Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്രകളോട് ഏറ്റവും അഭിനിവേശം ഉണ്ടായിരുന്നത് പ്രവീണിന്; എൻജിനിയറിങ് പഠനകാലം മുതലുള്ള സുഹൃത്തുക്കളുമായുള്ള നേപ്പാൾ യാത്ര പ്ലാൻ ചെയ്തതും പ്രവീൺ മുൻകൈയെടുത്ത്; ദുരന്തത്തിൽ കലാശിച്ചത് കോളേജ് കാലത്തെ കൂട്ടുകാർ കുടുംബത്തോടൊപ്പം നടത്തിയ ആദ്യയാത്ര; ഒരിക്കലും തീരാത്ത നോവ് ഓർമ്മകൾ ബാക്കിവെച്ച് 'ജനുവരിപ്പൂക്കളായി' കുഞ്ഞു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം പ്രവീണിന്റെ മടക്കമില്ലാത്ത യാത്ര; ഉറ്റ സുഹൃത്തുക്കൾ നേപ്പാളിൽ വെച്ച് വിട്ടകന്നപ്പോൾ ഹൃദയം പൊട്ടി ചങ്ങാതിമാർ

യാത്രകളോട് ഏറ്റവും അഭിനിവേശം ഉണ്ടായിരുന്നത് പ്രവീണിന്; എൻജിനിയറിങ് പഠനകാലം മുതലുള്ള സുഹൃത്തുക്കളുമായുള്ള നേപ്പാൾ യാത്ര പ്ലാൻ ചെയ്തതും പ്രവീൺ മുൻകൈയെടുത്ത്; ദുരന്തത്തിൽ കലാശിച്ചത് കോളേജ് കാലത്തെ കൂട്ടുകാർ കുടുംബത്തോടൊപ്പം നടത്തിയ ആദ്യയാത്ര; ഒരിക്കലും തീരാത്ത നോവ് ഓർമ്മകൾ ബാക്കിവെച്ച് 'ജനുവരിപ്പൂക്കളായി' കുഞ്ഞു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം പ്രവീണിന്റെ മടക്കമില്ലാത്ത യാത്ര; ഉറ്റ സുഹൃത്തുക്കൾ നേപ്പാളിൽ വെച്ച് വിട്ടകന്നപ്പോൾ ഹൃദയം പൊട്ടി ചങ്ങാതിമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻജിനീയറിങ് കോളേജ് കാലത്തെ സൗഹൃദമായിരുന്നു പ്രവീണും രഞ്ജിത്ത് കുമാറും അടങ്ങുന്നവർ. വിശാലമായ സുഹൃദ് ബന്ധങ്ങളിൽ ഇനി രണ്ട് സുഹൃത്തുക്കളില്ല എന്നോർക്കുമ്പോൾ നെഞ്ചു പിടയുകയാണ് ചങ്ങാതിമാർക്ക്. കൂട്ടത്തിൽ എന്നും യാത്രകളെ ഇഷ്ടപ്പെട്ടിരുന്നത് പ്രവീണായിരുന്നു. പ്രവീണിന്റെ ശീലത്തിന് ഒപ്പം നിൽക്കുകയായിരുന്നു സുഹൃത്തുക്കളും. അതുതന്നെയാണ് ഉത്സവത്തിനായി വീട്ടിലെത്തുംമുമ്പ് അദ്ദേഹത്തെ മറ്റൊരു യാത്രയ്ക്കു സുഹൃത്തുക്കളെ പ്രവീൺ പ്രേരിപ്പിച്ചതും. എൻജിനിയറിങ് പഠനകാലത്തെ സൗഹൃദംപുതുക്കൽ കൂടിയായിരുന്നു ഈ യാത്ര. നേപ്പാളിൽനിന്നു മടങ്ങിയെത്തി കുടുംബവീടിനടുത്തുള്ള ക്ഷേത്രോത്സവവും കഴിഞ്ഞ് മടങ്ങാനായിരുന്നു പദ്ധതി. യാത്രകളെ സ്‌നേഹിച്ച അദ്ദേഹം ഒരു യാത്രയ്ക്കിടെത്തന്നെ എന്നെന്നേക്കുമായി വിട്ടകന്നുവെന്നു പറയുമ്പോൾ സുഹൃത്ത് കൃഷ്ണകുമാറിന്റെ വാക്കുകളിടറി.

പഠിക്കുന്ന കാലത്തുതന്നെ സുഹൃത്തുക്കൾക്കൊപ്പം യാത്രകൾ പോകുന്ന പതിവുണ്ടായിരുന്നു പ്രവീണിന്. വിവാഹംകഴിഞ്ഞതോടെ ഇത്തരം ഉല്ലാസയാത്രകൾ കുടുംബയാത്രകളായി മാറി. പ്രവീൺ വർഷത്തിലൊരിക്കലെങ്കിലും ജോലിത്തിരക്കിൽനിന്നകന്ന് കുടുംബത്തെയുംകൂട്ടി യാത്രപോകുമായിരുന്നു. കഴിഞ്ഞയാഴ്ച എറണാകുളത്ത് എത്തിയശേഷമാണ് കുടുംബത്തോടൊപ്പം വെള്ളിയാഴ്ച നേപ്പാളിലേക്കു പോയത്. നേപ്പാളിൽനിന്നു മടങ്ങി തിരുവനന്തപുരത്തെത്തി വീടിനടുത്തെ ക്ഷേത്രത്തിലെ ഉത്സവവും കഴിഞ്ഞ് തിരികെ ദുബായിലേക്കു പോകാനായിരുന്നു പദ്ധതിയെന്നു പ്രവീണിന്റെ സുഹൃത്തുക്കൾ പറയുന്നു. ഡാർജിലിങ്ങിലെത്തി സുഹൃത്തും സഹപാഠിയുമായ രാംകുമാറിനെ കണ്ട ശേഷമാണു നേപ്പാളിലേക്കു പോയത്.

സാമൂഹികമാധ്യമങ്ങളിൽ സജീവമാണെങ്കിലും യാത്രയ്ക്കിടെതന്നെ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്ന സ്വഭാവം പ്രവീണിനുണ്ടായിരുന്നില്ലെന്നു കൃഷ്ണകുമാർ പറഞ്ഞു. യാത്രകൾ കഴിഞ്ഞുവന്ന ശേഷമാണ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. ഇക്കുറിയും അങ്ങനെത്തന്നെയാകാം അദ്ദേഹം ചിന്തിച്ചത്. അതുകൊണ്ടാകണം നേപ്പാളിലേക്കുപോയിട്ടും ആരും അറിയാതിരുന്നത്. പ്രവീണിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൊന്നും അദ്ദേഹം ഒരു ചിത്രവും ഇതുവരെ പങ്കുവെച്ചിട്ടില്ല.
2000-2004-ൽ പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയായിരുന്ന പ്രവീൺ പഴയ സഹപാഠികളെ കണ്ടെത്തി ഒരുമിച്ചുകൂടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. 56 പേരിൽ എട്ടുപേരൊഴികെ മറ്റുള്ളവരെയൊക്കെ കണ്ടെത്താൻ പ്രവീൺ ഉൾപ്പെടുന്ന സുഹൃദ് സംഘത്തിനു കഴിഞ്ഞു. പ്രവീൺതന്നെയാണ് പലരുടെയും ഫോൺനമ്പർ കണ്ടെത്തി വിളിച്ചതും മറ്റുള്ളവർക്ക് പങ്കുവച്ചതെന്നും സുഹൃത്തായ സന്ദീപ് പറഞ്ഞു.

എൻജിനിയറിങ് കോളേജിൽ ഒന്നിച്ചു പഠിച്ചവർ ഏറെ സന്തോഷത്തോടെ കുടുംബത്തോടൊപ്പം നടത്തിയ ആദ്യയാത്രയായിരുന്നു അപകടത്തിൽ കലാശിച്ചതും. പലയിടങ്ങളിൽ പാർക്കുന്നവർ പല ഭാഗത്തു നിന്നായി എത്തി ഒത്തുചേർന്നുനടത്തിയ യാത്രയ്‌ക്കൊടുവിൽ മടങ്ങുന്നത് പ്രിയപ്പെട്ട എട്ടുപേർ കൂടെയില്ലാതെയാണ്. പഠനാകാലത്തെ സൗഹൃദം സൂക്ഷിച്ചിരുന്ന പ്രവീൺ ഇടയ്ക്കിടെ ഒത്തുകൂടലും യാത്രകളുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ, കുടുംബത്തെ ഒപ്പംകൂട്ടിയുള്ള ആദ്യയാത്ര നേപ്പാളിലേക്കു തീരുമാനിച്ചു. ഡൽഹിയിൽ ഒത്തുകൂടി പോവാൻ പദ്ധതിയിട്ടു. പ്രവീൺ ദുബായിൽ നിന്നെത്തി. പ്രവീണിന്റെ ഭാര്യയും കുട്ടികളും കൊച്ചിയിൽനിന്നും ഡൽഹിയിലെത്തുകയായിരുന്നു.

ശനിയാഴ്ചയാണ് നേപ്പാളിലെത്തിയത്. ബുധനാഴ്ച കാഠ്മണ്ഡുവിൽ നിന്നു മടങ്ങാനായിരുന്നു പദ്ധതി. തിങ്കളാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് ദാമനിലെത്തിയത്. നല്ല തണുപ്പുണ്ടായിരുന്നു. രാത്രിഭക്ഷണത്തിനു ശേഷം ഞങ്ങൾ മുറികളിലേയ്ക്കുപോയി. പ്രവീണിന്റെ മുറിയിൽ റൂം ഹീറ്റർ ലഭ്യമല്ലാത്തതിനാൽ വലിയ ടവർ ഹീറ്റർ ഹോട്ടലുകാർ അവിടെ വെച്ചുകൊടുത്തു. സ്വന്തം മുറിയിൽ ഹീറ്റർ പ്രവർത്തിക്കാത്തതിനാൽ രഞ്ജിത് കുടുംബത്തോടൊപ്പം പ്രവീണിന്റെ മുറിയിലേയ്ക്കു മാറി. നേരത്തേ നല്ല ഉറക്കം പിടിച്ച മൂത്തമകൻ മാധവ് മറ്റുള്ളവർക്കൊപ്പമായിരുന്നു. ഞങ്ങൾ രാവിലെ ഉറക്കമുണർന്നു ചെന്നുനോക്കുമ്പോൾ ആ മുറിയിലുള്ളവരെല്ലാം അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് ഇവരുടെ നാട്ടിലുള്ള സുഹൃത്തുക്കളായ പ്രതാപനും പ്രശാന്തും ചൊവ്വാഴ്ചതന്നെ കാഠ്മണ്ഡുവിലെത്തി. ദുബായിൽനിന്ന് ആനന്ദ്, ബാലഗോപാൽ എന്നീ സുഹൃത്തുക്കൾ ബുധനാഴ്ചയെത്തും.

ജനുവരിയുടെ നെമ്പരപ്പൂക്കളായി കുരുന്നുകൾ..

ജനുവരിയിൽ ജനിച്ചവർ.. മരണവും ഒരു ജനുവരിയിൽ... വിധിയുടെ വിളയാട്ടമാകാം.. കുഞ്ഞുശ്രീഭദ്രയും ആർച്ചയും അഭിനവും നേപ്പാളിലെ ഹോട്ടൽ മുറിയിൽ മരിച്ചു വീണപ്പോൾ ആ കുഞ്ഞുങ്ങലെ ഓർത്ത് നെഞ്ചു പിടയുകയാണ് മലയാളക്കരയ്ക്ക്. ജനുവരി മൂന്നിനായിരുന്നു ശ്രീഭദ്രയുടെ ജന്മദിനം. അഭിനവ് 15-ന് ജന്മദിനം ആഘോഷിച്ചപ്പോൾ 31-നാണ് ആർച്ചയുടെ ജന്മദിനം. ഇവർക്ക് ജന്മദിനാഘോഷവും സമ്മാനവുമായാണ് പ്രവീണും ശരണ്യയും നേപ്പാളിലേക്കു വിനോദയാത്ര സംഘടിപ്പിച്ചത്. അത് അന്ത്യയാത്രയായല്ലോ എന്നോർക്കുമ്പോൾ വിങ്ങിപ്പൊട്ടുകയാണ് അവരുടെ അദ്ധ്യാപകർ.

എൽ.കെ.ജി. വിദ്യാർത്ഥിയായ അഭിനവ് പഠിക്കുന്ന എളമക്കര സരസ്വതി വിദ്യാനികേതനിലെ അദ്ധ്യാപിക ഹേത്തലിന്റെ വാക്കുകൾ സങ്കടത്താൽ മുറിഞ്ഞു. അതേ വികാരമായിരുന്നു ശ്രീഭദ്രയുടെ ക്ലാസ് ടീച്ചറായ ലൈലയ്ക്കും: ''വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞുപോകുമ്പോൾ വലിയ സന്തോഷത്തിലായിരുന്നു ശ്രീഭദ്ര. അച്ഛൻ വന്നിട്ടുണ്ടെന്നും നേപ്പാളിലേക്കു ടൂർ പോകുകയാണെന്നും അവൾ പറഞ്ഞു. മിക്കവാറും ഒരാഴ്ച കഴിഞ്ഞേ ക്ലാസിൽ വരികയുള്ളൂവെന്നും പറഞ്ഞാണ് യാത്രപറഞ്ഞു പോയത്. എന്റെ കുട്ടി...'' സങ്കടത്താൽ ലൈലയ്ക്കും വാക്കുകൾ പൂർത്തിയാക്കാനായില്ല.

സാധാരണഗതിയിൽ അപ്പൂപ്പനാണ് കുട്ടികളെ സ്‌കൂളിൽ കൊണ്ടുവന്നു വിടാറുള്ളത്. എന്നാൽ, വ്യാഴാഴ്ച രാവിലെ അച്ഛൻ പ്രവീണാണ് കുട്ടികളെ കൊണ്ടുവന്നത്. രാവിലെ കുട്ടികളുടെ ക്ലാസ് ടീച്ചർമാരെ കണ്ട് അടുത്തയാഴ്ചത്തെ അവധിയുടെ കാര്യം പ്രവീൺ സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് സ്‌കൂൾ പ്രിൻസിപ്പൽ എ. ചെന്താമരാക്ഷൻ പറഞ്ഞു. എപ്പോഴും ഫ്‌ളാറ്റുകളുടെ മുന്നിൽവന്ന് ബെല്ലടിച്ചിരുന്ന കുട്ടികളുടെ കളിചിരികളാണ് പ്രവീണും കുടുംബവും താമസിച്ചിരുന്ന ഫ്‌ളാറ്റിലെ അയൽക്കാരനായ ഡോണിന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP