Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പവൻ ഗുപ്തക്കും കൊലക്കയർ തന്നെ; ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമായിരുന്നു തന്നെ വിചാരണ ചെയ്യേണ്ടിയിരുന്നതെന്ന നിർഭയ കേസിലെ പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി; കേസ് അനന്തമായി നീട്ടാനാകില്ലെന്നും കോടതി; പുനഃ പരിശോധന ഹർജിയിൽ പരിഗണിച്ച കാര്യം വീണ്ടും എങ്ങിനെ പരിഗണിക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ

പവൻ ഗുപ്തക്കും കൊലക്കയർ തന്നെ; ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമായിരുന്നു തന്നെ വിചാരണ ചെയ്യേണ്ടിയിരുന്നതെന്ന നിർഭയ കേസിലെ പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി; കേസ് അനന്തമായി നീട്ടാനാകില്ലെന്നും കോടതി; പുനഃ പരിശോധന ഹർജിയിൽ പരിഗണിച്ച കാര്യം വീണ്ടും എങ്ങിനെ പരിഗണിക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളിലൊരാളായ പവൻ ഗുപ്ത സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി പരിഗണിച്ച കാര്യങ്ങൾ വീണ്ടും കേൾക്കേണ്ടെന്ന് കോടതി പറഞ്ഞു. പതിനെട്ടു വയസു പൂർത്തിയാവാതിരുന്ന തന്നെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ആയിരുന്നു വിചാരണ ചെയ്യേണ്ടിയിരുന്നത് എന്നായിരുന്നു പവൻ സമർപ്പിച്ച ഹർജിയിലെ വാദം. കേസ് അനന്തമായി നീട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തി സംബന്ധമായ കേസ് 2018ൽ തള്ളിയതാണെന്ന് പറഞ്ഞ കോടതി കേസ് അനന്തമായി നീട്ടാനാവില്ലെന്നും വ്യക്തമാക്കുകയായിരുന്നു. പുനഃ പരിശോധന ഹർജിയിൽ പരിഗണിച്ച കാര്യം വീണ്ടും എങ്ങിനെ പരിഗണിക്കുമെന്ന് വാദം കേൾക്കവേ ജസ്റ്റിസ് അശോക് ഭൂഷൺ ചോദിച്ചു.

കൃത്യം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പവന്റെ പ്രായം കണക്കാക്കിയതത് ജനന സർട്ടിഫിക്കറ്റ് ആധാരമാക്കിയാണെന്ന സോളിസിറ്റർ ജനറലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഡൽഹി കൂട്ടബലാത്സംഗം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നാണ് പവൻ ഗുപ്തക്ക് വേണ്ടി അഭിഭാഷകൻ വാദിച്ചത്. പവന്റെ കാര്യത്തിൽ നീതിപൂർവമായ വിചാരണ നടന്നില്ലെന്നും അഭിഭാഷകൻ എ പി സിങ് പറഞ്ഞു. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ജനന രേഖകൾപൊലീസ് മറച്ചു വച്ചു. മാധ്യമ വിചാരണ നടന്നുവെന്നും എ പി സിങ് പറഞ്ഞു.

തനിക്കു പതിനെട്ടു വയസു പൂർത്തിയായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി പവൻ ഗുപ്തയാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനിരിക്കെയാണ്, പവൻ ഗുപ്ത ഹർജിയുമായി സുപ്രീം കോടതിയിൽ എത്തിയത്. പതിനെട്ടു വയസു പൂർത്തിയാവാതിരുന്ന തന്നെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ആയിരുന്നു വിചാരണ ചെയ്യേണ്ടിയിരുന്നത് എന്നാണ് ഹർജിയിലെ വാദം.

കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തയ്ക്ക് പതിനെട്ടു വയസു പൂർത്തിയായിരുന്നില്ലെന്നായിരുന്നു, അഭിഭാഷകൻ എപി സിങ്ങിന്റെ വാദം. പ്രായം സംബന്ധിച്ച വസ്തുത പൊലീസ് മറച്ചുവയ്ക്കുകയായിരുന്നു. ഇതു പരിഗണിക്കാതെ, നീതിപൂർവകമല്ലാത്ത വിചാരണയാണ് നടന്നത്. സുതാര്യമായ നീതിനടത്തിപ്പിന്റെ പ്രശ്നമാണ് ഇതെന്ന് സിങ് വാദിച്ചു.

പവൻ ഗുപ്തയുടെ പ്രായം സംബന്ധിച്ച വാദം നേരത്തെ സുപ്രീം കോടതി കേസ് പരിഗണിച്ച ഘട്ടത്തിലും ഉന്നയിക്കപ്പെട്ടതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇതിനോടു യോജിച്ച ജസ്റ്റിസ് അശോക് ഭൂഷൺ ഒരേ കാര്യം തന്നെ വീണ്ടും ഉന്നയിക്കുന്നതുകൊണ്ട എന്തുകാര്യം എന്ന് അഭിഭാഷകനോട് ആരാഞ്ഞു. ഇത് അനുവദിച്ചാൽ കേസിന് അന്ത്യമുണ്ടാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഒരേ കാര്യം തന്നെയാണ് വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഉന്നയിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് ഭാനുമതി ചൂണ്ടിക്കാട്ടി. കോടതികൾ പരിഗണിച്ചു തള്ളിയ വിഷയമാണിത്. കേസിലെ ഒരു പ്രതിയെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് വിചാരണ ചെയ്തത്. പവൻ ഗുപ്തയുടെ ഹർജി അന്നു പരിഗണിച്ചു തള്ളുകയായിരുന്നുവെന്ന് കോടതി ഓർമിപ്പിച്ചു. പവൻ ഗുപ്തയ്ക്കു വേണ്ടി അന്നു അഭിഭാഷകൻ ഹാജരായിരുന്നില്ലെന്ന് എപി സിങ് പ്രതികരിച്ചു.

പവൻ ഗുപ്തയുടെ പ്രായം കോടതിയിൽനിന്നു മറച്ചുവയ്ക്കാൻ വലിയ ഗൂഢാലോചന നടന്നെന്ന് എപി സിങ് വാദിച്ചു. ഗുപ്തയുടെ സ്‌കൂൾ സർട്ടിഫിക്കറ്റ് സിങ് കോടതിയിൽ ഹാജരാക്കി. 2017 ഫെബ്രുവരിയിൽ വാങ്ങിയ സർട്ടിഫിക്കറ്റ് ആണ് ഇതെന്ന് കോടതി പറഞ്ഞു. ശിക്ഷിക്കപ്പെട്ടതിനു ശേഷം സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജനന സർട്ടിഫിക്കറ്റ് ആണ് പ്രായം തെളിയിക്കുന്നതിനുള്ള നിയമപ്രകാരമുള്ള ആധികാരിക രേഖയെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. ജനന സർട്ടിഫിക്കറ്റ് ഇല്ലാത്ത പക്ഷമാണ് മറ്റു രേഖകൾ പരിഗണിക്കുക. ഗുപ്തയുടെ പ്രായം കണക്കാക്കിയതു സംബന്ധിച്ച് വിചാരണഘട്ടത്തിൽ തർക്കമില്ലായിരുന്നുവെന്ന്, വിചാരണക്കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഇക്കാര്യം പ്രതികളുടെ മാതാപിതാക്കളും അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP