Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മത്സ്യത്തൊഴിലാളികൾ ഇനി കരയിൽ നിന്ന് വലയെറിഞ്ഞാൽ മതിയെന്ന് സർക്കാർ; വമ്പൻ പദ്ധതികൾക്ക് അരങ്ങൊരുക്കാൻ വേണ്ടി കടലിന്റെ മക്കളെ കാതങ്ങൾക്ക് അപ്പുറത്തേക്ക് മാറ്റുന്നു; കാരണമായി പറയുന്നത് വേലിയേറ്റം: സർക്കാരിന്റെ പുനർഗേഹം പദ്ധതി മത്സ്യത്തൊഴിലാളികളുടെ ഭാവി അവതാളത്തിലാക്കിയേക്കും

മത്സ്യത്തൊഴിലാളികൾ ഇനി കരയിൽ നിന്ന് വലയെറിഞ്ഞാൽ മതിയെന്ന് സർക്കാർ; വമ്പൻ പദ്ധതികൾക്ക് അരങ്ങൊരുക്കാൻ വേണ്ടി കടലിന്റെ മക്കളെ കാതങ്ങൾക്ക് അപ്പുറത്തേക്ക് മാറ്റുന്നു; കാരണമായി പറയുന്നത് വേലിയേറ്റം: സർക്കാരിന്റെ പുനർഗേഹം പദ്ധതി മത്സ്യത്തൊഴിലാളികളുടെ ഭാവി അവതാളത്തിലാക്കിയേക്കും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കര ഖനനം ചെയ്ത് ഒരു വഴിക്കാക്കിയ ഭരണകൂടങ്ങൾ അടുത്തതായി നോട്ടമിടുന്നത് കടലും തീരദേശ മേഖലയും. വേലിയേറ്റ മേഖലകളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത്വം ഒരുക്കാനെന്ന് പറഞ്ഞ്, അവരെ കാതങ്ങൾക്ക് അപ്പുറത്തേക്ക് മാറ്റി താമസിപ്പിക്കുന്നതിന് സർക്കാർ തയാറാക്കിയിരിക്കുന്നത് പുനർഗേഹം പദ്ധതിയാണ്. വൻകിട കുത്തകകൾക്ക് കരിമണൽ ഖനനം അടക്കം നടത്തുന്നതിന് അരങ്ങൊരുക്കുന്നതിനുള്ള പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളെ കടൽ ഇല്ലാത്ത ഭാഗത്തേക്ക് മാറ്റാനാണ് ശ്രമം.

തീരദേശത്ത് വേലിയേറ്റ മേഖലയിൽ താമസിക്കുന്ന 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റി പാർപ്പിക്കാനാണ് 'പുനർഗേഹം' പദ്ധതി തയാറാക്കിയിരിക്കുന്നത്. 2450 കോടി രൂപ ചെലവു വരുന്ന പദ്ധതിയിലുടെ തീരദേശത്തു നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്കാണ് പുതിയ വാസസ്ഥലം ഒരുക്കുന്നത്. ഇതിനായി 1398 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചുകഴിഞ്ഞു. ബാക്കി 1052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്നും കണ്ടെത്തും. 2022 നുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യം. പദ്ധതിക്ക് പിന്നിൽ വൻകിട കുത്തകകളാണെന്നും ടൂറിസത്തിനായി തീരദേശത്തെ വിൽക്കുകയാണ് ലക്ഷ്യമെന്നുമുള്ള ആരോപണം ശക്തമാണ്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 8487 കുടുംബങ്ങളേയും രണ്ടും മൂന്നും ഘട്ടങ്ങളിലായി 5099 കുടുംബങ്ങളെയും പുനരധിവസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യക്തിഗത വീട്, ഫ്ളാറ്റ് എന്നിവിടങ്ങളിലാവും തീരദേശവാസികളെ പുനരധിവസിപ്പിക്കുക എന്ന വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ സർക്കാർ നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും വൻകിട സ്ഥാപനങ്ങൾക്കും കരിമണൽ ഖനനലോബിക്കും കടലോരം തീറെഴുതുകയാണ് ഇതിനുപിന്നിലുള്ള ലക്ഷ്യമെന്നുമുള്ള ആരോപണം ശക്തമാണ്. വൻകിട പദ്ധതി തങ്ങൾക്കായി നടപ്പാക്കുന്നുവെന്ന് കടലോര നിവാസികളെ തെറ്റിദ്ധരിപ്പിച്ച് തന്ത്രത്തിൽ മത്സ്യത്തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സർക്കാർ വിജ്ഞാപനമെന്ന് കരിമണൽ ഖനന വിരുദ്ധ ജനകീയ സമിതി ചൂണ്ടിക്കാട്ടി.

കടലോരത്തു നിന്നും മാറി താമസിക്കാൻ തയാറാകുന്ന കുടുംബത്തിന് വസ്തു വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും പരമാവധി ലഭിക്കുന്ന ധനസഹായം പത്തുലക്ഷം രൂപാ മാത്രമാണ്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി മേഖലയിൽ കുറഞ്ഞത് രണ്ടു സെന്റും പഞ്ചായത്ത് പരിധിയിൽ മൂന്നു സെന്റും കണ്ടെത്താനാണ് അനുമതിയുള്ളത്. സ്ഥലത്തിന്റെ വില, രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്തു കൂലി എന്നിവ അടക്കം ആറുലക്ഷം രൂപയാണ് സ്ഥലം വാങ്ങാൻ നൽകുന്നത്. ബാക്കി നാലുലക്ഷംകൊണ്ട് വീട് വയ്ക്കണം. ഇപ്പോൾ തീരദേശത്ത് താമസിക്കുന്ന പലർക്കും പത്തുമുതൽ രണ്ടുസെന്റുവരെ സ്ഥലം ഉള്ളവരാണ്. കൊല്ലം ജില്ലയിലെ ആലപ്പാട് പോലുള്ള തീരങ്ങളിലുള്ളവർക്ക് അറുപത് സെന്റുവരെ പരമാവധിയുണ്ട്. പക്ഷേ ഈ സ്ഥലങ്ങൾ എല്ലാം ഇപ്പോൾ കടലെടുത്തുകഴിഞ്ഞു.

തങ്ങൾ കടൽതേടി പോയവരല്ല കടൽ തങ്ങളെ തേടി എത്തിയതാണെന്നും അതിന് പിന്നിൽ അശാസ്ത്രീയ ഖനനവും നിർമ്മിതികളും പദ്ധതികളുമാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. അദാനിയുടെ വിഴിഞ്ഞും തുറമുഖം അടക്കമുള്ള മേഖലയിൽ വമ്പൻ അനുബന്ധ പദ്ധതികൾ വരുന്നതിനാൽ മത്സ്യത്തൊഴിലാളികളെ പാട്ടിലാക്കി നാടുകടത്താൻ നടത്തുന്ന ശ്രമമാണ് സർക്കാർ പുനരധിവാസ പദ്ധതിയിലൂടെ വിഭാവന ചെയ്യുന്നതെന്ന ആരോപണമുണ്ട്. വിഴിഞ്ഞത്തുനിന്നുമാത്രം 1500-ൽപരം മത്സ്യത്തൊഴിലാളികൾ ഒഴിഞ്ഞുപോകേണ്ടിവരും.

സ്വന്തം ഭൂമി ഉപേക്ഷിച്ച് അകന്നുപോകുന്നവർക്ക് കേവലം ആറുലക്ഷം രൂപാകൊണ്ട് എങ്ങനെ മൂന്നുസെന്റ് സ്ഥലം ലഭിക്കുമെന്നചോദ്യമാണ് മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നത്. കൂടാതെ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചുവരുന്ന തങ്ങളുടെ കുലതൊഴിൽ പോലും ഇതോടെ ഇല്ലാതാകുമെന്നും അവർ പറയുന്നു. കേരളത്തിന്റെ മത്സ്യബന്ധനമേഖല തകരുമെന്ന് മാത്രമല്ല വൻകിട കുത്തക കമ്പനികളുടെ കടന്നുകയറ്റത്തിനും ഇത് ഇടവരുത്തുമെന്നും അവർ വ്യക്തമാക്കി.

ഭൂമിയുടെ ലഭ്യത വലിയ പ്രശ്നമായി വരുമെന്നും ഒടുവിൽ തങ്ങളുടെ ജീവിതം ഫ്ളാറ്റുകളിൽ തളച്ചിടാനുള്ള നീക്കമാണ് നടത്തുന്നതെന്നുമുള്ള ആശങ്കയും നിലനിൽക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP