Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിന്റെ ടെറസിന് മുകളിൽ വെച്ചുള്ള മദ്യപാനത്തിനിടെ ഗ്ലാസിൽ മദ്യത്തിന് പകരം ഒഴിച്ചുനൽകിയത് വിഷം; മരണം ഉറപ്പാക്കിയ ശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലിൽ കിടത്തി ജെയ്‌മോൻ; ഉറക്കത്തിനിടെ ഹൃദയാഘാതമെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചതും ഭാര്യ ഷാഹിറ; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വകവരുത്തിയത് എങ്ങനെയെന്ന് ക്രൈംബ്രാഞ്ചിൽ മൊഴി നൽകി ഷാഹിറ; കേസിൽ വഴിത്തിരിവായത് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ

വീടിന്റെ ടെറസിന് മുകളിൽ വെച്ചുള്ള മദ്യപാനത്തിനിടെ ഗ്ലാസിൽ മദ്യത്തിന് പകരം ഒഴിച്ചുനൽകിയത് വിഷം; മരണം ഉറപ്പാക്കിയ ശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലിൽ കിടത്തി ജെയ്‌മോൻ; ഉറക്കത്തിനിടെ ഹൃദയാഘാതമെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചതും ഭാര്യ ഷാഹിറ; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വകവരുത്തിയത് എങ്ങനെയെന്ന് ക്രൈംബ്രാഞ്ചിൽ മൊഴി നൽകി ഷാഹിറ; കേസിൽ വഴിത്തിരിവായത് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറം കാളികാവിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കാമുകനൊപ്പം പോയകഥ പൊലീസിനോട് വിവരിച്ചു ഭാര്യ ഉമ്മുൽ ഷാഹിറ(42). കാളികാവിലെ ഗൃഹനാഥൻ മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദാലിയെ വിഷം കൊടുത്തുകൊന്നതാണെന്നാണ് പ്രതികികൾ പൊലീസിനോട് സമ്മതിച്ചത്. തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ മുഹമ്മദാലിയെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇരുവരും മൊഴി നൽകിയത്. കേസിൽ മുഹമ്മദാലിയുടെ ഭാര്യ ഉമ്മുൽ ഷാഹിറയെയും കാമുകൻ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്മോനെ(37)യും മലപ്പുറം ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.

ഇവർ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്: 2018 സെപ്റ്റംബർ 21നാണ് മുഹമ്മദാലി കൊല്ലപ്പെടുന്നത്. അന്നുരാത്രി അയൽവാസി ജെയ്മോനൊപ്പം ഇയാൾ വീടിന്റെ ടെറസിൽവച്ചു മദ്യപിച്ചിരുന്നു. ഇടയ്ക്ക് മദ്യത്തിനു പകരം ഗ്ലാസിൽ വിഷം ഒഴിച്ചു നൽകിയെന്നാണ് ജെയ്മോൻ പൊലീസിനോട് വെളിപ്പെടുത്തിയത്. മരണം ഉറപ്പാക്കിയശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലിൽ കിടത്തി. ഇതിനുശേഷമാണ് ജെയ്മോൻ പോയത്. പിറ്റേന്നു പുലർച്ചെ അടുത്തു താമസിച്ചിരുന്ന ബന്ധുക്കളെ വിളിച്ച് ഷാഹിറ മുഹമ്മദാലിയുടെ മരണവിവരം അറിയിച്ചു.

ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് ഭാര്യ ഷാഹിറ ബന്ധുക്കളോട് പറഞ്ഞത്. ഷാഹിറയുടെ വാക്കുകൾ അവർ അവിശ്വസിച്ചില്ല. എന്നാൽ, മരണം കഴിഞ്ഞ് നാലു ദിവസം കഴിഞ്ഞപ്പോൾ ഉമ്മുൽ ഷാഹിറയെയും മക്കളെയും കാണാതായതോടെയാണ് മരണത്തിൽ ബന്ധുക്കൾക്ക് സംശയം തോന്നിയത്. തുടർന്നാണ് പൊലീസിൽ പരാതി നൽകുന്നത്. ഇതോടെയാണ് കേസിലെ ചുരുളഴിയുന്നത്.

കൊലപാതകമാണെന്ന സംശയത്തിൽ മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തുകയായിരുന്നു. മുഹമ്മദാലിയുടെ രണ്ടാം ഭാര്യയാണ് ഉമ്മുൽ ഷാഹിറ. ഷാഹിറയ്ക്കും രണ്ടു മക്കൾക്കുമൊപ്പം മൂച്ചിക്കലിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു മുഹമ്മദാലി താമസിച്ചിരുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് തിങ്കളാഴ്ച ശിവകാശിയിലെത്തിയ പൊലീസ് സംഘം ഷാഹിറയെയും രണ്ടു മക്കളെയും കണ്ടെത്തിയിരുന്നു. അന്നു കടന്നുകളഞ്ഞ ജെയ്മോനെ ഇന്നലെ ഡിണ്ടിഗലിൽ വച്ചു പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഉമ്മുൽ ഷാഹിറയെ റിമാൻഡ് ചെയ്തു. കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.

ജെയ്മോൻ മുഹമ്മദലിയുടെ കുടുംബ സുഹൃത്താണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാളികാവ് പൊലീസ് രജിസ്റ്റർ ചെയ്ത ക്രെം നമ്പർ 112/18, 113/18 എന്നീ കേസുകൾ പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. നേരത്തെ കാളികാവ് പൊലീസ് ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.ഇതിനെതിരേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി, ഡിജിപി, എസ്‌പി, എംഎൽഎ എന്നിവർക്ക് പരാതി നൽകിയിരുന്നു.

ഇതോടെ പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ജെയ്മോനും ഉമ്മുൽസാഹിറയും ശിവകാശിയിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് അവിടെയെത്തിയ മലപ്പുറം പൊലീസ് ഉമ്മുൽ സാഹിറയെയും രണ്ടു മക്കളെയും കണ്ടെത്തി. പക്ഷേ ജെയ്മോൻ രക്ഷപെട്ടു. തുടർന്ന് ഇന്നലെ ദിണ്ടിക്കല്ലിൽ വച്ചാണു ജെയ്മോനെ പിടികൂടിയത്. മുഹമ്മദലി മരിക്കുന്നതിന്റെ തലേദിവസം രാത്രി രണ്ടുവരെ കുടുംബസുഹൃത്തുമൊത്ത് വീട്ടിൽ മദ്യപിച്ചിരുന്നതായി കണ്ടവരുണ്ട്. പുലർച്ചെ നാലിന് ഭാര്യയാണ് മുഹമ്മദലി മരിച്ച വിവരം ബന്ധുക്കളെയും അയൽവാസികളെയും അറിയിച്ചത്. മുഹമ്മദലിയുടെ മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഭാര്യ ചുട്ടുകരിച്ചതും സംഭവത്തിൽ സംശയമുണ്ടാക്കി. മൃതദേഹപരിശോധനയിൽ അമിതമദ്യപാനത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതോടെ ഉമ്മുൽ സാഹിറയുടെയും കാമുകന്റെയും കണക്കുകൂട്ടലുകൾ മുഴുവൻ പാളുകയായിരുന്നു.

ജെയ്‌മോൻ നേരത്തെ ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ടയാളാണെന്നും ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും വിവരമുണ്ട്. സാഹിറയും ജെയ്‌മോനും തമ്മിലുണ്ടായ പിണക്കമാണ് കേസിൽ നിർണ്ണായകമായത്. പത്തനംതിട്ടയിൽ പൊതുപ്രവർത്തകനായിരുന്ന ജെയ്‌മോൻ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പരിചയപ്പെട്ട ഭർതൃമതിയോടൊപ്പം കാളികാവിൽ താമസിച്ച് വരുന്നതിനിടെയാണ് സാഹിറയുമായി അടുപ്പത്തിലായതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നേരത്തെ കൂടെയുണ്ടായിരുന്ന ഭർതൃമതിയും സാഹിറയോടൊപ്പം നാട് വിടുമ്പോൾ ജെയ്‌മോന് ഒപ്പമുണ്ടായിരുന്നതായാണ് വിവരം. ഇവർ രണ്ടാഴ്ചക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP