Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛനൊപ്പം കുടുംബത്തിന്റെ താങ്ങായ മൂത്ത മകൻ; അച്ഛന്റെ മരണത്തോടെ കടം വീട്ടാൻ ഓട്ടോറിക്ഷയുമായി ഇറങ്ങിയ പതിനെട്ടുകാരൻ; ഉറ്റ സുഹൃത്ത് വിവേകിന്റെ പ്രേരണയിൽ സംഗീതം പഠിക്കാത്ത കൂലി ജോലിക്കാരൻ എത്തിയത് ഐഡിയാ സ്റ്റാർ സിംഗറെന്ന മിന്നും വേദിയിൽ; ഓട്ടോയെ ഒതുക്കി നിർത്തി ഗാനമേളകളിലൂടെ പാടിക്കയറിയത് ഉയരങ്ങളിൽ; അകന്ന ബന്ധുത്വത്തിലെ അമ്മാവന്റെ മകളെ കെട്ടിയതോടെ കുടുംബത്തിൽ പൊരുത്തക്കേടും; ബിഗ് ബോസിൽ സോമദാസ് എലിമിനേറ്റ് ചെയ്യുമോ?

അച്ഛനൊപ്പം കുടുംബത്തിന്റെ താങ്ങായ മൂത്ത മകൻ; അച്ഛന്റെ മരണത്തോടെ കടം വീട്ടാൻ ഓട്ടോറിക്ഷയുമായി ഇറങ്ങിയ പതിനെട്ടുകാരൻ; ഉറ്റ സുഹൃത്ത് വിവേകിന്റെ പ്രേരണയിൽ സംഗീതം പഠിക്കാത്ത കൂലി ജോലിക്കാരൻ എത്തിയത് ഐഡിയാ സ്റ്റാർ സിംഗറെന്ന മിന്നും വേദിയിൽ; ഓട്ടോയെ ഒതുക്കി നിർത്തി ഗാനമേളകളിലൂടെ പാടിക്കയറിയത് ഉയരങ്ങളിൽ; അകന്ന ബന്ധുത്വത്തിലെ അമ്മാവന്റെ മകളെ കെട്ടിയതോടെ കുടുംബത്തിൽ പൊരുത്തക്കേടും; ബിഗ് ബോസിൽ സോമദാസ് എലിമിനേറ്റ് ചെയ്യുമോ?

എം മനോജ് കുമാർ

കൊച്ചി: ബിഗ് ബോസിന്റെ എലിമിനേറ്റർ താരങ്ങളിൽ പ്രധാനിയാണ് സോമദാസ് എന്ന ഗായകൻ. തന്റെ ജീവിത കഥ അവതരിപ്പിച്ച് വിവാദത്തിലായ പാട്ടുകാരൻ. ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാർ സിംഗറിലൂടെയാണ് സോമദാസിനെ മലയാളി അറിയുന്നത്. അതിന് ശേഷം ഇപ്പോൾ ബിഗ് ബോസിലും.

ബിഗ് ബോസ് മലയാളം സീസൺ രണ്ടിന്റെ രണ്ടാം വാരം അവസാനിക്കുകയാണ്. മോഹൻലാൽ അവതാരകനായെത്തുന്ന ഇന്നത്തെ എപ്പിസോഡിലാണ് ഈ വാരത്തിലെ എലിമിനേഷൻ പ്രഖ്യാപിക്കുക. ആറ് പേരാണ് ഈ വാരത്തിലെ എലിമിനേഷൻ ലിസ്റ്റിലുള്ളത്. രജിത് കുമാർ, സോമദാസ്, രാജിനി ചാണ്ടി, സുജോ മാത്യു, എലീന പടിക്കൽ, അലസാൻഡ്ര എന്നിവർ. എലിമിനേഷൻ എപ്പിസോഡ് ആരംഭിക്കുന്നതിന് മുൻപ് രജിത് കുമാർ മറ്റ് മത്സരാർഥികളോട് ക്ഷമ ചോദിക്കുന്നതിനും ഇന്നലത്തെ എപ്പിസോഡ് സാക്ഷ്യം വഹിച്ചു. അടുക്കളയിൽ ചെന്ന് അവിടെ നിന്നിരുന്ന രാജിനി ചാണ്ടി, സാജു നവോദയ, എലീന പടിക്കൽ, അലസാൻഡ്ര എന്നിവരോടൊക്കെ രജിത് കുമാർ ക്ഷമ ചോദിച്ചു. അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാചകം. രജത് കുമാറും സോമദാസുമാണ് എലിമിനേറ്റ് ചെയ്യാൻ കൂടുതൽ സാധ്യത എന്നാണ് വിലയിരുത്തൽ.

കുടുംബ പ്രശ്‌നങ്ങൾ സോമദാസിനെ പൊതു സമൂഹത്തിലും ചർച്ചകൾക്ക് കാരണമാക്കിയിട്ടുണ്ട്. രണ്ട് പെൺമക്കളെ ആദ്യ ഭാര്യയിൽ നിന്ന് വിട്ടുകിട്ടാൻ ലക്ഷങ്ങൾ കൊടുത്തുവെന്ന വെളിപ്പെടുത്തലാണ് ഇതിന് കാരണം. ഇത് സോമദാസിന്റെ ആദ്യ ഭാര്യ സൂര്യ നിഷേധിച്ചു. പെണ്ണുപിടിയനെന്നാണ് സോമദാസിനെ സൂര്യ വിശേഷിപ്പിച്ചത്. ഏതായാലും വെല്ലുവിളികൾ നേരിട്ട ജീവിതമായിരുന്നു സോമദാസിന്റെത്. പരാധിനതകളെ പാട്ടു പാടി തോൽപ്പിച്ച ഗായകൻ.

കഴിഞ്ഞ 23 വർഷമായി സംഗീത വേദികളിൽ ഉജ്ജ്വല സാന്നിധ്യമായ സോമദാസ് 2008, 2009 കാലഘട്ടത്തിലാണ് സ്റ്റാർ സിംഗർ വേദിയിലൂടെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്നത്. മലയാളത്തിന്റെ എക്കാലത്തെയും അനശ്വര നടൻ കലാഭവൻ മണിയുമായുള്ള പരിചയം കൊല്ലം ചാത്തന്നൂർ സ്വദേശിയായ ഈ ഗായകന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി. മൂന്ന് വർഷം പാട്ടിന്റെ ലോകത്ത് നിന്നും ഇടവേളയെടുത്ത സോമദാസ് വിദേശ വാസത്തിന് ശേഷം നാട്ടിലെത്തി പഴയ ഊർജ്ജസ്വലതയോടെ ഗാനമേള വേദികളിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവെക്കുകയായിരുന്നു.

എസ് എൻ കോളെജിൽ ഫസ്റ്റ് ഇയറിന് പഠിക്കുമ്പോഴാണ് സോമദാസ് സംഗീതത്തിലേക്ക് കടന്നുവരുന്നത്. തമിഴിൽ രജനീകാന്തിന്റെ ബാഷ എന്ന സിനിമയിലെ 'നാൻ ഓട്ടോക്കാരൻ...' എന്ന് തുടങ്ങുന്ന പാട്ടുപാടി സഹപാഠികളെ കയ്യിലെടുക്കാൻ അന്ന് സോമദാസിനായി. പിന്നീട് ഇങ്ങോട്ട് തട്ടുപൊളിപ്പൻ പാട്ടുകളിലൂടെയും നാടൻ പാട്ടുകളിലൂടെയും അദ്ദേഹം ജനഹൃദയങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. കലാഭവൻ മണിയിലൂടെയും സംഗീത സംവിധായകൻ ശരത്തിലൂടെയും മികച്ച പാട്ടുകൾ പാടാൻ സോമദാസിനായിട്ടുണ്ട്. 

ബിഗ് ബോസ് റിയാലിറ്റി ഷോ താരം സോമദാസിന്റെ കഥ:

കൊട്ടാരക്കരയിലെ ഹരിദാസ്-ശാന്തമ്മ ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തയാളാണ് സോമദാസ്. മീറ്റർ കമ്പനിയിൽ ജോലിയുണ്ടായിരുന്ന ഹരിദാസ് മരിച്ചു. ശാന്തമ്മ ജീവിച്ചിരിപ്പുണ്ട്. ശാന്തമ്മയാണ് സോമദാസിന്റെ ഭാര്യയ്ക്ക് ഒപ്പം കുട്ടികളെ നോക്കുന്നത്. ഒരു സഹോദരൻ സോണി ടൈറ്റാനിയത്തിലാണ് ജോലി ചെയ്യുന്നത്. മൂന്നാമത്തെയാൾ സായിദാസിന് ഐസ്‌ക്രീം കച്ചവടമാണ്. കുടുംബത്തിനു താങ്ങായി നിന്നത് അച്ഛനൊപ്പം സോമദാസായിരുന്നു. മൂത്ത മകൻ എന്ന നിലയിലാണ് സോമദാസ് അച്ഛന് തുണയായി നിന്നത്. ക്ലേശിച്ചാണ് ഈ കുടുംബം മുന്നോട്ടു പോയത്.

കുറെ കടങ്ങൾ ഈ കുടുംബത്തിനുണ്ടായിരുന്നു. സോമദാസ് ആണ് കടങ്ങൾ വീട്ടാൻ അച്ഛന് തുണയായത്. ഓട്ടോ ഓടിച്ചാണ് സോമദാസ് കുടുംബം മുന്നോട്ടു നീക്കിയത്. 18 വയസ് മുതൽ കുടുംബത്തിന്റെ ഭാരം മുഴുവൻ ഏറ്റെടുത്തത് സോമദാസ് ആയിരുന്നു. അച്ഛന്റെ മരണശേഷം കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്ക് നീങ്ങിയിരുന്നു. 2014-ലാണ് അച്ഛൻ മരിക്കുന്നത്. പക്ഷെ മക്കൾ എല്ലാം വ്യത്യസ്ത ജോലികളിൽ എത്തിയപ്പോൾ കടങ്ങൾ ഒട്ടൊക്കെ ഒടുങ്ങി. ആദ്യം വേറെ ഓട്ടോ കൂലിക്ക് ആണ് സോമദാസ് ഓടിച്ചത്. പിന്നെ ഓട്ടോ സ്വന്തമായി വാങ്ങി. ഐഡിയ സ്റ്റാർ സിംഗറിൽ വന്നാണ് സോമദാസ് താരമായി മാറിയത്. സോമദാസിന്റെ ഉറ്റ സുഹൃത്ത് വിവേക് ആണ് ഐഡിയ സ്റ്റാർ സിംഗറിൽ പ്രേരക ശക്തിയായി മാറിയത്. വിവേകാണ് പാടാനുള്ള സോമദാസിന്റെ കഴിവ് പോഷിപ്പിച്ച് നിർത്തിയത്.

ഓട്ടോ ഓടിക്കുമ്പോൾ അവധിയെടുത്ത് പാടാൻ പോകും. ഒട്ടനവധി സ്റ്റേജ് ഷോകളിൽ സോമദാസ് പാടി. ഈ ഘട്ടത്തിൽ പതിയെ ഓട്ടോ നിർത്തി. സായിദാസ് ഈ സമയത്ത് ഓട്ടോ ഓടിച്ചിരുന്നു. സായിദാസും പിന്നീട് ഓട്ടോ ഒഴിവാക്കി. ഇതോടെ ഓട്ടോ വിറ്റൊഴിച്ചു. ഇപ്പോൾ ഓട്ടോയില്ല. സംഗീത ഷോകളും സ്റ്റേജ് ഷോകളുമാണ് സോമദാസിന്റെ വരുമാന മാർഗ്ഗം. സോമദാസ് സംഗീതം പഠിച്ചിട്ടില്ല. സംഗീതത്തിന്റെ ആധാരശിലകളെയും അടിസ്ഥാന തത്വങ്ങളെക്കുറിച്ചും ഒരറിവും ഇല്ലാതെയാണ് സോമദാസ് ഗായകനായത്. സംഗീതത്തോടുള്ള അഭിരുചിയും ഒടുങ്ങാത്ത പ്രേമവുമാണ് സോമദാസിനെ ഗായകനാക്കി നിലനിർത്തിയത്.

ശരത് അടക്കമുള്ള സംഗീത സംവിധായകരും മറ്റു ജഡ്ജസും ഒക്കെ നിർബന്ധിച്ചിരുന്നു സംഗീതം പഠിച്ചു തുടങ്ങാൻ. കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാൻ സോമദാസിന് കഴിഞ്ഞേനെയെന്നാണ് സംഗീത രംഗത്തുള്ളവർ സോമദാസിനോട് പറഞ്ഞിരുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് വിവാഹവും നടക്കുന്നത്. സോമദാസിന്റെ ഒരു മാമനാണ് സൂര്യയുടെ അച്ഛൻ. ഇവരുടെ അകന്ന ബന്ധത്തിലുള്ള മാമനാണിത്. ഇങ്ങിനെയാണ് വിവാഹം നടക്കുന്നത്. ഇതൊരു അറെഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഒരാലോചന വന്നപ്പോൾ എല്ലാവരും കൂടി അത് നടത്തുകയായിരുന്നു. അങ്ങിനെയാണ് സൂര്യ സോമദാസിന്റെ ഭാര്യയാകുന്നത്.

നാല് വർഷത്തോളം മാത്രമേ ദാമ്പത്യം നീണ്ടു നിന്നുള്ളൂ. ചെറിയ ചെറിയ പ്രശ്‌നങ്ങൾ പിന്നീട് ദാമ്പത്യത്തിൽ വന്നു. അമേരിക്കയിൽ സോമദാസ് പോയിരുന്നു. അമേരിക്കയിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് സൂര്യ വീട്ടിൽ നിന്നും പോയത് എന്നാണ് കുടുംബം പറയുന്നത്. കുറച്ചു നാൾ അവിടെ സൂര്യദാസ് നിന്നിരുന്നു. രണ്ട് പെൺകുട്ടികളും വീട്ടിലാണ് നിന്നിരുന്നത്. വിവാഹമോചനത്തിനു ശേഷവും കുട്ടികൾ സോമദാസിന്റെ കൂടെയാണ്. കോടതിയിൽ കുട്ടികൾ അച്ഛന്റെ സംരക്ഷണയാണ് ആവശ്യപ്പെട്ടത്. അതുപ്രകാരം കുട്ടികൾ ഇപ്പോൾ സോമദാസിന്റെ വീട്ടിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP