Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പോളിയോ വൈറസിനെ ജോനാസ് സാൽക്ക് തോല്പിച്ചു; പക്ഷെ കേരളത്തിൽ മതം ജോനാസ് സാൽക്കിനെ നൈസായി തോല്പിക്കുന്നു; ഭാവിയിൽ കേരളം പോളിയോ രോഗികളുടെ സ്വന്തം നാടായി അറിയപ്പെടട്ടേ! പോളിയോ വാക്‌സിനേഷനോട് ഒരുവിഭാഗം രക്ഷിതാക്കൾ മുഖം തിരിച്ച പശ്ചാത്തലത്തിൽ സജീവ് ആലയുടെ കുറിപ്പ്

പോളിയോ വൈറസിനെ ജോനാസ് സാൽക്ക് തോല്പിച്ചു; പക്ഷെ കേരളത്തിൽ മതം ജോനാസ് സാൽക്കിനെ നൈസായി തോല്പിക്കുന്നു; ഭാവിയിൽ കേരളം പോളിയോ രോഗികളുടെ സ്വന്തം നാടായി അറിയപ്പെടട്ടേ! പോളിയോ വാക്‌സിനേഷനോട് ഒരുവിഭാഗം രക്ഷിതാക്കൾ മുഖം തിരിച്ച പശ്ചാത്തലത്തിൽ സജീവ് ആലയുടെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ആജീവനാന്തം കൈകാലുകൾ തളരുന്ന രോഗത്തെ ചെറുക്കാനുള്ള പോളിയോ വാക്‌സിനേഷനോട് ഒരുവിഭാഗം രക്ഷിതാക്കൾ മുഖം തിരിച്ചത് ഇന്നലെ വാർത്തയായിരുന്നു. ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളിൽ രക്ഷിതാക്കൾ കുട്ടികളെ എത്തിക്കാതിരുന്നതിനാൽ സംസ്ഥാനത്തെ 4,90,645 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാനായില്ല. തുള്ളിമരുന്ന് വിതരണത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിൽ മലപ്പുറം ജില്ലയാണ്. ഇവിടത്തെ 46 ശതമാനം കുട്ടികൾക്കും പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി നടന്ന ജനുവരി 19-ന് പോളിയോ തുള്ളിമരുന്ന് നൽകിയിട്ടില്ല. ഒരുവിഭാഗത്തിന്റെ കുപ്രചാരണത്തിന്റെ ഫലമായാണ് വലിയതോതിലുള്ള പിന്മാറ്റമെന്നാണ് ആരോപണം. ഈ പശ്ചാത്തലത്തിൽ, കേരളത്തിൽ മതം വാക്‌സിൻ കണ്ടുപിടിച്ച ജോനാസ് സാൽക്കിനെ നൈസായി തോൽപ്പിക്കുകയാണെന്ന് സജീവ് ആല ഫേസ്‌ബുക്കിൽ കുറിച്ചു.

പോളിയോ വൈറസിനെ
ജോനാസ് സാൽക്ക് തോല്പിച്ചു.
പക്ഷെ കേരളത്തിൽ മതം
ജോനാസ് സാൽക്കിനെ നൈസായി തോല്പിക്കുന്നു

ഭാവിയിൽ കേരളം പോളിയോ രോഗികളുടെ സ്വന്തം നാടായി അറിയപ്പെടട്ടേ..

തന്റെ പഴയ ഒരു പോസ്റ്റ് സജീവ് ഇതിനൊപ്പം റീപോസ്റ്റ് ചെയ്തിട്ടുണ്ട്.

1955 ഏപ്രിൽ 12

സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ എന്ന് അമേരിക്ക വിളിച്ചുകൂവിയ ദിനം. ഡോ. ജോനാസ് സാൽക്ക് വികസിപ്പിച്ചെടുത്ത പോളിയോ വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ സുദിനം. ജനങ്ങൾ അമേരിക്കൻ തെരുവുകളിൽ നൃത്തം ചെയ്തു കെട്ടിപ്പിടിച്ചു. കാറുകൾ നിർത്താതെ ഹോൺ അടിച്ചു. ഫാക്ടറികൾ ആഹ്‌ളാദ സൈറൻ മുഴക്കി. സ്‌ക്കൂളുകളിൽ കുട്ടികളും അദ്ധ്യാപകരും പൊട്ടിച്ചിരിച്ചു തുള്ളിച്ചാടി.

പോളിയോ വാക്‌സിൻ കണ്ടുപിടിച്ച ഡോ.ജോനാസ് സാൽക്ക് ഒറ്റ ദിവസം കൊണ്ട് ദേശീയ ഹീറോയായി. അദ്ദേഹം അമേരിക്കയുടെ കൺകണ്ട ദൈവമായി. ടൈം മാഗസിൻ മുഖച്ചിത്രമായി. ഒരു വാക്‌സിൻ കണ്ടൂപിടിച്ചതിൽ ഇത്ര ആഹ്‌ളാദിക്കാൻ എന്തിരിക്കുന്നുവെന്ന് ഇന്ന് നമുക്ക് തോന്നിയേക്കാം..! 1952ൽ 58000 അമേരിക്കക്കാർക്ക് പോളിയോ ബാധിച്ചു. 21000 പേർ ശരീരം തളർന്ന് കിടപ്പിലായി. 3000 ആളുകൾ മരിച്ചു.

അമേരിക്ക അക്കാലത്ത് ഏറ്റവും പേടിച്ചിരുന്ന പകർച്ചവ്യാധിയായിരുന്നു പോളിയോ. മുഖ്യമായും കൂട്ടികളാണ് പോളിയോ വൈറസിന് ഇരയായിരുന്നതെങ്കിലും മുതിർന്നവരേയും ഈ മാരകരോഗം വെറുതെ വിട്ടില്ല. അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിൻ ഡി റൂസ് വെൽറ്റിന് മുപ്പതിയൊൻപതാം വയസ്സിൽ പോളിയോ പിടിപെട്ടു. ശരീരത്തിന്റെ പകുതി തളർന്നുപോയ അദ്ദേഹത്തിന്റെ പിൽക്കാലജീവിതം മുഴുവൻ വീൽച്ചെയറിലായിരുന്നു.

സമ്മർ സീസണായ ജൂൺ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലായിരുന്നു അമേരിക്കയിൽ പോളിയോ പടർന്നുപിടിച്ചിരുന്നത്. ആർക്കും എപ്പോൾ വേണമെങ്കിലും രോഗം പിടിപെടാവുന്ന അവസ്ഥയിൽ പോളിയോ എന്ന് കേൾക്കുമ്പോൾ തന്നെ അമേരിക്ക ഞെട്ടിവിറച്ചിരുന്നു. അതിസമ്പന്ന അമേരിക്കയിലെ അവസ്ഥ ഇതാകുമ്പോൾ മറ്റ് രാജ്യങ്ങളുടെ കാര്യം വെറുതെ ഊഹിച്ചാൽ മതിയല്ലോ..! 1953 മാർച്ച് 26 നാണ് പോളിയോയ്‌ക്കെതിരെയുള്ള വാക്‌സിൻ കണ്ടുപിടിച്ചിരിക്കുന്നുവെന്ന് പിറ്റ്‌സ്ബർഗ് യൂണിവേഴ്‌സിറ്റിയിലെ വെറൽ ലാബ് മേധാവിയായിരുന്ന ജോനാസ് സാൽക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഒരു ദിവസം '48 മണിക്കൂർ എന്ന കണക്കിൽ അനേകം മാസങ്ങൾ' ഊണും ഉറക്കവും ഉപേക്ഷിച്ച് നടത്തിയ ഗഷേഷണ തപസ്സിന്റെ സദ്ഫലം.
വാക്‌സിൻ ജോനാസ് സാൽക്ക് സ്വന്തം ശരീരത്തിലും ഭാര്യയിലും മക്കളിലുമാണ് ആദ്യം പരീക്ഷിച്ചത്. 1954ൽ വാക്‌സിന്റെ ക്‌ളിനിക്കൽ ട്രയൽ ആരംഭിച്ചു. 18 ലക്ഷം അമേരിക്കൻ സ്‌ക്കൂൾ കുട്ടികളിൽ വാക്‌സിൻ കുത്തിവച്ചു.

മൂന്നരലക്ഷത്തോളം ഡോക്ടർമാർ നഴ്‌സുമാർ ആരോഗ്യപ്രവർത്തകർ സന്നദ്ധ സേവകർ എല്ലാവരും ചേർന്ന് ഒരേ മനസ്സോടെ ഒത്തുചേർന്നൊരു മഹായജ്ഞമായിരുന്നു ഈ ക്‌ളിനിക്കൽ ട്രയൽ. അമേരിക്കൻ സർക്കാരിൽ നിന്നോ മരുന്നുകമ്പനികളിൽ നിന്നോ യാതൊരു ധനസഹായവും കൈപ്പറ്റാതെ പൂർണ്ണമായും പൊതുജനങ്ങളുടെ ഡൊണേഷൻ കൊണ്ടാണ് ഈ പരീക്ഷണങ്ങളെല്ലാം നടന്നത്.

പോളിയോയുടെ ഇരയായ ലോകത്തിലെ ഏറ്റവും പ്രശസ്ത മനുഷ്യനായിരുന്ന പ്രസിഡന്റ് റൂസ് വെൽറ്റ് സ്ഥാപിച്ച The National Foundation for Infantile Paralysis എന്ന ചാരിറ്റബിൾ ഓർഗനൈസേഷനാണ് വാക്‌സിൻ ഗവേഷണ പരീക്ഷണങ്ങളുടെ ചുക്കാൻ പിടിച്ചത്. മാതാപിതാക്കൾ സ്വമേധയാ കുട്ടികളുമായി മുന്നോട്ടുവന്ന് വാക്‌സിൻ പരീക്ഷണത്തിന് തയ്യാറാവുകയായിരുന്നു. അത്രയ്ക്കായിരുന്നു അക്കാലത്ത് അമേരിക്കയിലെ പോളിയോഭീതി.കുത്തിവയ്‌പെടുത്ത 40000 കുട്ടികളുടെ രക്തസാമ്പിളുകൾ പരിശോധിക്കപ്പെട്ടു.

അവസാനം റിസൽറ്റ് വന്നു. ജോനാസ് സാൽക്കിന്റെ മുന്നിൽ പോളിയോ വൈറസ് തോറ്റടിയറവു പറഞ്ഞു. ശാസ്ത്രം ജയിച്ചു രോഗം തോറ്റു. പോളിയോ വാക്‌സിന്റെ പേറ്റന്റ് വേണ്ടെന്ന് പറഞ്ഞ ഡോ. ജോനാസ് സാൽക്ക് ശാസ്ത്രത്തിന്റെ മാനവികമുഖമായി മാറി. ഇന്ന് ഭൂമി പോളിയോ വിമുക്തം. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ നൈജീരിയ എന്നിവിടങ്ങളിലെ ചില മതമൗലികവാദ കേന്ദ്രങ്ങളിലൊഴികെ എങ്ങും പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. വാക്‌സിൻവിരുദ്ധ വിഷം ചീറ്റൂന്ന പ്രകൃതിചികിത്സാ കോമാളികളും കിത്താബുഭ്രാന്തന്മാരും കുരുന്നുകളുടെ ജീവനെടുത്ത് പന്താടുന്ന ഈ പ്രബുദ്ധകാലത്ത് ഡോ.ജോനാസ് സാൽക്കിന്റെ ഇതിഹാസഗാഥ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തേണ്ടി വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP