Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിയർ ഗണേശ്‌കുമാർ, കല്യാണസമയത്തെ ആചാരങ്ങളാണോ ദാമ്പത്യജീവിതത്തിന്റെ വിജയം നിശ്ചയിക്കുന്നത്; എങ്കിൽ 'കുലപുരുഷനായി' ജനിച്ച താങ്കളുടെ 'കല്യാണങ്ങൾ' എല്ലാം മാതൃകയാകേണ്ടതല്ലേ; വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങൾ കാലവും സാമ്പത്തിക സ്ഥിതിയും മാറിവരുമ്പോൾ മാറുന്നതാണ്; നായർ കല്യാണങ്ങൾക്ക് ഈശ്വരാധീനമില്ലെന്ന ഗണേശ് കുമാറിന്റെ പ്രസംഗം അസംബന്ധമാണ്; സത്യൻ ഐരുർ എഴുതുന്നു

സത്യൻ ഐരുർ

ദൈവത്തെ സ്മരിക്കാതെ വിവാഹം നായർക്കല്ലാതെ മറ്റാർക്കെങ്കിലും ഉണ്ടോ; നായന്മാരുടെ കല്യാണങ്ങൾക്ക് ഈശ്വരാധീനമില്ലെന്ന് എംഎ‍ൽഎ.ഗണേശ്‌കുമാർ! മറ്റു മതസ്ഥരുടെ കല്യാണങ്ങൾക്കുള്ള പ്രാർത്ഥനയും പൂജയും ഒന്നും നായർ കല്യാണങ്ങൾക്കില്ലെന്നും എല്ലാം ഉടച്ചു വാർക്കണമെന്നും അദ്ദേഹം, എൻഎസ്എസ്സിന്റെ ഓഫീസിൽ കത്തിക്കയറി.

ഡിയർ ഗണേശ്‌കുമാർ,

കല്യാണസമയത്ത് നടത്തുന്ന ആചാരങ്ങളാണോ ദാമ്പത്യജീവിതത്തിന്റെ വിജയം നിശ്ചയിക്കുന്നത്? എങ്കിൽ 'കുലപുരുഷനായി' ജനിച്ച താങ്കളുടെ 'കല്യാണങ്ങൾ' എല്ലാംമാതൃകയാകേണ്ടതല്ലേ? (കുത്തിനോവിക്കുന്നതല്ല. ചോദിച്ചുമേടിച്ചതാണ് സഹോ... ) ഒരുജനപ്രതിനിധി എന്നൊക്കെപറയുമ്പോൾ മിനിമം ഒരുപത്തിരുന്നൂറ് കൊല്ലത്തെയെങ്കിലും പഴയചരിത്രമൊക്കെ ഒന്ന് അറിഞ്ഞിരിക്കുന്നതു പാവം കേട്ടിരിക്കുന്ന, വോട്ടുകുത്തുന്നജനങ്ങൾക്ക് ഉപകരിക്കും. താങ്കൾ പറഞ്ഞകാര്യങ്ങളിൽ ഒരുകാര്യംമാത്രം സമ്മതി്ക്കാം. അവിവാഹിതനായ ഗണപതി, നായന്മാരുടെ ആചാരങ്ങളിൽ കടന്നുകൂടിയിട്ട് പത്തുനാല്പതുകൊല്ലങ്ങളെ ആയിട്ടുള്ളു.അത് ഉത്തരേന്ത്യക്കാരുടെ സംഭാവനയാണ്. മുംബൈയിൽനിന്നും ഉള്ള ഇറക്കുമതിയുമാണ്. കല്യാണക്കുറിവാങ്ങാൻകടയിൽചെല്ലുമ്പോൾ അവിടെയുള്ളതല്ലേ വാങ്ങാൻപറ്റൂ. പിന്നെ അത് ഒരുബ്രെയിൻവാഷ്ആയി, ഗണപതിയില്ലാത്ത കല്യാണമില്ലാതായി.

താങ്കൾപറഞ്ഞപോലെ പലസ്ഥലങ്ങളിലും നായർകല്യാണങ്ങൾ നടത്താൻ ഒരുപോറ്റിയെയും കൊണ്ടുവരാറില്ല. സ്ഥലത്തെ മുതിർന്ന ആളുകളുടെ നിർദ്ദേശപ്രകാരമാണ് കല്യാണങ്ങൾ നടത്താറുള്ളത്. തന്ത്രമന്ത്രങ്ങളില്ലാത്ത ഒരു സാധാരണ കല്യാണത്തിൽ കൂടെ ഒരോട്ട പ്രദക്ഷിണംനടത്താം.


1.മോതിരംമാറൽ

ഇത് കടൽകടന്നുവന്ന ഒരു ആചാരമാണ്.സ്ത്രീ വിവാഹിതയാണെന്നു കാണിക്കാൻ താക്കോൽ,മോതിരത്തിൽ തൂക്കി നടക്കുന്ന ഒരു സംഭവത്തിൽനിന്നുമാണ് ( റോം) ഈ ആചാരം ഉടലെടുത്തതെന്നു വിശ്വസിക്കുന്നു.ഇരുമ്പിൽനിന്നും തുടങ്ങി ഇപ്പോൾ ഡയമണ്ടിൽ എത്തിനിൽക്കുന്നു. സാമ്പത്തികം അനുസരിച്ച് എൻഗേജ്മെന്റ്റിങ്ങും വെഡിങ്റിങ്ങും വെവ്വേറെ ആയി ധരിക്കുന്നവരും ഉണ്ട്.തുല്യത വന്നപ്പോൾ ആണും പെണ്ണും പരസ്പരം മോതിരം കൈമാറാൻ തുടങ്ങി.

2.മുഹൂർത്തം

കല്യാണക്കുറികളിൽ സമയത്തിനു 'മുഹൂർത്തം' എന്നെഴുതിയില്ലെങ്കിൽ മലയാളിക്ക് കാർഡിന് പവിത്രത കിട്ടില്ല. മുഹൂർത്തത്തിന്റെ അർത്ഥം സമയം എന്ന് തന്നെയാണ്. ഒരുദിവസത്തിൽ 24മണിക്കൂറുകൾ ഉള്ളപ്പോൾ ഒരുദിവസത്തിൽ 30 മുഹൂർത്തങ്ങൾ ഉണ്ട്. ഒരുമുഹൂർത്തം സമം 48 മിനിറ്റ്സ്! എന്താല്ലേ?

3.കാലുകഴുകൽ

വരൻ മണ്ഡപത്തിലേക്ക് കടക്കുന്നതിന്മുൻപ് വധുവിന്റെ താഴെയുള്ള ആങ്ങളയുടെ ചുമതലയാണ് വരൻൈറ കാലു കഴുകിക്കുക എന്നുള്ളത്. ചെരുപ്പിട്ടുവരുന്ന ആളുടെ കാലെന്തിനുകഴുകണം? പണ്ട് വേളിയൊക്കെ തുടങ്ങുന്ന സമയത്ത് നാടുവാഴികളും മറ്റും വീട്ടിൽ കയറുമ്പോൾ (അന്ന്ചെരിപ്പുണ്ടായിരുന്നില്ല, ഉണ്ടായിരുന്നതാകട്ടെ മരത്തിന്റെ മെതിയടികൾ ആയിരുന്നു) അവരുടെ കാലുകൾ വൃത്തിയാക്കുന്നതിന്വേണ്ടിയായിരുന്നുന്നു കിണ്ടിയിൽ വെള്ളം ഉപയോഗിച്ചിരുന്നത്. ആ ആചാരം മറ്റൊരുരൂപത്തിൽ തുടരുന്നു.

4.താലം

നാടുവാഴികൾക്ക്''കർമ്മം''കഴിഞ്ഞതിനുശേഷം ചവയ്ക്കാനായി, ഒരു പിഞ്ഞാണപാത്രത്തിൽ വെറ്റിലയും അടയ്ക്കയും പിന്നെ രാത്രിയിൽ കത്തിനിൽക്കാൻ ഒരുമൺചിരാതിൽ മരോട്ടി എണ്ണയിൽ തിരിയിട്ട വിളക്കും! താലംകൊണ്ട് സ്വീകരിക്കുന്നതോ കിടപ്പറ പങ്കിടുന്ന പെൺകുട്ടിയും. അതാണ് താലത്തിന്റെ തുടക്കം. ഈ അടുത്തകാലംവരെ താലത്തിനു ഒരുപ്രതീകാന്മകത്വം ഉണ്ടായിരുന്നു. അവിവാഹിതരായ യുവതികളാണ് താലം എടുക്കാറുള്ളത്.താലം എടുക്കുന്നവർ തലമുടിമുകളിലേയ്ക്ക് കെട്ടിവയ്ക്കുകയും ബ്ലൗസിന്മുകളിൽ മുലക്കച്ച കെട്ടുകയും ചെയ്യുമായിരുന്നു. ഇന്ന് എല്ലാം ഫ്രീ ഫോർ ഓൾ ആണ്. അമ്മൂമ്മമാർ വരെ താലം എടുക്കാറുണ്ട്. താലത്തിന്റെ തുടക്കം എല്ലാവരും മറന്ന്
പോയിരിക്കുന്നു.

5. നിറപറയും നിലവിളക്കും

ഇന്ന് ഗവർമെന്റുകൾ ജിഎസ്ടി പിരിക്കുന്നപോലെ അന്ന് നാടുവാഴികൾ കരം, കപ്പം എല്ലാം പിരിച്ചിരുന്നത് നെല്ല്, തേങ്ങ, അടയ്ക്ക ഇത്യാദി വിളകളിലൂടെയായിരുന്നു. അതിന്റെ പ്രതീകമാണ് നെല്ലളക്കാനുള്ള പറ, തേങ്ങയ്ക്ക് പകരം പൂക്കുല, അടയ്ക്ക എന്നിവ. പണ്ടത്തെ കല്യാണങ്ങളെല്ലാം സൂര്യൻ അസ്തമിക്കുമ്പോഴാണ് നടന്നിരുന്നത്. അതിനാൽ വിദ്യുച്ഛക്തി ഇല്ലാത്തതിനാൽ വിളക്ക് ആവശ്യമായിരുന്നു. മരോട്ടി എണ്ണയിൽ തുടങ്ങിയെങ്കിലും തേങ്ങയുടെ വരവോടെ നിലവിളക്കും വെളിച്ചെണ്ണയും ഒരമ്മ പെറ്റ മക്കളെപ്പോലെയായി. ഇന്നാകട്ടെ നട്ടുച്ചയ്ക്ക് പോലും നിലവിളക്ക് കൊളുത്തുന്നു. ഇപ്പോൾ പല സ്ഥലത്തെയും തർക്കം എത്ര തിരി
വേണം എങ്ങോട്ടു തിരിച്ചു വയ്ക്കണം എന്നൊക്കെയാണ്.

6. മാലയിടൽ

വെറും ഒരു തുളസിമാല മാത്രം കൈ മാറിയിരുന്ന കേരളത്തിലെ കല്യാണങ്ങൾ ഇന്ന് തമിഴ് നാട്ടിൽനിന്നും ടൺ കണക്കിന് പൂ വാങ്ങി പൂ കൃഷിയെ വളർത്തിക്കൊണ്ടു പോകുന്നു. തമിഴ് നാട്ടിലെ മുല്ലപ്പൂവിന്റെ വില നിശ്ചയിക്കുന്നത് കേരളത്തിലെ
കല്യാണങ്ങളാണ്. ബാലൻസ് ഓഫ് ഡിമാൻഡ് ആൻഡ് സപ്ലൈ!


7. താലികെട്ട്

പണ്ട് സ്ത്രീകളുടെ സ്ഥാനം പശുക്കൾക്ക് മുകളിൽ ആയിരുന്നു. ഒരു പശുവിനെ വാങ്ങാൻ പോകുന്ന ആൾ സ്വന്തമായി ഒരു പുതിയ കയർ
കൊണ്ട് പോകുമായിരുന്നു. അതിൽ കെട്ടി പശുവിനെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുവരും. താലി എന്ന വാക്കിന് തമിഴിൽ
''മഞ്ഞക്കയർ'' എന്നാണ് പറയുക. സ്ത്രീയെ സംരക്ഷിക്കാൻ കൊടുത്തിരുന്ന ധനമാണ് സ്ത്രീ ധനം. നിയമവും അറിവും
വന്നപ്പോൾ സ്ത്രീധനത്തിന്റെ പ്രസക്തി കുറഞ്ഞെങ്കിലും പ്രതീകാത്മകമായി പെൺകുട്ടികൾ ധരിക്കുന്ന സ്വർണത്തിന്റെ അളവ് കൂടിക്കൊണ്ടേയിരിക്കുന്നു. തുല്യത വന്നപ്പോൾ മോതിരം കൈമാറാനും സ്വർണമാല കൈമാറാനും തുടങ്ങിയെങ്കിലും താലി
''പരസ്പരം'' കൈമാറാൻ ഇനിയും നമുക്ക് കാത്തിരിയ്‌ക്കേണ്ടി വരും.


8 പുടവ കൊടുക്കൽ

കല്യാണം കഴിഞ്ഞാൽ മാറുമറയ്ക്കാനുള്ള അവകാശം കിട്ടിയിരുന്ന കാലം ഉണ്ടായിരുന്നു. ഒരു നറുക്കു കോറത്തുണി (വെള്ളത്തുണി അഥവാ ബ്ലാങ്ക് ക്ലോത്ത്)യായിരുന്നു അന്ന് പുടവയായി കൊടുത്തിരുന്നതെങ്കിൽ ഇന്ന്, ജീവിതത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഉടുക്കാറുള്ള വിലപിടിപ്പുള്ള സിൽക്ക് സാരികൾ ആണ് വെള്ളിത്തട്ടത്തിൽ പുടവയായി കൈമാറുന്നത്.

9. കന്യാദാനം

അച്ഛൻ മകളുടെ കൈപിടിച്ച് വരന്റെ കയ്യിൽ ഏൽപ്പിക്കുന്നതിനെ ആണ് കന്യാദാനം എന്ന് പറയുന്നത്. പണ്ട് ദാനം കൊടുക്കുന്നതൊന്നും തിരിച്ചെടുക്കാറില്ല. ജീവിതം എരിഞ്ഞു തന്നെ തീരും. ഇന്ന് ആ സ്ഥിതി മാറി. പൊരുത്തക്കേട് കണ്ടാൽ പെൺകുട്ടികൾ ഡിവോഴ്സ് അടിച്ച് സ്വന്തം വീട്ടിൽ തിരിച്ചു വരാൻ തുടങ്ങി. ആ ചടങ്ങിന്റെ പ്രസക്തി മനസ്സിലാക്കിയാൽ അച്ഛൻ മകളുടെ കൈ പിടിച്ചു കൊടുക്കുക എന്നതിലപ്പുറം അവർ എവിടെ നിന്നും സ്റ്റേജിലേയ്ക്ക് വന്നാലെന്താ മിസ്റ്റർ ഗണേശ്‌കുമാർ?


10. സമൃദ്ധമായ ഇലയൂണ്

ഇലയിൽ ഊണുകഴിക്കുക എന്ന ആചാരം ഇന്ന് 28 കൂട്ടം വിഭവങ്ങൾ ചേരുന്ന സമൃദ്ധമായ സദ്യയായി മാറി.പണ്ട് സദ്യയിൽ
പതിവില്ലായിരുന്ന കാരറ്റ്, കൈതച്ചക്ക, പയർ ഇവകൊണ്ടുള്ള വിഭവങ്ങളും ഇന്ന് സദ്യയിൽ വിളമ്പുന്നുണ്ട്. മാത്രവുമല്ല
പ്രാദേശികമായി സദ്യയുടെ വിഭവങ്ങളിൽ വ്യത്യാസം കാണാം. ചില സമുദായങ്ങളിൽ സസ്യേതര വിഭവങ്ങളും സദ്യയിൽ വിളമ്പുന്നു.
ഇതെല്ലാം കാണിക്കുന്നത് രാജ്യത്തിന്റെ വളർച്ചയെയാണ്. പണം കൊടുത്താൽ എന്തും എത്ര അളവിലും സമയത്തും വിരൽത്തുമ്പിൽ
വിളമ്പാൻ പ്രാപ്തമായ കാറ്ററിങ് ബിസിനസ് പിന്നെ എങ്ങനെയാണ് പടർന്നു പന്തലിക്കുക.

11. കല്യാണ സമ്മാനങ്ങൾ

പണ്ട് കല്യാണം ഒരു സമൂഹത്തിന്റെ ആവശ്യമായിരുന്നു. ഒരു സമൂഹം ഒത്തൊരുമിച്ചുള്ള ഉത്സാഹത്തോടെയാണ് ഭക്ഷണ
സാധനങ്ങൾ ഉണ്ടാക്കിയുന്നത്. കുറച്ചു സാമ്പത്തികം വന്നപ്പോൾ നാട്ടുകാരെ ആശ്രയിക്കാതെ വീട്ടുകാർ തന്നെ കല്യാണങ്ങൾ നടത്താൻ
തുടങ്ങി. അപ്പോഴും നാട്ടുകാർ കൊണ്ടുവരുന്ന സമ്മാനങ്ങൾ വാങ്ങാറുണ്ടായിരുന്നു. സാമ്പത്തികം അതിക്കും മേലെ വളർന്നപ്പോൾ
സമ്മാനങ്ങൾ ജഞഋടഋചഇഋ കച ആഘഋടടകചഏട ഛചഘഥ (അനുഗ്രഹങ്ങളിൽ മാത്രം സാന്നിധ്യം) ആയി ചുരുങ്ങി. അവിടെയും കാണിക്കുന്നത്
സമൂഹത്തിന്റെ വളർച്ചയെ ആണ്.

12. മെഹന്ദി അഥവാ മൈലാഞ്ചി കല്യാണം

തലേദിവസം പെണ്ണ് കൈകാലുകളിൽ മൈലാഞ്ചി ഇടുന്നു, ശരീരത്തിൽ മഞ്ഞൾ തേച്ചു പിടിയ്‌പ്പിക്കുന്നു, മഞ്ഞൾ വെള്ളത്തിൽ കുളിക്കുന്നു. അത് ആഘോഷമാക്കി ഒരു വീഡിയോ ഷൂട്ട്. അത് കഴിഞ്ഞ കാൽ നൂറ്റാണ്ടിന്റെ ഉത്തരേന്ത്യൻ ടി വി സീരിയലുകളുടെയും സിനിമകളുടെയും സംഭാവനയാണ്.

13. ഡിജെ

പഴയ ബാച്‌ലർസ് പാർട്ടി എന്ന ഇനം ചുറ്റിത്തിരിഞ്ഞ് മറ്റൊരു രൂപത്തിൽ കലാപരിപാടികളുമായി ചെറുക്കന്റെ വീട്ടിൽ (ഹോട്ടലിൽ) അരങ്ങേറുന്നു. ഇതും ഈ അടുത്ത കാലത്തേ പരിണാമമാണ്. പുതിയ തലമുറ അത് ആഗ്രഹിക്കുന്നു എങ്കിൽ എന്തുകൊണ്ട് അതിനു തടസ്സം നിൽക്കുന്നു. ഇന്നത്തെ ഒരബദ്ധം ആയി അതിനെ കണ്ടാൽ മതി. നാളെ അത് ഒരാചാരം ആയി മാറുമ്പോൾ ഇതെല്ലാം ജനം അങ്ങ് മറന്നേക്കും.

11. ഇവന്റ് മാനേജ്‌മെന്റ്

അവസാനമായി ഇവന്റ് മാനേജ്മെന്റിന്റെ കടന്നു കയറ്റം. നായന്മാരിൽ പൊതുവെ സ്ത്രീധനം കൊടുക്കലും വാങ്ങലും കുറവാണ് എന്നാണ് എന്റെ ഒരു ഇത്. (തെറ്റെങ്കിൽ തിരുത്തുക). അപ്പൊ പിന്നെ കാശുള്ളവർ കല്യാണം ഒന്ന് പൊലിപ്പിക്കുവാൻ ഇവന്റ് മാനേജ്മെന്റിനെ ഏൽപ്പിക്കട്ടെ! അങ്ങിനെയെങ്കിലും ബാങ്കിൽ കെട്ടിക്കിടക്കുന്ന കാശ് സമൂഹത്തിൽ സർക്കുലേഷനിൽ ആവട്ടെ.

കാശില്ലാത്തവർ ഇവന്റ് മാനേജ്മന്റ് ഒരു ആചാരമായി കാണാതിരുന്നാൽ മതി. പിള്ളേർക്ക് ജോലിയും അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരവും മുതലാളിമാരുടെ മടിശീലയുടെ കനം കുറയുകയും ചെയ്താൽ ഒരു ജന പ്രതിനിധി എന്ന നിലയിൽ താങ്കൾ സന്തോഷിക്കുകയല്ലേ വേണ്ടത്!

ഈ ആചാരങ്ങളെയെല്ലാം വ്യാഖ്യാനത്തിന്റെ അരിപ്പയിലിട്ട് അരിച്ച്, കപ്പയും കഞ്ഞിയും കഴിക്കുന്ന ആളുകൾക്ക് മനസ്സിലാകാത്തവിധം ആത്മീയവാദികൾ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇപ്പോഴുള്ള ആചാരങ്ങളെ നടത്തുന്നവർക്കും പങ്കെടുക്കുന്നവർക്കും ബുദ്ധിമുട്ടില്ലാതെ കൂടുതൽ ലളിതമാക്കുക എന്ന കാര്യമാണ് താങ്കളെ പോലുള്ള താരതമ്യേന പ്രായം കുറഞ്ഞ ജനപ്രതിനിധികൾ ചെയ്യേണ്ടത്. അല്ലാതെ ഉത്തരം താങ്ങുന്ന പല്ലിയുടെ അവസ്ഥയിലേയ്ക്ക് അധഃപതിക്കുകയല്ല വേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP