Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യ-എത്യോപ്യ സൗഹൃദം അനശ്വരം: ടി.പി. ശ്രീനിവാസൻ

ഇന്ത്യ-എത്യോപ്യ സൗഹൃദം അനശ്വരം: ടി.പി. ശ്രീനിവാസൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള സൗഹൃദം നിരന്തരം വളർന്നുകൊണ്ടിരിക്കുകയാണെന്ന് മുൻ അംബാസഡറും വിദേശകാര്യ വിദഗ്ദ്ധനുമായ ടി.പി. ശ്രീനിവാസൻ പറഞ്ഞു. ഫ്രണ്ട്‌സ് ഓഫ് എത്യോപ്യ ഇൻ ട്രിവാണ്ട്രത്തിന്റെയും ശ്രീ സത്യ സായി ആർട് ആൻഡ് സയൻസ് കോളെജിന്റെയും സംയുക്താഭിമുഖ്യത്തിൽ എത്യോപ്യൻ മുൻ രാഷ്ട്രപതി ദിവംഗതനായ ഗിർമ വോൾഡി ഗോർഗിസിന്റെ പേരിലുള്ള രണ്ടാമത് അനുസ്മരണ സമ്മേളനം സായിഗ്രാമിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജഭരണവും കമ്യൂണിസ്റ്റ് ഭരണവും ജനാധിപത്യവും വന്നെങ്കിലും എത്യോപ്യയുടെ ഇന്ത്യയോടുള്ള ആഭിമുഖ്യത്തിന് മാറ്റമുണ്ടായിട്ടില്ല. ഹൈല സെലാസി ചക്രവർത്തി നിരന്തരം ഭാരതം സന്ദർശിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ഇന്ത്യയിൽ നിന്ന് ധാരാളം അദ്ധ്യാപകർ എത്യോപ്യയിൽ ജോലിനോക്കി. തുടർന്ന് വന്ന കമ്യൂണിസ്റ്റ് ഡെർഗ് ഭരണവും ഭാരതവുമായി നല്ലബന്ധം തന്നെയാണ് പുലർത്തിയത്. 1991ൽ ജനാധിപത്യ വ്യവസ്ഥയിലേക്ക് എത്യോപ്യ മാറിയപ്പോൾ ബന്ധം കൂടുതൽ ഊഷ്മളമായി. ഇന്ത്യയെ സ്‌നേഹിച്ച എത്യോപ്യൻ നേതാവായിരുന്നു ഗിർമ വോൾഡി ഗോർഗിസെന്ന് അദ്ദേഹം അനുസ്മരിച്ചു.

അവിടത്തെ ജനങ്ങൾ പിതൃവാൽസല്യത്തോടെ ഗാഷെ ഗിർമയെന്ന് വിളിച്ചിരുന്ന ജനനായകന്റെ ജീവിതകഥ എഴുതിയതിലൂടെ ഫ്രണ്ട്‌സ് ഓഫ് എത്യോപ്യയുടെ മുഖ്യസംഘാടകൻ ശിവകുമാർ കെ.പി. ഇരു രാജ്യങ്ങൾക്കിടയിൽ ഒരു അനൗദ്യോഗിക അംബാസഡറായി മാറിയെന്നും ടി.പി. ശ്രീനിവാസൻ പറഞ്ഞു. ശ്രീ. സത്യസായി ഓർഫനേജ് ട്രസ്റ്റ് -കേരള എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അധ്യക്ഷനായിരുന്നു.
എത്യോപ്യൻ നേതാവിന്റെ അടുത്ത ശിഷ്യനും മൈക്രോബിസിനസ് കോളേജ് മേധാവിയുമായ അബെറ തിലാഹുൻ അനുസ്മരണ പ്രഭാഷണം നടത്തി. സ്വപ്നം കാണാൻ ലോകത്തോട് ആഹ്വാനം ചെയ്ത എ.പി.ജെ. അബ്ദുൾ കലാമിനെ പോലെ എത്യോപ്യക്കാർക്ക് ജീവിതലക്ഷ്യം പകർന്നുനല്കിയ നേതാവാണ് ഗാഷെ ഗിർമയെന്ന് അദ്ദേഹം പറഞ്ഞു.

ഐ.സി.സി.ആർ. റീജ്യണൽ ഓഫീസർ സി. കാർത്തികേശൻ പ്രത്യേക പ്രഭാഷണം നടത്തി. ചെമ്പഴന്തി എസ്. എൻ. കോളേജിൽ പഠിക്കുന്ന എത്യോപ്യൻ വിദ്യാർത്ഥി അബി തെസ്ഫായെ, ശ്രീ സത്യ സായി കോളെജ് വിദ്യാർത്ഥി അരവിന്ദ് എൽ. എന്നിവർ ആശംസകൾ നേർന്നു. ഫ്രണ്ട്‌സ് ഓഫ് എത്യോപ്യ ഇൻ ട്രിവാണ്ട്രം ചീഫ് കോ-ഓർഡിനേറ്റർ ശിവകുമാർ കെ.പി., കൺവീനർ ഡോ. സിദ്ധാർത്ഥ് ബാനർജി എന്നിവർ സംസാരിച്ചു. എത്യോപ്യൻ അതിഥിക്ക് ടി.പി. ശ്രീനിവാസൻ ഉപഹാരം സമർപ്പിച്ചു. പരമ്പരാഗത എത്യോപ്യൻ ഷാൾ അണിയിച്ച് ആനന്ദകുമാറിനെ അബെറ തിലാഹുനും ആദരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP