Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാടകപരിശീലനത്തിന് ഇടയിൽ പെൺകുട്ടികളോട് കൊഞ്ചി കുഴയലും അർഥം വച്ചുള്ള സംസാരവും പതിവ്; കലോത്സവത്തിനിടെ പെൺകുട്ടികളുടെ ഗ്രീൻ റൂമിൽ കയറി വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തൽ; പോരാത്തതിന് പ്രണയാഭ്യർഥനയും; കുടുങ്ങിയത് പത്താം ക്ലാസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാട്ടുകയും അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുകയും ചെയ്തപ്പോൾ; ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

നാടകപരിശീലനത്തിന് ഇടയിൽ പെൺകുട്ടികളോട് കൊഞ്ചി കുഴയലും അർഥം വച്ചുള്ള സംസാരവും പതിവ്; കലോത്സവത്തിനിടെ പെൺകുട്ടികളുടെ ഗ്രീൻ റൂമിൽ കയറി വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തൽ; പോരാത്തതിന് പ്രണയാഭ്യർഥനയും; കുടുങ്ങിയത് പത്താം ക്ലാസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാട്ടുകയും അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുകയും ചെയ്തപ്പോൾ; ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നാടകം പരിശീലിപ്പിക്കാനെത്തിയ ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിലായി. ശാസ്താംകോട്ട വടക്കൻ മൈനാഗപ്പള്ളിയിൽ കാരൂർക്കടവ് ഇലവിനാൽ കുറ്റിയിൽ എസ് സിബിദേവിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എഫ്.ഐയുടെ കുന്നത്തൂർ മുൻ ഏരിയാ പ്രസിഡന്റും ശാസ്താംകോട്ട ബ്ലോക്ക് കമ്മറ്റി അംഗവുമാണ് ഇയാൾ. കരുനാഗപ്പള്ളി ഉപജില്ലയിലെ ഒരു ഹൈസ്‌ക്കൂളിൽ നാടകം പഠിപ്പിക്കാനെത്തിയ ഇയാൾ പത്താംക്ലാസ്സുകാരിയായ വിദ്യാർത്ഥിനിയെ അശ്ലീല ചിത്രങ്ങൾ കാണിക്കുകയും വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മൊബൈൽ ഫോണിൽ പകർത്തി മോശമായി പെരുമാറുകയുമായിരുന്നു. പെൺകുട്ടി ഈ വിവരം പുറത്ത് പറയുകയും ചൈൽഡ് ലൈൻ പ്രവർത്തകരെത്തി മൊഴിയെടുത്തതിന് ശേഷം പൊലീസ് കേസെടുക്കുകയുമായിരുന്നു.

കഴിഞ്ഞ ജില്ലാ കലോൽസവത്തിനായി നാടകം പരിശീലിപ്പിക്കാനെത്തിയതായിരുന്നു സിബി. മുൻ കാലങ്ങളിൽ പരിശീലനം നടത്തികൊണ്ടിരുന്നയാൾ ഇല്ലാത്തതിനാൽ പകരക്കാരനായിട്ടാണ് എത്തിയത്. പരിശീലനത്തിനിടയിൽ പെൺകുട്ടികളോട് കൊഞ്ചി കുഴയുകയും അർത്ഥം വച്ചുള്ള സംസാരവും പതിവായിരുന്നു. കൂടാതെ പെൺകുട്ടികളുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. പരാതിക്കാസ്പദമായ സംഭവങ്ങളുടെ തുടക്കം കൊല്ലം ജില്ലാ കോൽസവത്തിനിടയിലായിരുന്നു. പെൺകുട്ടിയോട് ഇയാൾ പ്രേമാഭ്യർത്ഥന നടത്തി. പേടിച്ചു പോയ പെൺകുട്ടി വല്ലാത്ത മാനസിക സംഘർഷത്തിലായിരുന്നു. പിന്നീട് സംസ്ഥാന കലോൽസവത്തിനായി കാസർഗോഡ് പോയപ്പോഴും ഇയാൾ കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു. പെൺകുട്ടി വസ്ത്രം മാറുന്നതിനിടയിൽ ഇയാൾ കയറി ചെല്ലുകയുണ്ടായി. തനിക്ക് വസ്ത്രം മാറണമെന്നും പുറത്തുപോകാൻ ആവശ്യപ്പെട്ടപ്പോൾ ഞാനിവിടെ നിൽക്കുന്നതു കൊണ്ട് എന്ത് സംഭവിക്കാനാണ് എന്നും ഞാൻ നോക്കില്ല എന്നും പറഞ്ഞു. ഗത്യന്തരമില്ലാതെ വിദ്യാർത്ഥിനി അവിടെ നിന്നു കൊണ്ട് വസ്ത്രം മാറേണ്ടി വന്നു.

വസ്ത്രം മാറിയ ശേഷം പുറത്തിറങ്ങിയ പെൺകുട്ടിയോട് ധരിച്ചിരുന്ന അടി വസ്ത്രങ്ങളുടെ നിറം പറയുകയും ചിത്രങ്ങൾ പകർത്തി എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ മാനസികമായി പെൺകുട്ടി ഏറെ തകർന്നിരുന്നു. ഒരു ദിവസം ട്യൂഷൻ സെന്ററിൽ വച്ച് വിദ്യാർത്ഥി കരയുന്നത് കണ്ട് ട്യൂട്ടോറിയൽ അദ്ധ്യാപകൻ വിവരം ചോദിച്ചപ്പോഴാണ് സിബി ചിത്രങ്ങൾ പകർത്തിയ വിവരവും പ്രണയാഭ്യർത്ഥന നടത്തിയ കാര്യങ്ങളും അറിയുന്നത്. സംഭവം നടന്ന് ഒരുമാസത്തിന് ശേഷമായിരുന്നു പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. കാരണം കലോൽസവത്തിന് ശേഷം സിബി പെൺകുട്ടിയുടെ വീടിനടുത്ത് ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. സിബി കണ്ടപ്പോൾ തന്നെ വീണ്ടും ഉപദ്രവിക്കാനാണെന്ന് കരുതി പേടിച്ചു. അങ്ങനെയാണ് ട്യൂഷൻ സെന്ററിൽ ഇരുന്ന് കുട്ടി കരഞ്ഞത്.

ഇതോടെ സ്‌ക്കൂൾ അധികൃതരും സംഭവത്തിനെതിരെ പൊലീസിന് പരാതി നൽകി. പൊലീസ് വിദ്യാർത്ഥിനിയുടെയും മറ്റു കുട്ടികളുടെയും മൊഴിയെടുത്തു. മൊഴിയിൽ ഇയാൾ അശ്ലീല വീഡിയോ ദൃശ്യങ്ങൾ കാണിച്ചുവെന്നും ഫോട്ടോ എടുത്തുവെന്നും പറയുന്നുണ്ട്. ഇതിനെ തുടർന്നായിരുന്നു കരുനാഗപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ മഞ്ചു ലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേ സമയം ഇയാൾ പരിശീലനത്തിന് പോയിട്ടുള്ള സ്‌ക്കൂളുകളിലെ കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കാനാണ് ചൈൽഡ് ലൈനിന്റെ തീരുമാനം. നിരവധി കേസിലെ പ്രതിയാണ് അറസ്റ്റിലായ സിബി. ഇയാൾക്ക് കരി എന്ന പേരിലുള്ള ഫോക്ക് ബാൻഡുണ്ട്. നാടകത്തിന് പുറമേ നാടൻ പാട്ടും പരിശീലിപ്പിക്കാൻ പോകുന്നുണ്ട്. അടുത്തിടെയായി സ്‌ക്കൂളുകളിൽ പ്രോഗ്രാമുകൾ പരിശീലിപ്പിക്കാൻ പോകുന്നവർക്കെതിരെ നിരവധി ആരോപണങ്ങളും കേസുകളും വന്നു കൊണ്ടിരിക്കുകയാണ്. അദ്ധ്യാപകർ ഏറ ശ്രദ്ധ ചെലുത്തുമെങ്കിലും കുട്ടികൾ പലരുടെയും ചൂഷണങ്ങൾക്ക് വിധേയമാകുകയാണ്. കഴിഞ്ഞ മാസമാണ് ചവറയിലും എറണാകുളത്തും ഹാങ് ഔട്ട് എന്ന പഴങ്കഞ്ഞി കട നടത്തിയിരുന്ന ഓച്ചിറ സ്വദേശി മഹേഷ് പോക്സോ കേസിൽ അറസ്റ്റിലായത്. ഇയാളും സ്‌ക്കൂളുകളിലെ നാടൻ പാട്ട് പരിശീലകനായിരുന്നു.=

അതേ സമയം കുട്ടികളോടുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ ദിനം പ്രതി പെരുകുന്നുണ്ടെങ്കിലും കുറ്റവാളികൾ രക്ഷപെട്ടു പോകുകയാണ് പതിവ്. പൊലീസിലുള്ള സ്വാധീനവും തെളിവുകളുടെ അഭാവവും മറ്റും പ്രതികൾ രക്ഷപെട്ടു പോകാൻ ഇടയാക്കുന്നുണ്ട്. ഫൊറൻസിക് ലാബുകൾ സജ്ജമല്ലെങ്കിൽ പീഡന കേസുകളിലെ പ്രതികൾ രക്ഷപ്പെട്ടു പോവും. അതിന് ഇടവരരുത്. സുപ്രീം കോടതി കഴിഞ്ഞയാഴ്‌ച്ച കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാവുന്ന കേസുകളെ മുൻനിർത്തിയാണ് കോടതി നടപടി എടുത്തത്. ഇത്തരം കേസുകളിൽ വേണ്ട സമയത്തുതന്നെ പരിശോധന നടത്താൻ ഫൊറൻസിക് ലാബുകൾ സജ്ജമല്ലാത്ത സ്ഥിതി കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. അതിനാൽ പല കേസുകളിലും പ്രതികൾ രക്ഷപ്പെടുന്ന അമ്പരപ്പിക്കുന്ന സ്ഥിതിയാണ് ഉള്ളതെന്ന് കോടതി പറഞ്ഞു. ഇന്ത്യയിൽ ഉടനീളം ഫൊറൻസിക് ലാബുകൾ സജ്ജമാക്കാൻ കോടതി കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും ഉത്തരവ് നൽകി. ഇതു സംബന്ധിച്ച് റിപ്പോർട്ട് കോടതിക്കു നൽകണം.

ഒരു ജില്ലയിൽ മൂവായിരത്തിൽ കൂടുതൽ പീഡന കേസുകൾ ഉണ്ടെങ്കിൽ ഒരു അഡീഷണൽ കോടതി കൂടി വേണം. പ്രത്യേക പരിശീലനം നേടിയ പ്രോസിക്യൂട്ടർമാർ വേണം. പരിശീലനത്തിന് ജുഡീഷ്യൽ അക്കാദമികൾ മുൻകൈ എടുക്കണം. ബോധവൽക്കരണ പരിപാടികളും നടത്തണമെന്നും കോടതി ഉത്തരവിട്ടു.

ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികൾക്ക് ത്വരിത ഗതിയിൽ ഫലപ്രദമായ കൗൺസലിങ് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സർക്കാരിന് കഴിയണം. കുട്ടികളുടെ ഐഡന്റിക്കും റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യത്തിനും അതർഹിക്കുന്ന രഹസ്യ സ്വാഭാവം കൊടുക്കാൻ ഈ വിഷയം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ സന്നദ്ധരാകണം. ഈ വിഷയത്തിലുള്ള അന്വേഷണം ഒരിക്കലും ഒരു കുഞ്ഞിന്റെ മനോവീര്യത്തെ കെടുത്തുന്നതാവരുത്, മറിച്ച് അവരെ ജീവിതത്തെ കൂടുതൽ ധൈര്യത്തോടെ നേരിടാൻ പ്രാപ്തരാക്കുന്നതാവണം. ഇതുവരെ ഈ മേഖലയിൽ പഠനം നടത്തിയ പലരും പലകുറി ചൂണ്ടിക്കാണിച്ച പോരായ്മകളാണ് ഈ പറഞ്ഞതൊക്കെ. ഈ സ്ഥിതിക്ക് ഒരു മാറ്റം വരുത്താൻ നമുക്കു കഴിയണം. ഉള്ളിൽ കരയുന്ന കുഞ്ഞുങ്ങളുള്ള നാട്ടിൽ, അവരെ വെളുത്ത ഉടുപ്പിടുവിച്ച് പുറമെ ചിരിക്കാൻ പ്രേരിപ്പിക്കുന്നത് ഒരു പ്രഹസനമാണ്. നമ്മുടെ കുട്ടികൾക്ക് സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്ത്, അവരെ ഉപദ്രവിക്കുന്നവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കി, അവരെ വിശ്വസിച്ച്, അവരുടെ കൈ പിടിച്ച്, നമുക്ക് നടക്കാം നമ്മുടെ കുഞ്ഞുങ്ങൾക്കൊപ്പം ഒരു നല്ല നാളേയ്ക്ക് വേണ്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP