Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മെട്രോയിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിന് പേരിട്ടു; ഇനി അവൾ അറിയപ്പെടുക 'മെട്രോ മിക്കി' എന്ന പേരിൽ; ടാബി ഇനത്തിൽപ്പെട്ട പൂച്ചക്കുട്ടിയെ ദത്ത് നൽകാനുള്ള നടപടികൾ തുടങ്ങി; വൈറൽ പൂച്ചയെ ഏറ്റെടുക്കാൻ തയ്യാറായി എത്തുന്നത് നിരവധി പേർ; നിരവധി പൂച്ചക്കുഞ്ഞുകളുള്ള വീട്ടിലേക്ക് ദത്ത് നൽകില്ല; മെട്രോ മിക്കിയെ ഏറ്റെടുക്കാൻ ഉചിതമായ ആലോചനകൾ ക്ഷണിക്കുന്നതായി മൃഗസ്‌നേഹികളുടെ സംഘടന

മെട്രോയിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിന് പേരിട്ടു; ഇനി അവൾ അറിയപ്പെടുക 'മെട്രോ മിക്കി' എന്ന പേരിൽ; ടാബി ഇനത്തിൽപ്പെട്ട പൂച്ചക്കുട്ടിയെ ദത്ത് നൽകാനുള്ള നടപടികൾ തുടങ്ങി; വൈറൽ പൂച്ചയെ ഏറ്റെടുക്കാൻ തയ്യാറായി എത്തുന്നത് നിരവധി പേർ; നിരവധി പൂച്ചക്കുഞ്ഞുകളുള്ള വീട്ടിലേക്ക് ദത്ത് നൽകില്ല; മെട്രോ മിക്കിയെ ഏറ്റെടുക്കാൻ ഉചിതമായ ആലോചനകൾ ക്ഷണിക്കുന്നതായി മൃഗസ്‌നേഹികളുടെ സംഘടന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെട്രോ തൂണുകൾക്കിടയിൽ നിന്നും ഫയർഫോഴ്‌സ് രക്ഷപെടുത്തി പൂച്ച ഇപ്പോൾ സൈബർ ലോകത്തിന്റെ പ്രിയതാരമാണ്. വൈറൽ പൂച്ച എവിടെയുണ്ട് എന്ന അന്വേഷണവുമായി ആളുകൾ എത്തുകയും ചെയ്യുന്നു. എന്നാൽ മെട്രോ തൂണുകൾക്കിടയിൽ ദിവസങ്ങൾ തള്ളി നീക്കിയതിന്റേയും, തുടർന്നുള്ള രക്ഷാപ്രവർത്തനത്തിന്റേയുമെല്ലാം ആഘാതത്തിലാണ് പൂച്ചക്കുട്ടി ഇപ്പോഴും. അതിനിടയിൽ, പനമ്പിള്ളി നഗർ മൃഗാശുപത്രിയിൽ കഴിയുന്ന പൂച്ചക്കുട്ടിക്ക് പേരിട്ടു, മെട്രോ മിക്കി....എന്നാണ് ആ കുറിഞ്ഞിപൂച്ചയുടെ പേര്.

സൊസൈറ്റ് ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് സംഘടനാ അധികൃതരാണ് പൂച്ചക്കുട്ടിക്ക് പേരിട്ടത്. ടാബി ഇനത്തിൽപ്പെട്ട പൂച്ചക്കുട്ടിയാണ് അഞ്ച് മാസം മാത്രം പ്രായം പിന്നിട്ട മെട്രോ മിക്കി. വല്ലാതെ ഭയന്നതിന്റെ പ്രശ്നങ്ങൾ അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ മെട്രോ മിക്കിക്ക് ഇപ്പോഴില്ലെന്ന് ഡോക്ടർമാർ പറയുന്നു. പൂച്ചക്കുഞ്ഞിനെ ദത്ത് നൽകാനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക. സംഭവം വൈറലായതിന് പിന്നാലെ മിക്കിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് നിരവധി പേർ എത്തുന്നുണ്ട്.

ചൊവ്വാഴ്ച മെട്രോ മിക്കിക്ക് പ്രതിരോധ കുത്തിവെപ്പെടുക്കും. നിരവധി പൂച്ചക്കുഞ്ഞുകളുള്ള വീട്ടിലേക്ക് ദത്ത് നൽകില്ല. മെട്രോ മിക്കിയെ ആവശ്യമുള്ളവർക്ക് എസ്‌പിസിഎ അധികൃതരുമായി ബന്ധപ്പെടാം. ഞായറാഴ്‌ച്ചയാണ് മെട്രോ മിക്കിയെ രക്ഷപെടുത്താനുള്ള പരിശ്രമങ്ങളുമായി ഫയർ ഫോഴ്‌സ് രംഗത്തുവന്നത്. മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആ കുഞ്ഞുപൂച്ചയെ രക്ഷിച്ചത്.

വൈറ്റിലയിൽ 50 അടി ഉയരത്തിൽ മെട്രോ റെയിലിന്റെ തൂണുകൾക്കും ഗർഡറുകൾക്കുമിടയിൽ ശനിയാഴ്ചയാണ് ഒരു വയസ്സുള്ള പൂച്ചക്കുട്ടി കുടുങ്ങിയത്. ഇത്രയും ഉയരത്തിൽ പൂച്ച എങ്ങനെയെത്തിയെന്ന് ആർക്കുമറിയില്ല. ശനിയാഴ്ച വൈകിട്ടാണ് കെഎംആർഎൽ ഓഫീസിൽ പൂച്ച കുടുങ്ങിയ വിവരമെത്തുന്നത്. ഉടൻ അവിടെയെത്തിയെങ്കിലും പൂച്ചയെ കണ്ടെത്താനായില്ല. ഞായറാഴ്ച വീണ്ടും പൂച്ചയെ കണ്ടു. ഗാന്ധിനഗർ അഗ്നിശമന സേനാംഗങ്ങളെത്തി ഗോവണി വച്ച് കയറിയെങ്കിലും പില്ലറിന് സമീപം എത്താനായില്ല. ഏറെ പരിശ്രമത്തിനുശേഷം അവർ മടങ്ങി.

തുടർന്ന് ഡിഎംആർസിയുടെ മാൻലിഫ്റ്റ് കൊണ്ടുവന്നു. അഗ്‌നി രക്ഷാ സേനാംഗങ്ങൾ ലിഫ്റ്റ് വഴി മുകളിലേക്ക്. തൊട്ടടുത്തെത്തിയതും അവൾ ഒഴിഞ്ഞുമാറി. ഭക്ഷണങ്ങളും നൽകി അനുനയിപ്പിക്കാൻ നോക്കിയെങ്കിലും ഭയപ്പാടിൽ പില്ലറിനും ഗർഡറിനുമിടയിലേക്ക് പൂച്ചക്കുട്ടി നൂണ്ടുകയറി. ആളുകൾക്ക് നിവർന്ന് നിൽക്കാൻ ഇടയില്ലാത്ത ഭാഗത്തേക്ക് പൂച്ച നീങ്ങിയതോടെ അഗ്‌നിരക്ഷാ പ്രവർത്തകരും വെള്ളംകുടിച്ചു. അപ്പോഴേക്കും താഴെ റോഡിൽ നേരിയ ഗതാഗത തടസ്സം. ആളുകൾ കൂടിയതോടെ റോഡ് ബ്ലോക്ക്.

ആൾക്കൂട്ടവും ബഹളവും കണ്ട് പരിഭ്രാന്തിയിലായ പൂച്ച മറുവശത്തേക്ക് ഓടി. നാല് ഉദ്യോഗസ്ഥർ പില്ലറിന്റെ ഇരുവശത്തുമായി നിന്നു. ചെറിയ വലയിലേക്ക് പൂച്ചയെ കയറ്റിയതോടെ ആളുകൾ കൈയടിച്ചു. എന്നാൽ താഴെ വിരിച്ച വലയിലേക്ക് ചാടിയ പൂച്ച രണ്ടുപേർക്ക് മാന്തും കടിയും നൽകി റോഡിലൂടെ ഓടി രക്ഷപ്പെടാനുള്ള ശ്രമമായി. പിന്നാലെ ഓടിയ മൃഗസ്‌നേഹികളും നാട്ടുകാരും തൊട്ടടുത്ത കെട്ടിടത്തിന്റെ മതിൽക്കെട്ടിൽനിന്ന് പൂച്ചയെ പിടികൂടി. വെള്ളം നൽകിയ ശേഷം പൂച്ചയെ നഗരത്തിലെ സ്വകാര്യ മൃഗാശുപത്രിയിലേക്കെത്തിച്ചു.

ഒആർഎസ് ലായനി നൽകിയതോടെ അവൾ അൽപ്പം ഉഷാറായി. പൂച്ചയ്ക്ക് ആവശ്യമായ ഷെൽട്ടർ ഒരുക്കുമെന്ന് മൃഗസ്‌നേഹികളുടെ സംഘടനയിലുള്ളവർ പറഞ്ഞു. എല്ലാ ജീവനും അമൂല്യം എന്ന പേരിട്ട് കെഎംആർഎൽ ഫേസ്‌ബുക്കിൽ പൂച്ചയെ രക്ഷിച്ച കഥയും പോസ്റ്റ് ചെയ്തു. പൂച്ചയുടെ കടിയേറ്റവർ ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP