Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമൃത ബയോസ് അമൃത ഇൻസിടിഎഫ് സംഘടിപ്പിച്ചു; ഇന്ത്യയിലെ ഏറ്റവും വലിയ എത്തിക്കൽ ഹാക്കിങ് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽപങ്കെടുക്കാനെത്തിയത് 300-ൽ അധികംപേർ

അമൃത ബയോസ് അമൃത ഇൻസിടിഎഫ് സംഘടിപ്പിച്ചു; ഇന്ത്യയിലെ ഏറ്റവും വലിയ എത്തിക്കൽ ഹാക്കിങ് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽപങ്കെടുക്കാനെത്തിയത് 300-ൽ അധികംപേർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അമൃത ബയോസ് സൈബർ സുരക്ഷാ ടീം സംഘടിപ്പിച്ച പത്താമത് എഡിഷൻ അമൃത ഇൻസിടിഎഫ്, അമൃത ഇൻസിടിഎഫ് ജൂനിയർ കോണ്ടസ്റ്റ് എന്നീ മത്സരങ്ങളുടെ ഫൈനൽ റൗണ്ടിൽ മൂന്നൂറിലധികം പേർ പങ്കെടുത്തു. 18 സംസ്ഥാനങ്ങൾ, രണ്ട് കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളും പ്രഫഷണലുകളും ഉൾപ്പെടെയുള്ളവവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ എത്തിക്കൽ ഹാക്കിങ് മത്സരത്തിൽ പങ്കെടുത്തത്. വിദ്യാർത്ഥികൾതന്നെ നടത്തുന്ന സൈബർസെക്യൂരിറ്റി ടീം ആണ് അമൃത ബയോസ്.

തെലങ്കാനയിലെ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് നോളജ് ടെക്‌നോളജീസിലെ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിദ്യാർത്ഥിയായ ബണ്ടാരുവാര പ്രസാദ്, തമിഴ്‌നാട്ടിലെ സിഎസ് അക്കാഡമിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ പ്രണവ് കൃഷ്ണ എന്നിവർ യഥാക്രമം അമൃത ഇൻസിടിഎഫ്, അമൃത ഇൻ സിടിഎഫ് ജൂനിയർ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. അമൃത ഇൻസിടിഎഫ് പ്രഫഷണൽ പുരസ്‌കാരം ടിസിഎസ്-ലെ സുർവാദിത്യ സുർ നേടി. വുമൻ സിടിഎഫ് പുരസ്‌കാരം അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിദ്യാർത്ഥിനിയായ പി.കെ. ശ്രീശ്രുതി കരസ്ഥമാക്കി. വിജയികൾക്കെല്ലാം കാഷ് അവാർഡുകൾ ലഭിച്ചു.

മത്സരത്തിൽ സിസ്‌കോ, ആമസോൺ, ടിബിബി, വി എംവെയർ, നെറ്റ്‌കോൺ ടെക്‌നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഓഡ്യൂസ്, ജൂണിപ്പർ നെറ്റ്‌വർക്ക്‌സ് എന്നിവരും പങ്കാളികളായി. സൈബർ സുരക്ഷാരംഗത്ത് കൂടുതൽ പേരെ പരിശീലിപ്പിക്കുന്നതിനും ഗവേഷണത്തിനും പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിനും ഈ രംഗത്ത് കൂടുതൽ പേരെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മത്സരം സംഘടിപ്പിച്ചത്.

ബൈനറി ഉപയോഗിച്ച് ലക്ഷ്യമിടുന്ന മെഷീന്റെ ചുമതല ഏറ്റെടുക്കുക, സൈബർ ഫോറൻസിക് ഇമേജ് പ്രൊസസിങ്, മലീഷ്യസ് ആപ്ലിക്കേഷനുകൾ തിരിച്ചറിയുക, സെർവറിലെ ക്രിപ്‌റ്റോഗ്രാഫിക് വൾനറബിലിറ്റീസ് ഉപയോഗിച്ച് ഒളിഞ്ഞിരിക്കുന്ന വിവരങ്ങൾ കണ്ടെത്തുക തുടങ്ങിയ വിഷയങ്ങളായിരുന്നു മത്സരത്തിൽ വെല്ലുവിളികളായി നല്കിയിരുന്നത്. ഫൈനലിൽ എത്തിയവർക്ക് മൂന്നുദിവസം വിദഗ്ധരുടെ ക്ലാസ്സിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. കൂടാതെ ലോക്ക്-പിക്കിങ്, സ്പീഡ് പട്രോൾ ടൈം-ബൗണ്ട് ചലഞ്ചുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഓപ്പൺ വൈ-ഫൈ ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ, കോഡ് ബ്രേക്ക് ചെയ്യുന്നതിനുള്ള വെല്ലുവിളികൾ, കാൻ പ്രോട്ടോക്കോൾ പോലുള്ള കാർ ഹാക്കിങ് ടെക്‌നിക്കുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിനും ഹാക്ക്-വില്ലേജിൽ അവസരം ഒരുക്കിയിരുന്നു.

കഴിഞ്ഞ നാലുവർഷങ്ങളായി ഇന്ത്യയിലെ സിടിഎഫ് ടീമിൽ ഒന്നാം സ്ഥാനത്താണ് അമൃത ബയോസ് ടീം. 2019-ൽ ആഗോളതലത്തിൽ സിടിഎഫ് രംഗത്ത് 21-ാം സ്ഥാനവും അമൃത ബയോസ് നേടിക്കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP