Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത്ഷായുടെ കീഴിലെ ട്രെയിനിങ് പിരീഡ് കഴിഞ്ഞു! ഇനി ബിജെപിയുടെ കടിഞ്ഞാണ് മുഴുവൻ ജെ പി നഡ്ഡയുടെ കൈകളിലേക്ക്; അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കി കഴിഞ്ഞാൽ പ്രഖ്യാപനം; പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വെല്ലുവിളികളുടെ കടൽ നീന്തിക്കയറാൻ പഴയ നീന്തൽതാരം കൂടിയായ ജെപി നഡ്ഡക്ക് സാധിക്കുമെന്ന് നേതാക്കളുടെ പ്രതീക്ഷ; വി മുരളീധരനൊപ്പം എബിവിപിയിൽ പ്രവർത്തിച്ചു വളർന്ന നേതാവ് ബിജെപിയുടെ അമരക്കാരനാകുമ്പോൾ ആദ്യ വെല്ലുവിളി ഡൽഹി തിരഞ്ഞെടുപ്പ് തന്നെ

അമിത്ഷായുടെ കീഴിലെ ട്രെയിനിങ് പിരീഡ് കഴിഞ്ഞു! ഇനി ബിജെപിയുടെ കടിഞ്ഞാണ് മുഴുവൻ ജെ പി നഡ്ഡയുടെ കൈകളിലേക്ക്; അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കി കഴിഞ്ഞാൽ പ്രഖ്യാപനം; പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വെല്ലുവിളികളുടെ കടൽ നീന്തിക്കയറാൻ പഴയ നീന്തൽതാരം കൂടിയായ ജെപി നഡ്ഡക്ക് സാധിക്കുമെന്ന് നേതാക്കളുടെ പ്രതീക്ഷ; വി മുരളീധരനൊപ്പം എബിവിപിയിൽ പ്രവർത്തിച്ചു വളർന്ന നേതാവ് ബിജെപിയുടെ അമരക്കാരനാകുമ്പോൾ ആദ്യ വെല്ലുവിളി ഡൽഹി തിരഞ്ഞെടുപ്പ് തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞ ആറു മാസത്തെ കേന്ദ്രഭരണത്തിന്റെയും തെരഞ്ഞെടുപ്പുകളുടെയും കണക്കെടുപ്പു നടത്തിയാൽ ബിജെപിക്ക് പറയാൻ തിരിച്ചടികൾ മാത്രമാണ്. ദേശീയ പൗരത്വ നിയമം പാസാക്കിയ ശേഷവും മുമ്പുമായി നടന്ന സംഭവ വികാസങ്ങൾ ബിജെപിക്ക് മുമ്പിൽ വലിയ പ്രതിസന്ധിയുടെ കടൽ തന്നെയാണ് തീർത്തിരിക്കുന്നത്. അമിത്ഷാ എന്ന തന്ത്രശാലിയായ കപ്പിത്താന് അടവുകൾ പിഴച്ചു തുടങ്ങിയോ എന്ന രാഷ്ട്രീയ നേതൃത്വം ചോദിച്ചു തുടങ്ങിയ സമയം. ആഭ്യന്തര മന്ത്രി സ്ഥാനവും ബിജെപി അധ്യക്ഷ സ്ഥാനവും ഒരേസമയം വഹിച്ച അമിത്ഷായുടെ കീഴിൽ ട്രെനിംഗിലായിരുന്നു ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ എന്നു പറയാം. ഈ ട്രെയിനിങ് പൂർത്തിയാക്കിയ നഡ്ഡ് ഇനി പൂർണമായും ബിജെപിയുടെ കപ്പിത്താന്റെ വേഷം എടുത്ത് അണിയുകയാണ്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് ഇടയിലാണ് ചെറുപ്പത്തിൽ നീന്തൽതാരമായിരുന്നു ജഗത് പ്രകാശ് നഡ്ഡ ഇപ്പോൾ ബിജെപിയെ നയിക്കാൻ എത്തുന്നത്. ബിഹാറിനെ പ്രതിനിധീകരിച്ച് ദേശീയ ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത നഡ്ഡ ബിജെപിയുടെ അമരത്തെത്തുമ്പോൾ വെല്ലുവിളികൾ തന്നെയാണ് കാത്തിരിക്കുന്നത്. ഈ വെല്ലുവിളികളെ നീന്തിക്കടക്കാൻ നഡ്ഡയ്ക്ക് സാധിക്കുമെന്നാണ് പൊതുവിലയിരുത്തൽ. ഒന്നാം മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന, പ്രവർത്തന മികവിന്റെയും പ്രതിച്ഛായയുടെയും പിൻബലമുള്ള നഡ്ഡയ്ക്ക് ഇത് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണു ബിജെപി പ്രതീക്ഷ.

അഞ്ചരക്കൊല്ലം പാർട്ടിയെ വലിയ വിജയങ്ങളിലേക്കു നയിച്ച അമിത് ഷായിൽ നിന്നു നേതൃത്വമേറ്റെടുക്കുമ്പോൾ ആ നേതൃത്വത്തിന്റെ മികവു തന്നെയാകും നഡ്ഡയ്ക്കും അളവുകോലാവുക,വെല്ലുവിളിയും. പറഞ്ഞാൽ പറഞ്ഞതു നടപ്പാക്കുക എന്നതായിരുന്നു ഷായുടെ ശൈലി. അതിനു മീതെ പറക്കാൻ ബിജെപിയിൽ ഒരു പരുന്തുമില്ലായിരുന്നു. അതു നടപ്പാക്കാൻ നഡ്ഡയ്ക്കും കഴിയുമോ എന്നതാണു കാര്യം. രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ അമിത്ഷാ ആഭ്യന്തര മന്ത്രിയായപ്പോൾ കഴിഞ്ഞ ജൂണിലാണ് നഡ്ഡയെ വർക്കിങ് പ്രസിഡന്റായി നിശ്ചയിച്ചത്.തുടർന്നു നടന്ന 3 സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രകടനം മോശമായിരുന്നു.

ഇന്നാണ് ബിജെപി അധ്യക്ഷ പദവിയിലെ തെരഞ്ഞെടുപ്പു നടക്കുന്നത്. നഡ്ഡ മാത്രമാണു മത്സര രംഗത്തുള്ളത്. രാവിലെ 10 മുതൽ 12.30 വരെയാണു നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം. 12.30 മുതൽ 1.30 വരെ സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള സമയം 1.30 മുതൽ 2.30 വരെ. മറ്റാരും പത്രിക നൽകിയില്ലെങ്കിൽ, ഇതിനുശേഷം നഡ്ഡയെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകും. ഉച്ചകഴിഞ്ഞു മൂന്നോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ദേശീയ നേതൃയോഗത്തിൽ നഡ്ഡ ഭാവി പദ്ധതികൾ വിശദീകരിക്കും.

ബിജെപി ദേശീയ അധ്യക്ഷന്മാരെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയാണു പതിവ്. തിരഞ്ഞെടുപ്പു വേണ്ടിവന്നാൽ അതു നാളെ പത്തിനും രണ്ടിനുമിടയ്ക്കായിരിക്കുമെന്നു സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള രാധാമോഹൻ സിങ് അറിയിച്ചു. 21 സംസ്ഥാനങ്ങളിൽ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്ന നടപടികളും പൂർത്തിയായി. പാർട്ടി ഭരണഘടന പ്രകാരം പകുതിയിലേറെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയായാലേ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനാവൂ.

ബിജെപി അധ്യക്ഷ സ്ഥാനത്ത് കാലാവധി തീർന്നിട്ടും ആഭ്യന്തര മന്ത്രിയായ അമിത്ഷാ തന്നെ ബിജെപി അധ്യക്ഷ സ്ഥാനത്ത് തുടർന്നത് മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ തുടർഭരണം ലക്ഷ്യമിട്ടു കൊണ്ടായിരുന്നു. എന്നാൽ. ഇവിടെ ബിജെപിക്ക് തിരിച്ചടി ഏറ്റു. ഒരാൾ, ഒരു പദവി എന്ന വ്യവസ്ഥ പാലിക്കുന്ന ഇക്കാര്യത്തിൽ പാർട്ടി ചട്ടങ്ങളെല്ലാം തെറ്റിക്കുന്നത് മോദി-ഷാ കൂട്ടുകെട്ടിന് പിഴച്ചു എന്നു തന്നെ പറയാണ്. അമിത് ഷാ അധ്യക്ഷ പദവി ഒഴിഞ്ഞ് ഇടക്കാല പ്രസിഡന്റിനെ നിയമിക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നു. ഇതോടെയാണു ഷായെ സഹായിക്കാനായി ജെ.പി. നഡ്ഡയെ വർക്കിങ് പ്രസിഡന്റായി നിയോഗിച്ചത്.

മികച്ച സംഘാടകനായ അദ്ദേഹത്തെ 'നിശ്ശബ്ദനായ തന്ത്രജ്ഞൻ' എന്നാണ് പാർട്ടിക്കുള്ളിൽ വിശേഷിപ്പിക്കുന്നത്. ആർ.എസ്.എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ആർഎസ്എസ്.-ബിജെപി. നേതൃത്വങ്ങൾക്ക് ഒരുപോലെ സ്വീകാര്യനാണ്. നേരത്തേ ഹിമാചൽപ്രദേശിൽ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വിശ്വസ്തനായ നഡ്ഡയാണു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ ചുമതല വഹിച്ചത്.

ബിജെപി.യുടെ കേന്ദ്രതിരഞ്ഞടുപ്പു സമിതിയുടെ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയാസ്ഥാനത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും നഡ്ഡയാണ്. പട്‌നയിൽ ജനിച്ച് അവിടെ സ്‌കൂൾ വിദ്യാഭ്യാസം നേടിയ നഡ്ഡ ഷിംല സർവകലാശാലയിൽ വിദ്യാർത്ഥിയായതോടെയാണു ഹിമാചൽപ്രദേശിലേക്കു തട്ടകം മാറ്റിയത്. നേരത്തെ മുൻ കേന്ദ്രമന്ത്രി ജെ.പി നഡ്ഡ ആ സ്ഥാനത്തേക്കു ഉയർന്നപ്പോൾ തന്നെ പാർട്ടി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവിന്റെ പേരും ഉയർന്നിരുന്നു. നഡ്ഡയെ ഇപ്പോൾ വർക്കിങ് പ്രസിഡന്റാക്കി, ആറ് മാസം കഴിഞ്ഞ് അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരും. മഹാസഖ്യത്തെ പരാജയപ്പെടുത്തിയതും അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താനായതും നഡ്ഡയ്ക്ക് അനുകൂലമായി മാറിയിരുന്നു. മോദിയുടെ അഭിമാന പദ്ധതികളായ ആയുഷ്മാൻ ഭാരത്, സുരക്ഷിത് മാതൃത്വ അഭിയാൻ എന്നിവയുടെ പിന്നണിയിൽ നഡ്ഡയുണ്ടായിരുന്നു.

എബിവിപിയിലെ പ്രവർത്തന പരിചയവുമായാണ് ജെ പി നഡ്ഡ രാഷ്ട്രീയത്തിൽ തുടക്കമിടുന്നത്. അക്കാലത്ത് ഇപ്പോഴത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരനൊപ്പം പ്രവർത്തിച്ച നേതാവാണ് നഡ്ഡ. കേരളത്തിന്റെ ചുമതലയുള്ള നേതാവ് എന്ന നിലയിലും പ്രവർത്തിച്ച വ്യക്തിയാണ് നഡ്ഡ. ബിജെപി അധ്യക്ഷൻ അമിത്ഷാ കേരളത്തിൽ പദയാത്ര നടത്തിയ വേളിയൽ അതിന്റെ ചുക്കാൻ പാർട്ടി ഏൽപ്പിച്ചതും നഡ്ഡ ആയിരുന്നു. ആർഎസ്എസിന് കൂടി അഭിമതനായ വ്യക്തിയെന്ന നിലയിലാണ് അദ്ദേഹം ബിജെപി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോൾ നഡ്ഡക്ക് മുമ്പിൽ ആദ്യ വെല്ലുവിളി ഡൽഹി തിരഞ്ഞെടുപ്പു തന്നെയാണ്. പൗരത്വ നിയമ ഭേദഗതികൾക്ക് നടുവിൽ ബിജെപിക്ക് ഒരു വിജയം അനിവാര്യമാണ്. അതിന് നഡ്ഡയുടെ തന്ത്രങ്ങൾക്ക് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP