Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജഡ്ജിയുടെ ഉത്തരവ് അവഗണിച്ച് ഇറാനിയൻ വിദ്യാർത്ഥിയെ നാടു കടത്തി

ജഡ്ജിയുടെ ഉത്തരവ് അവഗണിച്ച് ഇറാനിയൻ വിദ്യാർത്ഥിയെ നാടു കടത്തി

മൊയ്തീൻ പുത്തൻചിറ

ബോസ്റ്റൺ: ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഇറാനിയൻ വിദ്യാർത്ഥിക്ക് യു എസിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും നാടുകടത്തുകയും ചെയ്തതായി ആരോപണം.

ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇറാനിയൻ വിദ്യാർത്ഥി ഷഹാബ് ദെഗാനിയെ (24) യാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രി യുഎസ് ഡിസ്ട്രിക്ട് ജഡ്ജി അലിസൺ ബറോസ് വിദ്യാർത്ഥിയുടെ നാടുകടത്തലിന് 48 മണിക്കൂർ സ്റ്റേ അനുവദിച്ചിരുന്നു. എന്നാൽ, ജഡ്ജിയെ ധിക്കരിച്ച് സിബിപി നാടുകടത്തിയെന്ന് ഷഹാബിന്റെ അഭിഭാഷകരിലൊരാളായ സൂസൻ ചർച്ച് ആരോപിച്ചു.

ഞായറാഴ്ച രാത്രി 9:30/9:40 ന് വിമാനത്തിൽ നിന്ന് തന്നെ ഷഹാബിനെ നീക്കം ചെയ്തതായി സിബിപി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാവിലെയാണ് പറഞ്ഞതെന്ന് സൂസൻ ചർച്ച് പറഞ്ഞു. എന്നാൽ, രാത്രി 9:27 ന് ജഡ്ജിയുടെ സ്റ്റേ ഉത്തരവിനു ശേഷം രാത്രി 10:03 നാണ് ഷഹാബിനെ നാടുകടത്തിയതെന്ന് അവർ പറഞ്ഞു.

മസാച്യുസെറ്റ്‌സിലെ ബോസ്റ്റൺ സർവ്വകലാശാലയിൽ നിന്ന് നോർത്ത് ഈസ്റ്റേൺ സർവ്വകലാശാലയിലേക്ക് പഠനം മാറ്റിയ ഷഹാബ് ദെഗാനി, 2018 ഡിസംബറിൽ ഇറാനിലേക്ക് മടങ്ങുന്നതിന് മുമ്പ് കുറഞ്ഞത് രണ്ട് വർഷമെങ്കിലും അമേരിക്കയിലായിരുന്നുവെന്ന് സൂസൻ ചർച്ച് പറഞ്ഞു. അമേരിക്കയിൽ വീണ്ടും പ്രവേശിക്കുന്നതിനുമുമ്പ്, സ്റ്റുഡന്റ് വിസയ്ക്കായി ഷഹാബ് ശ്രമിച്ചിരുന്നു. വിസ അനുവദിച്ചുകിട്ടാൻ ഏകദേശം ഒൻപത് മാസമെടുത്തു എന്ന് സൂസൻ ചർച്ച് പറഞ്ഞു.

ഞായറാഴ്ചയാണ് എഫ്-1 (സ്റ്റുഡന്റ് വിസ) വിസയുമായി ഷഹാബ് ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്.

തിങ്കളാഴ്ച തന്റെ കക്ഷിയുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ സിബിപി ഓഫീസുകളിൽ പോയെങ്കിലും കാണാൻ കഴിഞ്ഞില്ല. അപ്പോഴാണ് അയാളെ നാടുകടത്തിയതായി അറിയാൻ കഴിഞ്ഞത്. മസാച്യുസെറ്റ്‌സ് സെനറ്റർ എഡ് മാർക്കിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷക പറഞ്ഞു.

ജഡ്ജിയുടെ ഉത്തരവ് അവഗണിച്ച് അവർ അവനെ നാടുകടത്തിയതിലൂടെ അവന്റെ കോളേജ് ജീവിതം താറുമാറായെന്ന് സൂസൻ ചർച്ച് പറഞ്ഞു. ജഡ്ജിയുടെ ഉത്തരവ് വകവയ്ക്കാതെ എന്തുകൊണ്ടാണ് ഷഹാബ് ദെഗാനിക്ക് യു എസിലേക്കുള്ള പ്രവേശനം നിഷേധിച്ചതെന്നതിന് സിബിപി ഒരു ഉത്തരവും നൽകിയിട്ടില്ലെന്നും, ഷഹാബിനെ നീക്കം ചെയ്യുന്നതിലെ പൊരുത്തക്കേട് അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സെനറ്റർ എഡ് മാർക്കി പറഞ്ഞു.

'നിയമം അവഗണിച്ച് ഇറാനിയൻ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നതിൽ ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള അസ്വസ്ഥജനകമായ മാതൃകയാണ് ഈ കേസ് എന്ന് എഡ് മാർക്കി പറഞ്ഞു. 'ട്രംപ് ഭരണകൂടത്തിന്റെ പക്ഷപാതപരമായ പെരുമാറ്റം അവസാനിപ്പിക്കേണ്ടതുണ്ട്. ശരിയായ നടപടിക്രമങ്ങളില്ലാതെ വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുന്ന രീതിയെ ന്യായീകരിക്കാനാവില്ല.' അദ്ദേഹം പറഞ്ഞു.

ഇറാനിയൻ വിദ്യാർത്ഥിയുടെ നാടുകടത്തൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ട്രംപ് ഭരണകൂടത്തിന്റെ വംശീയ നയങ്ങൾക്കെതിരെ പോരാടണമെന്നും അവർ പറഞ്ഞു.

ചൊവ്വാഴ്ച കോടതിയിൽ നടന്ന വിചാരണയ്ക്കു ശേഷം താനും അറ്റോർണി കെറി ഡോയലും ഷഹാബ് ദെഗാനിയെ തിരിച്ച് യു എസിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സാധ്യതകളെക്കുറിച്ച് പരിശോധിക്കുകയാണെന്ന് സൂസൻ ചർച്ച് പറഞ്ഞു. അടിയന്തര സ്റ്റേ ഉത്തരവിട്ട ജഡ്ജി അലിസൺ ബറോസിന് അപേക്ഷ സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

'ഇതൊരു ഒറ്റപ്പെട്ട കേസ് അല്ല, നിരവധി ഇറാനിയൻ വിദ്യാർത്ഥികൾ ഇതുപോലെയുള്ള സാഹചര്യങ്ങൾ നേരിടുന്നുണ്ട്. ഒരു വിദ്യാർത്ഥിയുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ ഇത്തരം സംഭവങ്ങൾ കാരണമായേക്കാം,' സൂസൻ ചർച്ച് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP