Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അദ്‌നാൻ സാമിയും തസ്ലിമ നസ്രീനും ഉദാഹരണം; പാക് ഗായകന് ഇന്ത്യൻ പൗരത്വവും ബംഗ്ലാദേശി എഴുത്തുകാരിക്ക് റെസിഡന്റ് പെർമിറ്റും നൽകിയ കാര്യം ചൂണ്ടിക്കാട്ടി പൗരത്വ നിയമത്തെ ന്യായീകരിച്ച് നിർമല സീതാരാമൻ; 2016-18 കാലഘട്ടത്തിൽ 391 അഫ്ഗാനിസ്താൻ മുസ്ലിംകൾക്കും 1595 പാക് അഭയാർഥികൾക്കും പൗരത്വം നൽകിയെന്നും വിദേശകാര്യ മന്ത്രി

അദ്‌നാൻ സാമിയും തസ്ലിമ നസ്രീനും ഉദാഹരണം; പാക് ഗായകന് ഇന്ത്യൻ പൗരത്വവും ബംഗ്ലാദേശി എഴുത്തുകാരിക്ക് റെസിഡന്റ് പെർമിറ്റും നൽകിയ കാര്യം ചൂണ്ടിക്കാട്ടി പൗരത്വ നിയമത്തെ ന്യായീകരിച്ച് നിർമല സീതാരാമൻ; 2016-18 കാലഘട്ടത്തിൽ 391 അഫ്ഗാനിസ്താൻ മുസ്ലിംകൾക്കും 1595 പാക് അഭയാർഥികൾക്കും പൗരത്വം നൽകിയെന്നും വിദേശകാര്യ മന്ത്രി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി പൗരത്വം നേടിയ ഗായകൻ അദ്‌നൻ സാമിയെയും എഴുത്തുകാരി തസ്ലീമ നസ്രീനേയും ചൂണ്ടിക്കാട്ടി പൗരത്വ നിയമത്തെ ന്യായീകരിച്ചു കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പാക് ഗായകനായ അദ്‌നാൻ സാമിക്ക് ഇന്ത്യ നേരത്തെ പൗരത്വം നൽകിയിരുന്നു. ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്രീൻ റെസിഡന്റ് പെർമിറ്റിൽ ഇന്ത്യയിൽ കഴിയുകയാണ്. പൗരത്വ ഭേദഗതി നിയമം മുസ്ലിംകൾക്ക് എതിരല്ലെന്ന് സ്ഥാപിക്കാനായാണ് നിർമല ഇരുവരെയും ഉദാഹരണമായി കാണിച്ചത്.

2016-18 കാലഘട്ടത്തിൽ 391 അഫ്ഗാനിസ്താൻ മുസ്ലിംകൾക്കും 1595 പാക് അഭയാർഥികൾക്കും പൗരത്വം നൽകിയതായി ഡൽഹിയിൽ സി.എ.എയെ പിന്തുണച്ച് ബിജെപി നടത്തുന്ന ജൻ ജാഗരൺ അഭിയാൻ പരിപാടിയിൽ നിർമല പറഞ്ഞു. 2016 കാലത്ത് അദ്‌നാൻ സാമിക്ക് പൗരത്വം നൽകിയത് ഉദാഹരണമായും അവർ ചൂണ്ടിക്കാട്ടി. തസ്ലിമ നസ്രീൻ മറ്റൊരു ഉദാഹരണമാണ്. കേന്ദ്ര സർക്കാറിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തെറ്റാണെന്നാണ് ഇത് കാണിക്കുന്നത് -നിർമല സീതാരാമൻ വ്യക്തമാക്കി.

കഴിഞ്ഞ വർഷം 2838 പാക് അഭയാർഥികൾക്കും 948 അഫ്ഗാൻ അഭയാർഥികൾക്കും 172 ബംഗ്ലാദേശി അഭയാർഥികൾക്കും ഇന്ത്യ പൗരത്വം നൽകി. 1964 മുതൽ 2008 വരെ കാലത്ത് ശ്രീലങ്കയിൽ നിന്നുള്ള നാല് ലക്ഷത്തോളം തമിഴ് അഭയാർഥികൾക്ക് പൗരത്വം നൽകി. ഇപ്പോൾ കൊണ്ടുവന്ന പൗരത്വ നിയമം ആളുകൾക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കാനാണ്. ആരുടെയും പൗരത്വം ഇല്ലാതാക്കാൻ അല്ല -നിർമല പറഞ്ഞു.

അതേസമയം, തസ്ലീമ നസ്രീനെ ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിമെന്ന നിലയിൽ ഉദാഹരിച്ചപ്പോൾ മന്ത്രിക്ക് അബദ്ധം പറ്റി. തസ്ലീമ നസ്രീന് ഔദ്യോഗികമായി സ്വീഡിഷ് പൗരത്വമാണുള്ളത്. വധഭീഷണിയെ തുടർന്ന് 1994ലാണ് തസ്ലീമ ബംഗ്ലാദേശ് വിട്ടത്. പിന്നീട് വിവിധ രാജ്യങ്ങളിലായി കഴിഞ്ഞ ഇവർ 2004 മുതൽ റെസിഡന്റ് പെർമിറ്റിൽ ഇന്ത്യയിൽ കഴിയുകയാണ്.

രാജ്യത്തിന്റെ വിവിധ ക്യാമ്പുകളിലായി കിഴക്കൻ പാക്കിസ്ഥാനിൽ നിന്നെത്തിയ നിരവധി പേർ പാർക്കുന്നുണ്ടെന്നും കഴിഞ്ഞ അമ്പത് അറുപത് വർഷങ്ങളായി അവരവിടെത്തന്നെയാണെന്നും പറഞ്ഞ കേന്ദ്രമന്ത്രി അവരുടെ അവസ്ഥ പരിതാപകരമാണെന്ന് അഭിപ്രായപ്പെട്ടു. 'ആ ക്യാമ്പിൽ സന്ദർശനം നടത്തിയാൽ നിങ്ങൾ കരഞ്ഞുപോകും. ഇതേ സാഹചര്യം തന്നെയാണ് ശ്രീലങ്കൻ അഭയാർഥികളുടെ കാര്യത്തിലുമുള്ളത്. അടിസ്ഥാനപരമായ പല ആവശ്യങ്ങളും അവർക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സർക്കാർ ആരുടെയും പൗരത്വം റദ്ദാക്കാനല്ല ശ്രമിക്കുന്നത് മറിച്ച് അവർക്ക് പൗരത്വം നൽകാനാണ് ശ്രമിക്കുന്നത്. ജനങ്ങൾക്ക് കുറേക്കൂടി മികച്ച ഒരു ജീവിതം നൽകുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശം.'

ദേശീയ പൗരത്വ രജിസ്റ്റർ എല്ലാ പത്തുവർഷം കൂടുമ്പോഴും പുതുക്കുമെന്നും എൻആർസിയുമായി അതിന് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാനമില്ലാതെ പലരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP