലെ അനുമതിക്ക് ഇപ്പോൾ കാലവധി കഴിഞ്ഞുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. ഇത് പുതുക്കി കിട്ടിയോ എന്നും വ്യക്തമല്ല.

കുറച്ചു ദിവസം മുമ്പും മഞ്ഞളിൽ നിന്ന് ക്യാൻസർ പ്രതിരോധത്തിന് മരുന്ന് കണ്ടു പിടിച്ചതിന് പേറ്റെന്റ് കിട്ടിയെന്ന വാർത്ത മാധ്യങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഈ പേറ്റെന്റ്ും ഒന്നര വർഷം മുമ്പ് കിട്ടിയതായിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ചാൽ ക്യാൻസർ ചികിൽസയ്ക്ക് വേണ്ടിയുള്ളതാണ് പേറ്റെന്റ് എന്ന് രേഖപ്പെടുത്തിയിട്ടുമില്ല. പഴയ അംഗീകാരങ്ങളെ തീയതിയും വർഷവും മറച്ചു വച്ച് അവതരിപ്പിക്കുകയാണ് ശ്രീചിത്ര ചെയ്യുന്നതെന്നാണ് ഉയരുന്ന ആരോപണം. കാൻസർ ശസ്ത്രക്രിയക്ക് ശേഷമുള്ള തുടർ ചിക്തസയായ കീമൊതെറാപ്പിക്ക് പകരം ഉപയോഗിക്കാവുന്ന ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയ്ക്ക് യുഎസ് പേറ്റന്റ് ലഭിച്ച വിവരം അവർ തന്നെയാണ് ഔദ്യോഗികമായി പുറത്ത് വിട്ടത്. മഞ്ഞളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കുർക്കുമിൻ, കാൻസർ കോശങ്ങളിൽ എത്തിക്കുന്ന സാങ്കേതിക വിദ്യയായിരുന്നു ശ്രീചിത്ര വികസിപ്പിച്ചത്. കുർക്കുമിൻ വേഫർ എന്നായിരുന്നു പേര് നൽകിയത്. ആൽബുമിൽ, ഫൈബറിൻ എന്നീ ഘടകങ്ങളുമായി ചേർന്നു പ്രവർത്തിച്ചുകൊണ്ട് കാൻസർ കോശങ്ങളിൽ കുർക്കുമിൻ എത്തിക്കുന്നതായിരുന്നു സാങ്കേതികവിദ്യ.

ഇതിന് എതിരെയാണ് ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ രംഗത്തെത്തിയത്. ലഭിച്ചിരിക്കുന്ന പേറ്റന്റ് കാൻസർ കോശങ്ങളിലേക്ക് കുർക്കുമിൻ എത്തിക്കുവാനുള്ള പരീക്ഷണങ്ങൾക്കുള്ള പേറ്റന്റ് മാത്രമാണ്. ഏതെങ്കിലും ഒരു പഠനത്തിന് പേറ്റന്റ് കിട്ടുന്നത് അത്തരം പഠനങ്ങളുടെ ഒരു ഘട്ടം മാത്രമാണ്. ഇത്തരം ചികിത്സാരീതികൾ മെഡിക്കൽ സമൂഹം അംഗീകരിക്കാൻ ഇനി ഏറെ ദൂരം പോകണം. അത് കീമോതെറാപ്പിക്ക് മുകളിലാണോ കീമോതെറാപ്പിയോടൊപ്പം ഉപയോഗിക്കേണ്ടതാണോ ദീർഘനാൾ നിലനിൽക്കുന്ന ശക്തി എന്താണ് വീണ്ടും കാൻസർ വരാതിരിക്കാൻ സഹായിക്കുമോ എന്നൊക്കെ ആദ്യം മൃഗങ്ങളിലും തുടർന്ന് മനുഷ്യനിലും പരീക്ഷണങ്ങൾ നടത്തണം. അതിന് മുൻപ് ഇത് പ്രചരിപ്പിക്കുന്നത് ശരിയായ രീതിയല്ലെന്നും മുൻ ഐഎംഎ സംസ്ഥാന ജനറൽ സെക്രട്ടറി സുൽഫി നൂഹു പറഞ്ഞിരുന്നു. മഞ്ഞൾ വ്യാജ വൈദ്യന്മാർ ദുരുപയോഗം ചെയ്യും. ഈ അവസരത്തിൽ കാൻസർ വന്നവർ ദേഹമാകെ മഞ്ഞൾ വാരിപ്പൂശിയാൽ മതി എന്ന് എതെങ്കിലും വ്യാജ വൈദ്യർ പറഞ്ഞാൽ, അതിന് ശ്രീചിത്ര പോലുള്ള ഒരു സ്ഥാപനത്തിന്റെ പേര് ഉപയോഗിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ഇപ്പോൾതന്നെ പല അസുഖങ്ങൾക്കും അത്ഭുത മരുന്നുകളുണ്ട് എന്ന അവകാശവാദവുമായി പലരും മുന്നോട്ടു വരുന്ന കാലഘട്ടമാണെന്നു ഓർക്കണമെന്നും സുൽഫി നൂഹു പ്രതികരിച്ചിരുന്നു.

സാങ്കേതിക വിദ്യമാത്രമാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തത്. ശ്രീചിത്ര മഞ്ഞളിൽ നിന്ന് കാൻസറിന് മരുന്ന് കണ്ടെത്തിയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ പരീക്ഷണത്തിന് യുഎസ് പേറ്റന്റ് ലഭിച്ചത് ജനങ്ങളെ അറിയിക്കേണ്ട വിഷയം തന്നെയാണ്. സാങ്കേതികവിദ്യ വാണിജ്യ അടിസ്ഥാനത്തിൽ ഏതെങ്കിലും കമ്പനിക്ക് കൈമാറിയാൽ പിന്നീട് ശ്രീചിത്രയ്ക്ക് ഇത് സ്വന്തം പേരിൽ പ്രചരിപ്പിക്കാൻ കഴിയില്ല. അതിനാലാണ് ഇപ്പോൾ വാർത്ത കുറിപ്പ് നൽകിയത്. നിയമ ഉപദേശം അടക്കം തേടിയിട്ടാണ് തീരുമാനം എടുത്തതെന്നും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ ആശ കിഷോർ വിവാദങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP