Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്തെ ഭീതിയിലാഴ്‌ത്തി പടരുന്ന ചൈനീസ് കൊലയാളി കേരളത്തിലേക്കുമെത്തുമോ? ഫിലിപ്പിനോ നേഴ്‌സിനെ ശുശ്രൂഷിച്ച സൗദിയിലെ മലയാളി നേഴ്‌സിനും കൊറോണ വൈറസ് ബാധ; 10,000 പേർക്ക് രോഗം പിടിപെട്ടതോടെ 11 ദശലക്ഷം ജനങ്ങൾ തിങ്ങി പാർക്കുന്ന വുഹാൻ സിറ്റിയെ പൂർണ്ണമായും ഒറ്റപ്പെടുത്തി അധികൃതർ; നഗരത്തിന് പുറത്തേക്ക് പോകാനോ നഗരത്തിലേക്ക് വരാനോ ഇനി ആർക്കും കഴിയില്ല; ചൈനയിൽ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ

ലോകത്തെ ഭീതിയിലാഴ്‌ത്തി പടരുന്ന ചൈനീസ് കൊലയാളി കേരളത്തിലേക്കുമെത്തുമോ? ഫിലിപ്പിനോ നേഴ്‌സിനെ ശുശ്രൂഷിച്ച സൗദിയിലെ മലയാളി നേഴ്‌സിനും കൊറോണ വൈറസ് ബാധ; 10,000 പേർക്ക് രോഗം പിടിപെട്ടതോടെ 11 ദശലക്ഷം ജനങ്ങൾ തിങ്ങി പാർക്കുന്ന വുഹാൻ സിറ്റിയെ പൂർണ്ണമായും ഒറ്റപ്പെടുത്തി അധികൃതർ; നഗരത്തിന് പുറത്തേക്ക് പോകാനോ നഗരത്തിലേക്ക് വരാനോ ഇനി ആർക്കും കഴിയില്ല; ചൈനയിൽ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സൗദിയിൽ മലയാളി നഴ്സായ കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്ക് കൊറോണ വൈറസ് ബാധ ഉണ്ടായതോടെ കേരളവും അതീവ ജാഗ്രതയിൽ. കൊറോണ വൈറസ് ചൈനയിൽ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്തുനിന്ന് എത്തുവർക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ രോഗം കേരളത്തിലെത്തുന്നത് തടയാനാണ്. ഇത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അൽ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവർ. മലയാളി നഴ്സിനെ കൂടാതെ ഈ ആശുപത്രിയിലെ ഫിലിപ്പീൻ സ്വദേശിയായ നഴ്സിനും കൊറോണ പിടിപെട്ടിട്ടുണ്ട്. ഫിലിപ്പീൻ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപെട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്സുമാർ പറയുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂർ സ്വദേശിനിയിലേക്ക് വൈറസ് പടർന്നത്. 

വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ല. രോഗവിവരം റിപ്പോർട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതരെന്നും നഴ്‌സുമാർ അറിയിച്ചിട്ടുണ്ട്. സംഭവം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് നഴ്സുമാർ പറഞ്ഞു. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. 10,000 പേർക്ക് വൈറസ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസ് ബാധയെ തുടർന്ന് കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാനിർദ്ദേശം നൽകി. ഡിസംബറിൽ ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. ഇതോടെ വുഹാൻ നഗരത്തെ ചൈനീസ് സർക്കാർ തീർത്തും ഒറ്റപ്പെടുത്തി. ഇവിടെ നിന്ന് ആരേയും പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ല. വുഹാനിലേക്കും ആർക്കും പ്രവേശനമില്ല. രോഗം പകരുന്നത് തടയാനാണ് വുഹാൻ നഗരത്തെ ഒറ്റപ്പെടുത്തുന്നത്. കൃത്യമായ മരുന്നുകളും വാക്‌സിനും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ വൈറസ് ആപത്താണെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനയും നൽകിയിട്ടുണ്ട്. വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാൻ തായ്‌ലൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകൾ കണ്ടെത്തി.

നാല് രാജ്യങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്. ഇതിനിടെ 'കൊറോണ' മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് ചൈന സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് വിഷയത്തിന്റെ തീവ്രത അളവിലധികം വർധിച്ചത്. അതേസമയം, പുതിയ രോഗത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യം ചർച്ച ചെയ്യാനും ലോകാരോഗ്യസംഘടന യോഗം ചേരും. ബുധനാഴ്ച അമേരിക്കിയിലും ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ചൈനയിൽ ഒരു പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മധ്യചൈനയിലെ വളരെ തിരക്കുള്ള ഒരു പട്ടണമായ വുഹാനിലാണ് വൈറസ് ബാധ ആദ്യം ഉണ്ടായത്. സീഫുഡ് മാർക്കറ്റിൽ നിന്ന് പകർന്ന വൈറസ് മൃഗങ്ങളിൽ നിന്ന് മാത്രമേ മനുഷ്യനിലേക്കു പകരൂ എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതാണിത് എന്ന് കണ്ടെത്തി.

ശ്വാസനാളിയെ ബാധിക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ജലദോഷം, ന്യുമോണിയ ഇതെല്ലാം ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. കൊറോണ വൈറസ് മൂലം 2002 നവംബറിലും 2003 ജൂലൈയിലും ചൈനയിൽ ഉണ്ടായ സാർസ് ബാധയിൽ 8000 പേർ രോഗബാധിതരാകുകയും 774 പേർ മരണമടയുകയും ചെയ്തിരുന്നു. പുതിയ വൈറസ് ബാധ ഉണ്ടായ സമയം അല്പം ആശങ്കപ്പെടുത്തുന്നതാണ്. ലൂണാർ ന്യൂ ഇയറിനായി ദശലക്ഷണക്കണക്കിന് ആളുകൾ ചൈനയിലേക്ക് സഞ്ചരിക്കുന്ന സമയം ആണിത്. ശനിയാഴ്ച മുതൽ ഫെബ്രുവരി എട്ടു വരെ ഇത് നീളും. ഇത്തരം വൈറസുകൾ കാട്ടുതീ പോലെ പടരാൻ യാത്രകൾ കാരണമാകും.

ചൈനയിൽ നിരവധി ആളുകളാണ് ഇപ്പോൾ ഫേസ് മാസ്‌ക് വാങ്ങി ധരിക്കുന്നത്. യാത്രക്കാർ ഇടയ്ക്കിടെ തങ്ങളുടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഇരുപതു സെക്കന്റ് എങ്കിലും കൈകൾ ഉരച്ച് കഴുകണം. കൊറോണ വൈറസ് ബാധയിൽ നിന്നും മനുഷ്യനെ സംരക്ഷിക്കാൻ വാക്‌സിനുകൾ ഒന്നും ഇല്ല. ജീവനുള്ള മൃഗങ്ങൾ ഉള്ള പ്രാദേശിക സീഫുഡ് മാർക്കറ്റിൽ ആണ് വുഹാൻ വൈറസിനെ കണ്ടെത്തിയതെങ്കിലും ഏത് മൃഗത്തിൽ നിന്നാണ് വൈറസ് ആളുകളിലേയ്ക്ക് പകർന്നത് എന്ന് ഇതുവരെ വ്യക്തമല്ല. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ഒരു ഇന്ത്യക്കാരി ചികിത്സയിലായിരുന്നു ഇന്ത്യയിലും കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയത്. ചൈനയിൽ വുഹാനു പുറമെ തലസ്ഥാനമായ ബെയ്ജിങ്ങിലും ഷാങ്ഹായിലും ഷെൻഷെനിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

വുഹാനിലെ മത്സ്യ - മൃഗ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഒരാൾക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്. പിന്നീട് രോഗബാധിതരായവർ ആ മാർക്കറ്റിലെ സന്ദർശകരായിരുന്നെന്നാണു കണ്ടെത്തൽ. അവിടെ വിൽപനയ്‌ക്കെത്തിച്ച മൃഗങ്ങളിൽനിന്നാണ് രോഗം പകർന്നതെന്നു കരുതുന്നു. മാർക്കറ്റ് അണുവിമുക്തമാക്കി അടച്ചിട്ടിരിക്കുകയാണ്. മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാൽ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികൾ ജാഗ്രത പുലർത്തണമെന്നു ലോകാരോഗ്യ സംഘടനയുടെയും നിർദ്ദേശമുണ്ട്. ജലദോഷം മുതൽ സാർസ് വരെയുള്ള ശ്വാസകോശരോഗങ്ങൾക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങൾ.

കൊറോണ വൈറസ് രോഗത്തിന്റെ (എൻസിഒവി) പശ്ചാത്തലത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രത്യേക ആരോഗ്യ കൗണ്ടറുകൾ തുടങ്ങി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും നിർദ്ദേശപ്രകാരമാണ് മുൻകരുതൽ നടപടികൾ. അന്താരാഷ്ട്ര ടെർമിനലിലെ ഇമിഗ്രേഷൻ ഡെസ്‌ക്കിനുസമീപമാണ് ആരോഗ്യ കൗണ്ടറുകൾ. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽനിന്ന് വരുന്നവർക്ക് ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും പാലിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ചും ഇവിടെനിന്നും നിർദ്ദേശങ്ങൾ നൽകും. എല്ലാ ടച്ച് പോയിന്റുകളും ശുദ്ധീകരിച്ചു. അന്താരാഷ്ട്ര ടെർമിനലിലെ ആഗമന പ്രദേശത്തെ ഉദ്യോഗസ്ഥർക്കും പ്രത്യേക മാസ്‌കുകളും കൈയുറകളും നൽകി.

എറണാകുളം ഗവ. മെഡിക്കൽ കോളേജിന്റെ സഹായത്തോടെ ഇൻസുലേഷൻ വാർഡും പ്രവർത്തനം തുടങ്ങി. രോഗം സംശയിക്കുന്ന യാത്രക്കാരെ അതിവേഗം മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ അണുവിമുക്തമാക്കിയ ആംബുലൻസ് ഉൾപ്പെടെയുള്ള പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തി. പരോക്ഷമായ വൈറസ് ബാധിത പ്രദേശങ്ങളിൽനിന്നെത്തിയ 28 യാത്രക്കാരെ ഇതുവരെ പരിശോധിച്ചു. ഇവർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായും ഭയപ്പെടേണ്ട സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നും സിയാൽ അധികൃതർ അറിയിച്ചു.

സൗദിയിലും ഐസോലേഷൻ വാർഡുകൾ

കോട്ടയം സ്വദേശിനിയായ ഈ യുവതിയെ അസീർ സെൻട്രൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഖമീസ് മുശൈത്തിലെ അൽ ഹയാത്ത് നാഷണൽ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്സിന് ഫിലിപ്പിനോ സ്വദേശിനിയായ രോഗിയിൽ നിന്നാണ് കൊറോണ ബാധിച്ചത്. പനിയും മറ്റും അനുഭവപ്പെട്ട ഫിലിപ്പിനോക്ക് നാല് ദിവസം കഴിഞ്ഞാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് കോട്ടയം സ്വദേശിനിയിലേക്ക് വൈറസ് പടർന്നത്. കൊറോണ ബാധിച്ച ഫിലിപ്പിനോ സ്വദേശിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണെന്നും റിപ്പോർട്ടുണ്ട്.

ഫിലിപ്പിനോ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ അവരുമായി ഇടപെട്ടിരുന്ന മുപ്പതോളം നഴ്സുമാരെ പ്രത്യകം മാറ്റി താമസിപ്പിച്ച് എല്ലാവരിൽ നിന്നും സാമ്പിൾ ശേഖരിച്ചു പരിശോധനക്ക് വിട്ടിരുന്നു. ആദ്യഘട്ടം റിപ്പോർട്ട് ലഭിച്ചപ്പോൾ ആണ് മലയാളി യുവതിക്ക് ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. പകുതിയിൽ അധികം പേരും ഇപ്പോഴും പരിശോധനാഫലം കാത്തിരിക്കുകയാണ്. അവർ ഇപ്പോഴും നിരീക്ഷണത്തിലാണ്. കൊറോണ ബാധയാണെന്ന സ്ഥിരീകരണം ലഭിച്ചതോടെ ഇന്ത്യൻ ജീവനക്കാർ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. നോർക്കയുമായും ബന്ധപ്പെട്ട് അവർ വിവരം നൽകി.

അൽ ഹയാത്ത് ആശുപത്രിയിൽ കൊറോണ വൈറസിനുള്ള ചികിൽസ ലഭ്യമല്ല. ഈ സാഹചര്യത്തിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ഇടപെടണമെന്ന് ജീവനക്കാർ എംബസിയുമായി ബന്ധപ്പെട്ട് അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്നാണ് മലയാളി നഴ്സ് അടക്കം വൈറസ് ബാധിച്ചവരെ അസീർ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP