Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് പെൺമക്കളേയും ഉന്നത വിദ്യാഭ്യാസത്തിനായി അയച്ചത് ബംഗ്ലാദേശിലേക്ക്; 2019ൽ മാത്രം ബംഗ്ലാദേശ് സന്ദർശിച്ചത് മൂന്നു തവണയും; ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്‌പി ദേവീന്ദർ സിങ്ങിന് പാക് ചാരസംഘടനയുമായുള്ള ബന്ധം അന്വേഷിക്കുക എൻഐഎ; കേസ് ഏറ്റെടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം

രണ്ട് പെൺമക്കളേയും ഉന്നത വിദ്യാഭ്യാസത്തിനായി അയച്ചത് ബംഗ്ലാദേശിലേക്ക്; 2019ൽ മാത്രം ബംഗ്ലാദേശ് സന്ദർശിച്ചത് മൂന്നു തവണയും; ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്‌പി ദേവീന്ദർ സിങ്ങിന് പാക് ചാരസംഘടനയുമായുള്ള ബന്ധം അന്വേഷിക്കുക എൻഐഎ; കേസ് ഏറ്റെടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭീകരർക്കൊപ്പം അറസ്റ്റിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിന് പാക് ചാരസംഘടനയായ ഐ.എസ്‌ഐയുമായുള്ള ബന്ധം എൻ.ഐ.എ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദേശാനുസരണമാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് തെക്കൻ കശ്മീരിലെ ഹൈവേയിൽനിന്ന് ദേവിന്ദർസിങ്ങിനെയും ഹിസ്ബുൽ മുജാഹിദീന്റെ സ്വയം പ്രഖ്യാപിത ജില്ല കമാൻഡർ നവീദ് ബാബു, സംഘടനയിലേക്ക് പുതുതായി വന്ന അത്തീഫ്, അഭിഭാഷകൻ ഇർഫാൻ മിർ എന്നിവരെയും പിടികൂടിയത്. കാറിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

ദേവീന്ദർ സിങ് ബംഗ്ലാദേശിലേക്ക് തുടർച്ചയായി യാത്ര നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഐ.എസ്‌ഐ ബന്ധം അന്വേഷിക്കുന്നത്. 2019ൽ മൂന്ന് തവണയാണ് ദേവീന്ദർ സിങ് ബംഗ്ലാദേശിലേക്ക് യാത്ര ചെയ്തത്. ഏറെ ദിവസം അവിടെ തങ്ങുകയും ചെയ്തു. ദേവീന്ദറിന്റെ രണ്ട് പെൺമക്കൾ ബംഗ്ലാദേശിലാണ് പഠിക്കുന്നത്. എന്നാൽ, ഐ.എസ്‌ഐയുമായുള്ള ഇടപാടുകൾക്കായാണ് ദേവീന്ദർ ബംഗ്ലാദേശിലേക്ക് പോകുന്നതെന്നാണ് എൻ.ഐ.എ വിലയിരുത്തൽ.

സാധാരണ ഗതിയിൽ ഇന്ത്യയിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി കുട്ടികളെ ബംഗ്ലാദേശിലേക്ക് അയക്കാറില്ല. ഐ.എസ്‌ഐയുമായുള്ള ബന്ധത്തിന്റെ ഭാഗമായാണോ ദേവീന്ദർ കുട്ടികളെ ബംഗ്ലാദേശിൽ പഠിപ്പിക്കുന്നതെന്നും അന്വേഷിക്കും. ബംഗ്ലാദേശിൽ താമസിച്ചിരുന്ന സമയത്ത് ദേവീന്ദർ ഐ.എസ്‌ഐ ഏജന്റുമായി കൂടിക്കാഴ്ച നടത്തിയിരിക്കാമെന്നാണ് സംശയിക്കുന്നത്.

ദേവീന്ദറിനൊപ്പം പിടിയിലായ ഹിസ്ബുൾ നേതാവ് നവീദ് ബാബുവിനെ കണ്ടെത്തുന്നവർക്ക് നേരത്തെ 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നവീദ് ബാബുവിനെ സംരക്ഷിച്ചതിന് 12 ലക്ഷം പ്രതിഫലം ലഭിച്ചതായാണ് ദേവീന്ദർ പറഞ്ഞത്. എന്തുകൊണ്ട് നവീദ് ബാബുവിനെ അറസ്റ്റ് ചെയ്ത് 20 ലക്ഷം പാരിതോഷികം സ്വന്തമാക്കാതെ 12 ലക്ഷം വാങ്ങിയതെന്ന കാര്യവും എൻ.ഐ.എ അന്വേഷിക്കും.

അതിനിടെ, ദേവീന്ദർ സിങ് 2005 ൽ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി എഴുതിയ കത്ത് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയിരുന്നു. കശ്മീരിൽനിന്ന് ഡൽഹിയിലേക്ക് നാല് ഭീകരർക്കും സുരക്ഷിതമായി യാത്രചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. ദേവീന്ദർ സിങ് മറ്റു ഭീകരർക്കും സഹായം നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നതിനിടെയാണ് സുപ്രധാന കത്തിന്റെ വിവരം പുറത്തുവന്നിട്ടുള്ളത്. പാർലമെന്റ് ആക്രമണത്തിലും പുൽവാമ ഭീകരാക്രമണത്തിലും ദേവീന്ദറിന്റെ പങ്ക് അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

2005 ജൂലായ് ഒന്നിന് ഗുരുഗ്രാം - ഡൽഹി അതിർത്തിയിൽനിന്ന് ഡൽഹി പൊലീസ് അറസ്റ്റുചെയ്ത നാല് ഭീകരർക്കുവേണ്ടി ദേവീന്ദർ സിങ് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. മിലിട്ടറി ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരർ പിടിയിലായത്. ആയുധങ്ങളും വെടിക്കോപ്പുകളും 50000 രൂപയുടെ കള്ളനോട്ടും അവരിൽനിന്ന് പിടിച്ചെടുത്തിരുന്നു. സക്വീബ് റഹ്മാനെന്ന മസൂദ്, ഹസി ഗുലാം മൊയ്നുദീൻ ദർ എന്നീ രണ്ടുപേർ അടക്കമുള്ളവരാണ് അന്ന് പിടിയിലായതെന്ന് ഇന്റലിജൻസ് ബ്യൂറോ അധികൃതർ പറയുന്നു.

പുൽവാമ സ്വദേശിയായ ദറിന് പിസ്റ്റളും വയർലെസ് സെറ്റും കൈവശംവെക്കാൻ അനുമതി നൽകുന്ന കത്താണ് അന്ന് ജമ്മു കസ്മീരിലെ ഡിഐഡി ഡെപ്യൂട്ടി എസ്‌പി ആയിരുന്ന ദേവീന്ദർ സിങ് നൽകിയത്. പരിശോധനകളൊന്നും നടത്താതെ ഇയാൾക്ക് സുരക്ഷിത യാത്രയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും സിങ്ങിന്റെ ഔദ്യോഗിക ലെറ്റർപാഡിൽ എഴുതിയ കത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നു.

ഈ ഭീകരരുടെ താമസ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഗ്രനേഡ് ലോഞ്ചറുകളും ഗ്രനേഡുകളും വയർലെസ് സെറ്റും എ.കെ 47 തോക്കും വെടിയുണ്ടകളും അടക്കമുള്ളവ കണ്ടെത്തിയിരുന്നു. ഭീകരർക്ക് സുരക്ഷിത യാത്രയൊരുക്കണമെന്ന് നിർദ്ദേശിക്കുന്ന കത്ത് താൻ നൽകിയിട്ടുണ്ടെന്ന് ദേവീന്ദർ സിങ് ഡൽഹി പൊലീസിനെയും അറിയിച്ചിരുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP