Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഞങ്ങൾ ബിസിനസിനായി എല്ലാദിവസവും മംഗലാപുരത്ത് പോകുന്നവർ; മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കട്ടെ; മൂന്നുനാലുമണി സമയത്തൊക്കെ ഞങ്ങൾ കേരളത്തിലാണുള്ളത്; പൗരത്വ നിയമ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് മംഗളൂരു പൊലീസിന്റെ ഹാജരാകാനുള്ള സമൻസ് കിട്ടിയപ്പോൾ ഞെട്ടിയത് രണ്ടായിരത്തോളം മലയാളികൾ; കേസെടുത്തത് ജാമ്യമില്ലാകുറ്റം ചുമത്തി

'ഞങ്ങൾ ബിസിനസിനായി എല്ലാദിവസവും മംഗലാപുരത്ത് പോകുന്നവർ; മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കട്ടെ; മൂന്നുനാലുമണി സമയത്തൊക്കെ ഞങ്ങൾ കേരളത്തിലാണുള്ളത്; പൗരത്വ നിയമ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് മംഗളൂരു പൊലീസിന്റെ ഹാജരാകാനുള്ള സമൻസ് കിട്ടിയപ്പോൾ ഞെട്ടിയത് രണ്ടായിരത്തോളം മലയാളികൾ; കേസെടുത്തത് ജാമ്യമില്ലാകുറ്റം ചുമത്തി

മറുനാടൻ മലയാളി ബ്യൂറോ

 മംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരെ മംഗളൂരുവിൽ പ്രതിഷേധിച്ചെന്ന് ആരോപിച്ച് മലയാളികൾക്ക് കർണാടക പൊലീസ് സമൻസ് അയച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇതുതികച്ചും ഫാസിസ്റ്റ് നടപടിയെന്നാണ് ആക്ഷേപം. രണ്ടായിരത്തോളം മലയാളികൾക്കാണ് സമൻസ്. 

ഡിസംബർ 19 നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് പൊലീസ് നിർദ്ദേശം. ഈ മാസം പതിനെട്ടാം തിയതി മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു സമൻസിൽ നൽകിയ നിർദ്ദേശം. കലാപം നടന്ന ദിവസത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പൊലീസ് സമൻസ് അയച്ചതെന്നാണ് വിവരം.

പ്രതിഷേധം നടന്ന ദിവസം നഗരത്തിലുണ്ടായിരുന്ന മലയാളികൾക്കാണ് മംഗളൂരു പൊലീസ് നേട്ടീസ് അയച്ചിക്കുന്നത്. സ്ത്രീകളും വിദ്യാർത്ഥികളുമുൾപ്പെടെയുള്ളവർക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. പ്രതിഷേധമുണ്ടായ ദിവസം മംഗലാപുരം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം കാർഡ് തിരിച്ചറിഞ്ഞ് ആ വിലാസത്തിലേയ്ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഡിസംബർ 19 ന് നഗരത്തിൽ സാന്നിദ്ധ്യം വ്യക്തമായിട്ടുണ്ടെന്നും അതിനാൽ അന്വേഷണത്തിന്റെ ഭാഗമായ ചോദ്യംചെയ്യലിനായി ഓഫീസിൽ ഹാജരാകണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഹാജരാകുന്നതിൽ വീഴ്ച വരുത്തിയാൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.

മഞ്ചേശ്വരം, ഉപ്പളം, കാസർകോഡ്, എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. മഞ്ചേശ്വരത്ത് മാത്രം 400 പേർക്കാണ് സമൻസ് കിട്ടിയത്. പൊലീസിനെ മാരകായുധങ്ങൾ ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമം, വധശ്രമം, നിരോധനാജ്ഞ ലംഘനം, കലാപശ്രമം തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ഉപയോഗിച്ച് കേസെടുത്തിരിക്കുന്നു. പ്രതിഷേധം നടന്ന ദിവസം, മംഗലാപുരം നോർത്ത് പൊലീസ് സ്റ്റേഷന്റെ കീഴിൽ വരുന്ന അഞ്ച് മൊബൈൽ ടവറുകളുടെ പരിധിയിൽ പെടുന്ന മൊബൈൽ ഫോൺ ഉടമകൾക്കാണ് നോട്ടീസ് കിട്ടിയത്.

കലാപം നടന്നതുകൊണ്ട് നാട്ടിലേക്ക് വരാൻ കഴിയാതെ ഹോട്ടവുകളിൽ താമസിച്ചവർ, ബന്ധുവീടുകളിൽ തങ്ങിയവർ, ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ, ജോലിയുള്ള മലയാളികൾ തുടങ്ങിയവർക്ക് നോട്ടീസ് കിട്ടി. ചിലർ കഴിഞ്ഞ ദിവസം ഹാജരായെങ്കിലും മൊഴിയെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല

മംഗളൂരുവിൽ നടന്ന കലാപങ്ങൾക്ക് പിന്നിൽ മലയാളികളാണ് എന്ന് വരുത്തി തീർക്കാനുള്ള കർണാടക സർക്കാരിന്റെ ശ്രമമാണ് സമൻസ് അയച്ചതിന് പിന്നിലെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഇതിലൊരു ദുരുദ്ദേശ്യമുണ്ട്. യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ ഉന്നയിച്ചതുപോലെയുള്ള ആരോപണവും സംശയവുമാണ് കർണാടക പൊലീസ് ഉയർത്തുന്നത്. സമൻസ് ലഭിച്ച് മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷനിൽ ചിലർ ഹാജരായെങ്കിലും ആരുടേയും മൊഴിയോ അറസറ്റോ രേഖപ്പെടുത്തിയിട്ടില്ല. വീണ്ടും ഇത്തരത്തിൽ സമൻസ് അയക്കുമെന്നും അതിൽ നൽകിയിരിക്കുന്ന തിയതിയിൽ ഹാജരാകാനുമാണ് മംഗളുരു പൊലീസിന്റെ നിർദ്ദേശം.

മംഗളൂരുവിൽ വ്യാപാരം നടത്തുന്ന പലർക്കും സമൻസ് കിട്ടിയിട്ടുണ്ട്. അവർ പറയുന്നത് ഇങ്ങനെ: 'ബിസിനസ് പരമായി ഞങ്ങൾ എല്ലാ ദിവസവും മംഗലാപുരത്ത് പോകുന്നുണ്ട്. ഇതേസമയത്താണ് ഞങ്ങൾ പോകുന്നത്. അതേസമയം, മൂന്നുനാല് മണിയാകുമ്പോൾ ഞങ്ങൾ കേരളത്തിലാണുള്ളത്. മൊബൈൽ ടവർ പരിശോധിച്ചാൽ അറിയാൻ കഴിയും ഞങ്ങൾ എവിടെയാണെന്ന്. '

ഐപിസിയിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താൽ പൊലീസിന് അറസ്റ്റ് ചെയ്യാം. കുറ്റക്കാരനോണോയെന്ന് തെളിവ് പോലും വേണ്ട. കോടതിയിൽ പോയാൽ ജഡ്ജിക്ക് തെളിവ് ചോദിക്കാൻ കഴിയില്ല. അറസ്റ്റ് ചെയ്തവരെ 14 ദിവസം റിമാൻഡ് ചെയ്യാം. അതിൽ വീട്ടമ്മമ്മാരും വിദ്യാർത്ഥികളും അടക്കം നിരപരാധികളെയാണ് ഇങ്ങനെ തടവിലിടാൻ പോകുന്നത്. ശക്തമായ പ്രതിഷേധമാണ് മംഗളൂരു പൊലീസിനെതിരെ ഉയരുന്നത്. നേരത്തെ മംഗളൂരുവിലുണ്ടായ അക്രമങ്ങൾക്ക് പിന്നിൽ മലയാളികൾ ആണെന്ന പൊലീസ് കമ്മീഷണറുടെ പ്രസ്താവനയും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP