Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തു കിലോ ഭാരം താങ്ങാൻ കഴിയുന്ന പേപ്പർ ക്യാരിബാഗ്; നിർമ്മാണച്ചെലവ് 15 പൈസയിൽ താഴെ; ബാഗ് നിർമ്മാണത്തിനുള്ള ലഘുയന്ത്രമടക്കം വികസിപ്പിച്ച് അഡ്വ.സജു രവീന്ദ്രൻ; ചെറുകിട-വഴിയോര കച്ചവടക്കാർക്ക് ഏറെ സഹായകരം.

പത്തു കിലോ ഭാരം താങ്ങാൻ കഴിയുന്ന പേപ്പർ ക്യാരിബാഗ്; നിർമ്മാണച്ചെലവ് 15 പൈസയിൽ താഴെ; ബാഗ് നിർമ്മാണത്തിനുള്ള ലഘുയന്ത്രമടക്കം വികസിപ്പിച്ച് അഡ്വ.സജു രവീന്ദ്രൻ; ചെറുകിട-വഴിയോര കച്ചവടക്കാർക്ക് ഏറെ സഹായകരം.

സിന്ധു പ്രഭാകരൻ

തിരുവനന്തപുരം: പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് പകരമായി ഉപയോഗിക്കുന്ന പേപ്പർ ബാഗുകൾ അധികഭാരം താങ്ങാൻ കഴിയാത്തവയും പെട്ടെന്ന് കീറി പോകുന്നവയുമാണ്. ഈ പ്രശ്‌നങ്ങൾക്ക് ഒരു പ്രായോഗിക ബദൽ മുന്നോട്ട് വയ്ക്കുകയാണ് കാട്ടാക്കട പൂവച്ചൽ സ്വദേശിയായ അഡ്വ. സജു രവീന്ദ്രൻ. ഒരു ഷീറ്റ് ന്യൂസ്‌പേപ്പർ കൊണ്ട് 10 കിലോയിലധികം ഭാരം താങ്ങാൻ കഴിയുന്ന തരത്തിലുള്ള പേപ്പർ ബാഗുകൾ നിർമ്മിച്ചാണ് ഇയാൾ മാതൃകയാകുന്നത്. സ്വയം വികസിപ്പിച്ചെടുത്ത ഒരു ചെറിയ യന്ത്രത്തിന്റെ സഹായത്തോടെയാണ് ഇത്തരത്തിൽ ഈടു നിൽക്കുന്ന പേപ്പർ ക്യാരി ബാഗുകൾ നിർമ്മിക്കുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന കവറുകൾക്ക് 15 പൈസയിൽ താഴെ മാത്രമേ വില വരൂ എന്നതും ഇതിന്റെ പ്രസക്തി വർധിപ്പിക്കുന്നു.

തിരുവനന്തപുരം കനകക്കുന്ന് സൂര്യകാന്തിയിൽ ഹരിതകേരളമിഷൻ സംഘടിപ്പിച്ചിരിക്കുന്ന ബദൽ ഉല്പന്ന പ്രദർശന വിപണന മേളയിൽ ഇതിന്റെ സാമ്പത്തികശാസ്ത്രമടക്കം വിശദീകരിക്കുകയാണ് സജു. ജനുവരി ഒന്നു മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇത് ചെറുകിട വഴിയോര കച്ചവടക്കാരുടെ തൊഴിലിനെ സാരമായി ബാധിച്ചിട്ടുണ്ട്. ക്യാരി ബാഗുകളുടെ അഭാവം അവരുടെ കച്ചവടം വൻതോതിൽ കുറയാൻ കാരണമായി. കൂടിയ വിലക്ക് തുണി സഞ്ചി വാങ്ങി സൗജന്യമായി നൽകാനും അവർക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ സഞ്ജുവിന്റെ പേപ്പർ ബാഗുകളുടെ പ്രസക്തി വളരെ കൂടുതലാണ്. പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ മാത്രം ഉപയോഗിച്ച് തന്നെ ഇത്തരം ബാഗുകൾ നിർമ്മിക്കാം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

ഒരു ഷീറ്റ് ന്യൂസ്‌പേപ്പറും മൂന്നു മീറ്റർ ചണനൂലും ഒരു പ്രത്യേക രീതിയിൽ നിർമ്മിച്ചെടുത്ത മൈദപ്പശയുമാണ് ഈ പേപ്പർ ബാഗിന്റെ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ. ആകെ 15 പൈസ ചെലവിൽ രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് ഒരു പേപ്പർ ബാഗ് നിർമ്മിച്ചെടുക്കാം. ആയിരം രൂപ മുതൽമുടക്കിൽ ഇത്തരം ഒരു യൂണിറ്റ് സ്ഥാപിച്ചുകൊണ്ട് വീടുകളിൽ തന്നെ നിർമ്മിക്കാവുന്ന തരത്തിലാണ് ഈ ലഘുയന്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെറുകിട കച്ചവടക്കാർ വീടുകളിൽ സ്വന്തമായിത്തന്നെ പേപ്പർബാഗ് നിർമ്മിച്ചെടുത്താൽ ഒരു അധിക വരുമാനം കൂടി അതിൽ നിന്ന് ലഭിക്കുകയും ചെയ്യും.

ചെറിയ തോതിലുള്ള ഈർപ്പത്തെ പ്രതിരോധിക്കാനും ഈ പേപ്പർ ബാഗിന് സാധിക്കും എന്നത് മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ശീതീകരിച്ച പാൽ, ദോശമാവ് തുടങ്ങിയവ കൊണ്ടുപോകാനും ഇവ ഉപയോഗിക്കാം. മറ്റു പലതരം പേപ്പറുകൾ ഉപയോഗിച്ചും ഇത്തരം ബാഗുകളുടെ നിർമ്മാണം സാധ്യമാണ്. വർണ്ണക്കടലാസ് ഉപയോഗിച്ച് സമ്മാനങ്ങൾ നൽകാനുള്ള ബാഗും സ്‌ക്രീൻ പ്രിന്റിങ് ചെയ്‌തെടുത്ത പേപ്പറുകൾ ഉപയോഗിച്ച് പരസ്യ ബാഗുകളും ഇത്തരത്തിൽ നിർമ്മിക്കാം. തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിലുള്ള വെള്ളനാട് മിത്രനികേതൻ സിറ്റി സെന്ററിൽ എത്തിയാൽ ഇതിന്റെ നിർമ്മാണ പരിശീലനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP