Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർധസെഞ്ചുറികളുടെ വെടിക്കെട്ട് തീർത്ത് ഇന്ത്യൻ യുവ നിര: അഞ്ചാം കിരീടം ലക്ഷ്യമിട്ട് നിലവിലെ ചാംപ്യന്മാരായ ഇന്ത്യയ്ക്ക്, അണ്ടർ 19 ലോകകപ്പിൽ വിജയതുടക്കം

അർധസെഞ്ചുറികളുടെ വെടിക്കെട്ട് തീർത്ത് ഇന്ത്യൻ യുവ നിര: അഞ്ചാം കിരീടം ലക്ഷ്യമിട്ട് നിലവിലെ ചാംപ്യന്മാരായ ഇന്ത്യയ്ക്ക്, അണ്ടർ 19 ലോകകപ്പിൽ വിജയതുടക്കം

മറുനാടൻ മലയാളി ബ്യൂറോ

ബ്ലൂംഫോണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക):  അണ്ടർ 19 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ യുവനിര. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തത് ലോകകപ്പിൽ വിജയതുടക്കം കുറിച്ചത്. ഗ്രൂപ്പ് പോരാട്ടത്തിൽ അയൽക്കാരായ ശ്രീലങ്കയെ 90 റൺസിനാണ് ഇന്ത്യൻ കൗമാരപ്പട തകർത്തത്. കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ശ്രീലങ്കയുടെ മറുപടി 45.2 ഓവറിൽ 207 റൺസിൽ അവസാനിച്ചു നിൽക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി യശസ്വി ജെയ്‌സ്വാൾ (59), ക്യാപ്റ്റൻ പ്രിയം ഗാർഗ് (56), ദ്രുവ് ചന്ദ് ജുറൽ (52*) എന്നിവർ അർധ സെഞ്ചുറി നേടി. ദിവ്യാൻഷ് സക്‌സേന (23), തിലക് വർമ (46) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ലങ്കയ്ക്കായി ആംഷി ഒറെൻ, ആഷിയാൻ ഡാനിയൽ, ദിൽഷൻ മധുഷങ്ക, കവിൻഡു നദീഷൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

താരതമ്യേന ചെറിയ സ്‌കോറിൽ ഒതുങ്ങേണ്ട ഇന്ത്യയെ അവസാന ഓവറുകളിലെ തകർപ്പൻ അടികളിലൂടെ 297 ൽ എത്തിക്കുകയും പിന്നീട് രണ്ടു വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത സിദ്ധേഷ് വീറാണ് കളിയിലെ താരമായി മാറിയത്. വീർ 27 പന്തിൽ ആറു ഫോറും ഒരു സിക്‌സും സഹിതം 44 റൺസുമായി പുറത്താകാതെ നിന്നു. ജനുവരി 21ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഇന്ത്യ ഉയർത്തിയ 297 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ശ്രീലങ്ക തകർച്ചയോടെയാണ് തുടങ്ങിയത്. 19 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ നവോദ് പരണവിതാന പുറത്താവുന്നത്. 13 പന്തിൽ ആറു റൺസെടുത്ത നവോദിനെ സുശാന്ത് മിശ്രയാണ് പുറത്താക്കിയത്. തുടർന്നെത്തിയവർ കരുതലോടെ കളിച്ചതോടെ അടുത്ത വിക്കറ്റിനായി ഇന്ത്യയുടെ കാത്തിരിപ്പു നീണ്ടു. രണ്ടാം വിക്കറ്റിൽ കമിൽ മിഷാര - രവീന്ദു രസന്ത സഖ്യം 87 റൺസ് കൂട്ടുകെട്ടു തീർത്ത് ലങ്കൻ ഇന്നിങ്‌സിന് അടിത്തറയിട്ടു. എന്നാൽ ഇരുവരും ഏഴു റൺസിന്റെ ഇടവേളയിൽ പുറത്തായതോടെ തകർന്നടിഞ്ഞ ലങ്ക തോൽവിയിലേക്ക് കടക്കുകയായിരുന്നു.

പിന്നീട് പിടിച്ചുനിന്നത് ലങ്കയുടെ ടോപ് സ്‌കോററായ ക്യാപ്റ്റൻ നിപുൻ ധനഞ്ജയ മാത്രം. 59 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 50 റൺസെടുത്താണ് ധനഞ്ജയ പുറത്തായത്. കമിൽ 59 പന്തിൽ 39 റൺസെടുത്തും രസന്ത 70 പന്തിൽ 49 റൺസുമെടുത്തു. വെറും 26 റൺസിനിടെയാണ് ശ്രീലങ്കയ്ക്ക് അവസാന ആറു വിക്കറ്റുകൾ നഷ്ടമായത്. ഇന്ത്യയ്ക്കായി ആകാശ് സിങ്, സിദ്ധേഷ് വീർ, രവി ബിഷ്‌ണോയ് എന്നിവർ രണ്ടും കാർത്തിക് ത്യാഗി, സുശാന്ത് മിശ്ര, യശ്വസി ജയ്‌സ്വാൾ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 297 റൺസെടുത്തത്. ഇന്ത്യൻ നിരയിൽ മൂന്നു പേർ അർധസെഞ്ചുറി കുറിച്ചപ്പോൾ, രണ്ടു പേർ അർധസെഞ്ചുറിക്ക് അരികിലെത്തി. 74 പന്തിൽ എട്ടു ഫോറുകൾ സഹിതം 59 റൺസെടുത്ത ഓപ്പണർ യശ്വസി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ പ്രിയം ഗാർഗ് (72 പന്തിൽ 56), ധ്രുവ് ജുറെൽ (48 പന്തിൽ പുറത്താകാതെ 52) എന്നിവരാണ് അർധസെഞ്ചുറി നേടിയ മറ്റ് താരങ്ങൾ. ശ്രീലങ്കയ്ക്കായി അംശി ഡിസിൽവ, ആഷിയൻ ഡാനിയൽ, ദിൽഷൻ മധുഷങ്ക, കവിന്ദു നദീശൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

അന്താരാഷ്ട്ര വേദികളിൽ കളിച്ച് പരിചയുമുള്ള താരങ്ങൾ ഇംഗ്ലണ്ട്, ആസ്ട്രേലിയ ടീമുകളിലുമുണ്ട്. കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന വിജയശതമാനമുള്ള ബംഗ്ലാദേശിനേയും പ്രതിഭകളുള്ള അഫ്ഗാനിസ്ഥാനേയും എഴുതി തള്ളാനാവില്ല. സീനിയർ ടീമിലേക്കുള്ള ചവിട്ടുപടിയെന്നതിനാൽ കൗമാര താരങ്ങൾക്ക് കഴിവു തെളിയിക്കാനുള്ള വേദിയാണ് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ലോകകപ്പ്.

അണ്ടർ 19 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾ: ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ,ശ്രീലങ്ക, ഇംഗ്ലണ്ട്, ആസ്ട്രേലിയ, ന്യൂസിലന്റ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്വേ, യു.എ.ഇ, സ്‌കോട്ട്‌ലാന്റ്,കാനഡ, ജപ്പാൻ, നൈജീരിയ. ഇതിൽ ജപ്പാനും നൈജീരിയയും ആദ്യമായാണ് ക്രിക്കറ്റിന്റെ ഏതെങ്കിലും ഫോർമാറ്റിൽ കളിക്കാനിറങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP