Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയക്കാർ തോന്നുംപടി ഭരിച്ചിരുന്നു സർവ്വകലാശാലകളിൽ ഇടപെട്ട് ആദ്യം പിടിമുറുക്കി; പത്രക്കാരെ കാണാൻ മടിയുള്ള മുഖ്യമന്ത്രിയെ കടത്തിവെട്ടി ഓരോ വിഷയങ്ങളിലും ചാനലുകൾക്ക് മുമ്പിലെത്തി ആരിഫ് മുഹമ്മദ് ഖാൻ; തദ്ദേശ സ്വയംഭരണ വാർഡുകളുടെ എണ്ണം കൂട്ടുന്ന ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് പറഞ്ഞ് പരസ്യമായി ഏറ്റുമുട്ടി; പൊതുവേദികളിൽ പ്രതിരോധം തീർത്ത മറുപടികളും; ഗവർണർമാർ മുമ്പും വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കിലും രാജ്ഭവനും സർക്കാരും നേർക്കുനേർ പോരാടുന്ന ഘട്ടം കേരളത്തിൽ ആദ്യം

രാഷ്ട്രീയക്കാർ തോന്നുംപടി ഭരിച്ചിരുന്നു സർവ്വകലാശാലകളിൽ ഇടപെട്ട് ആദ്യം പിടിമുറുക്കി; പത്രക്കാരെ കാണാൻ മടിയുള്ള മുഖ്യമന്ത്രിയെ കടത്തിവെട്ടി ഓരോ വിഷയങ്ങളിലും ചാനലുകൾക്ക് മുമ്പിലെത്തി ആരിഫ് മുഹമ്മദ് ഖാൻ; തദ്ദേശ സ്വയംഭരണ വാർഡുകളുടെ എണ്ണം കൂട്ടുന്ന ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് പറഞ്ഞ് പരസ്യമായി ഏറ്റുമുട്ടി; പൊതുവേദികളിൽ പ്രതിരോധം തീർത്ത മറുപടികളും; ഗവർണർമാർ മുമ്പും വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കിലും രാജ്ഭവനും സർക്കാരും നേർക്കുനേർ പോരാടുന്ന ഘട്ടം കേരളത്തിൽ ആദ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് അധ്യക്ഷൻ ഇല്ലാത്ത ഘട്ടത്തിലാണ് ആരിഫ് മുഹമ്മദ് ഖാനെ ഗവർണറായി നിയമിപ്പിക്കപ്പെടുന്നത്. മുൻ കോൺഗ്രസുകാരൻ എന്ന നിലയിൽ കേരളത്തിന്റെ സാഹചര്യങ്ങളുമായി ഒത്തുപോകുന്ന വ്യക്തിയെന്നാന്ന് ആദ്യം കേരളം കരുതിയത്. എന്നാൽ, അതല്ല ചിത്രമെന്ന് പതിയ മനസ്സിലായി. തനിക്ക് ഇടപെടാൻ കഴിയുന്ന പരാമവധി വിഷയങ്ങളിൽ നേരിട്ട് ഇടപെട്ടു ആരിഫ് മുഹമ്മദ് ഖാൻ. ആദ്യം രാഷ്ട്രീയക്കാർ ഭരിച്ചിരിക്കുന്ന സർവ്വകലാശാലകളിൽ ആണെങ്കിൽ പിന്നീട് അങ്ങോട്ട് ഓരോ വിഷയങ്ങളിലുമായി. ഇതിന് ഇടയാക്കിയത് ആകട്ടെ ദേശീയ പൗരത്വ നിയമത്തിലെ നിലപാടുകളുമായിരുന്നു. ഭരണഘടനാ പരമായി കേന്ദ്രം പാസാക്കിയ നിയമത്തിന്റെ സംരക്ഷകനാകേണ്ട ഗവർണർ ആ നിലപാടിൽ ഉറച്ചു നിന്നതോടെ കേരളത്തിൽ അടിതുടങ്ങി. ഇപ്പോൾ രാജ്ഭവനും സർക്കാരും നേർക്കുനേർ പോരാടുന്ന ഘട്ടം വരെ കേരളിൽ ഉണ്ടായിരിക്കയാണ്. ഗവർണറെ മുഖ്യ എതിരാളിയായി കണ്ടാണ് സിപിഎം രംഗത്തുള്ളത്.

സർക്കാരുകളോട് ഓരോകാലത്തും പല സംഭവങ്ങളുടെയും പേരിൽ ഗവർണർമാർ വിശദീകരണം തേടാറുണ്ടെങ്കിലും ഇത്ര കടുപ്പിച്ചും ഗുരുതര സാഹചര്യത്തിലും കേരളത്തിൽ ഇതാദ്യമാണ്. രാജ്ഭവനും സർക്കാരും നേർക്കുനേർ പോരാടുന്ന ഘട്ടമാണ് ഇപ്പോഴത്തേത്. അതുകൊണ്ടുതന്നെ ഇത്തവണ ഗവർണറുടെ വിശദീകരണംതേടലിനു ഗൗരവമേറെ. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും ഓരോ താൽപ്പര്യം ഉണ്ടെന്നിരിക്കേ കാര്യങ്ങളെല്ലാം കുഴഞ്ഞു മറിയുന്ന അവസ്ഥയാണ് ഉള്ളത്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്ന കാര്യത്തിൽ വൈമനസ്യം ഉള്ള വ്യക്തിയാണ്. അതേസമയം ഇപ്പോഴത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാകട്ടെ മുഖ്യമന്ത്രിയേക്കാൾ കൂടുതൽ മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങുകയും ചെയ്യുന്നു.

കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നപ്പോഴും ശബരിമല സമരത്തിന്റെ പേരിൽ ഹർത്താലും അക്രമവും ഉണ്ടായപ്പോഴും അന്ന് ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവം സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊതുവേ സൗമ്യനായ സദാശിവം എന്നാൽ, സർക്കാറുമായി ഏറ്റുമുട്ടാൻ ഒരിക്കലും തയ്യാറായിരുന്നില്ല. അപ്പോഴൊക്കെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി. തുടങ്ങിയവരൊക്കെ രാജ്ഭവനിലെത്തി കാര്യങ്ങൾ വിശദീകരിച്ചിട്ടുമുണ്ട്. ചില ഘട്ടങ്ങളിൽ ഡി.ജി.പി.മാരെ രാജ്ഭവനിലേക്കു വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്. അന്നൊന്നും ഇപ്പോഴത്തേതിനു സമാനമായ സാഹചര്യമായിരുന്നില്ല. അന്നൊന്നും താക്കീതിന്റെയും സർക്കാരിനോട് ഇത്ര കടുത്ത അതൃപ്തിയുടെയും ധ്വനി ഗവർണറിൽനിന്ന് ഉണ്ടായിരുന്നതുമില്ല.

സദാശിവത്തിനുമുമ്പും പല വിഷയങ്ങളിലും ഗവർണർമാർ സർക്കാരുകളോട് വിശദീകരണംതേടിയിട്ടുണ്ട്. മിക്കപ്പോഴും രാജ്ഭവനിൽ കിട്ടുന്ന പരാതിയുടെ അടിസ്ഥാനത്തിൽക്കൂടിയാകും ഇത്. സർക്കാർ അയക്കുന്ന ഓർഡിനൻസോ നിയമസഭ അംഗീകരിച്ച ബില്ലോ ഒപ്പിടാതെ വിശദീകരണമോ തിരുത്തലുകളോ ആവശ്യപ്പെട്ട് തിരിച്ചയക്കുന്നതും പതിവാണ്. തിരുത്തലും വ്യക്തതയും വരുത്തി വീണ്ടും സമർപ്പിക്കുമ്പോൾ ഗവർണർ ഒപ്പിടുകയും ചെയ്യും.

വി സി.മാരുടെ നിയമനത്തിന് സർക്കാർ നൽകുന്ന പട്ടികയിൽ തിരുത്തൽ വരുത്തുകയും സിൻഡിക്കേറ്റ് അംഗങ്ങളുടെ പേരുകൾ മാറ്റുന്നതുമൊക്കെ നടന്നിട്ടുണ്ട്. എന്നാൽ, ഇത്തവണ സർക്കാർ അംഗീകരിച്ച ഓർഡിനൻസ് ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാതെ, സുപ്രീംകോടതിയിൽ താനറിയാതെ കേസിനു പോയതിനെതിരേ റൂൾസ് ഓഫ് ബിസിനസിലാണ് ഗവർണർ പിടിമുറുക്കിയത്. അതും രാജ്ഭവൻ-സർക്കാർ ബന്ധം അത്യന്തം വഷളയായ ഘട്ടത്തിലും. ഈ ഭിന്നതയാണ് സർക്കാരിനു മുന്നിലെ പ്രതിസന്ധി. പ്രത്യേകിച്ച് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം അടുത്തിരിക്കെ.

ഭരണഘടനപ്രകാരം എല്ലാ എംഎ‍ൽഎ.മാരും ഗവർണറും ചേരുന്നതാണ് നിയമസഭ. അതിനാൽ സഭയിൽ നടക്കുന്ന കാര്യങ്ങളറിയണം എന്നാണ് ഗവർണറുടെ വാദം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിലെ പാലമായാണ് ഗവർണറെ കാണുന്നത്. കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലുണ്ടായാൽ ഗവർണറുടെ നിലപാട്, നിഷ്പക്ഷത എന്നിവയാണ് എല്ലാവരും ഉറ്റുനോക്കുന്നതും. ഇനിയങ്ങോട്ട് ഗവർണറിൽനിന്ന് അനുകൂല സമീപനം സർക്കാരും പ്രതീക്ഷിക്കുന്നില്ല.

അതേസമയ ഭരണഘടനയുടെ 166ാം വകുപ്പു പ്രകാരം ഉണ്ടാക്കിയിരിക്കുന്ന 'ട്രാൻസാക്ഷൻ ഓഫ് ബിസിനസ് റൂൾസ്' അനുസരിച്ച് കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ അതു ഗവർണറെ അറിയിക്കാനുള്ള ബാധ്യത സംസ്ഥാന ഗവൺമെന്റിനുണ്ട്. വാർഡുകളുടെ എണ്ണം കൂട്ടുന്ന ഓർഡിനൻസിന്റെ കാര്യത്തിൽ അങ്ങനെ ചെയ്യാതിരുന്നത് ചട്ടങ്ങളുടെയും ഭരണഘടനയുടെയും ലംഘനമാണെന്നു ഗവർണർ അവകാശപ്പെടുന്നു. എന്നാൽ സർക്കാറിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടേണ്ട കാര്യമില്ലെന്ന നിലപാടാണ് സിപിഎമ്മിനും സർക്കാറിനുള്ളത്.

പക്ഷേ, ഗവർണറെ അറിയിക്കണം എന്ന ചട്ടം പാലിക്കേണ്ട ആവശ്യമുണ്ട് എന്നു പ്രത്യേകം പറയേണ്ട കാര്യമില്ല. ചട്ടങ്ങൾ പാലിക്കപ്പെടേണ്ടവയാണ്. അസാധാരണ സാഹചര്യങ്ങളിൽ ഏതെങ്കിലും ചട്ടം പാലിക്കാൻ സാധിക്കാതെ വരുന്നതു വേറെ കാര്യം. ഭരണ നടത്തിപ്പു സംബന്ധിക്കുന്ന ചട്ടങ്ങൾ പാലിക്കേണ്ടത് ഗവൺമെന്റും ഗവർണറും തമ്മിലുള്ള ബന്ധം സുഗമമാക്കാൻ ആവശ്യമാണ്. ഗവർണർക്ക് ഗവൺമെന്റ് തന്നെ അവഗണിക്കുന്നു, ആവശ്യമായ വിവരങ്ങൾ നൽകുന്നില്ല എന്നൊക്കെയുള്ള പരാതി ഉണ്ടാകാനേ പാടില്ല. അത് ആ ഗവൺമെന്റിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. ഇന്ത്യയിൽ നിലവിലുള്ള ഭരണഘടനാ സംവിധാനത്തിൽ പ്രസിഡന്റിനും സംസ്ഥാന ഗവർണർമാർക്കും തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമേ പ്രവർത്തിക്കാനാവൂ. ഭരണപരമായ കാര്യങ്ങളിൽ ഇവർക്കു സ്വതന്ത്രമായി തീരുമാനമെടുക്കാനോ പ്രവർത്തിക്കാനോ ഉള്ള അധികാരമില്ല. അരുണാചൽപ്രദേശിനെ സംബന്ധിക്കുന്ന, 2016ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.

പ്രസിഡന്റും ഗവർണർമാരും ഭരണഘടനാ തലവന്മാരാണ്. അതിന്റെ അർഥം, ഭരണഘടന പ്രകാരം മാത്രമുള്ള തലവന്മാരെന്നാണ്. അധികാരമുള്ള തലവന്മാരല്ലെന്നു ചുരുക്കം. യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയിലാണു നിക്ഷിപ്തമായിരിക്കുന്നത്. അതുകൊണ്ട്, കേരള മന്ത്രിസഭ ഭരണഘടനാപരമായി തങ്ങളിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണു കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചതെന്നു കാണാം. ഗവർണറെ അറിയിച്ചില്ല എന്ന കാരണത്താൽ ആ തീരുമാനം നിയമപരമായോ ഭരണഘടനാപരമായോ അസാധുവാകുന്നില്ല. അതു നിയമപ്രാബല്യമുള്ള തീരുമാനവും അതേത്തുടർന്നുള്ള നടപടി നിയമസാധുതയുള്ളതുമാണ്. ഗവർണറെ അറിയിക്കാനുള്ള ബാധ്യത ഗവൺമെന്റിനുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ എന്നു അഭിപ്രായവും ഉരുന്നുണ്ട്.

അതേസമയം ഗവർണറുമായി ഉടക്കി നിൽക്കുന്ന ഘട്ടത്തിൽ തന്നെയാണ് തദ്ദേശസ്ഥാപന വാർഡുകളുടെ പുനർനിർണയത്തിനുള്ള ബില്ലിന്റെ കരട് തിങ്കളാഴ്ച മന്ത്രിസഭായോഗം പരിഗണിക്കുന്നത്. നിയമസെക്രട്ടറിയുടെ പരിശോധന കഴിഞ്ഞ കരട് ബിൽ തദ്ദേശഭരണമന്ത്രി എ സി മൊയ്തീന് തിരികെ നൽകി. മന്ത്രി ഇവ മന്ത്രിസഭായോഗത്തിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രിക്ക് കൈമാറി. കേരളപഞ്ചായത്തീരാജ് ആക്ടും മുനിസിപ്പാലിറ്റി ആക്ടുമാണ് ഭേദഗതി ചെയ്യുന്നത്. ഭേദഗതിബിൽ നിയമസഭയിൽ അവതരിപ്പിച്ച് നിയമമാകുന്നതോടെ വാർഡുകൾ 2011 ലെ ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കും.

കേരള ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് കപിൽ സിബൽ അടക്കമുള്ളവരും പറയുന്നുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനം കോടതിയിൽ പോകുന്നതിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും ഇക്കാര്യങ്ങൾ സുപ്രീംകോടതിയുടെ മുൻ വിധിന്യായങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും അഭിഭാഷകൻ കൂടിയായ കബിൽ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ഇന്ത്യയിലെ ഗവർണർമാരെ കുറിച്ചും കബിൽ സിബൽ തുറന്നടിച്ചു. മന്ത്രിസഭ തീരുമാനത്തിന് അനുസരിച്ചേ ഗവർണർക്ക് പ്രവർത്തിക്കാൻ കഴിയൂ എന്നും ഇന്ന് ഗവർണർമാർ ബിജെപി സർക്കാരിന്റെ കണ്ണും കാതുമാണെന്നും അതിനാൽ സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ ഗവർണർമാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP