Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡസ്‌ക് സ്ഥാപിക്കാൻ നിർദ്ദേശം

മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡസ്‌ക് സ്ഥാപിക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാലിന്യ സംസ്‌കരണ സംവിധാനം കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ജില്ലാ കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡസ്‌ക് സ്ഥാപിക്കണമെന്ന് നിർദ്ദേശം. ഹരിത കേരളം മിഷൻ സൂര്യകാന്തിയിൽ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തിൽ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ സേവന ദാതാക്കൾക്കായി സംഘടിപ്പിച്ച റൗണ്ട് ടേബിൾ ചർച്ചയിലാണ് ഈ നിർദേശങ്ങൾ ഉയർന്നത്. ബയോഗ്യാസ് ഉൾപ്പെടെ മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ചവർക്ക് ശരിയായ മാർഗനിർദ്ദേശം ലഭിക്കുവാൻ ഹെൽപ്പ് ഡസ്‌ക് സഹായിക്കുമെന്ന് സേവന ദാതാക്കൾ ചൂണ്ടിക്കാട്ടി.

ഗാർഹിക മേഖലയിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന ബയോഗ്യാസ് സംവിധാനം വ്യാപകമാക്കുന്നതിനൊപ്പം എല്ലാ കെട്ടിടങ്ങൾക്കും മാലിന്യ സംസ്‌കരണ സംവിധാനം നിർബന്ധമാക്കുകയും വേണം. കൂടാതെ ഗുണഭോക്താക്കൾക്ക് ആവശ്യാനുസരണം പ്ലാൻ തിരഞ്ഞെടുക്കാൻ അവകാശം നൽകണം. മാലിന്യ സംസ്‌കരണ രംഗത്ത് നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിന് ഹരിത കേരളം മിഷൻ മുൻകൈ എടുക്കണമെന്നും സേവനദാതാക്കൾ ആവശ്യപ്പെട്ടു.

മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് സേവനദാതാക്കൾക്ക് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുക വളരെ കുറവാണെന്നും ഇത് ഗുണനിലവാരത്തെ ബാധിക്കുമെന്നും സേവനദാതാക്കൾ അഭിപ്രായപ്പെട്ടു. സേവനദാതാക്കൾക്ക് തിരിച്ചറിയൽ കാർഡും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നൽകണമെന്ന നിർദേശവും ഉയർന്നു.
വിവിധ സേവനദാതാക്കൾക്കു പുറമെ ഹരിതകേരളം മിഷൻ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ പി.പ്രകാശ്, പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ്, സോളിഡ് വേസ്റ്റ് എക്സ്പേർട്ട് ജയകുമാർ, ശുചിത്വ മിഷൻ ടെക്്‌നിക്കൽ കൺസൽട്ടന്റ് രഞ്ജു പിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പുനരുപയോഗത്തിന്റെ പുതുവഴി തുറന്ന് ശുചിത്വ സംഗമ ചർച്ച

ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമ പരിപാടിയിൽ പുനചംക്രമണ പുനരുപയോഗ ചർച്ചയിൽ ഉയർന്നത് ക്രീയാത്മക നിർദ്ദേശങ്ങൾ. കേരളത്തിൽ നടപ്പാക്കുന്ന വികേന്ദ്രീകൃത രീതിയിലുള്ള മാലിന്യ സംസ്‌കരണ രീതി മികച്ചതാണെന്ന വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. കേരളത്തിൽ കൂടുതൽ മാലിന്യ സംസ്‌കരണ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സംരംഭകർ മാലിന്യ പുനരുപയോഗ സാധ്യതകൾ വിശദീകരിച്ചു. മാലിന്യത്തെ പുതിയ ഉൽപ്പന്നങ്ങൾക്കുള്ള അസംസ്‌കൃത പദാർത്ഥങ്ങളായാണ് കാണാറുള്ളതെന്നും ഇവ പൂർണ്ണമായും പുനചംക്രമണത്തിന് വിധേയമാക്കാൻ സാധിക്കുമെന്ന ഉറപ്പും പ്രതിനിധികൾ പങ്കുവച്ചു.

കേരളത്തിൽ നടക്കുന്ന മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളെ ഐക്യരാഷ്ട്ര സഭ വികസന പരിപാടി പ്രതിനിധികൾ അഭിനന്ദിക്കുകയും ശാസ്ത്രീയ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുമെന്നും അറിയിച്ചു. മാലിന്യ ശേഖരണത്തിന് സർക്കാർ, സർക്കാരിതര സംഘടനകളുടെ ഏകോപനം സുഗമമാക്കണമെന്ന ആവശ്യവും ചർച്ചയിൽ ഉയർന്നു. കോഴിമാലിന്യ സംഭരണത്തിന് ശക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാകണമെന്നും ഫ്രീസർ സംവിധാനം നിർബ്ബന്ധമാക്കണമെന്നും പ്രത്രിനിധികൾ ആവശ്യപ്പെട്ടു. കോഴിമാലിന്യത്തിൽ നിന്ന് പ്രോട്ടീൻ പൗഡർ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം, മുടിയിൽ നിന്ന് അമിനോ ആസിഡ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള മാതൃകകൾ വിവിധ സംരംഭകർ പങ്കുവച്ചു. സിമന്റ് നിർമ്മാണത്തിൽ പ്ലാസ്റ്റിക് ഉപയോഗി്കുന്നതിന്റെ സാധ്യതകളും ചർച്ചയായി.

പ്രൊ.പി.കെ.രവീന്ദ്രൻ മോഡറേറ്ററായ ചർച്ചയിൽ പുനരുപയോഗ സംരംഭകർ, ശാസ്ത്രീയ വിദഗ്ദ്ധർ, യു.എൻ.ഡി.പി. പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങൾ നിർബന്ധിതമാക്കാൻ ശുചിത്വ സംഗമത്തിൽ നിർദ്ദേശം

ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി കനകക്കുന്നിലെ സൂര്യകാന്തിയിൽ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 ന്റെ ഭാഗമായി ഹരിതസഹായ സ്ഥാപനങ്ങളുടെ റൗണ്ട് ടേബിൾ ചർച്ച സംഘടിപ്പിച്ചു. എല്ലാ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കൃത്യമായ പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങളും ജൈവ മാലിന്യ പ്ലാന്റുകളും നിർബന്ധിതമാക്കേണ്ടതുണ്ടെന്ന് ഹരിതസഹായ സ്ഥാപനങ്ങളിലെ പ്രതിനിധികൾ നിർദ്ദേശിച്ചു. ഇതിനായി ഭരണ സമിതിയുടെ താഴെതട്ടു മുതൽ കൃത്യമായ നിർദേശങ്ങൾ നൽകണമെന്ന ആവശ്യം ചർച്ചയിൽ ഉയർന്നു.

മാലിന്യ നിർമ്മാർജ്ജനം ഫലപ്രദമാക്കാൻ കുടുംബശ്രീക്ക് വലിയ പങ്ക് വഹിക്കാൻ ഉണ്ട്. അജൈവ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോടൊപ്പംഅതിന്റെ തുടർപ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനം നടപ്പിലാക്കണം. മാലിന്യ നിർമ്മാർജ്ജനത്തിന്റെ ആവശ്യകത സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ബോധവൽക്കരണം ഊർജ്ജിതമാക്കണം. കൂടാതെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും യൂസർഫീസ് ഏകീകൃതമാക്കേണ്ടതുണ്ടെന്നും ആശയം ഉയർന്നു.
ഹരിത സഹായ സ്ഥാപനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ട നിർദ്ദേശങ്ങളും ചർച്ച ചെയ്യപ്പെട്ടു. ചർച്ചയിൽ ഉയർന്നു വന്ന എല്ലാ വിഷയങ്ങളും സംബന്ധിച്ച് ഉന്നതതല യോഗങ്ങളിലൂടെ ഉചിതമായ തീരുമാനം ഉടനടി കൈക്കൊള്ളുമെന്ന് ചർച്ചയുടെ മോഡറേറ്ററായിരുന്ന ശുചിത്വ മിഷൻ ഡയറക്ടർ (കുടിവെള്ളം) ബിജോയ് കെ.വർഗ്ഗീസ് പറഞ്ഞു. ഇരുപത്തഞ്ചോളം ഹരിതസഹായ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

ഉത്തരവാദിത്തടൂറിസം മേഖലയിൽ മാലിന്യസംസ്‌ക്കരണം ഏകീകൃത സ്വഭാവത്തിൽ നടപ്പാക്കണം

ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തിൽ ഉത്തരവാദിത്ത ടൂറിസം മേഖലയിലെ മാലിന്യ സംസ്‌കരണത്തെ കുറിച്ച് ചർച്ച നടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നീ ഏജൻസികളും സഹകരിച്ച് ടൂറിസം മേഖലയിലെ മാലിന്യനിർമ്മാർജ്ജനത്തിന് ഒരു ഏകീകൃത സംവിധാനം കൊണ്ടുവരണമെന്ന അഭിപ്രായം ചർച്ചയിൽ ഉണ്ടായി. വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യ മുക്തമാക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചർച്ച പുരോഗമിച്ചത്.

നിലവിൽ മാലിന്യനിർമ്മാർജ്ജനത്തിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതികൾ ഏകോപിപ്പിക്കുക, മാലിന്യ പുനഃചംക്രമണവും പുനരുപയോഗവും എന്നതിലുപരി ഉപയോഗം കുറയ്ക്കുക, മാലിന്യം ഉല്പാദിപ്പിക്കുന്നവർ തന്നെ അത് സംസ്‌കരിക്കാനുള്ള സൗകര്യമൊരുക്കുക എന്നീ അഭിപ്രായങ്ങൾ ചർച്ചയിൽ ഉരുത്തിരിഞ്ഞു.

വിവിധ പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതികൾ പഞ്ചായത്ത് പ്രതിനിധികൾ വിശദീകരിച്ചു. പ്ലാസ്റ്റിക്കിന് ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയും നടന്നു.

ചർച്ചയിൽ ഉയർന്നു വന്ന ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും ടൂറിസം മേഖലയിലെ മാലിന്യനിർമ്മാർജ്ജനത്തിനു കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കാമെന്നും കൺവീനറായ രൂപേഷ് കുമാർ പറഞ്ഞു.

സുമേഷ് മംഗലശ്ശേരി മോഡറേറ്ററായ ചർച്ചയിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർമാർ, യു.എൻ.ഡി.പി പ്രൊജക്റ്റ് ഓഫീസർമാർ, ടൂറിസം ഡിപ്പാർട്ട്മെന്റ് ഭാരവാഹികൾ, ശുചിത്വമിഷൻ ഭാരവാഹികൾ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP