Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

"ഇതു താൻ ഓട്ടോകാരൻ"; റോഡരികിലെ സഞ്ചി പരിശോധിച്ചപ്പോൾ കണ്ടത് ഒന്നരലക്ഷം രൂപ; ഓട്ടോ ഡ്രൈവറുടെ സത്യസന്ധത; ഓർമ്മക്കുറവുള്ള വൃദ്ധന് തിരികെ കിട്ടിയത് പണവും രേഖകളും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കൈകാണിച്ചാൽ നിറുത്തില്ല, മീറ്ററിടില്ല, അമിത ചാർജ്, ഇടത്തേക്കും വലത്തേക്കും എപ്പോ തിരിയുമെന്ന് അറിയില്ല...ഇങ്ങനെ തുടങ്ങുന്നു നമ്മുടെ കേരളത്തിലെ ഓട്ടോ ഡ്രൈവർമാരെ കുറിച്ചുള്ള വാദങ്ങൾ. എന്നാൽ, അത്തരം വാദങ്ങളെ കുറച്ച് നേരം മാറ്റി നിർത്തിയാൽ നന്മ നിറഞ്ഞ ഒരു വാർത്തായാണ് ഇപ്പോൾ മല്ലപ്പള്ളിയിൽ നിന്നും വരുന്നത്.

ഈ ഓട്ടോറിക്ഷ തൊഴിലാളിയുടെ സത്യസന്ധതയിൽ ഓർമ്മക്കുറവുള്ള വൃദ്ധന് തിരിച്ചുകിട്ടിയത് കളഞ്ഞുപോയ ഒന്നരലക്ഷം രൂപയും രേഖകളും. മല്ലപ്പള്ളി കീഴ്‌വായ്പൂർ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ചന്ദ്രശേഖരപ്പണിക്കർക്കാണ് 1.46 ലക്ഷം രൂപ അടങ്ങിയ സഞ്ചി റോഡരികിൽ നിന്നും കിട്ടിയത്. ഇന്നലെ വൈകിട്ട് കീഴ്‌വായ്പൂർ കവലയിലായിരുന്നു സംഭവം. ബാഗ് കിട്ടിയ ചന്ദ്രശേഖരപ്പണിക്കർ ഉടൻ തന്നെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കുഴിത്തൊളു സ്വദേശി ജനാർദനൻ പിള്ള (84)യുടെ പണമാണ് നഷ്ടപ്പെട്ടത്. ഓർമക്കുറവുള്ള ജനാർദനൻ പിള്ള ഓച്ചിറയിൽ ബന്ധുവീട്ടിൽ പോയി മടങ്ങി വരികയായിരുന്നു. വഴി തെറ്റി ഇദ്ദേഹം കീഴ്‌വായ്പൂരിലെത്തി. തുടർന്ന് റോഡരികിലെ കടത്തിണ്ണയിൽ വിശ്രമിച്ചു. കൂട്ടാറിലേക്ക് പോകാനായി ചന്ദ്രശേര പണിക്കരോട് വഴി ചോദിച്ചു. കറുകച്ചാലിൽ എത്തിയാൽ ബസ് കിട്ടുമെന്ന് പറഞ്ഞ് ജനാർദനൻ പിള്ളയെ സ്വകാര്യ ബസിൽ കയറ്റി വിട്ടു. തുടർന്നാണ് കടത്തിണ്ണയിലെ സഞ്ചി ചന്ദ്രശേഖര പണിക്കരുടെ ശ്രദ്ധയിൽപ്പെടുന്നത്. സഞ്ചി പരിശോധിച്ചപ്പോൾ പണവും രേഖകളും കണ്ടെത്തി. ഉടൻ തന്നെ സഞ്ചി കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ജനാർദനൻ പിള്ളയുടെ അടയാളവും നൽകി.

ഉടൻ തന്നെ വിവരം കറുകച്ചാൽ പൊലീസിന് കൈമാറി. മല്ലപ്പള്ളിയിൽ നിന്നും കറുകച്ചാലിലേക്ക് വന്ന ബസുകൾ സ്റ്റാൻഡിനുള്ളിൽ പൊലീസ് പരിശോധിച്ചു. തുടർന്ന് ജനാർദനൻ പിള്ളയെ കണ്ടെത്തുകയായിരുന്നു. പണവുമായി നേരിട്ടെത്തിയ ചന്ദ്രശേഖര പണിക്കർ ജനാർദനൻ പിള്ളയ്ക്ക് കൈമാറി. പൊലീസ് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി ജനാർദനൻ പിള്ളയെ കൂട്ടിക്കൊണ്ടുപോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP