Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോഗ്യ ജാഗ്രത 2020: സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി 'ആരോഗ്യ ജാഗ്രത' എന്ന പേരിൽ വർഷം മുഴുവനും നീണ്ടു നിൽക്കുന്ന ഒരു വാർഷിക കർമ്മ പരിപാടി 2018, 2019 വർഷങ്ങളിൽ സമയബന്ധിതമായും ഊർജ്ജിതമായും നടപ്പിലാക്കിയിരുന്നു. 2018 ജനുവരി 1 ന് മുഖ്യമന്ത്രി തുടക്കം കുറിച്ച 'ആരോഗ്യ ജാഗ്രത'യുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ഇതര വകുപ്പുകളേയും ഏജൻസികളേയും ബഹുജന പ്രസ്ഥാനങ്ങളേയും ഉൾപ്പെടുത്തി ഊർജ്ജിതമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. മന്ത്രിമാരുടേയും മറ്റ് ജനപ്രതിനിധികളുടേയും നേതൃത്വം പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി. നവകേരള സൃഷ്ടിക്കായുള്ള ആരോഗ്യരംഗത്തെ ആർദ്രം മിഷന്റെ പ്രവർത്തനങ്ങൾക്കും ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങളുടെ ഭാഗമായി നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങൾക്കും അനുപൂരകമായിട്ടാണ് ആരോഗ്യജാഗ്രത പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.

'ആരോഗ്യ ജാഗ്രത 2020' ന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി. സുധാകരൻ, കെ. കൃഷ്ണൻകുട്ടി, അഡ്വ. കെ. രാജു, എംപി.മാർ, എംഎ‍ൽഎ.മാർ, മേയർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

മുൻവർഷങ്ങളിലെ അനുഭവ പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് ഈ വർഷത്തെ 'ആരോഗ്യ ജാഗ്രത' പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആർദ്രം ജനകീയ ക്യാമ്പയിനുമായി ചേർന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജൻസികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇത് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ആർദ്രം ജനകീയ ക്യാമ്പയിന്റെ മുദ്രാവാക്യം 'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം' എന്നതാണ്. ഓരോ പൗരനും സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് വേണ്ട ബോധവൽക്കരണം നൽകുകയാണു ആർദ്രം ജനകീയ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനതലം മുതൽ വാർഡ്തലം വരെയുള്ള ആലോചനായോഗങ്ങൾ, ഇതര വകുപ്പുകളുടെ പ്രവർത്തന ഏകോപന യോഗങ്ങൾ, വാർഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതികളുടെ ശാക്തീകരണം, പ്രത്യേക ഗ്രാമസഭകൾ, ആരോഗ്യ സേനാ രൂപീകരണം, ശുചിത്വമാപ്പിങ്, വാർഡ്തല, പഞ്ചായത്ത്തല കർമ്മപദ്ധതികൾ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിൽ രോഗപ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾ, പൊതുജന പങ്കാളിത്തത്തോടെയുള്ള പ്രതിരോധ യജ്ഞങ്ങൾ, പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പരിശോധനകളും തുടർനടപടികളും എന്നിങ്ങനെ ഓരോ പ്രവർത്തനവും സമയബന്ധിതമായി ഈ വർഷവും നടപ്പിലാക്കേണ്ടതുണ്ട്.

സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ഭാഗമായി മലമ്പനി, മന്തുരോഗം, കാല അസർ, കുഷ്ഠരോഗം തുടങ്ങിയവ 2020 - 2025 ഓടെ നിവാരണം ചെയ്യുന്നതിനുള്ള നടപടികളും നല്ലരീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. തദ്ദേശീയ മലമ്പനി ഉൾപ്പടെയുള്ള മലമ്പനി മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ കുറക്കുവാനായി. മലമ്പനി നിർണയം കാര്യക്ഷമമാക്കുവാൻ ലാബ്ടെക്നീഷ്യന്മാർക്ക് ആവശ്യമായ പരിശീലനവും നൽകി. മന്തുരോഗ നിവാരണത്തിനുള്ള എം.ഡി.എ. ഈ വർഷം പാലക്കാട് ജില്ലയിലും മലപ്പുറം ജില്ലയിലെ പൊന്നാനിയിലും നടത്തി. മന്തുരോഗ വ്യാപന സാധ്യതാസർവ്വേയും 9 ജില്ലകളിലായി പുരോഗമിച്ചുവരുന്നു. ഡോക്ടർമാർക്കും സ്റ്റാഫ്നഴ്സുമാർക്കും ആവശ്യമായ പരിശീലനം നൽകി മന്തുരോഗാതുരത കുറയ്ക്കുന്നതിനുള്ള പരിപാലന ക്ലിനിക്കുകൾ എല്ലാ ജില്ലകളിലും പ്രവർത്തന സജ്ജമാക്കി. കുഷ്ഠരോഗനിവാരണത്തിന്റെ ഭാഗമായി 'അശ്വമേധം' എന്ന പേരിൽ ആരോഗ്യ സന്നദ്ധ പ്രവർത്തകർ ഗൃഹ സന്ദർശനം നടത്തി രോഗസാധ്യതയുള്ളവരെ കണ്ടുപിടിച്ച് സൗജന്യ ചികിത്സ നൽകി വരുന്നുണ്ട്.

പ്രത്യേക പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യത്തെ നിർണയിക്കുന്ന സാമൂഹിക, പാരിസ്ഥിതിക ഘടങ്ങളെ നേരിടുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും, ഏജൻസികളുടെയും, പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ആരോഗ്യ വകുപ്പ് 'ആരോഗ്യ ജാഗ്രത' നടത്തി വരുന്നത്. താഴെ തട്ടിൽ വാർഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ ആരോഗ്യ സേന, ഗൃഹ/സ്ഥാപനതല സന്ദർശനം നടത്തി പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളും, കാമ്പയിനുകളും നടപ്പിലാക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണം, കൊതുകു നിരീക്ഷണം, കൊതുകിന്റെ ഉറവിട നശീകരണം ഉൾപ്പെടെയുള്ള കൊതുകു നിയന്ത്രണം, ജലസ്ത്രോതസുകളുടെ ക്ലോറിനേഷൻ, രോഗ നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, രോഗം പൊട്ടിപ്പുറപ്പെടുന്നിടത്ത് കാര്യകാരണ വിശകലനം നടത്തി ഊർജ്ജിത നിയന്ത്രണം, ബോധവത്ക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നടപ്പിലാക്കി വരുന്നത്. ഇതിനാവശ്യമായ ഫണ്ട് പഞ്ചായത്ത്/ മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ 25,000 രൂപയും, കോർപ്പറേഷൻ 35,000 രൂപയും വാർഡ്തലത്തിൽ അനുവദനീയമാണ്.

ആരോഗ്യ ജാഗ്രത ഫലപ്രദമായി നടപ്പിലാക്കിയതിന്റെ ഫലമായി 2017-നെയും 2018-നെയും അപേക്ഷിച്ച് 2019-ൽ വൈറൽപനി, മലമ്പനി, എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ പകർച്ചവ്യാധികളും അവ മൂലമുള്ള മരണങ്ങളും കുറക്കുവാൻ സാധിച്ചു. അതുപോലെ ഡെങ്കിപ്പനിയും, എച്ച്1 എൻ1 പനിയും അവമൂലമുള്ള മരണവും 2017-നെ അപേക്ഷിച്ച് 2019-ൽ കുറക്കുവാനായി. കൂടാതെ 2018 -ൽ ഉണ്ടായ നിപ രോഗബാധയും, വെള്ളപ്പൊക്ക ദുരന്തത്തേയും ഫലപ്രദമായി നിയന്ത്രിച്ചു നിർത്താനും സാധ്യമായി. 2019-ൽ നിപ രോഗബാധ ഒരാൾക്ക് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതുമൂലം മരണം ഒന്നും സംഭവിച്ചിട്ടില്ലാത്തതുമാണ്. 2019-ലെ വെള്ളപ്പൊക്കാനന്തരമുണ്ടായ എലിപ്പനി രോഗബാധയും അതുമൂലമുള്ള മരണവും ഡോക്സിഡേ കാമ്പയിൻ ഫലപ്രദമായി നടത്തിയതിന്റെ ഭാഗമായി ഗണ്യമായി കുറക്കുവാൻ സാധിച്ചു. 2018-ലും 2019-ലും പകർച്ചവ്യാധികൾ മൂലമുള്ള രോഗബാധയും മരണവും ഗണ്യമായി കുറക്കുവാനായത് ആരോഗ്യ ജാഗ്രതയുടെ നേട്ടമായി കണക്കാക്കാവുന്നതാണ്.

2019 നവംമ്പറിൽ സംസ്ഥാന വ്യാപകമായി തുടക്കം കുറിച്ച ആർദ്രം ജനകീയ കാമ്പയിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്. നവകേരള കർമ്മ പദ്ധതിയിലെ ഹരിതകേരളം മിഷൻവഴി മാലിന്യമുക്ത കേരളവും ജല സംരക്ഷണവും കൃഷി വ്യാപനവുമൊക്കെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾക്ക് ഏറെ ശക്തി പകരുന്നതാണ്.

വിവിധ തലങ്ങളിൽ വിപുലമായ ജന പങ്കാളിത്തത്തോടെ ക്യാമ്പെയിൻ പ്രവർത്തനങ്ങൾ മുന്നേറുകയാണ്. ആർദ്രം കാമ്പയിനിന്റെ അഞ്ചു ഘടകങ്ങളിൽ ഒന്നാണ് 'ശുചിത്വവും മാലിന്യ നിർമ്മാർജ്ജനവും'. വ്യക്തിതലത്തിലും കുടുംബതലത്തിലും തൊഴിലിടങ്ങളിലും, പൊതുസ്ഥലങ്ങളിലും വാർഡ്തല ശുചിത്വസമിതികളുടെ നേതൃത്വത്തിലുമെല്ലാം പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതോടെ ഈ വർഷത്തെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ കുറെകൂടി ഫലപ്രദമാക്കാൻ നമുക്ക് കഴിയും. 2020 ജനുവരി 1-ഓടെ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കൂടി നടപ്പിലാക്കിയതോടെ മാലിന്യ നിർമ്മാർജ്ജനത്തിന് പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കണക്കാക്കി 2020-ൽ 'ആരോഗ്യജാഗ്രത' കൂടുതൽ കാര്യക്ഷമമായും സമയബന്ധിതമായും നടത്തേണ്ടതുണ്ട്. അതിന് ജനപ്രതിനിധികളുടേയും വിവിധവകുപ്പുകളുടേയും ഏജൻസികളുടേയും ആരോഗ്യ പ്രവർത്തകരുടേയും സന്നദ്ധസംഘടനകളുടേയും പൊതുജനങ്ങളുടേയും അകമഴിഞ്ഞ സഹകരണം അഭ്യർത്ഥിക്കുന്നു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ഡോ. രാജു, ഡോ. മീനാക്ഷി, എൻ.എച്ച്.എം. എച്ച്.ആർ. ആൻഡ് അഡ്‌മിൻ മാനേജർ കെ. സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP