Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെൻസസിനൊപ്പം ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാൻ സാധിക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചു കേരളം; മാതാപിതാക്കൾ ജനിച്ച സ്ഥലം ചോദിച്ചു ചെന്നാൽ ഉദ്യോഗസ്ഥരെ ജനക്കൂട്ടം പഞ്ഞിക്കിടുമെന്ന ഭയം തുറന്നു പറഞ്ഞു സർക്കാർ; സുപ്രീംകോടതിയിൽ നൽകി കേസ് പിൻവലിക്കാതെ ഒത്തുതീർപ്പില്ലെനന്ന് ഗവർണർ വാശി പിടിക്കുന്നതിന് ഇടയിൽ സെൻസസിന് ഒപ്പമുള്ള എൻപിആറും ഏറ്റുമുട്ടലിന് കാരണമാകുന്നു

സെൻസസിനൊപ്പം ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാൻ സാധിക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചു കേരളം; മാതാപിതാക്കൾ ജനിച്ച സ്ഥലം ചോദിച്ചു ചെന്നാൽ ഉദ്യോഗസ്ഥരെ ജനക്കൂട്ടം പഞ്ഞിക്കിടുമെന്ന ഭയം തുറന്നു പറഞ്ഞു സർക്കാർ; സുപ്രീംകോടതിയിൽ നൽകി കേസ് പിൻവലിക്കാതെ ഒത്തുതീർപ്പില്ലെനന്ന് ഗവർണർ വാശി പിടിക്കുന്നതിന് ഇടയിൽ സെൻസസിന് ഒപ്പമുള്ള എൻപിആറും ഏറ്റുമുട്ടലിന് കാരണമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സർവ്വകലാശാലാ വിഷയങ്ങളിൽ തുടങ്ങി കേരളാ ഗവർണറുമായുള്ള തർക്കം പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾ ഏറ്റുമുട്ടലിലേക്ക് വഴിമാറിയ കാഴ്‌ച്ചയാണ് കേരളത്തിൽ കണ്ടത്. ഇപ്പോൾ ഈ തർക്കം സെൻസസ് വിഷയത്തിലേക്കും ചെന്നെത്തി നിൽക്കുന്നു. സുപ്രീംകോടതിയിൽ ഹർജി നൽകും മുമ്പ് തന്നെ അറിയിച്ചില്ലെന്ന വാദം ഉയർത്തിയ ആരിഫ് മുഹമ്മദ് ഖാൻ ഈ വിഷയത്തിലെ വിശദീകരണത്തിനും തൃപ്തനാകാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ് എൻപിആറിന്റെ പേരിലും ഉടക്കുണ്ടായത്. തന്നെ അറിയിക്കാതെ സുപ്രീംകോടതിയിൽ പോയത് നിയമലംഘനമാണ്. നിയമവിരുദ്ധ നടപടി പിൻവലിച്ചാലേ പ്രശ്‌നം തീരൂവെന്നും താനായിട്ട് അത് ആവശ്യപ്പെടുന്നില്ലെന്ന നിലപാടിലാണ് ആരിഫ് മുഹമ്മദ് ഖാൻ.

സെൻസസ് നടപടിയുമായി പൂർണമായി സഹകരിക്കുമെങ്കിലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ.) പുതുക്കൽ സംസ്ഥാനത്തു നടത്തില്ലെന്ന് കേരള സർക്കാർ തീരുമാനം കൈക്കൊണ്ടതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. അക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണറെ അറിയിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാനനില ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രിസഭ വിലയിരുത്തി. മാതാപിതാക്കളുടെ ജനന തീയ്യതി അടക്കമുള്ള കാര്യങ്ങളിലെ ചോദ്യങ്ങളുമായി മുന്നോട്ടു പോയാൽ അത് ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിക്കുമെന്നാണ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തൽ.

ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെൻസസ്) എൻ.പി.ആർ. പുതുക്കാൻ ശ്രമിച്ചാൽ സെൻസസ് തന്നെ നടപ്പാക്കാനാകാതെവരുമെന്ന് കളക്ടർമാർ റിപ്പോർട്ടു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ എൻപിആർ പുതുക്കലിൽ നിന്നും പിന്മാറിയത്. മാതാപിതാക്കളുടെ ജനനസ്ഥലം, അവരുടെ ജനനത്തീയതി തുടങ്ങിയ രണ്ട് ചോദ്യങ്ങളാണ് പ്രശ്‌നം. സെൻസസ് നടപടിയുടെ ഭാഗമായി വ്യക്തികളിൽനിന്നു വിവരം ശേഖരിക്കാനുള്ള ഫോമിലെ ഈ രണ്ടുചോദ്യങ്ങൾക്ക് ഉത്തരംനൽകേണ്ടെന്ന് ജനങ്ങളെ അറിയിക്കും. ഇവ ഉദ്യോഗസ്ഥർ ചോദിച്ചാലും പറയേണ്ടെന്നാണ് സർക്കാർനിലപാട്.

സെൻസസിലെ ചില ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടെന്നു ജനങ്ങളോട് നിർദ്ദേശം നൽകിയതിന്റെ പേരിൽ കേന്ദ്രസർക്കാർ വിശദീകരണം തേടുമോ എന്ന ആശങ്ക ഉന്നതതലത്തിലുണ്ട്. ഉത്തരം നൽകേണ്ടെന്ന നിർദ്ദേശത്തിനെതിരെ കേന്ദ്രസർക്കാർ നിയമവഴി തേടാനും സാധ്യതയുണ്ട്. സർക്കാർ തീരുമാനം കേന്ദ്ര സെൻസസ് നിയമത്തെ വെല്ലുവിളിക്കുന്നതാണെന്ന ആരോപണവും ഉയരാം. സെൻസസും എൻപിആറും സംബന്ധിച്ചു മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്ത ശേഷമാണു തീരുമാനമെടുത്തത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികളുമായി മുന്നോട്ടുപോകുന്നതു ക്രമസമാധാന നിലയെ പ്രതികൂലമായി ബാധിക്കുമെന്നു പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെൻസസ്) ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കാൻ ശ്രമിച്ചാൽ സെൻസസ് കൃത്യമായി നടപ്പിലാക്കാൻ കഴിയാതെ വരുമെന്നു കലക്ടർമാരും അറിയിച്ചിരുന്നു. പൗരത്വ ഭേദഗതിയുടെ ഭരണഘടനാ സാധുത ആരാഞ്ഞു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയുമാണ്. ഈ മൂന്നു കാര്യവും സെൻസസ് കമ്മിഷണറെ അറിയിക്കും.

ദേശീയ ജനസംഖ്യാ രജിസ്റ്റർ ദേശീയ പൗര രജിസ്റ്ററിലേക്കു (എൻആർസി) നയിക്കും. ഇവ രണ്ടും ഇവിടെ നടപ്പാക്കുകയാണെങ്കിൽ വ്യാപകമായ അരക്ഷിതാവസ്ഥയ്ക്കു കാരണമാകും. കലക്ടർമാരെ 'കുടുക്കില്ല' 2 ചോദ്യങ്ങൾ കലക്ടർമാരിൽ സമ്മർദം ചെലുത്തി സെൻസസിൽ ഉൾപ്പെടുത്താനാണു കേന്ദ്ര ശ്രമമെന്നു മന്ത്രിസഭായോഗം വിലയിരുത്തി. ചോദ്യം ഒഴിവാക്കി കലക്ടർമാരെയും മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരെയും പ്രതിസന്ധിയിൽ ആക്കേണ്ടെന്നാണ് മന്ത്രിസഭാ തീരുമാനം. നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ കലക്ടർമാർക്കെതിരെ കേന്ദ്രനടപടി വരും. ഐഎഎസ് ഉദ്യോഗസ്ഥരെ സംരക്ഷിച്ച്, കേന്ദ്ര തീരുമാനത്തിനെതിരെ മുന്നോട്ടുപോകും. സെൻസസ് നടപടികൾ സ്തംഭിച്ചാൽ കേരളത്തിനുള്ള കേന്ദ്രസർക്കാരിന്റെ പ്ലാൻ ഫണ്ട് വിഹിതം ഉൾപ്പെടെയുള്ളവയെ പ്രതികൂലമായി ബാധിക്കും.

ഗവർണർ കലിപ്പിൽ തന്നെ

അതേസമയംതന്നെ അറിയിക്കാതെ പൗരത്വ നിയമത്തെ ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിച്ച സർക്കാർ നടപടി നിയമവിരുദ്ധമാണെന്നും ആ ഹർജി പിൻവലിക്കുകയാണ് പരിഹാരമെന്നും തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നത് എൻപിആർ നടപ്പിലാക്കില്ലെന്ന സർക്കാർ തീരുമാനം അറിഞ്ഞു കൊണ്ടു തന്നെയാണ്. സർക്കാർ നിലപാടു സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ടുകണ്ടു വിശദീകരണം നൽകി മടങ്ങിയ ശേഷമായിരുന്നു ഗവർണറുടെ പ്രതികരണം. 'വിശദീകരണത്തിൽ തൃപ്തനല്ല. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകരാൻ അനുവദിക്കില്ല. സർക്കാർ നടപടിക്കു മേൽ അന്തിമ തീരുമാനം എടുക്കുമ്പോൾ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകർന്നിട്ടുണ്ടോ എന്നു വിലയിരുത്തും' ഗവർണർ പറഞ്ഞു.

ഇതേസമയം, തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ കൂട്ടുന്നതു സംബന്ധിച്ചു ഗവർണർ തടഞ്ഞുവച്ച ഓർഡിനൻസുകൾക്കു പകരമുള്ള ബിൽ ഫെബ്രുവരി 6ന് നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കാൻ സർക്കാർ നീക്കം. സഭ പാസാക്കിയാലും ബില്ലിൽ ഒപ്പിടാൻ ഗവർണർ തടസ്സവാദം ഉന്നയിക്കുമോയെന്ന സംശയം മന്ത്രിസഭയിൽ ഉയർന്നു. എന്നാൽ, സഭ പാസാക്കുന്ന ബിൽ തടയാൻ ഗവർണർ തുനിയില്ലെന്ന വിശ്വാസത്തിലാണു സർക്കാർ. കേന്ദ്ര സർക്കാരിന്റെ ഒട്ടേറെ നടപടികൾക്കെതിരെ മുൻപു സുപ്രീം കോടതിയിൽ ഹർജികൾ നൽകിയിട്ടുണ്ടെന്നും പലപ്പോഴും ഗവർണറെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നുമാണു ചീഫ് സെക്രട്ടറി ഇന്നലെ ഗവർണറെ കണ്ടു ധരിപ്പിച്ചത്. ഗവർണറെ അവഗണിക്കാൻ ഉദ്ദേശിച്ചിട്ടില്ല. പൗരത്വ നിയമത്തിനെതിരെ ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക പരിഹരിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. പ്രതിപക്ഷം അടക്കം സർക്കാർ കോടതിയിൽ പോകണമെന്ന് ആവശ്യപ്പെടുകയും നിയമസഭ പ്രമേയം പാസാക്കുകയും ചെയ്‌തെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. എന്നാൽ, ഗവർണർമാരുടെ അധികാരങ്ങൾ എന്തൊക്കെയെന്നു പഠിക്കാണമെന്നായിരുന്നു മറുപടി.

രാവിലെ ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിൽച്ചെന്ന് ഗവർണർക്കു വിശദീകരണം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമമന്ത്രി എ.കെ. ബാലൻ എന്നിവരുമായി ചർച്ചചെയ്തശേഷമാണ് ചീഫ് സെക്രട്ടറി ഗവർണറെ കണ്ടത്. നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ സംഘർഷം നീളാതെ ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. മനപ്പൂർവം സംഘർഷമുണ്ടാക്കാനല്ല ഗവർണറോട് ആലോചിക്കാതിരുന്നതെന്ന് ബോധ്യപ്പെടുത്താനാണ് ചീഫ് സെക്രട്ടറി ശ്രമിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കോടതിയെ സമീപിച്ചത് കാര്യനിർവഹണച്ചട്ടവുമായി ബന്ധമുള്ളതല്ല. അതുകൊണ്ട് ഗവർണറുടെ അനുമതി വേണ്ട. ഭരണഘടനാപരമായ അധികാരമാണ് സംസ്ഥാനം ഉപയോഗിച്ചത്. എന്നാൽ, സർക്കാർ ചെയ്തത് നിയമവിരുദ്ധമാണെന്ന വാദം ചീഫ് സെക്രട്ടറിയോടും ഗവർണർ ആവർത്തിച്ചു.

സർക്കാരിന്റെ പ്രവർത്തനച്ചട്ടങ്ങൾ തയാറാക്കിയ സർക്കാർ തന്നെ അതു ലംഘിക്കുന്നു എന്ന ആക്ഷേപമാണ് ഗവർണർക്കുള്ളത്. കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന ഹർജികൾ ഗവർണറെ അറിയിക്കണം. കേസ് നൽകുമ്പോൾ അറിയിക്കുക പോലും ചെയ്യാത്തത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു. 'ഗവർണർ തസ്തിക വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതു ജനങ്ങളാണ്. അനുകൂലമായ ജനവിധി നേടിയ ശേഷം സിപിഎമ്മിന് വേണമെങ്കിൽ ഭരണഘടന മാറ്റിയെഴുതാം. നിർഭാഗ്യവശാൽ ഇപ്പോൾ അതിനു പറ്റിയ അവസ്ഥയിലല്ല സിപിഎം' എന്നു പറഞ്ഞ് യെച്ചൂരിയെ പരിഹസിക്കാനും ആരിഫ് മുഹമ്മദ് ഖാൻ മറന്നില്ല.

കേന്ദ്ര സർക്കാരുമായോ മറ്റു സംസ്ഥാനങ്ങളുമായോ ഉള്ള സംസ്ഥാന സർക്കാരിന്റെ ബന്ധത്തെ ബാധിക്കുന്ന കേസുകളുമായി സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാൻ തീരുമാനിച്ച് ഉത്തരവിറക്കും മുൻപ് മുഖ്യമന്ത്രി അതു സംബന്ധിച്ച വിവരം ഗവർണർക്കു സമർപ്പിക്കണം എന്നാണ് ബിസിനസ് ഓഫ് റൂൾസിൽ പറയുന്നത്. സർക്കാറുമായുള്ള തർക്കം മുറുകുന്നതിനിടെ പൗരത്വനിയമ പ്രശ്‌നത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും സംയമനം പാലിക്കേണ്ടിയിരുന്നെന്നും ഇരുവരുമായും സമവായ ചർച്ചകൾ നടത്താൻ താൻ ഒരുക്കമാണെന്നും ഒ.രാജഗോപാൽ എംഎൽഎ അഭിപ്രായപ്പെട്ടു. കേരളത്തിലെ പൗരൻ എന്ന നിലയ്ക്കാണ് ഇതു പറയുന്നത്.

ഗവർണർക്കും മുഖ്യമന്ത്രിക്കുമുള്ള സ്ഥാനം ഭരണഘടന വ്യക്തമായി നിർവചിച്ചിട്ടുണ്ട്. തർക്കങ്ങൾ വന്നാൽ പരിഹരിക്കാനും പരസ്പര ആശയ വിനിമയത്തിനും പല മാർഗങ്ങളുമുണ്ട്. അങ്ങോട്ടുമിങ്ങോട്ടും പഴി ചാരുന്നത് ആശാസ്യമല്ല എന്നാണു തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. 'ഗവർണർക്ക് അദ്ദേഹത്തിന്റെ അഭിപ്രായമുണ്ടാകും. അതു പുറത്തു വിളിച്ചു പറയേണ്ടതാണോ? ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന 2 പേർ തമ്മിൽ വെല്ലുവിളിക്കുന്നതു നല്ല ഏർപ്പാടാണെന്നു തോന്നുന്നില്ല. 2 പേരും എന്റെ സുഹൃത്തുക്കളാണ്. അവസരം വന്നാൽ ഇരുവരുമായി സംസാരിക്കാനും തയാറാണ്.' രാജഗോപാൽ പറഞ്ഞു. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഗവർണർ കാണിക്കുന്നതെന്ന് വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തുണ്ട്.

അമിത്ഷാ മോദി സംഘത്തെ തൃപ്തിപ്പെടുത്താനായി ഗവർണർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയിൽ സർക്കാർ കേസു കൊടുത്തതിനു ഗവർണറുടെ അനുമതി വേണ്ട. എന്നാൽ ഇക്കാര്യം ഗവർണറെ അറിയിക്കണം. ഒരു ദിവസം താമസിച്ചു എന്നത് വലിയ പ്രശ്‌നമല്ല. ഗവർണർ ചോദിച്ചു വാങ്ങിയതാണ് പ്രതിഷേധം. പൗരത്വ നിയമത്തിൽ അഭിപ്രായം പറയാൻ പാടില്ലെന്ന് ആർക്കും പറയാനാവില്ല. ജനാധിപത്യത്തിൽ ജനങ്ങൾക്ക് അനുവദിച്ച അവകാശമാണിത്. അത് പാടില്ലെന്ന് ഗവർണർ പറഞ്ഞാലും ആവർത്തിക്കും. സമരം ചെയ്താലും നിയമം നടപ്പിലാക്കുമെന്ന അമിത്ഷായുടെ വാക്കുകൾ ഏകാധിപതിയുടെതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP