Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്പായത്തോട് എത്തിയത് ഒരു സ്ത്രീ അടങ്ങുന്ന നാലംഗ മാവോയിസ്റ്റ് സംഘം; മലയാളം സംസാരിച്ചു കൊണ്ട് ബസ് ജീവനക്കാർക്ക് ലഘുലേഖ കൈമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു; അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് കണക്കു പറയേണ്ടവർ മോദി -പിണറായി കൂട്ടുകെട്ടെന്ന് ഭീഷണി പോസ്റ്റർ പതിച്ചു; കൊട്ടിയൂർ വന്യജീവി സങ്കേതം വഴി എത്തിയവർ തിരിച്ച് ആ വഴി പോവുകയും ചെയ്തു; തിരിച്ചടിക്കാൻ ആഹ്വാനം ചെയ്ത് എത്തിവരുടെ കൈകളിൽ തോക്കുകളും ഉണ്ടായിരുന്നെന്ന് വിവരം; പശ്ചിമ ഘട്ടത്തിൽ മാവോയിസ്റ്റ് താവളം ശക്തിപ്പെടുന്നു

അമ്പായത്തോട് എത്തിയത് ഒരു സ്ത്രീ അടങ്ങുന്ന നാലംഗ മാവോയിസ്റ്റ് സംഘം; മലയാളം സംസാരിച്ചു കൊണ്ട് ബസ് ജീവനക്കാർക്ക് ലഘുലേഖ കൈമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു; അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് കണക്കു പറയേണ്ടവർ മോദി -പിണറായി കൂട്ടുകെട്ടെന്ന് ഭീഷണി പോസ്റ്റർ പതിച്ചു; കൊട്ടിയൂർ വന്യജീവി സങ്കേതം വഴി എത്തിയവർ തിരിച്ച് ആ വഴി പോവുകയും ചെയ്തു; തിരിച്ചടിക്കാൻ ആഹ്വാനം ചെയ്ത് എത്തിവരുടെ കൈകളിൽ തോക്കുകളും ഉണ്ടായിരുന്നെന്ന് വിവരം; പശ്ചിമ ഘട്ടത്തിൽ മാവോയിസ്റ്റ് താവളം ശക്തിപ്പെടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കുറച്ചു കാലമായി പശ്ചിമഘട്ട വനനിരകളോടു ചേർന്ന് പ്രദേശങ്ങളിൽ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമാണ് അനുഭവപ്പെടുന്നത്. വയനാട്ടിലും നിലമ്പൂരിലും ആയുധങ്ങളുമായി മാവോയിസ്റ്റുകൾ എത്തിയ വാർത്തകളും പുറത്തുവന്നിട്ടുണ്ട്. അട്ടപ്പാടിയിൽ വെച്ച് തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കേരളാ പൊലീസ് നടത്തിയ ഈ ഓപ്പറേഷന് തിരിച്ചടി ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പലതവണ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ആറ് മണിയോടെ കണ്ണൂർ അമ്പായത്തോട് ടൗണിൽ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയെന്ന വാർത്തയും പുറത്തുവന്നത്.

ഒരു സ്ത്രീയടക്കം നാലംഗ സംഘമാണ് പ്രകടനം നടത്തിയത്. ടൗണിൽ ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്ത ശേഷമാണ് ഇവർ മടങ്ങിയതെന്നത് മാവോയിസ്റ്റ് സാന്നിധ്യം വർദ്ധിച്ചതിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. രാവിലെ ആറ് മണിയോടെയാണ് സംഘം സ്ഥലത്തെത്തി പോസ്റ്ററുകൾ പതിക്കുകയും പ്രകടനം നടത്തുകയും ചെയ്തത്. ഇവരുടെ കയ്യിൽ തോക്കുകളുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. മാവോയിസ്റ്റുകൾ ലഘുലേഖ കൈമാറുന്നതിന്റെ ദൃശ്യങ്ങളും ചില മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

ബസ് ജീവനക്കാർക്കാണ് ഇവർ ലഘുലേഖ കൈമാറിയത്. മാവോയിസ്റ്റ് സംഘത്തിൽ മലയാളം സംസാരിക്കുന്നവരുമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കാട്ടിയൂർ വന്യജീവി സങ്കേതം വഴിയാണ് സംഘം എത്തിയത്. തിരിച്ച് ആ വഴി പോവുകയും ചെയ്തു. മൂന്നു പേരുടെ കൈകളിൽ തോക്കുകളും ഉണ്ടായിരുന്നെന്നാണ് വിവരം.  അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക, രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും തുടങ്ങിയുള്ള ആഹ്വാനങ്ങളാണ് മാവോയിസ്റ്റുകൾ പതിച്ചിരിക്കുന്ന പോസ്റ്ററുകളിൽ ഉള്ളത്.

കൊട്ടിയൂർ വന്യജീവി സങ്കേതം വഴിയാണ് സംഘം എത്തിയത്. ഇവിടെ ഇന്ന് വലിയ രീതിയിലുള്ള തിരച്ചിൽ നടക്കും. നേരത്തെയും സായുധ മാവോയിസ്റ്റ് സംഘം എത്തുകയും പ്രകടനം നടത്തുകയും ചെയ്തിരുന്ന പ്രദേശമാണ് അമ്പായത്തോട്. ഇതിന് പിന്നാലെ പൊലീസ് അമ്പായത്തോട് വലിയ രീതിയിലുള്ള തിരച്ചിൽ ഇവിടെ നടത്തിയിരുന്നു. ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകൾക്ക് അധികാരം ഉറപ്പിക്കാൻ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷൻ സമാധാൻ എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോദി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററിൽ പറയുന്നു. ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാൻ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.

വയനാട്ടിലെ തോട്ടം, ആദിവാസി മേഖലകളിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമായിട്ടുണ്ട്. വയനാട്ടിലെ തേയില തോട്ടം, ആദിവാസി മേഖലകളിലെ ജീവിത പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമാകുന്നു. വനത്തിൽ കഴിഞ്ഞുകൊണ്ട് പ്രശ്‌നപരിഹാരത്തിനായി സജീവമായി ഇടപെടുകയാണ് മാവോയിസ്റ്റുകളെന്ന റിപ്പോർട്ടുകളാണ് അടുത്തിടെ പുറത്തുവന്നത്. വനാതിർത്തികളോട് ചേർന്ന മേഖലകളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം വീണ്ടും സജീവമായത്.സിപിഐ മാവോയിസ്റ്റ് നാടുകാണി,കബിനീദളം വിഭാഗങ്ങളാണ് വനമേഖലയിൽ തമ്പടിച്ചിരിക്കുന്നത്. ഇവരുടെ നീക്കം പൊലീസ് അതിശക്തമായി തന്നെ നിരീക്ഷിക്കുന്നുണ്ടെങ്കിലും പൊലീസിന്റെ മൂക്കിന് താഴെയാണ് ഇവരുടെ കഴിഞ്ഞ ഓപ്പറേഷനുകൾ നടന്നതെന്നത് അമ്പരിപ്പിക്കുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മേപ്പാടിക്കടുത്ത അട്ടമലയിൽ ബംഗളൂരു സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ വില്ല മാവോയിസ്റ്റുകൾ അടിച്ച് തകർക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു.റിസോർട്ടിൽ എത്തുന്നവർക്കായി ആദിവാസികളെ കാഴ്ചവയ്ക്കുന്നുവെന്നും ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന റിസോർട്ട് നടത്തിപ്പുകാരെ നേരിടുമെന്നും പോസ്റ്ററിൽ എഴുതിയിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട എടറാട്ടുകുണ്ട് ആദിവാസി കോളനിയിൽ മാവോവാദികൾ സ്ഥിരമായി വരാറുണ്ടെന്ന് ആദിവാസികൾ തന്നെ പൊലീസിനോട് പറഞ്ഞു. ഈ കോളനിയുടെ അവസ്ഥ ഏറെ ദയനീയമാണ്.ഇവിടെ എത്തുന്ന മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ച് അരിയും സാധനങ്ങളും വാങ്ങിയാണ് തിരിച്ച് പോകാറ്.മാവോയിസ്റ്റുകളെക്കൊണ്ട് ഇതേവരെ തങ്ങൾക്ക് ശല്യമൊന്നും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു.

വയനാടൻ വനമേഖലയോട് ചേർന്ന് മാവോയിസ്റ്റുകൾ മുമ്പൊന്നും ഇല്ലാത്ത തരത്തിൽ ശക്തിപ്പെടുന്നതിന് പിന്നിൽ ഈയിടെ മാവോയിസ്റ്റുകളെ വെടി വച്ച് കൊന്നതിൽ പകരം ചോദിക്കുക എന്ന ലക്ഷ്യവുമുണ്ട്. ഫെബ്രുവരി പതിനെട്ടിന് നക്‌സലൈറ്റ് നേതാവ് എ.വർഗ്ഗീസിന്റെ ചരമ ദിനമാണ്.ഈ സമയത്ത് വയനാടൻ കാടുകളിൽ മാവോയിസ്റ്റുകൾ കേന്ദ്രീകരിക്കുന്നത് പതിവാണ്.വലിയൊരു ഓപ്പറേഷൻ ഇവരിൽ നിന്ന് എപ്പോഴും ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയിലെ വനാതിർത്തി മേഖലകളിലെ പൊലീസ് സ്റ്റേഷനുകൾ ഇപ്പോഴും കനത്ത ജാഗ്രതയിൽ തന്നെയാണ്. തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സേന എന്തിനും തയ്യാറായി നിൽക്കുന്നു.

റവല്യൂഷണറി ടാക്‌സ് പിരിവ്പരിസ്ഥിതിയെ ദ്രോഹിച്ച് കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ജില്ലയിൽ വനമേഖലയോട് ചേർന്ന പ്രദേശത്ത് റിസോർട്ടുകാർ നടത്തുന്നത്. ഇതിനെതിരെയാണ് മാവോയിസ്റ്റുകൾ ശബ്ദിക്കുന്നതും. ഈ പേര് പറഞ്ഞ് വൻ തോതിൽ ഫണ്ട് പിരിവ് നടത്തുന്നുണ്ട്.പല റിസോർട്ട് ഉടമകളും ചോദിക്കുന്ന കാശ് കൊടുക്കുന്നു.ഇക്കാര്യം പൊലീസിനോട് പറയാനും ഇവർ മടിക്കുന്നു. ഇതിന് പുറമേ റിസോർട്ട് ജീവനക്കാരിൽ നിന്നും പിരിവ് നടത്തുന്നുണ്ട്. വിപ്‌ളവം നടത്താനുള്ള റവല്യൂഷണറി ടാക്‌സാണ് പിരിക്കുന്നതെന്നാണ് പറയുന്നത്. വൻകിടക്കാരിൽ നിന്ന് മാത്രമേ ഇത്തരം ടാക്‌സ് പിരിക്കാൻ പാടുള്ളൂവെന്നും മാവോവാദികൾക്ക് നിർദ്ദേശമുണ്ട്.

2014 നവംബർ 14ന് തിരുനെല്ലിയിലെ അഗ്രഹാരം റിസോർട്ട് അടിച്ച് തകർത്ത സംഭവവും നടന്നിരുന്നു. 2015 ജനുവരി 25ന് തിരുനെല്ലിയിലെ കെ.ടി.ഡി.സിയുടെ ഹോട്ടലിന് നേരെ ആക്രമണം നടത്തി. ഇത് കൂടാതെ 2018 ജൂലായ് 20ന് കള്ളാടി തൊള്ളായിരം കണ്ടി എമറാൾഡ് എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടൽ നടത്തി. മൂന്ന് ജീവക്കാരെ ഇവർ പിടിച്ചുവച്ച് ആശയ പ്രചാരണം നടത്തി. 2018മാർച്ച് 6ന് വൈത്തിരി ഉപവൻ റിസോർട്ടിൽ ഫണ്ട് പിരിവിനെത്തിയ മാവോയിസ്റ്റ് സി.പി.ജലീൽ വെടിവെയ്പിൽ കൊല്ലപ്പെട്ടു. പിന്നാലെ അട്ടപ്പാടിയിൽ വെച്ചും മാവോയിസ്റ്റുകൾ ഏറ്റുമുട്ടലൽ കൊല്ലപ്പെുടകാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP